ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനമാചരിക്കുമ്പോള്‍ International Day of Disabled Persons. 1995ലെ ഭിന്നശേഷി നിയമം പുതുക്കി 2016ല്‍ റൈറ്റ് റ്റു പേര്‍സണ്‍സ് വിത്ത് ഡിസെബിലിറ്റി ആക്ട് നിലവില്‍ വന്നപ്പോള്‍ 7ല്‍ നിന്ന് 22 തരം ഭിന്നശേഷി വിഭാഗത്തിപ്പെട്ടവരായി ഉയര്‍ന്നു. 2015ലെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 794834 പേരെ കണ്ടെത്തിയിട്ടുണ്ട്.
ഇവരില്‍ ബഹുപൂരിപക്ഷവും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ളവരാണ്. ഇവര്‍ക്ക് സഞ്ചരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി സമ്പാദിക്കുന്നതിനും പ്രായോഗികമായി വളരെ ത്യാഗം ആവശ്യമായി വരുന്നുണ്ട്. അംഗപരിമിതരുടെ അവകാശ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തി രാഷ്ട്രനിര്‍മ്മാണത്തിന് പ്രാപ്തരാക്കുന്നതിന് അവര്‍ക്ക് തടസ്സമാകുന്ന കാര്യങ്ങൾ മറികടക്കാന്‍ ഉതകുന്ന നൂതന സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുകയും, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, എംപ്ലോയന്‍റ് ഡയറക്ടറേറ്റ്, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖന ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതികളുടെ വിവരങ്ങളാണ് ചുവടെ ക്കൊടുക്കുന്നത്.
ഒന്നാം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍ പിജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം 36,000/ രൂപയില്‍ അധികരിക്കരുത്. സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന്റെ മുന്‍വര്‍ഷം കുറഞ്ഞത് 40% മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അദ്ധ്യയന വര്‍ഷം ആരംഭിച്ച് 3 മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. അര്‍ഹതപെട്ട അപേക്ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ പിജി/ പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതിനായി സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അഗീകൃത കോഴ്‌സുകള്‍ക്ക്) സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി. 1 ലക്ഷം രൂപ വരുമാന പരിധി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
1. 1 മുതല്‍ 5 വരെ - സ്‌കോളര്‍ഷിപ്പ് നിരക്ക്-300/- രൂപ
2. 6 മുതല്‍ 10 വരെ - സ്‌കോളര്‍ഷിപ്പ് നിരത് -500/- രൂപ
3. + 1, +2, ITI തത്തുല്യമായ മറ്റ് ട്രെയറിങ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ - സ്‌കോളര്‍ഷിപ്പ് നിരക്ക് - 1000/- രൂപ
ഗവ./എയ്ഡഡ് സ്വാപനങ്ങളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ്സ് മുതല്‍ പി.ജി കോഴ്‌സ് വരെ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള ധനസഹായം നല്‍കുന്ന പദ്ധതി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഭിന്നശേഷിക്കാരിയായ മാതാവിന് പ്രസവാനന്തരം തന്‍റെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രതിമാസം 2000/- രൂപ നിരക്കില്‍ കുട്ടിയ്ക്ക് 2 വയസ്സാകുന്നതുവരെ ധനഹായം നല്‍കുന്ന പദ്ധതി.
1. വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
2. ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്
3. വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
4. ബാങ്ക് പാസ്ബുക്കിന്‍റെ ബന്ധപ്പെട്ട പേജ്.
5. വരുമാന പരിധി 1 ലക്ഷം രൂപ
ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്മക്കള്‍ക്കും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേക്കായി സാമ്പത്തിക സഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ്. പരിണയം ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000/ രൂപ വിതരണം ചെയ്യുന്നു. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്.
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റതവണ ധനസഹായം നല്‍കുന്ന പദ്ധതി. ഒറ്റതവണ ധനസഹായമായി 35,000/- രൂപ അനുവദിക്കുന്നു. ശാരീരിക മാനസിക വെല്ലുവിളി 70%മോ അതില്‍ കൂടുതലോ ഉള്ള വ്യക്തികളുടെ മാതാവ് ആകണം വിധവകള്‍; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍ നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭ്യമാകാത്ത സ്ത്രീകള്‍ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സ്വയം തൊഴില്‍ സംബന്ധിച്ച് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി/ വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി, പി.ജി / പ്രൊഫഷണല്‍ കോഴ്‌സ് എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്ന ഒരു പദ്ധതിയാണ് വിജയാമൃതം.
