1948 മേയ് 15ൽ നിന്ന് 2023 ഒക്ടോബർ ഏഴിലേക്കെത്താൻ മറ്റാരെയും പോലെ ഫലസ്തീനിയും പതിറ്റാണ്ടുകൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, പിറന്ന മണ്ണിൽനിന്ന് കുടിയിറക്കാൻ ലോകം ഒറ്റക്കെട്ടായി ഒരിക്കൽ നടത്തിയ ഗൂഢാലോചന അതിലേറെ ഭീതിദമായി വീണ്ടും നടപ്പാക്കപ്പെടുന്നത് ഒരു വർഷം പിന്നിട്ടും അറുതിയില്ലാതെ തുടരുമ്പോൾ കാലം തീർത്ത അതിരുകൾ മായുകയാണ്. വംശഹത്യയെന്ന് ലോകം തിരിച്ചറിയുകയും യുദ്ധക്കുറ്റമെന്ന് അന്താരാഷ്ട്ര കോടതികൾ വിധി പറയുകയും ചെയ്തിട്ടും തുടരുന്ന മഹാകുരുതികൾക്ക് അതിലേറെ വലിയ തുടർച്ചയാണോ വരുംനാളുകളിൽ കാലം കാത്തുവെച്ചിരിക്കുന്നത്?
ഒന്നാം ലോകയുദ്ധത്തിനിടെ, തുർക്കി സുൽത്താനേറ്റിൽനിന്ന് ബ്രിട്ടീഷ് വാഴ്ചക്കുകീഴിലേക്ക് മാറിയ ശേഷമുള്ള കോളനി കാലത്ത് സജീവമായതാണ് ഫലസ്തീൻ മണ്ണിൽ കുടിയിറക്കവും കുരുതികളും. യൂറോപ്പിൽനിന്നുൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ബ്രിട്ടീഷ്-സയണിസ്റ്റ് പ്രലോഭനങ്ങളിൽ വീണ് കപ്പലേറിയെത്തിയവരെ മുന്നിൽനിർത്തിയായിരുന്നു അതിക്രമങ്ങളൊക്കെയും. എല്ലാം തീരുമാനമാക്കി ബ്രിട്ടീഷുകാർ യു.എന്നിനെ ഏൽപിച്ചത് പ്രകാരം 1948ൽ ഫലസ്തീൻ വെട്ടിമുറിക്കപ്പെട്ടു. 55 ശതമാനം ഭൂമിയാണ് യു.എൻ അനുവദിച്ചതെങ്കിലും രണ്ടു വർഷം നടത്തിയ സമാനതകളില്ലാത്ത അതിക്രമങ്ങളിലൂടെ അതിവേഗം 78 ശതമാനമായി മാറി.
70 ശതമാനമായിരുന്ന ഫലസ്തീനികൾ 22ശതമാനം ഭൂമിയിലേക്ക് ചുരുട്ടപ്പെട്ടു. പശ്ചിമേഷ്യൻ ചരിത്രത്തിൽ എന്നും കറുത്ത കാലമായി ലോകമറിയുന്ന നക്ബ അഥവ, ദുരന്തദിനങ്ങളായിരുന്നു അവ. 15,000 ഓളം പേർ കൊല്ലപ്പെടുകയും ലക്ഷങ്ങൾ അയൽ രാജ്യങ്ങളിൽ അഭയംതേടുകയും ചെയ്തതിന്റെ ഓർമകളെ അനുസ്മരിച്ചാണ് ഫലസ്തീനികൾ ഇതിന് നക്ബ എന്നു പേരിട്ടത്.
1947 മുതലുള്ള ഒന്നാം നക്ബയിൽ 65 ശതമാനം ഫലസ്തീനികളും വംശീയമായി തുടച്ചുനീക്കപ്പെട്ടു. അഥവ, അറുകൊല ചെയ്യപ്പെടുകയോ പിറന്ന മണ്ണിൽനിന്ന് നാടുകടത്തപ്പെടുകയോ ചെയ്തു. 530 ഗ്രാമങ്ങൾ ചാമ്പലാക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ പീഡനത്തിനിരയായെന്നുപറഞ്ഞ് ഇസ്രായേലിലെത്തിച്ചവർക്കായി ഭൂമി കൈയേറി രമ്യഹർമ്യങ്ങൾ പണിതു. പിന്നെയും പിന്നെയും ആളുകളെ എത്തിച്ച് കൂടുതൽ പേരെ കുടിയിറക്കിക്കൊണ്ടിരുന്നു.
