രോഹിത് വെമുലയും നവ ജനാധിപത്യ സങ്കല്‍പങ്ങളും

നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം ഇന്ത്യന്‍ കാമ്പസുകള്‍ മുമ്പെങ്ങുമില്ലാത്തവിധം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. സഹസ്രാബ്ദങ്ങളായി അറിവിന്‍െറയും അധികാരത്തിന്‍െറയും സമസ്ത മേഖലകളില്‍നിന്നും അനീതിപരമായി മാറ്റിനിര്‍ത്തപ്പെട്ടവരുടെ അടക്കിപ്പിടിച്ച വികാരമാണ് ഇപ്പോള്‍ ബഹിര്‍ഗമിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ വിവേചനം നേരിടേണ്ടിവരുന്നത് യൂനിവേഴ്സിറ്റി കാമ്പസുകള്‍ അടക്കമുള്ള ഉന്നതവിദ്യാഭ്യാസമേഖലയിലാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന അധീശ വ്യവസ്ഥയെ പിന്തുണക്കുന്നവര്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദലിത് മുസ്ലിം ബഹുജന്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കുന്നത് തടയിടാനും മന$പൂര്‍വം  നിരുത്സാഹപ്പെടുത്താനും തഴയാനും എല്ലാ കാലത്തും ശ്രമിച്ചുപോന്നിട്ടുണ്ട്.

ദേശം അടിച്ചമര്‍ത്തുകയും ദേശീയത അപരവത്കരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളെക്കുറിച്ച്   പുതിയ രാഷ്ട്രീയ വ്യാകരണങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി സമൂഹം  ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാലമാണിത്. ഇന്ത്യയിലെ അധീശവ്യവസ്ഥ നടപ്പാക്കുന്ന  വിവിധതരത്തിലെ അടിച്ചമര്‍ത്തലുകളെയും പാര്‍ശ്വവത്കരണങ്ങളെയും കുറിച്ചുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ തിരിച്ചറിവ് മര്‍ദകവിഭാഗത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന പിന്നാക്കവിദ്യാര്‍ഥികളുടെ സാന്നിധ്യത്തെയും അവരുന്നയിക്കുന്ന സാമൂഹികനീതിയുടെ രാഷ്ട്രീയത്തെയും ഭരണാധികാരം ഉപയോഗിച്ച് ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അതിന്‍െറ വിവിധ ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ ഒരുവര്‍ഷം രാജ്യത്തെ കാമ്പസുകളെ ഇളക്കിമറിച്ച ദലിത് ബഹുജന്‍ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവും മുസ്ലിം വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ ആസൂത്രിത അപ്രത്യക്ഷമാക്കലും ഇപ്പോള്‍ ജെ.എന്‍.യുവില്‍ നടന്ന ഒമ്പത് ദലിത് മുസ്ലിം ബഹുജന്‍ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനും. അത്തരം നടപടികളോട് എതിര്‍പ്പ്  പ്രകടിപ്പിച്ച് പ്രസംഗിച്ച  ചിന്തകയും ജെ.എന്‍.യുവിലെ അധ്യാപികയുമായ നിവേദിത മേനോന് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്ത സര്‍വകലാശാല അധികൃതരുടെ  നടപടികള്‍ പ്രസ്തുത സംഭവങ്ങളുടെ തുടര്‍ച്ചയാണ്.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ്് ചെയ്തതിന്‍െറ  മറവില്‍ വിദ്യാര്‍ഥി വിരുദ്ധവും പിന്നാക്ക ജനവിഭാഗ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് തടയിടുന്നതുമായ തീരുമാനങ്ങളാണ് ജെ.എന്‍.യു വൈസ് ചാന്‍സലറും സംഘവും പാസാക്കിയത്. അതില്‍ ഏറ്റവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക്  വഴിയൊരുക്കുന്നതാണ് പ്രവേശനപരീക്ഷക്ക് മിനിമം മാര്‍ക്ക് മാത്രം ബാധകമാക്കി ഈ വര്‍ഷം മുതല്‍  100 ശതമാനം വൈവ മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള തീരുമാനം. നിലവിലെ 30 ശതമാനം വൈവ മാര്‍ക്കുപോലും പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു നേരെ തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് യൂനിവേഴ്സിറ്റിതന്നെ നിയമിച്ച അബ്ദുന്നാഫി കമ്മിറ്റി ചൂണ്ടിക്കാട്ടുകയും വൈവ മാര്‍ക്ക് പകുതിയാക്കി കുറക്കാന്‍ ശിപാര്‍ശ നടത്തുകയും ചെയ്തിരിക്കെയാണ് കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ വിദ്യാര്‍ഥി വിരുദ്ധമായ വിവാദ യു.ജി.സി സര്‍ക്കുലര്‍ നടപ്പാക്കാന്‍ ജെ.എന്‍.യു തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള  കീഴാള വിദ്യാര്‍ഥികളുടെ ഒഴുക്കിന് തടയിടലാണ് പ്രസ്തുത സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തം .