ഡിഗ്രി തലത്തില്‍ ആര്‍ട്‌സ് വിഷയത്തില്‍ 60 ശതമാനവും സയന്‍സ് വിഷയത്തില്‍ 80 ശതമാനവും / അതില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥ മാക്കിയവരുമായ വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. പിജി പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനവും /അതില്‍ കൂടുതല്‍ മാര്‍ക്ക് കരമായിരിക്കണം. അപേക്ഷകര്‍ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ കോളേജുകള്‍ മറ്റ് അംഗീകൃത സ്വാപനങ്ങള്‍ (പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും ആദ്യഅവസരത്തില്‍ തന്നെ പാസായിരിക്കണം.
പരസഹായം ആവശ്യമായ 40%നു മുകളില്‍ വൈകല്യമുള്ള കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിര്‍വ്വഹണങ്ങളിലും സഹായിക്കുന്ന / പ്രോത്സാഹിപ്പിക്കുന്ന NSS /NCC/SPC യൂനിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി ഗവണ്‍മെന്‍റ്/ എയിഡഡ് / പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന യൂനിറ്റിനെ ആണ് ആദരിക്കുന്നത് ജില്ലയില്‍ നിന്നും മികച്ച 3 യൂനിറ്റിന് ആണ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂനിറ്റിനെയും അവാര്‍ഡിന് പരിഗണിക്കും.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്ന അംഗപരിമിതര്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതി .അപകടങ്ങള്‍/ആക്രമണങ്ങള്‍/പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതരാണ് ഗുണഭോക്താക്കള്‍ . അടിയന്തിര സഹായമായതിനാല്‍ വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്. 25,000/- രൂപ വരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് വിനിയോഗിക്കാവുന്നതാണ്. ആയതിന് മുകളിലുള്ള തുക വിനിയോഗിക്കുന്നതിന് മോണിട്ടറിങ് കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കേണ്ടതാണ്.
കലാകായിക രംഗങ്ങളില്‍ ഫലപ്രദമായ രീതിയില്‍ പങ്കെടുക്കുന്ന /മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവ് /കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ / രാജ്യത്തെ അംഗീകൃത സ്വാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ശ്രേഷ്ഠം. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന പദ്ധതി.
സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമ സ്ഥാപനങ്ങളിലേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്നതും സര്‍ക്കാരില്‍ നിന്നും ഗ്രാന്‍റ് ലഭിച്ചു വരുന്നതുമായ സൊക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലും മാനസിക രോഗം ഭേദമായിട്ടും /നിയന്ത്രണ വിധേയമായിട്ടും സ്വന്തം വീടുകളില്‍ പോകുവാനോ കുടുംബത്തെ കണ്ടെത്തുവാനോ കഴിയാത്ത അന്യസംസ്ഥാനക്കാരെ സ്വന്തം ഭവനങ്ങളിലോ / കുടുംബത്തിലോ / സ്വദേശത്തേക്കൊ എത്തിക്കുന്ന പദ്ധതിയാണ് പ്രത്യാശ പദ്ധതി. കൂടാതെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ശാരീരിക / മാനസ്സിക / ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതും കുടുംബങ്ങള്‍ ഏറ്റെടുക്കുവാന്‍ യാതൊരുവിധ സാധ്യതയില്ലാത്തതുമായവരെ സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിയ്ക്കുന്ന പി ഡബ്ലിയു.ഡി രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ളതും സര്‍ക്കാര്‍ ഗ്രാന്‍റ് ലഭിക്കുന്നതുമായ എന്‍.ജി.ഒ സ്ഥാപനങ്ങളില്‍ sanctioned strength അധികരിയ്ക്കാത്ത വിധത്തില്‍ കൃത്യമായ വ്യക്തിഗത പരിപാലന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഈ പദ്ധതിയിലൂടെ ആളുകളെ പുനരധിവസിപ്പിച്ചു വരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിന് കൂടുതല്‍ എന്‍.ജി.ഒകളെ കണ്ടെത്തിയാല്‍ മാത്രമേ സമയബന്ധിതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആയതിലേയ്ക്ക് കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കാസര്‍കോട് ജില്ലയിലെ സ്‌നേഹാലയ സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററിനെ തെരഞ്ഞെടുക്കുകയും എറണാകുളം മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനായി മാര്‍വല്ല ദയറ സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററിന് തുടര്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനായി പുതിയ എന്‍.