ദെയ്ർ യാസീൻ കൂട്ടക്കൊല മാത്രം മതി അന്ന് നടന്ന വംശഹത്യയുടെ ഭീകരതയറിയാൻ. പടിഞ്ഞാറൻ ജറൂസലമിലെ മലമുകളിൽ 700ഓളം പേർ വസിക്കുന്ന കുഞ്ഞു ഗ്രാമമായ ദെയ്ർ യാസീനിൽ ഏപ്രിൽ ഒമ്പതിനാണ് സയണിസ്റ്റ് മിലീഷ്യാ വിഭാഗമായ ഹഗാനയിലെ സായുധസംഘങ്ങൾ കൂട്ടമായെത്തി ഹൃദയം നുറുങ്ങുന്ന ക്രൂരതകൾ ചെയ്തത്. മരത്തിൽ ചേർത്തുകെട്ടി തീകൊടുത്തും വരിനിർത്തി വെടിവെച്ചുവീഴ്ത്തിയും കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടക്കം 250 ഓളം പേരെ അന്ന് ദാരുണമായി ഇല്ലാതാക്കി.
പിറകെ, ഖാലൂനിയ, സരിസ്, ബെയ്ത് സൂരിക്, ബിദ്ദു തുടങ്ങി 52ലേറെ ഗ്രാമങ്ങളിൽ സമാനമായ കൂട്ടക്കൊലകൾ അരങ്ങേറി. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയൻ, പിന്നീട് പ്രധാനമന്ത്രി പദം അലങ്കരിച്ച മെനച്ചം ബെഗിൻ, യിത്സാക് ഷമിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂട്ടക്കൊല. വംശഹത്യയിൽ ഭീതിയിലായ ഫലസ്തീനികൾ കൂട്ടമായി പലായനം തുടങ്ങി. ഈജിപ്തും ജോർഡനും സിറിയയും തുടങ്ങി അറബ് രാജ്യങ്ങളിലും അപൂർവമായെങ്കിലും യൂറോപ്പിലേക്കും അമേരിക്കയിലേക്കും അന്ന് ഫലസ്തീനികൾ ജീവിതം തേടിയെത്തി.
ഒരു വശത്ത്, അഞ്ചു ലക്ഷം ജൂതരുണ്ടായിരുന്ന ജർമനിയിൽനിന്നും അതിലേറെ വരുന്ന പരിസരങ്ങളിൽനിന്നും 60 ലക്ഷം ജൂതരെ പുറത്താക്കിയ ഹോളോകോസ്റ്റ് ലോകത്തിന്റെ നെഞ്ചുലക്കുന്ന ഓർമകളായി നിറയുമ്പോഴും ചുരുങ്ങിയത് 75 ലക്ഷം ഫലസ്തീനികൾ അഭയാർഥികളായ നക്ബയും തുടർകാലവും പക്ഷേ, ലോകത്തെ അലട്ടുന്നേയില്ല. അവർക്ക് മടങ്ങാനുള്ളത് ജന്മനാടായ ഫലസ്തീനാണെന്ന് അംഗീകരിക്കാനുമാകുന്നില്ല. അതിന്റെ തുടർച്ച കൂടിയായിരുന്നു, ലോകത്തെ മുഴുവൻ കാഴ്ചക്കാരാക്കി അരങ്ങേറുന്ന കൂട്ടക്കൊലയുടെ രണ്ടാം നക്ബ.
