ട്രെയിൻ യാത്രക്കിടെ ജുനൈദ് എന്ന പതിനാറുകാരൻ ദാരുണമായി കൊല്ലപ്പെട്ടതിെൻറ കുറ്റബോധം ‘എെൻറ പേരിൽ വേണ്ട’ എന്ന പ്രതിഷേധ മുദ്രാവാക്യം വഴി മറച്ചുപിടിക്കാൻ ഹിന്ദു സമുദായത്തിനു സാധിക്കില്ല. ഇത്തരം പൈശാചിക പ്രവർത്തനങ്ങളുെട ഉത്തരവാദിത്തത്തിൽനിന്ന് ഭാവിയിലും അവർക്ക് കൈകഴുകാനാകില്ല. മതവിേദ്വഷ പ്രേരിത സംഭവങ്ങൾ ഇന്ത്യയുടെ ഭരണഘടനക്കുതന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നു. ഇത്തരം ഭീഷണികളെ കർക്കശമായിതന്നെ നേരിടേണ്ടതുണ്ട്.
‘ഇന്ത്യ മതേതര രാജ്യമാണ്’ എന്നത് ഭരണഘടന സ്പഷ്ടമായ രീതിയിൽ പ്രഖ്യാപിച്ച വസ്തുതയാണ്. ഏതെങ്കിലുമൊരു മതത്തിനു (ഹിന്ദുമതം ഉൾപ്പെടെ) മറ്റു മതങ്ങൾക്കുമേൽ മേധാവിത്വം അവകാശപ്പെടാൻ ന്യായമോ അവകാശമോ ഇല്ല. സെക്കുലറിസത്തിന് മതവിരുദ്ധത എന്ന വിവക്ഷയുമില്ല. സ്വന്തം മതത്തിൽ ഭക്തിനിർഭരമായ വിശ്വാസമർപ്പിക്കുന്നവരാണ് ഇന്ത്യൻ പൗരന്മാർ. ജനങ്ങളിൽ ഭൂരിപക്ഷവും അന്യമതക്കാരെ ആദരപൂർവം വീക്ഷിക്കുകയും ചെയ്യുന്നു. സർവമതങ്ങൾക്കും തുല്യപരിഗണനയും തുല്യ അന്തസ്സും നൽകുക എന്നതാണ് മതേതരത്വത്തിെൻറ വിവക്ഷ. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ സ്വന്തമായി ഒരു മതവുമില്ല എന്നതത്രെ യാഥാർഥ്യം. ഒരു പ്രത്യേക മതം തദ്ദേശീയമാണെന്ന വ്യാജം പ്രചരിപ്പിച്ച് അന്യമതങ്ങൾ പരദേശങ്ങളിൽനിന്ന് ചേക്കേറിയതാണെന്ന നിലപാട് സ്വീകരിക്കുന്നതും അടിസ്ഥാന രഹിതമാണ്. ഭരണഘടനക്ക് നിരക്കാത്ത ഇൗ വാദത്തെ ദൈവനിന്ദയായിപ്പോലും വിശേഷിപ്പിക്കാം. സർവമതങ്ങളെയും സർവ സമുദായങ്ങളെയും സമാന ആദരവിൽ വീക്ഷിക്കുന്നു എന്നത് നമ്മുടെ ഭരണഘടനയുടെ സവിശേഷതയുമാണ്.
ആക്ടൺ പ്രഭുവിെൻറ ഒരഭിപ്രായപ്രകടനം ഇവിടെ ഉദ്ധരിക്കാം: ‘വിവിധ വംശങ്ങളെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്ത ഒരു സ്റ്റേറ്റിെൻറ അവസ്ഥ സ്വയം പുച്ഛിക്കുന്നതിനു തുല്യമായിരിക്കും. ഏതെങ്കിലും വിഭാഗത്തെ ദുർബലപ്പെടുത്താനോ രാജ്യത്തിൽനിന്ന് പുറത്താക്കാനോ മുതിരുന്ന പക്ഷം ആ സ്റ്റേറ്റിന് സ്വയംഭരണത്തിനുള്ള അർഹതപോലും ഇല്ലാതാകും.’ ഇൗ വാക്യത്തിൽ വംശങ്ങളെ എന്നതിനു പകരമായി ന്യൂനപക്ഷങ്ങളെ എന്ന പ്രയോഗം സ്വീകരിച്ചാൽ ഇന്ത്യൻ സാഹചര്യത്തിനു നന്നായി ഇണങ്ങും. േഡാക്ടർ ഇസ്മായിൽ ഫാറൂഖി x യൂനിയൻ ഒാഫ് ഇന്ത്യ 1994 കേസിൽ സുപ്രീംകോടതി നൽകിയ വിധി ശ്രദ്ധിക്കുക. മതത്തിെൻറ കാര്യത്തിൽ ഏതു വ്യക്തിക്കും സമൂഹത്തിനും ഗ്രൂപ്പുകൾക്കും തുല്യപരിഗണനയാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. രാജ്യത്തിന് സ്വന്തമായി ഒരു മതമില്ല’.