ജി.ഒയെ കണ്ടെത്തുന്നതിന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന കാഴ്ചപരിമിതരായ അഭിഭാഷകര്‍ക്ക് ഒറ്റത്തവണയായി എക്‌സ്‌ഗ്രേഷ്യാ 3000/- രൂപയും. വായനാ സഹായിയെ നിയമിച്ച് റീഡേഴ്‌സ് അലവൻസ് നൽകുന്നതിനായി പ്രതിമാസം 4,000/- രൂപ വീതവും വകുപ്പ് മുഖേന അനുവദിച്ചു വരുന്നു. അപേക്ഷ നിശ്ചിത പ്രൊഫോര്‍മയില്‍ ബന്ധപ്പെട്ട രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍ട്ട് പ്രിസൈഡിങ് ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്കു സമര്‍പ്പിക്കുന്നതു പ്രകാരം തുക അനുവദിച്ചു വരുന്നു. വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. നിലവില്‍ 8 വര്‍ഷം വരെയാണ് തുക അനുവദിച്ചു വരുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കളകക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരം പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. കണ്ണൂര്‍ ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ നിര്‍വഹണ ഏജന്‍സികള്‍ മുഖേന പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മാനസികവളര്‍ച്ചയില്ലാത്ത ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും, ഏർലി ഇന്‍റെർവെൻഷൻ, ഡെവലപ് മെൻറ് ഡിസെബിലിറ്റി, റിഹാബിലിറ്റേഷൻ എന്നീ മേഖലയിലെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മനഃശ്ശാസ്ത്ര വിഭാഗത്തിന്‍റെ സഹകരണത്തോടെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കമ്യൂണിറ്റി ക്ലിനിക്കുകള്‍ സ്ഥാപിച്ച് 2015-16 മുതല്‍ പദ്ധതി നടപ്പാക്കി വരുന്നു
മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ശുപാര്‍ശ പ്രകാരം വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ശസ്ത്രക്രിയകള്‍ നടത്തുന്നതിനും തുടര്‍ചികിത്സ, പരിശീലനം, പരിചരണം എന്നിവ നടത്തുന്നതിനായി വകുപ്പമുഖേന ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണിത്.
ഭിന്നശേഷി അവകാശ നിയമം നിഷ്‌കര്‍ഷിയ്ക്കുന്ന തരത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 1996 മുതല്‍ 3% സംവരണം നടപ്പിലാക്കി വരുന്നുണ്ട്. ഭിന്നശേഷി അവകാശ ആക്ട് 2016 ല്‍ വ്യവസ്ഥ ചെയ്യുന്ന 4% സംവരണം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4% സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ഉണ്ടാകുന്ന ഒഴുവുകളില്‍ ഭിന്നശേഷി അവകാശ നിയമം 1995 പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് 3% സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പു വരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. എൻ.ജി.ഒ സഹകരണത്തോടു കൂടി ഭിന്നശേഷിക്കാര്‍ക്കായി സമഗ്ര വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അതിജീവനം പദ്ധതിയ്ക്ക് 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്നു. മാനസ്സികവെല്ലുവിളി നേരിടുന്ന 18 വയസ്സു മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരാകണം ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 13 എൻ.ജി.ഒകളിലെ 600 ഗുണഭോക്താക്കള്‍ക്കായി 92,46,986/- രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 13 എൻ.ജി.ഒകളിലെ 600 ഗുണഭോക്താക്കള്‍ക്കായി അനുവദിച്ചിട്ടുണ്ട്. 83,36,984/ രൂപയും ധനസഹായമായി അനുവദിച്ചിറ്റുണ്ട്.
നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാല്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെങ്കിലും ഇതിൽ അംഗങ്ങളാകുന്നതിന് ഗുണഭോക്താവ് അടക്കേണ്ടുന്ന പ്രീമിയം തുക കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി അടച്ച് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്നു. ഇന്‍ഷുറന്‍സ് എല്ലാ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കേണ്ടതുണ്ട്. ഇതും സര്‍ക്കാര്‍ തന്നെയാണ് അടക്കുന്നത്. പദ്ധതിയില്‍ ചേരുന്നതിന് എ.പി.എല്‍ വിഭാഗം 500 രൂപയും, ബി.പി.എല്‍ വിഭാഗം 250 രൂപയും, പദ്ധതിപുതുക്കുന്നതിന് യഥാക്രമം 250, 50 എന്നിങ്ങനെയുമാണ് പ്രീമിയം തുക അടക്കേണ്ടത്.