കഴിഞ്ഞ ഒരു വർഷത്തിനിടെ, യു.എസിന്റെയും യൂറോപ്പിന്റെയും നിർലോഭ പിന്തുണയോടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടപ്പാക്കപ്പെട്ടത് സമീപകാല ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാക്രൂരതകൾ. 5,000 വർഷം പഴക്കം പേറുന്ന മഹത്തായ സംസ്കാരത്തിന്റെ പോറ്റില്ലമായ ഗസ്സയിൽ കാലം കാത്തുപോന്ന നിർമിതികളും സാംസ്കാരിക ചിഹ്നങ്ങളും തുടച്ചുനീക്കപ്പെട്ടു. മസ്ജിദുകളും ക്രിസ്തീയ ദേവാലയങ്ങളുമടക്കം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഉന്മൂലനം.
ഇതുവരെ രേഖപ്പെടുത്തപ്പെട്ട മരണസംഖ്യ 42,000 ആണെങ്കിലും 186,000 പേർക്കെങ്കിലും (ഗസ്സ ജനസംഖ്യയുടെ 7.9 ശതമാനം) ജീവൻ പൊലിഞ്ഞിട്ടുണ്ടാകുമെന്ന് മെഡിക്കൽ ജേണലായ ലാൻസറ്റ് കഴിഞ്ഞ ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. വർഷങ്ങൾക്കിടെ, ലോകത്തെ എല്ലാ സംഘർഷങ്ങളിലും കുരുതിക്കിരയായ കുരുന്നുകളെക്കാൾ കൂടുതലാണ് മാസങ്ങൾക്കിടെ, ഇസ്രായേൽ ഭീകരതയുടെ ഇരകളെന്ന് യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു. അനസ്തേഷ്യ നൽകാനാവാതെ ഓരോ ദിനവും 10ലേറെ കുട്ടികൾക്ക് അവയവ ശസ്ത്രക്രിയ നടത്തുന്ന ദൈന്യത ഗസ്സക്കു മാത്രമാകും.
ഗസ്സ മുനമ്പിലെ മൊത്തം കെട്ടിടങ്ങളിൽ നാലിൽ മൂന്നും ഇതിനകം നിരപ്പാക്കപ്പെട്ടു. ആശുപത്രികളിൽ മഹാഭൂരിപക്ഷവും ഇല്ലാതായി. 12 യൂനിവേഴ്സിറ്റികളിൽ ഒന്നുപോലും ബാക്കിവെച്ചില്ല. അക്ഷര പഠനം എന്നേ നിലച്ചെങ്കിലും അവയിൽ അഭയം തേടിയവരെ കൂടി ലക്ഷ്യമിട്ട് നൂറുകണക്കിന് സ്കൂളുകളും അവർ തകർത്തുകളഞ്ഞു. ആരോഗ്യജീവനക്കാർ 1,151 പേർ മരിച്ചതിൽ ഏറെയും ജോലിക്കിടെയായിരുന്നു. യു.എൻ ജീവനക്കാരിൽ 220 പേരെയും അവർ കൊന്നു.
24 ലക്ഷത്തോളം വരുന്ന ഗസ്സ ജനസംഖ്യയിൽ ഒരിക്കലെങ്കിലും കുടിയിറക്കപ്പെടാതെ ഒരാൾ പോലുമുണ്ടാകില്ല. സാമ്രാജ്യത്വം പലവുരു ലോകത്ത് നടപ്പാക്കിയ അധിനിവേശവും അപാർത്തീഡും അതിലേറെ ഭീകരമായാണ് ഇസ്രായേൽ നടത്തുന്നതെന്നത് മറ്റൊരു കാര്യം. 1948നു ശേഷം ചെറുതും വലുതുമായി 13 യുദ്ധങ്ങൾ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തിയതിൽ ഒരു ലക്ഷം പേർ മരിച്ചുവീണപ്പോൾ പകുതിയോളം ഇത്തവണയാണ്.
ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച് 1948ൽ യു.എൻ പ്രഖ്യാപനം വന്ന് ഏറ്റവുമാദ്യം അംഗീകാരം നൽകിയത് മുതൽ വല്യേട്ടനായി കൂടെ നിൽക്കുന്ന യു.എസ് ഓരോ വർഷവും സ്ഥിരം സഹായമായി നൽകിവരുന്നത് 350 കോടി ഡോളർ (29,410 കോടി രൂപ) ആണ്. അതും പോരാഞ്ഞ്, കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകിയ അനേകം ശതകോടി ഡോളറുകളും ആയുധങ്ങളും ഇതിന്റെ എത്രയോ ഇരട്ടികൾ. കഴിഞ്ഞ ഏപ്രിലിൽ 1450 കോടി ഡോളർ (1,21,844 കോടി രൂപ) നൽകിയത് ഒരു ഉദാഹരണം മാത്രം. 1983നു ശേഷം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക വിന്യാസവും മറ്റൊന്നിനല്ല.
