നവോത്ഥാന ശ്രമങ്ങൾ നിരന്തര യജ്ഞമാവണം

 ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയവും സാമുദായിക ധ്രുവീകരണ ശ്രമവും സ്വതന്ത്ര ഇന്ത്യയില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ വര്‍ത്തമാനകാലത്ത് രംഗത്തുണ്ട് എന്നതും വിസ്മരിക്കാവതല്ല. ഈ സാഹചര്യങ്ങള്‍ മുന്നില്‍കണ്ടുകൂടിയാണ് 'മതേതരത്വം അഭിമാനമാണ്' എന്ന തത്ത്വം മുജാഹിദ് സമ്മേളന പ്രമേയമായി തിരഞ്ഞെടുത്തതും നാട്ടിലുടനീളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതും

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടും അഭിമാനിക്കാവുന്ന അന്തസ്സ് കേരളത്തിനുണ്ട്. വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്ന നമ്മുടെ സംസ്ഥാനം രാഷ്ട്രീയ ഔന്നത്യം, മതസൗഹാർദം, സാമൂഹിക സഹവര്‍ത്തിത്വം, സാംസ്‌കാരിക മര്യാദകള്‍ തുടങ്ങിയ ഒട്ടേറെ രംഗങ്ങളില്‍ മുന്നില്‍നില്‍ക്കുന്നു.

പരമ്പരാഗത വിശ്വാസാചാരങ്ങളും കൊളോണിയല്‍ ഭരണകാലത്തെ അടിച്ചമര്‍ത്തലുകളും നിമിത്തം അധഃസ്ഥിതിയിലേക്ക് ആണ്ടുപോയ സമൂഹത്തെ 19, 20 നൂറ്റാണ്ടുകളില്‍ നടന്ന നവോത്ഥാന പരിശ്രമങ്ങളാണ് മുന്നോട്ടുകൊണ്ടുവന്നത്. മതസമൂഹങ്ങളിലെ അജ്ഞതയും അത്യാചാരങ്ങളും ഒരു ഭാഗത്ത്.

ജാതീയതയുടെ ചങ്ങലക്കെട്ടുകള്‍ മറ്റൊരുഭാഗത്ത്. നിരക്ഷരതയുടെ നീരാളിപ്പിടിത്തം വേറൊരു ഭാഗത്ത്. എല്ലാ സമൂഹങ്ങളിലും അതത് വിഭാഗത്തില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന മഹാമനീഷികളും പരിഷ്കർത്താക്കളും നടത്തിയ നിരന്തര പ്രവര്‍ത്തനങ്ങള്‍ കേരളീയസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേൽപിന് നിമിത്തമായിത്തീരുകയായിരുന്നു.

നിർഭയത്വമാണ് മതം

ശ്രീനാരായണഗുരു(1856-1928), അയ്യങ്കാളി(1863-1941), വി.ടി. ഭട്ടതിരിപ്പാട്(1896-1982), കുമാരനാശാന്‍(1873-1924) മുതലായവര്‍ അവരില്‍ ചിലരാണ്. ഇവരെല്ലാം സമകാലികരുമാണ്. ഇരുപതാം നൂറ്റാണ്ട് അക്ഷരാർഥത്തില്‍ കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേൽപിന്റെ ഘട്ടമായിരുന്നു.

ഇതേ കാലയളവില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ സമുദ്ധാരണപ്രവര്‍ത്തനം നടത്തിയവരാണ് സനാഉല്ല മഖ്ദി തങ്ങള്‍(1847-1912), വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932), മാഹിന്‍ ഹമദാനി തങ്ങള്‍(മരണം 1922)തുടങ്ങിയവര്‍. ഇവര്‍ ആരംഭിച്ച മുസ്‌ലിം സമൂഹ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഐക്യസംഘത്തിലൂടെ (1922) സംഘടിതരൂപം പൂണ്ടു. ഐക്യസംഘം മുസ്‌ലിം പണ്ഡിതന്മാരെ സംഘടിപ്പിച്ചു.

കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു1924 ) നിലവിൽ വന്നു. പണ്ഡിതസംഘടന ഇസ്‌ലാമിക പാതയില്‍ മുന്നേറാന്‍ പൊതുജനങ്ങളെ സംഘടിപ്പിച്ചു. അതിനുവേണ്ടി കേരള നദ്‍വത്തുൽ മുജാഹിദീൻ 1950ൽ നിലവിൽ വന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ട് കേരള മുസ്‌ലിം നവോത്ഥാനത്തിന്റെയും കാലമായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നവോത്ഥാനത്തിന്റെ സോപാനത്തില്‍നിന്ന് സമൂഹം പിന്നോട്ടോടുന്ന അവസ്ഥയുണ്ടായി.

ഒരു ഭാഗത്ത് മതം വിറ്റ് കാശാക്കുന്ന പൗരോഹിത്യവും ആത്മീയചൂഷണവും നരബലിയില്‍ എത്തിനില്‍ക്കുന്നു. മറുഭാഗത്ത് മതം പറഞ്ഞ് സമൂഹത്തില്‍ ധ്രുവീകരണം നടത്തി രാഷ്ട്രീയ ചൂഷണം തലപൊക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാനത്തിനു മുന്നില്‍നിന്നവര്‍ എന്ന നിലയില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളനം 2022 ഡിസംബര്‍ 29 മുതൽ 2023 ജനുവരി ഒന്നുവരെ കോഴിക്കോട്ട് നടക്കുന്നത്.