ഭിന്നശേഷികള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും തെറാപ്പികള്‍, പരിശീലനങ്ങള്‍, ചികിത്സകള്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് റീജിയണല്‍ ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വരുന്നു. അംഗപരിമിത സ്‌ക്രീനിങ്, ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍, തെറാപ്പി, പരിശീലനങ്ങള്‍ തുടങ്ങിയവ ഈ സെന്‍ററുകളിലൂടെ ലഭ്യമാക്കുന്നു. മെഡിക്കല്‍ കോളേജിലെ ശിശു ചികിത്സാ വിഭാഗത്തിലെ ഡോക്ടറാണ് ഈ കേന്ദ്രത്തിന്‍റെ നോഡല്‍ ഓഫീസര്‍. കൂടാതെ ഓഡിയോളജിസ്റ്റ് കം തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സസ്, ഡെവലപ്‌മെന്‍റ് തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് ഒക്യുപേഷണല്‍ തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്ക് എന്നീ വിദഗ്ധരുടെ സേവനം ഈ സെന്ററുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി ജില്ലാതലത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും വിവിധ ഘട്ടങ്ങളിലാണ്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ് 13 ജില്ലകളില്‍ നടത്തുന്നത്. പത്തനംതിട്ട ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ കെട്ടിട നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്.
അംഗപരിമിതരായവര്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് തുടര്‍ച്ചയായ തെറാപ്പികള്‍ ആവശ്യമാണ്. പലരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ എത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ പ്രയാസപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരെയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി 25 മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡെവലപ്‌മെന്‍റല്‍ തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് എന്നി വരുടെ സേവനം ഈ മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റുകളിലൂടെ ലഭ്യമാക്കുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ (എന്‍. എച്ച്. എം) സഹകരണത്തോടെയാണ് നിലവില്‍ മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 6 പഞ്ചായത്തുകള്‍ക്ക് ഒരു മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റ് എന്ന നിലയിലാണ് ഇപ്പോള്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
കുട്ടികളിലെ കേള്‍വി വൈകല്യം എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനായി കാതോരം എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. പദ്ധതിയുടെ ഭാഗമായി ഒരു കുഞ്ഞ് ജനിച്ചയുടന്‍ തന്നെ കേള്‍വി പരിശോധന നടത്തുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ 62 സര്‍ക്കാര്‍ ഡെലിവറി പോയിന്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആശുപ്രതികളില്‍ ജനിക്കുന്ന 92% നവജാത ശിശുക്കളേയും നിലവില്‍ കേള്‍വി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മറ്റു ആശുപത്രികളില്‍ പ്രസവിക്കുന്ന കുട്ടികള്‍ക്കും ഈ കേന്ദ്രത്തിലെത്തി ഈ സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനായി ഓട്ടോ അക്വിസ്റ്റിക് എമിഷന്‍ സ്‌കാനര്‍ എന്ന ഉപകരണവും പരിശീലനം ലഭിച്ച ഒരു JPHNന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളെ വിദഗ്ധ പരിശോധനയിലൂടെ കേള്‍വി വൈകല്യം സ്ഥിരീകരിക്കുന്നതിനുള്ള BERA സംവിധാനം 14 ജില്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലകളിലെ NPPCD (National Programme for Prevention and Control of Deafness) കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. കേള്‍വി പ്രശ്‌നം സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ വൈദ്യസഹായവും ശ്രവണ ഉപകരണങ്ങളും ലഭ്യമാക്കുകയും 18 മാസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തുന്നതിനുള്ള സൗകര്യവും ഉറപ്പാക്കുന്നു. കോക്ലിയാര്‍ ഇംപ്ലാന്‍റേഷനു ശേഷമുള്ള പോസ്റ്റ് ഹാബിലിറ്റേഷന്‍ തെറാപ്പികള്‍ക്കായി NIPMR, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ആധുനിക സജീകരണങ്ങളോടെയുള്ള ആഡിറ്ററി വെര്‍ബല്‍ തെറാപ്പി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
അംഗപരിമിതര്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ ഓഫീസില്‍ ഒരു ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. അംഗപരിമിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍, അവയുടെ സേവനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നതാണ്. സാങ്കേതിക സംവിധാനങ്ങളോടെ സ്ഥാപിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌കിലെ 1800 120 1001 എന്ന ടോള്‍ ഫ്രീ നമ്പറിൽ ഈ സേവനം ലഭ്യമാണ്.