ബ്രിട്ടീഷ് പ്രഭുസഭയിലെ സ്കാർമാൻ പ്രഭുവിെൻറ നിരീക്ഷണം നോക്കുക: ‘നിയമങ്ങളുടെ ഉദേശ്യം ഏതെങ്കിലും ഗ്രൂപ്പുകളെ നശിപ്പിക്കുക എന്നതാകരുത്. പകരം സമൂഹത്തിലെ ബഹുസ്വരത തകർന്നുപോകും വിധം ഏതെങ്കിലും വിഭാഗങ്ങൾ ശിഥിലീകൃതമാകാതിരിക്കാനുള്ള പരിരക്ഷയാകണം നിയമം.’ഇന്ത്യയിലെയും മറ്റേതു രാജ്യെത്തയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ആധാരം സർവരെയും ഉൾച്ചേർക്കുന്ന വികസനമാണ് എന്ന വസ്തുത മുകളിൽ നൽകിയ നിരീക്ഷണങ്ങൾ സ്പഷ്ടമാക്കുന്നു. അതിനാൽ മുസ്ലിംകൾ, ക്രൈസ്തവർ തുടങ്ങിയ ന്യൂനപക്ഷങ്ങൾ വിദേശികളായി നാടുവിടേണ്ടവരല്ലെന്ന അനിഷേധ്യ സത്യം മാനിക്കാൻ സർവ പൗരന്മാരും തയാറാകണം. ഇന്ത്യയുടെ അവിഭാജ്യഘടകമാണവർ. സ്വാമി വിവേകാനന്ദെൻറ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുക: മറ്റ് മതങ്ങൾക്കുമേൽ മേധാവിത്വമുെണ്ടന്ന് വാദിക്കാൻ ഹിന്ദുവിഭാഗങ്ങൾ തയാറാകരുതെന്ന് അദ്ദേഹം ഉപദേശിച്ചു. സർവമതങ്ങളെയും സത്യമാണെന്ന് തെൻറ ഗുരുവായ ശ്രീരാമപരമഹംസർ ചൂണ്ടിക്കാട്ടിയ കാര്യവും അദ്ദേഹം ഒാർമിപ്പിച്ചു.
ഒരിക്കൽ സ്വാമി വിവേകാനന്ദൻ ഇപ്രകാരം എഴുതി: ‘ഇസ്ലാമിെൻറ പ്രായോഗിക പദ്ധതികളുടെ അഭാവത്തിൽ, വേദാന്ത സിദ്ധാന്തം എത്രതന്നെ വിശിഷ്ടമായിരുന്നാലും മാനവകുലത്തിന് മൂല്യരഹിതമായേ അനുഭവപ്പെടൂ. ഇസ്ലാം, ഹിന്ദുയിസം എന്നീ രണ്ട് മഹത്തായ മതങ്ങളുടെ സമന്വയം -വേദാന്തത്തിെൻറ ധിഷണയും ഇസ്ലാമിെൻറ ദേഹവും- മാത്രമാണ് ഇന്ത്യയുടെ ഏക ഭാവി പ്രതീക്ഷ എന്നു ഞാൻ വിശ്വസിക്കുന്നു.
അപ്പോൾ രാജ്യത്തിെൻറ യഥാർഥ പുരോഗതി മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വികസനത്തിൽ അധിഷ്ഠിതമാെണന്ന് വ്യക്തം. വികസനം, വളർച്ച എന്നീ സങ്കൽപങ്ങൾ സാക്ഷാത്കരിക്കുേമ്പാൾ ന്യൂനപക്ഷങ്ങളുടെ പങ്ക് ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാറിനുണ്ട്. ആവിഷ്കരിക്കുന്ന വികസന പദ്ധതികൾ ഏതുതന്നെയാവെട്ട അവയിൽ ന്യൂനപക്ഷങ്ങൾ, ദലിതർ, ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവരുടെ താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും അർഹമായ പരിഗണനകൾ ലഭിക്കണം. ഇൗആശയം അർഥശങ്കക്കിടയില്ലാത്തവിധം ഇൗയിടെ സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനം വ്യക്തമാക്കുകയുണ്ടായി. ന്യൂനപക്ഷത്തിന് സ്പെഷൽ ട്രസ്റ്റിെൻറ പരിഗണനയാണ് രാഷ്ട്രം നൽകേണ്ടത്. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള അടിയന്തര പരിഹാരശ്രമങ്ങളും അനിവാര്യമാണ്. സാമൂഹിക സമത്വത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു ജയപ്രകാശ് നാരായണെൻറയും രാം മനോഹർ ലോഹ്യയുടെയും ദർശനങ്ങളിൽനിന്ന് രൂപംകൊണ്ട പാർട്ടി ആയതുകൊണ്ടാകാം സോഷ്യലിസ്റ്റ് കക്ഷി ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്. ഭരണഘടന, കോടതി തീർപ്പുകൾ, സാമൂഹിക ചിന്തകരുടെ നിരീക്ഷണങ്ങൾ എന്നിവയിലെ നിർദേശങ്ങൾക്കു പുറമെ ന്യൂനപക്ഷത്തിെൻറ ഉൾച്ചേർക്കലുമായി ബന്ധപ്പെട്ട യു.എൻ റിപ്പോർട്ടുകളിലെ ആഹ്വാനങ്ങളും സാമൂഹിക സമത്വത്തിെൻറയും വിവേചനരാഹിത്യത്തിെൻറയും ഉത്തമലോകസൃഷ്ടി ഉന്നമിടുന്നതായി കാണാം. 2010ൽ യു.എൻ മനുഷ്യാവകാശ സമിതി പുറത്തുവിട്ട റിപ്പോർട്ടിലെ പരാമർശങ്ങൾ നോക്കുക.
