സ്വാതന്ത്ര്യദാഹത്തെ ശമിപ്പിക്കാൻ സ്വാതന്ത്ര്യം അല്ലാതെ മറ്റൊരു മരുന്നില്ല. എന്നാൽ, സ്വാതന്ത്ര്യം വൺവേ ട്രാഫിക്കാണ് യൂറോപ്പിൽ. കിട്ടാനുള്ളതാണെങ്കിൽ അവകാശം. കൊടുക്കാനുള്ളതാണെങ്കിൽ ചോദിക്കുന്നത് കൊടിയ അപരാധവും. ഇത്തരത്തിലുള്ള വൺവേ സ്വാതന്ത്ര്യവാദി രാഷ്ട്രങ്ങളുടെ ചുഴിയിൽപെട്ടുഴലുന്ന ഒരു കൊച്ചു ഭൂപ്രദേശമാണ് വടക്കുകിഴക്കൻ സ്പെയിനിലെ കാറ്റലോണിയ. കാറ്റലൻ സംസ്കാരത്തിെൻറ വേരുകൾ തേടുന്നത് ഇന്ത്യയിൽ ദ്രാവിഡ സംസ്കാരത്തിെൻറ അടിയാധാരം തിരയുന്നതിനു തുല്യമാണ്. രുചിയേറിയ ഭാഷയും ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയും സംസ്കാരവുമൊക്കെ ഒത്തുചേർന്ന പ്രദേശം. ക്രിസ്തുവിനു മുന്നേ തുടങ്ങുന്ന ചരിത്രപാരമ്പര്യത്തിൽ സ്വാതന്ത്ര്യദാഹം എന്നും മുന്തിനിന്നിരുന്നു. എന്നാൽ, അതിനുവേണ്ടി പ്രക്ഷോഭം നടത്തി ഫലത്തോടടുക്കുേമ്പാൾ പ്രീണിപ്പിച്ചും പ്രകോപിപ്പിച്ചും വശത്താക്കാൻ നോക്കുന്നവർക്ക് വഴങ്ങിക്കൊടുക്കുകയാണ് വിധിവശാൽ കാറ്റലന്മാർ ചെയ്തുവന്നത്. 1922ൽ ആദ്യ രാഷ്ട്രീയപാർട്ടി നിലവിൽവന്നു, ഫ്രാെങ്ക മാസിയയുടെ നേതൃത്വത്തിൽ. കാറ്റലൻ സ്റ്റേറ്റ് എന്ന സ്വപ്നനാമം തന്നെയാണ് അതിനു നൽകിയത്.1931ൽ മറ്റുചില പാർട്ടികളെയും ചേർത്ത് ഇടതു റിപ്പബ്ലിക്കന്മാരുടെ മുന്നണിയുണ്ടാക്കി. അന്നു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണി നാടകീയജയം നേടി. അന്നു തുടങ്ങിയതാണ് ഒരു കാറ്റലൻ റിപ്പബ്ലിക്കിനു വേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റം. എന്നാൽ, സ്പെയിൻ വിട്ടില്ല. ഒടുവിൽ നേതൃത്വവുമായി നടന്ന ചർച്ചക്കൊടുവിൽ പരിമിത സ്വയംഭരണാവകാശത്തിന്മേൽ തീർപ്പാക്കി. എന്നാൽ 1938ൽ സ്വേഛാധിപതിയായ ഫ്രാൻസിസ്കോ ഫ്രാേങ്കായുടെ കാലത്ത് ആ അവകാശവും കവർന്നെന്നു ചരിത്രം. 1975ൽ അയാളുടെ കഥ കഴിയേണ്ടി വന്നു ഒരു വിമോചനത്തിന്.