പ്രീ പ്രൈമറി തലത്തില്‍ തന്നെ കുട്ടികളിലെ ബുദ്ധിമാന്ദ്യം, വളര്‍ച്ച വികാസ താമസം തുടങ്ങിയവ കണ്ടെത്തി അനുയോജ്യമായ പരിശീലനങ്ങളും പരിചരണങ്ങളും നല്‍കി ഇവരെ സാധാരണ സ്‌കൂളുകളിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷ്യല്‍ അംഗന്‍വാടികളുടെ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയില്‍ നടന്നുവരുന്നു. ഒരു ഐ.സി.ഡി.എസ്.എസ് പദ്ധതിയുടെ കീഴില്‍ ഒരു നോഡല്‍ സ്‌പെഷല്‍ അംഗന്‍വാടിയും രണ്ട് സാറ്റലൈറ്റ് അംഗൻവാടിയും എന്ന കണക്കില്‍ മൂന്ന് അംഗൻവാടികളാണ് സ്‌പെഷ്യല്‍ അംഗൻവാടികളായി പ്രവര്‍ത്തിക്കുന്നത്. ഒരു സ്‌പെഷ്യല്‍ എജ്യുക്കേറ്ററുടെ സേവനവും ഇവര്‍ക്കാവശ്യമായ പ്രത്യേക പരിശീലന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് തെറാപ്പികള്‍, പരിശീലനം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ജില്ലാതലത്തില്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ അനുയാത്രയുടെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് എം.സി.ആർ.സികള്‍ സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, മാടായി, എരിഞ്ഞോളി പഞ്ചാ യത്തുകള്‍, മലപ്പുറം ജില്ലയിലെ താനാലൂര്‍ എന്നിവിടങ്ങളില്‍ എം.സി.ആർ.സികള്‍ ആരംഭിക്കാൻ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ അംഗപരിമിതര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (Unique ID for Perosns with Disabilities UDID) നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു. കേന്ദ്ര ഗവ. ഇതിനായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയറില്‍ അംഗപരിമിതരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈന്‍ ആയാണ് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. അംഗപരിമിതര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഈ സോഫ്‌റ്റ്വെയര്‍ മുഖാന്തിരം ലഭ്യമാക്കുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാറിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കി വരുന്നു.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 2018 - 19 മുതല്‍ ഓട്ടിസം കുട്ടികള്‍ക്കായി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പ്രത്യേക സമഗ്ര പദ്ധതിയാണ് സ്‌പെക്ട്രം. ഈ പദ്ധതിയിലൂടെ ഓട്ടിസം സ്‌ക്രീനിങ്, അനുയോജ്യമായ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍, ആധുനിക തെറാപ്പി സൗകര്യങ്ങള്‍, ഓട്ടിസം മേഖലയിലെ പഠനങ്ങളും, ഗവേഷണങ്ങളും, രക്ഷിതാക്കള്‍ക്കുള്ള പരിശീലനം, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം തുടങ്ങിയവ നടപ്പാക്കി വരുന്നു.
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഈ സ്ഥാപനത്തിലൂടെ വിവിധതരം ഭിന്നശേഷികള്‍ കണ്ടെത്തുന്നതിനും, ആവശ്യമായ തെറാപ്പികളും, പരിശീലനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ആത്യന്താധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലൂടെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ശ്രവണ വൈകല്യം, ബുദ്ധിപരമായ വൈകല്യങ്ങള്‍, ചലനവൈകല്യം തുടങ്ങിയവയുള്ള വിഭാഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും അനുബന്ധ സേവനങ്ങളും നല്‍കുന്നു.
ഈ പദ്ധതിയനുസരിച്ച് 1,00,000/- രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ സൗജന്യമായി അനുവദിക്കുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്‍കി വരുന്നത്. ഹൈടെക് ലിംബ്, ഇലക്ട്രോണിക് വീല്‍ചെയര്‍, വോയ്‌സ് എന്‍ഹാന്‍സ്ഡ് സോഫ്ട് വെയറോടു കൂടിയ ലാപ്‌ടോപ്, വീല്‍ചെയര്‍, മൂന്നുവില്‍ സൈക്കിള്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബുകള്‍, കാലിപ്പര്‍, ശ്രവണ സഹായി ഡി.വി.ഡി.പ്‌ളെയറുകള്‍, കുടലില്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്കുള്ള കൊളോസ്റ്റമി ബാഗുകള്‍, വൈറ്റ് കെയിന്‍, കുട്ടികള്‍ക്കുള്ള സി.പി ചെയറുകള്‍, വാക്കര്‍ തുടങ്ങി 100 ഓളം ഉപകരണങ്ങള്‍ കോര്‍പ്പറേഷനില്‍ നിന്നും നല്‍കി വരുന്നു. ഗവ. ഡോക്ടര്‍മാരുടെ ശുപാര്‍ശയോടുകൂടിയ നിശ്ചിത അപേക്ഷാഫോറത്തോടൊപ്പം രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും റേഷന്‍ കാര്‍ഡ്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിക്കിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
നിബന്ധനകള്‍:
1. കേരളത്തില്‍ സ്ഥിര താമസക്കാരനായിരിക്കണം.
2. 40 % - മോ അതിന് മുകളിലോ ഭിന്നശേഷിത്വം ഉണ്ടായിരിക്കണം.