മുസ്ലികളും ദലിതരുമടക്കമുള്ള പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ജീവന് സുരക്ഷ നല്‍കാന്‍ കഴിയാത്തവണ്ണം നമ്മുടെ സര്‍വകലാശാലകള്‍ ബ്രാഹ്മണിക അധീശവ്യവസ്ഥയുടെ അറവുശാലകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുദ്ദസ്സിര്‍ കമ്രാന്‍ മുതല്‍ നജീബ് അഹ്മദ് വരെ, രജനി എസ്. ആനന്ദ് മുതല്‍ രോഹിത് വെമുല വരെയുള്ളവരുടെ അനുഭവം വരച്ചുകാട്ടുന്നു. രോഹിത് വെമുലയുടെ സാമൂഹിക മരണത്തിലും  നജീബ് അഹ്മദിന്‍െറ ആസൂത്രിത തിരോധാനത്തിലും എ.ബി.വി.പി വഹിച്ചതുപോലെ ദലിത് മുസ്ലിം വിരുദ്ധതയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും പങ്കുവഹിക്കുന്നുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്സില്‍ എം.ഫില്‍ വിദ്യാര്‍ഥിയായ വിവേക് കുമാരനെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് അടക്കം  നാലുപേര്‍ ചേര്‍ന്ന്  മര്‍ദിച്ച സംഭവം വ്യക്തമാക്കുന്നത്. വിവേക് കുമാരന്‍ രോഹിത് വെമുല വൈസ് പ്രസിഡന്‍റ് ആയിരുന്ന എ.എസ്.എയുടെ ഘടകം സര്‍വകലാശാല  കാമ്പസില്‍ തുടങ്ങുമോ എന്ന ഭയമാണ് എസ്.എഫ്.ഐയെ അതിന് പ്രേരിപ്പിച്ചത്.