വീണ്ടും വിപ്ലവവിത്തുകൾ മുളപ്പിക്കാനുള്ള ശ്രമത്തിനു നാെമ്പടുക്കാൻ തന്നെ വൈകി. ഒടുവിൽ 2006ൽ സ്വയംഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം പിന്നെയും മുളപൊട്ടി വളർന്നു. സ്പെയിനും വിടാൻ തയാറുണ്ടായിരുന്നില്ല. 2014 നവംബർ ഒമ്പതിന് സ്വതന്ത്ര കാറ്റലോണിയക്കു വേണ്ടിയുള്ള ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാൽ, അത് ഭരണഘടനാവിരുദ്ധമെന്നു വിധിച്ചു സ്പാനിഷ് ഭരണഘടന കോടതി. എങ്കിൽ ഹിതപരിശോധനയില്ല, വെറുതെ ജനാഭിപ്രായമറിയുന്നേയുള്ളൂവെന്നായി കാറ്റലന്മാർ. അതിനും സ്പെയിൻ വഴങ്ങിയില്ല. എന്നാൽ, അവർ ഹിതപരിശാധനയുമായി മുന്നോട്ടുപോയപ്പോൾ വോട്ടുശതമാനം 35 മാത്രേമ ഒത്തുള്ളൂ. അതോടെ അന്നത്തെ കാറ്റലോണിയൻ പ്രസിഡൻറ് ആർതർ മാസ് അടുത്ത സെപ്റ്റംബറിൽ പിന്നെയും റഫറണ്ടം പ്രഖ്യാപിച്ചു. അതിലും ജനം സ്വാതന്ത്ര്യത്തിന് വോട്ടു ചെയ്തു. ജയിച്ചുകയറിയ പാർലമെൻറ് 2015 നവംബറിൽതന്നെ സ്വതന്ത്ര സ്റ്റേറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആ തുടർച്ചയിലേക്കാണ് സ്വാതന്ത്ര്യം സ്വപ്നം കണ്ടു വളർന്ന കാർലെസ് പോജ്ഡെമോണി കാസമജോ എന്ന 53 കാരൻ ഗിരോനയിലെ മേയർ സ്ഥാനത്തുനിന്ന് കാറ്റലോണിയൻ പ്രസിഡൻറുപദത്തിലെത്തുന്നത്.
‘വിപ്ലവം വിതച്ചാൽ സ്വാതന്ത്ര്യം കൊയ്യാം’ എന്നാണ് കാർലെസ് അനുയായികളെ പഠിപ്പിച്ച മുദ്രാവാക്യം. സ്പാനിഷ് രാജാവിനെതിരെ പൂർവപിതാക്കൾ തുടങ്ങിവെച്ച വിപ്ലവം ഇതുവരെ കൊയ്തെടുക്കാൻ കഴിയാതെ പോകുന്നതുകണ്ട് പഠിക്കാൻ നേരമില്ലാതെ സമരപാതയിലേക്ക് ഇറങ്ങിത്തിരിച്ച കൗമാരമാണ് കാർലെസിേൻറത്. 1962ൽ ഗിരോനക്കു സമീപമുള്ള ആമിർ ഗ്രാമത്തിലായിരുന്നു ജനനം. അച്ഛൻ ബേക്കറി നടത്തിപ്പുകാരൻ. കത്തോലിക്ക ചർച്ച് നടത്തിയിരുന്ന ബോർഡിങ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം തുടങ്ങിയത്. പഠനമാധ്യമം സ്പാനിഷ് ഭാഷയായിരുന്നെങ്കിലും വീട്ടിലും കൂട്ടുകാർക്കിടയിലുമൊക്കെ കാറ്റലോണിയൻതന്നെ സംസാരിക്കണമെന്നായിരുന്നു നിർബന്ധം. സ്കൂൾ കഴിഞ്ഞു കോളജ് പടി കയറിയത് അതു പോലെ ഇറങ്ങി. അവിടെയും തെരഞ്ഞെടുത്തത് കാറ്റലന്മാരുടെ തത്ത്വശാസ്ത്രം. 16ാം വയസ്സിൽ പ്രാദേശികദിനപത്രമായ ‘ഡയറി ഡി ഗിരോണ’യുടെ ലോക്കൽ ലേഖകനായിരുന്നു. മുഴുസമയ പത്രപ്രവർത്തകനാകാൻ പാതിവഴിയിൽ ബിരുദപഠനം നിർത്തി. ‘എൽ പുൺട്’ ദിനപത്രത്തിൽ പിന്നീട് വർഷങ്ങൾ നീണ്ട ജോലി. 1988ൽ അതിെൻറ ചീഫ് എഡിറ്ററായി. അതിനൊപ്പം ‘കാറ്റലോണിയ ടുഡേ’ എന്ന ഇംഗ്ലീഷ് മാഗസിനും പുറത്തിറക്കി. പത്രപ്രവർത്തനത്തിലൂടെ തെൻറ സമരോത്സുകത മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനായിരുന്നു ശ്രമം. 2006ൽ കാറ്റലന്മാർ പുതിയ ഹിതപരിശോധനക്ക് ഇറങ്ങിത്തിരിക്കുേമ്പാൾ കാർലെസും രാഷ്ട്രീയത്തിലിറങ്ങി. തെരഞ്ഞെടുപ്പ് സഖ്യത്തെ കാറ്റലൻ സ്വാതന്ത്ര്യ പ്രസ്ഥാനമായിത്തന്നെ അദ്ദേഹം മാറ്റിയെടുത്തു. മാധ്യമരംഗത്തെ പരിചയം വെച്ച് സംഘടനക്ക് ഒരു വാർത്താ ഏജൻസി തുടങ്ങുകയായിരുന്നു ആദ്യം. അങ്ങനെ ജനപ്രീതി സ്വയം പടുത്തുയർത്തി.