3. വാര്‍ഷിക വരുമാനം 1,00,000/- രൂപ വരെ (വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്)
4. സഹായോപകരണങ്ങള്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം (12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ )
താഴെ പറയുന്ന നിബന്ധനകള്‍ക്കു വിധേയമായി സൈഡ് വീല്‍ ഘടിപ്പിച്ച മോട്ടോറൈസ്ഡ് സ്‌കൂട്ടര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്. നിബന്ധനകള്‍:
1. 18ന് മുകളില്‍ പ്രായം,
2. 40-ഉം അതിന് മുകളിലും ശതമാനമുള്ള ലോക്കോമോട്ടോര്‍ ഡിസബിലിറ്റി,
3. ഒരു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനം
4. സർക്കാർ ഉദ്യോഗം ഇല്ലാതിരിക്കുക എന്നിവ അടിസ്ഥാന യോഗ്യത (Eligibility criteria) ആയിരിക്കും.
5. ലോക്കോമോട്ടോര്‍ ഡിസബിലിറ്റി വിഭാഗത്തില്‍ ചലന പരിമിതി നേരിടുന്നവരുടെ ചലന സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ മാത്രമാണ് ഈ പദ്ധതി, മറ്റ് ഒരു ഭിന്നശേഷിക്കാരേയും ഈ പദ്ധതിയില്‍ പരിഗണിക്കുന്നതല്ല.
6. Eligibility criteria meet ചെയ്യുന്ന വനിതകള്‍ക്കും എസ്.റ്റിവി ഭാഗത്തില്‍പ്പെട്ടവര്‍ക്കും ഏറ്റവും പ്രഥമ പരിഗണന.
മോട്ടോറൈസ്ഡ് ട്രൈ സൈക്കിള്‍ വാങ്ങി സൈഡ് വീല്‍ ഘടിപ്പിക്കുന്നതിനായി ഭിന്നശേഷിത്വമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കോര്‍പ്പറേഷന്‍ 15,000/- രൂപ വരെ സബ്‌സിഡിയായി നല്‍കുന്നു (ബില്‍ തുക മാക്‌സിമം 15,000/- രൂപ). നിശ്ചിത അപേക്ഷാഫാറത്തോടൊപ്പം സ്‌കൂട്ടര്‍ വാങ്ങി സൈഡ് വില്‍ ഫിറ്റു ചെയ്ത ബില്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 40% വും അതില്‍ കൂടുതലോ ഭിന്നശേ ഷിത്വമുണ്ടെന്നുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ കോപ്പി വാഹനം ഇന്‍ഷ്വര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി വാഹനത്തിന്‍റെ നമ്പര്‍ കാണത്തക്കവിധം അപേക്ഷകന്‍ ഇരുന്നെടുത്ത ഫോട്ടോ, ലൈസന്‍സ്/ ലേണേഴ്‌സ് ലൈസന്‍സ്, വില്ലേജാഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിക്കിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.
സ്വയം തൊഴില്‍ പദ്ധതിയിന്‍ കീഴില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിത്വമുള്ളവര്‍ക്ക് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കി വരുന്നു. ഈ പദ്ധതിക്ക് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കുന്നതാണ്. ലോണ്‍ തുക 20,000/- രൂപവരെ ലോണ്‍ തുകയുടെ 50% (പരമാവധി 5000 രൂപ) സബ്‌സിഡിയായും ലോണ്‍ തുക 20,001/- മുതല്‍ 50,000/- രൂപവരെ ലോണ്‍ തുകയുടെ 30% സബ്‌സിഡിയായും ലോണ്‍ തുക 50,001/- മുതല്‍ 1,00,000/- രൂപവരെ ലോണ്‍ തുകയുടെ 25% (മിനിമം 15,000/- രൂപ) സബ്‌സിഡിയായും, ലോണ്‍ തുക ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ലോണ്‍ തുകയുടെ 20% (മാക്‌സിമം ഒരു ലക്ഷം രൂപവരെ) സബ്‌സിഡിയായും നല്‍കുന്നു. ഇതിലേയ്ക്കായി കോര്‍പ്പറേഷന്‍, അപേക്ഷകനാവശ്യപ്പെടുന്ന സര്‍വ്വീസ് ഏരിയാ ബാങ്കിലേക്ക് അപേക്ഷകള്‍ ശിപാര്‍ശ ചെയ്യുന്നു. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫാറത്തോടൊപ്പം 40% മുകളില്‍ ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി, റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ ഫോട്ടോ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഹാജരാക്കേണ്ടതാണ്.