‘എല്ലാ മേഖലകളിലും സമത്വം നടപ്പാക്കാനാഗ്രഹിക്കുന്ന ഭരണകൂടങ്ങൾ, സാമ്പത്തിക ജീവിതത്തിൽ ഫലപ്രദമായ പങ്കുവഹിക്കുന്നതിനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം പൂർണമായി കണക്കിലെടുക്കേണ്ടതാണ്. തൊഴിൽ രംഗത്തെ വിവേചനങ്ങൾ ഇല്ലാതാക്കാനും സ്വകാര്യമേഖലയിലെപോലും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താനും വ്യവസ്ഥാപിത നിയമങ്ങൾ നടപ്പാക്കേണ്ടതും ആവശ്യഘട്ടങ്ങളിൽ അന്താരാഷ്ട്ര സഹായനിധികളും ഫണ്ടുകളും ഉപയോഗപ്പെടുേത്തണ്ടതുമാണ്. നിർഭാഗ്യവശാൽ കേന്ദ്രത്തിലെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച്, മുസ്ലിംകളുടെ പങ്കാളിത്തെത്ത അവഗണിക്കുന്ന നയസമീപനങ്ങളാണ് സ്വീകരിച്ചുവരുന്നത്. സ്വകാര്യമേഖലയിലെ വിവേചനങ്ങൾക്ക് അറുതിവരുത്താൻ 2006ൽ പ്രധാനമന്ത്രിയുടെ ഹൈ ലെവൽ കമ്മിറ്റി തുല്യാവസര കമീഷന് രൂപംനൽകാൻ ശിപാർശ ചെയ്തത് ഒാർമിക്കുന്നു. എന്നാൽ, ആ ശിപാർശ നടപ്പാക്കാൻ എന്തുകൊണ്ടോ സർക്കാർ തയാറായില്ല.
സർവരെയും ഉൾച്ചേർക്കുന്ന വികസനമാണ് അഭിവൃദ്ധിയുടെ യഥാർഥ പാത. ഒരു നൂറ്റാണ്ടുമുമ്പ് സർ സയ്യിദ് അഹ്മദ് ഖാൻ നടത്തിയ ഒരു പരാമർശം ഉദ്ധരിക്കാം. മഹാത്മഗാന്ധി തെൻറ പ്രാർഥനകളിൽ ഇൗ വാക്യം ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയാകുന്ന മാതാവിെൻറ രണ്ട് കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിംകളും അതിൽ ഒരു കണ്ണിന് പ്രശ്നമുണ്ടായാൽ രണ്ടാമത്തെ കണ്ണിനെയും അത് ബാധിക്കുന്നു. അതുപോലെ ഹിന്ദുക്കളും മുസ്ലിംകളും വേദനിച്ചാൽ ഇന്ത്യ ഒന്നടങ്കം വേദനിക്കും.’
അപ്പോൾ, ജുനൈദിനെപ്പോലെയുള്ള ന്യൂനപക്ഷക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ട ബാധ്യത ഹിന്ദുക്കൾക്ക് കൂടിയുണ്ടെന്നും വ്യക്തമാകുന്നു. കവി ഡാേൻറയുടെ വചനത്തോടെ ഇൗകുറിപ്പ് അവസാനിപ്പിക്കാം.‘അതികഠിനമായ ചൂടുള്ള ഒരു ഇടം നരകത്തിലുണ്ട്. അനീതി കണ്ടിട്ടും മിണ്ടാതിരിക്കുന്നവർക്കുവേണ്ടിയാണ് ആ സ്ഥലം മാറ്റിവെച്ചിരിക്കുന്നത്.’
(മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.