അഞ്ചുവർഷം കഴിഞ്ഞേപ്പാൾ അതിെൻറ ഫലമെടുത്തു. 2011ൽ ഗിരോന പ്രവിശ്യ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് മേയറായി. ഇൗ അധികാരസ്ഥാനം വെച്ച് സ്വാതന്ത്ര്യപ്രക്ഷോഭം വിപുലപ്പെടുത്തായിരുന്നു കാർലെസിെൻറ പരിപാടി. സ്പെയിനിൽനിന്നു സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്ന മുനിസിപ്പാലിറ്റികളെ ഒരുമിച്ചുചേർത്തുണ്ടാക്കിയ അസോസിയേഷെൻറ ചെയർമാൻ സ്ഥാനം കൈവന്നു. അതിെൻറ ബലത്തിലാണ് കഴിഞ്ഞ വർഷം ജനുവരി 10ന് കാറ്റലോണിയയുടെ പ്രസിഡൻറായിത്തീരുന്നത്. എന്നാൽ, മുൻ പ്രസിഡൻറിൽനിന്നു വ്യത്യസ്തനായി സ്പെയിനിനോടു കൂറുപുലർത്തി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം തയാറായില്ല. ഫെലിപ് ആറാമൻ രാജാവിനു വഴങ്ങിയാൽ പിന്നെ സ്വാതന്ത്ര്യവാദത്തിന് എന്തർഥം എന്നായിരുന്നു കാർലെസ് ലൈൻ. അതോടെ സ്പെയിനുമായി തുടങ്ങിയ നേർക്കുനേർ യുദ്ധം ഇൗ ഒക്ടോബർ ഒന്നിന് സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന പ്രഖ്യാപനത്തോടെ കൊടുമയിലെത്തി. സ്പെയിൻ ഭരണകൂടം കോടതികളെ പിടിച്ച് സ്വാതന്ത്ര്യമോഹം ഭരണഘടനലംഘനമായി ചിത്രീകരിച്ച് സായുധ അടിച്ചമർത്തലിനൊരുെമ്പടുേമ്പാൾ അതിലെ കാപട്യം തുറന്നുകാട്ടി യൂറോപ്യൻ യൂനിയനെ കൂട്ടി കാര്യസാധ്യത്തിനാകുമോ എന്നാണ് കാർലെസിെൻറ നോട്ടം. എന്നാൽ, ജനാധിപത്യം എന്നാൽ വോട്ടിങ് മാത്രമല്ല, നിയമാനുസൃതമായ ചില ഗാരണ്ടികളോടു കൂടിയ വോട്ടു മാത്രമേ ജനാധിപത്യപരമാകൂ എന്നാണ് സ്പെയിെൻറ പുതിയ തത്ത്വശാസ്ത്രം. എന്നാൽ, അടിച്ചമർത്തലിലേക്കു നീങ്ങുന്ന സ്പെയിനിെൻറ കാപട്യം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി സ്വാതന്ത്ര്യത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് കാർലെസ്. ഇതുവരെ ചാണ്ടി മുറുകുേമ്പാൾ തൊമ്മൻ അയയുന്നതായിരുന്നു സ്ഥിതി. എന്നാൽ, വെറുമൊരു തൊമ്മിയാകാൻ ഇല്ലെന്നു കാർലെസ് വാശിപിടിച്ചതോടെ ഇത്തവണ ആര് അയയും എന്നാണ് യൂറോപ്പും ലോകവും ഉത്കണ്ഠയോടെ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.