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്‍റുമാര്‍ക്ക് വേണ്ടി കോര്‍പ്പറേഷന്‍ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ പുതിയതായി ലോട്ടറി വില്‍പ്പന തുടങ്ങുന്നവര്‍ക്ക് ധനസഹായമായി 5000/- രൂപ അനുവദിക്കുന്നതാണ്. നിബന്ധനകള്‍:
1. 18 മുകളില്‍ പ്രായം
2. 40 - ഉം അതിന് മുകളിലും ശതമാനമുള്ള ഭിന്നശേഷിത്വം
3. 1 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം
4. ലോട്ടറി വകുപ്പില്‍ നിന്നുള്ള ഏജന്‍സി ലൈസന്‍സും പുതിയ ഏജന്‍റ് സര്‍ട്ടിഫിക്കറ്റ്
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
10 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിത്വമുള്ളവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരുമായ ഭിന്നശേഷിക്കാര്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ബി ഗ്രേഡോ അതിന് മുകളിലോ വാങ്ങി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തിന് മാര്‍ക്ക് നിബന്ധനയില്ല.
ഗുരുതര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരില്‍ 20000 രൂപ നിക്ഷേപിക്കുന്നു. ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളും യോഗ്യതളും:
1. 50 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിത്വമുള്ളവര്‍
2. പ്രതിവര്‍ഷ കുടുംബ വരുമാനം 1,00,000 രൂപ വരെ
3. പ്രായ പരിധി നവജാതശിശു മുതല്‍ 17 വയസ് വരെ
സി) ട്രസ്റ്റി: കോര്‍പ്പറേഷന്‍
ഡി) ഹണ്ട് റിലീസ് 18 വയസിന് ശേഷമോ, അത്യാവശ്യ ഘട്ടങ്ങളിലോ.
എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരായ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഈ ഘടക പദ്ധതി പ്രകാരം ലഭ്യമാക്കുന്നു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണവും ഇക്കാര്യത്തില്‍ ലഭ്യമാക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് സംരംഭകത്വ വികസന പരിശീലനം എന്നിവ നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താൽപര്യമുള്ള മേഖലകളില്‍ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കില്‍ അത്തരം പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. ബാങ്കുകളുടെ നേതൃത്വത്തിലുള്ള ആർ.എസ്.ഇ.ടി.ഐ (Rural Self Employment Training Institute) എംപ്ലോയബിലിറ്റി സെന്‍റര്‍, വി.ആർ.സി (Vocational Rehabilitation Centre) തുടങ്ങി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരി സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിച്ച് വരുന്നു.
മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ ലക്ഷ്യത്തിലെത്തുന്നത് വരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നതിനും മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പലിശരഹിത വായ്പ നല്‍കുന്നു. 21 നും 55നും മധ്യേ പ്രായമുള്ള കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഒരു വ്യക്തിക്ക് പരമാവധി 50,000 (അന്‍പതിനായിരം) രൂപ വരെയാണ് സാധാരണഗതിയില്‍ വായ്പയായി അനുവദിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം 1ലക്ഷം രൂപവരെ അനുവദിക്കുന്നതാണ്. വായ്പത്തുകയുടെ 50 ശതമാനം പരമാവധി 25,000/ (ഇരുപത്തയ്യായിരം) രൂപ വരെ സബ് സിഡി യായി അനുവദിക്കുന്നതാണ്. അംഗവൈകല്യമുള്ള സംരംഭം സ്വന്തമായി നടത്താന്‍ കഴിയാത്തത്ര അംഗ വൈകല്യമുള്ള പക്ഷം അടുത്ത ഒരു ബന്ധുവിനെകൂടി (മാതാവ്/പിതാവ്/ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍ തുടങ്ങിയ) ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. ഈ ചട്ടങ്ങള്‍ക്കനുസരിച്ച് ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം ലഭിക്കുന്നതല്ല.
168 ബി.ആര്‍.സി.കളിലും ഓട്ടിസം സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഓട്ടിസം സെന്‍ററുകളില്‍ ഓട്ടിസ കുട്ടികള്‍ക്കായുള്ള തെറാപ്പി സര്‍വ്വീസും ഒപ്പം പഠന പിന്തുണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്‌റ്റൈപന്‍ഡ് നല്‍കുന്നു
ബ്ലൈന്‍ഡ് ആയ കുട്ടികള്‍ക്ക് ബ്രെയിലി സ്റ്റേഷനറി നല്‍കുന്നു.