സ്വാശ്രയ കോളജുകളിലെ ഇടിമുറികല്‍ക്കൊപ്പംതന്നെ തകര്‍ക്കപ്പെടേണ്ടതാണ് യൂനിവേഴ്സിറ്റി കോളജ്, മടപ്പള്ളി ഗവണ്‍മെന്‍റ് കോളജ് എന്നിവ അടക്കമുള്ള  പുരോഗമന ഇടത് കാമ്പസുകളിലെ ഇടിമുറികളും. പലപ്പോഴും ആ ഇടിമുറികളില്‍ നിന്നുയരുന്ന നിലവിളികള്‍  ദലിത് മുസ്ലിം വിദ്യാര്‍ഥികളുടേതായതിനാല്‍ പ്രത്യേകിച്ചും.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ബീഫിന്‍െറ പേരില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നത്. തുടര്‍ന്ന്  രാജ്യത്ത് പലയിടങ്ങളില്‍ പശുവിനെ കൊന്നെന്നും പശുവിറച്ചി തിന്നെന്നും ആരോപിച്ച് മുസ്ലിംകള്‍ മര്‍ദിക്കപ്പെട്ടു. ഹരിയാനയിലെ മേവാത്തില്‍ പശു മാംസം തിന്നെന്ന പേരില്‍ രണ്ട് മുസ്ലിം യുവതികള്‍ ബലാത്സംഗം ചെയ്യപ്പെടുക പോലുമുണ്ടായി. ഇന്ത്യയില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഉന്നംവെച്ച് കൊണ്ടുള്ള ആസൂത്രിത വംശഹത്യകളുടെ തുടര്‍ച്ചയായിട്ട് വേണം നജീബിനെതിരായ ആക്രമണവും തിരോധാനവും വായിക്കപ്പെടാന്‍. സംഘ്പരിവാറോ സംഘ്പരിവാര്‍ നേതാക്കളോ ഇന്ത്യന്‍ ഭരണകൂടമോ വിമര്‍ശനം നേരിടുമ്പോള്‍ അവയെ അനാഥ ബോംബ് സ്ഫോടനങ്ങള്‍ കൊണ്ടോ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പേരില്‍ നടത്തുന്ന കൂട്ടക്കൊലകള്‍ കൊണ്ടോ നേരിടുകയും അതേ സ്ഫോടനങ്ങളുടെ പേരില്‍ ന്യൂനപക്ഷ സമൂഹമായ മുസ്ലിംകളില്‍നിന്നുള്ള അഭ്യസ്തവിദ്യരായ യുവാക്കളെ തീവ്രവാദി എന്ന് ആരോപിച്ച് പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയും ചെയ്യുന്നത് നാം ദിനേനയെന്നോണം കാണുന്നു.

ഭരണകൂടത്തിന്‍െറ മുസ്ലിം വേട്ടയാല്‍ നിര്‍ബന്ധിത തിരോധാനത്തിന് വിധേയമാകുന്ന മുസ്ലിം യുവാക്കളെ കുറിച്ചും അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ അര്‍ധ വിധവകളായും നിര്‍ബന്ധിത വൈധവ്യത്തില്‍ ജീവിക്കേണ്ടി വരുന്ന മുസ്ലിം യുവതികളെക്കുറിച്ചും തികഞ്ഞ മൗനംപാലിക്കുകയും മുത്തലാഖിന് വിധേയമാകുന്ന മുസ്ലിം വനിതകളെ ക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്ന മതേതര പൊതുസമൂഹത്തിന്‍െറ നിലപാടുകളെ ഈയവസരത്തില്‍ വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. മുസ്ലിം സമുദായത്തെ പലതരത്തില്‍ ഭീതിയുടെ അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ബോധത്തില്‍ അന്തര്‍ലീനമായ മുസ്ലിം വിരുദ്ധ മനോഭാവത്തെ ചോദ്യം ചെയ്യാനും ഇവയെ മുസ്ലിം പ്രശ്നമായിതന്നെ മനസ്സിലാക്കാനും  ആര്‍ജവം കാണിക്കേണ്ടതുണ്ട്.

വെമുലയുടെ സാമൂഹികമരണത്തിന് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യത്തിന്‍െറയും  ജനാധിപത്യമൂല്യങ്ങളുടെയും സാമൂഹികനീതിയുടെയും അടിസ്ഥാനത്തില്‍   രാജ്യത്തെ വരേണ്യമായ നിലവിലെ  അധികാര സാമൂഹിക  വ്യവസ്ഥിതിക്ക് നേരെ നിരന്തരമായ ചോദ്യങ്ങള്‍  ഉയര്‍ത്തുകയും സാംസ്കാരിക ഹൈന്ദവ ദേശീയ വ്യവസ്ഥയെ പ്രതിരോധിക്കുകയും   ചെയ്യേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്.

 

Tags:    
News Summary - rohith vemula and new democracy ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.