ഹിസ്ബുല്ലയും ഹമാസും ഇറാനുമൊക്കെ ചേരുമ്പോൾ ഇസ്രായേൽ സേനക്ക് നോവുമോയെന്ന ആധിയുടെ പുറത്ത് നിരവധി യുദ്ധക്കപ്പലുകൾ, യുദ്ധവിമാന നിരകൾ, മറ്റ് അത്യാധുനിക ആയുധങ്ങൾ എന്നിവ അധികമായി അയച്ചതിന് പുറമെയാണ് 40,000 വരുന്ന നിലവിലെ സൈനിക സാന്നിധ്യത്തെ ശാക്തീകരിച്ച് അധിക സേനയെ അടിയന്തരമായി എത്തിക്കുന്നത്. യു.കെ, ജർമനി പോലുള്ള രാജ്യങ്ങളുടെ നിരുപാധിക പിന്തുണ കൂടിയുള്ളതിനാൽ ഇസ്രായേൽ കൂട്ടക്കുരുതി ഇനിയുമെത്ര കാലം വേണേലും തുടരാം. സം ലഭിക്കു .
ഗസ്സയിലും ഫലസ്തീന്റെ മറ്റു ഭാഗങ്ങളിലും എത്രകാലം ക്രൂരത തുടർന്നാലും സുരക്ഷയുടെ പേരിൽ ഇസ്രായേലീ ചെയ്തികളെ ന്യായീകരിച്ചവർക്ക് പക്ഷേ, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയത് ഒരിക്കലും പൊറുക്കാനാകാത്ത പാതകമാണ്. അതിന്റെ പേരിൽ ഒരാണ്ട് മുഴുവനെടുത്ത് മനുഷ്യവേട്ടയും കൂട്ടനശീകരണവും തുടർന്നാലും കുറ്റമേറ്റ് ഹമാസ് മാപ്പിരക്കുന്ന നിമിഷത്തിനുവേണ്ടിയാണ് ഇസ്രായേൽ മാത്രമല്ല, അമേരിക്കയും ബ്രിട്ടനും ജർമനിയും മറ്റനേകം കൂട്ടാളികളും കാത്തിരിക്കുന്നത്. ഫലസ്തീനികളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റിയാലും ഭൂമിയെത്ര വെട്ടിപ്പിടിച്ചാലും നിരപരാധികളെ കൊന്നൊടുക്കിയാലും ആരെയും അലോസരപ്പെടുത്തിയേക്കില്ലെന്നുറപ്പ്.
കാരണം, റിച്ചാർഡ് നിക്സണിനും പിന്നെ ഹെന്റി ഫോർഡിനും കീഴിൽ വിദേശകാര്യവും ദേശസുരക്ഷയും കൈകാര്യം ചെയ്ത ഹെന്റി കിസിഞ്ജറുടെ ഉപദേശം കേട്ട് എട്ടുവർഷത്തിനിടെ, ലോകത്തിന്റെ പല ഭാഗങ്ങളിൽ 40 ലക്ഷം പേരെയെങ്കിലും കൊന്നൊടുക്കിയ പാരമ്പര്യമുള്ളവരാണ് അമേരിക്ക. ഒടുവിൽ അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും ലിബിയയിലുമടക്കം അറുകൊല നടത്തിയ ലക്ഷങ്ങൾ വേറെ. ഇനി ഇറാനെ കൂടി സംഘർഷത്തിന്റെ ഭാഗമാക്കി വിശാലമായ പശ്ചിമേഷ്യൻ യുദ്ധം നടത്തി കാര്യങ്ങൾ കൂടുതൽ വരുതിയിൽ നിർത്താൻ കൂടിയാകുമോ അടുത്ത നീക്കങ്ങൾ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.