ലോക്കോമോട്ടോര്‍ ഡിസ്എബിലിറ്റി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി സി.പി.ചെയര്‍, വീല്‍ ചെയര്‍, ആങ്കിള്‍ ഫൂട്ട് ഓര്‍ത്തോസിസ്, മാട്രസ്സ്, കൊമ്മോഡ് ചെയര്‍, കോസ്‌മെറ്റിക് ഗ്ലൗവ്, വാട്ടര്‍ ബെഡ്, എക്‌സര്‍സൈസ് ബാള്‍, ട്രൈ സൈക്കിള്‍, പാരലല്‍ ബാര്‍, ഫിസിയോ ബെഡ്, സി.റ്റി.ഇ.വി. ഷൂ, കറക്ടിങ്ങ് ഫുട്ട് വെയര്‍. തുടങ്ങി 86 ഇനം സഹായ ഉപകരണങ്ങള്‍ നല്‍കി വരുന്നു. ഓട്ടിസം സ്‌പെക്ട്രം ഡിസ് ഓര്‍ഡര്‍ ഉള്ള കുട്ടികളുടെ പുനരധിവാസത്തിനായി സര്‍വ്വ ശിക്ഷാ കേരള മുഖേന 168 ബി.ആര്‍.സികളിലായി ഓട്ടിസം സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് അധിക പിന്തുണ നല്‍കുന്നതിനായി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരുടേയും ആയമാരുടേയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഈ കുട്ടികള്‍ക്ക് സെന്‍സറി, ഇന്‍റഗ്രേഷന്‍ പോലെയുള്ള വിവിധ തെറാപ്പികള്‍ നല്‍കി വരുന്നു. ഇതിനു പുറമേ കോവിഡ് 19 കാലത്ത് ഇവര്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം വീഡിയോ തയാറാക്കി നല്‍കുകയും വീടുകളില്‍ തെറാപ്പി സൗകര്യം ഒരുക്കുന്നതിന് രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനായി പ്രത്യേക വീഡിയോകള്‍ നിര്‍മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓട്ടിസം ബാധിതരെ സഹായിക്കുന്നതിനായി സ്റ്റെപ്‌സ് സ്പെഷൽ ട്രെയ്നിങ് ആൻഡ് എംപവർമെന്‍റ് പ്രോഗ്രാം ഫോർ പാരെന്‍റ്സ് (STEPS) എന്ന പാക്കേജ് പദ്ധതി എൻ.ഐ.പി.എം.ആറിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്നു. വിവിധ വിഭാഗം തെറാപ്പിസ്റ്റുകളുടെ മള്‍ട്ടിഡിസിപ്ലിനറി ടീമാണ് മൂന്ന് മാസം നീണ്ടു നിക്കുന്ന ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോവിഡ് പടരാതിരിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച് ക്യൂബിക്കളുകള്‍ക്കുള്ളില്‍ കുട്ടിയേയും രക്ഷിതാവിനേയും ഇരുത്തിയാണ് ഗ്രൂപ്പ് തെറാപ്പി സെഷനുകള്‍ നടത്തുന്നത്. മൂന്ന് വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ലിറ്റില്‍ സ്റ്റെപ്‌സ് എന്ന പേരിലും മൂന്ന് വയസിന് മുകളില്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്കായി ബ്രൈറ്റ് സ്റ്റെപ്‌സ് എന്ന പേരിലും രണ്ട് ബാച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലിറ്റില്‍ സ്റ്റെപ്‌സിന് പ്രതിമാസം 9000 രൂപയും ബ്രൈറ്റ് സ്റ്റെപ്‌സിന് പ്രതിമാസം 12,500/- രൂപയുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ തുടര്‍ച്ചയായ പരിശീലനത്തിന് ശേഷം തുടര്‍ന്നു വരുന്ന ആദ്യത്തെ ഒരു മാസം ആഴ്ച്ചയില്‍ ഒരു ദിവസം വീതവും തുടര്‍ന്ന് മാസത്തില്‍ രണ്ട് തവണയും തുടര്‍ പരിശീലനം നല്‍കുന്നു. ഡെവലപ്പ്‌മെന്‍റല്‍ പീഡിയാട്രിഷ്യന്‍, ഡെവലപ്പ്‌മെന്‍റല്‍ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഡയറ്റീഷ്യന്‍ എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിവിധ തെറാപ്പി വിഭാഗങ്ങളുടെ കോ ഓഡിനേഷന്‍ ചുമതല സോഷ്യല്‍വര്‍ക്കര്‍ക്കാണ്. പദ്ധതി ആരംഭിച്ച ശേഷം വിവിധ ജില്ലകളില്‍ നിന്നുമായി 73 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
നാഷണല്‍ ട്രസ്റ്റ് സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പറും കോഴിക്കോട് ജില്ലാതല സമിതി കണ്‍വീനറുമാണ് ലേഖകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.