മതവിശ്വാസംമൂലം മാനസികവും ആത്മീയവുമായ നിര്‍ഭയത്വമാണ് ഉണ്ടാകേണ്ടത്. നമ്മുടെ നാടിന്റെ സാമുദായിക സൗഹാര്‍ദവും രാഷ്ട്രീയ പ്രബുദ്ധതയും നിലനില്‍ക്കേണ്ടതുണ്ട്. 'നിർഭയത്വമാണ് മതം' എന്ന സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം അതാണ്.

മതം കൊണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്ന, ഭിന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടാവരുത്. ജനപിന്തുണയില്ലാത്ത തീവ്രവാദ സംഘങ്ങൾ മനുഷ്യരെ ഭയപ്പെടുത്തുകയാണ്. യുവാക്കളെ ജാഗരംകൊള്ളിച്ച് അവിവേകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

മതേതരത്വം അഭിമാനമാണ്

നവോത്ഥാന പരിശ്രമം നിരന്തരം തുടരണമെന്ന സന്ദേശമാണ് കേരളത്തിന് ഈ സമ്മേളനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. തമ്മിലടിക്കാനോ പരമതവിദ്വേഷം ജനിപ്പിക്കാനോ ഒരു മതവും ആഹ്വാനം ചെയ്യുന്നില്ല. ശാന്തിയും സമാധാനവും നിര്‍ഭയത്വവുമാണ് മതങ്ങളുടെ സന്ദേശം. മനസ്സാണല്ലോ മനുഷ്യനെ നിയന്ത്രിക്കുന്നത്.

വിഹ്വലതകളില്‍നിന്നും അസമാധാനങ്ങളില്‍നിന്നും മോചനം നേടി മനഃശാന്തി പ്രദാനം ചെയ്യുന്നു മതങ്ങള്‍. എന്നാല്‍, മതത്തിന്റെ പേരിലാണ് ഇന്ന് അശാന്തി പരത്തുന്നത്. വിശ്വാസം ഏതു പ്രതിസന്ധിയിലും മനുഷ്യന് അത്താണിയായി വര്‍ത്തിക്കുന്നു. എന്നാല്‍, അന്ധവിശ്വാസം നാനാവിധ ഭയപ്പാടുകള്‍ക്കും നിമിത്തമായി വരുന്നു.

ഇത്തരം അന്ധവിശ്വാസങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടാണ് നരബലി പോലും നടക്കുന്നത്. ശാസ്ത്രബോധം കൊണ്ടോ ഭൗതിക പുരോഗതി കൊണ്ടോ മതനിരാസം കൊണ്ടോ അന്ധവിശ്വാസമോ തജ്ജന്യമായ വിഹ്വലതകളോ ഇല്ലാതാക്കാനാവില്ല. ഏകദൈവവിശ്വാസം ഉള്‍ക്കൊള്ളുകയും ബഹുദൈവ വിശ്വാസമുള്‍പ്പെടെ അന്ധവിശ്വാസങ്ങള്‍ കൈവെടിയുകയും ചെയ്തവര്‍ക്കാണ് നിര്‍ഭയത്വം എന്ന് ഖുർആൻ പഠിപ്പിക്കുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ മത വൈവിധ്യവും വൈജാത്യവും ദുരുപയോഗപ്പെടുത്തി പരസ്പരം സ്പര്‍ധ വളര്‍ത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് ഭരണം നിലനിര്‍ത്തിയത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് അവര്‍ ഇന്ത്യ വിട്ടത്. അതിനെ മറികടക്കാനാണ് സ്വതന്ത്രഭാരത ശില്‍പികള്‍ നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യവും മതനിരപേക്ഷ ജനാധിപത്യഭരണം എന്ന നയനിലപാടും കൈക്കൊണ്ടത്. അതിന്റെ ഫലം തന്നെയാണ് നമ്മുടെ മഹത്തായ ഭരണഘടനയും.

എന്നാല്‍, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയവും സാമുദായിക ധ്രുവീകരണ ശ്രമവും സ്വതന്ത്ര ഇന്ത്യയില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ വര്‍ത്തമാനകാലത്ത് രംഗത്തുണ്ട് എന്നതും വിസ്മരിക്കാവതല്ല. ഈ സാഹചര്യങ്ങള്‍ മുന്നില്‍കണ്ടുകൂടിയാണ് 'മതേതരത്വം അഭിമാനമാണ്' എന്ന തത്ത്വം മുജാഹിദ് സമ്മേളന പ്രമേയമായി തിരഞ്ഞെടുത്തതും നാട്ടിലുടനീളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതും. ഇതാണ് ഈ പ്രമേയത്തിന്റെ അന്തസ്സത്ത.

Tags:    
News Summary - Renaissance efforts should be a continuous process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.