ചാലക്കുടിപ്പുഴയിലെ ഷോളയാറിലും പെരിങ്ങൽകുത്തിലുമുള്ള ജലവൈദ്യുത പദ്ധതികളിൽ നിന്ന് വൈദ്യുത്യുൽപാദനാനന്തരം താഴോട്ടൊഴുകുന്ന വെള്ളത്തിന്‍റെ ഊർജം കറന്നെടുക്കുന്നതിനുള്ള ശ്രമമാണല്ലോ അതിരപ്പിള്ളി പദ്ധതി. അതിലൂടെ 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. ചാലക്കുടിപ്പുഴയിൽ അവശേഷിക്കുന്ന അൽപം നല്ല കാട്കൂടി നശിക്കും എന്നതാണ് അതിനെതിരെയുള്ള പ്രധാന ആക്ഷേപം. മാത്രവുമല്ല, താഴോട്ടൊഴുകുന്ന വെള്ളത്തിന്‍റെ പ്രവാഹരീതി മാറുന്നത് തുമ്പൂർമൂഴി ജലസേചന പദ്ധതിയെയും പ്രതികൂലമായി ബാധിക്കും.
അതൊഴിവാക്കാനുള്ള ചില ബദൽ നിർദേശങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടുവച്ചിരുന്നു. പക്ഷേ സംസ്ഥാന വൈദ്യുതി ബോർഡ് അതൊന്നും ഗൗരവമായി എടുത്തിട്ടില്ല. ഇപ്പോഴാകട്ടെ മറ്റൊരു സാദ്ധ്യത കൂടി തെളിഞ്ഞിരിക്കുന്നു. പല രീതിയിലും അതിരപ്പിള്ളി പദ്ധതിയെക്കാൾ ആകർഷകമായ മറ്റൊരു ബദൽ. അത് വിശദീകരിക്കുന്നതിന് മുൻപ് മറ്റ് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്.
സൗരോർജവും കേരളവും
പുരപ്പുറ സൗരോർജ പാനലുകളിലൂടെ നൂറുകണക്കിന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും എന്ന വസ്തുത കേരളത്തിൽ ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കേരള സർക്കാറും അനെർട്ടും സംസ്ഥാന വൈദ്യുതി ബോർഡും അതിന് പ്രചാരണവും പ്രോത്സാഹനവും കൊടുക്കുന്നുമുണ്ട്. എന്നാൽ ഇതിന് പലവിധ തടസ്സങ്ങളും ഉണ്ടാകാം. ഉദാഹരണമായി പകൽ സമയത്ത് സൗരോർജത്തിലൂടെ നൂറോ ഇരുന്നൂറോ മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചാൽ വൈദ്യുതി ബോർഡ് ഒരു പക്ഷെ പറയും, പകൽ ഞങ്ങൾക്ക് വൈദ്യുതിക്ഷാമം ഇല്ല, ഇത്രയൂം വൈദ്യുതി ആവശ്യമില്ല എന്ന്. അത് ശരിയുമാണ്. ബോർഡ് വൈദ്യുതി ക്ഷാമം അഭിമുഖീകരിക്കുന്നത് സന്ധ്യയോടെ ലക്ഷക്കണക്കിന് വീടുകളിൽ ലൈറ്റ് ഇടുമ്പോഴാണ്. അപ്പോൾ സൗരോർജം സഹായിക്കില്ലല്ലോ. അല്ലെങ്കിൽ അത്രയ്ക്കും സൗരോർജ്ജം ബാറ്ററിയിൽ ശേഖരിച്ച് വയ്ക്കണം. ബാറ്ററി പരിസ്ഥിതി സൗഹൃദമോ ലാഭകരമോ അല്ല. പിന്നെ എന്തു ചെയ്യും? നവീന ഊർജ സ്രോതസ്സുകളുടെ പൊതുവായ പ്രശ്‌നമാണ് ഇത്. ഈ വൈദ്യുതി എങ്ങനെ ശേഖരിച്ച് സൂക്ഷിക്കും?
കേരളത്തിന് അധിക വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള മാർഗമാണ് പംപ്ഡ് സ്‌റ്റോറേജ് (Pumped Storage). അതായത്, പകൽ സമയത്ത് ലഭ്യമായ അധിക വൈദ്യുതി ഉപയോഗിച്ച്, വൈദ്യുത നിലയങ്ങളിൽ നിന്ന് ഉല്പാദനശേഷം പുറത്തേക്കൊഴുകുന്ന വെള്ളം മേലോട്ട് പമ്പ് ചെയ്ത് വീണ്ടും ശേഖരിക്കുക; എന്നിട്ട് വൈകിട്ട് ഊർജ ദാരിദ്ര്യമുള്ളപ്പോൾ ഈ വെള്ളം താഴോട്ടൊഴുക്കി വൈദ്യുതി ഉണ്ടാക്കുക. കേട്ടിട്ട് ഭ്രാന്ത് ആണെന്ന് തോന്നുന്നുണ്ടോ? പക്ഷെ ഇത് ഒരു അംഗീകൃത രീതിയാണ്. തികച്ചും സാധു.
ഇനി ചാലക്കുടി പുഴയുടെയും ഇടമലയാർ പുഴയുടെയും ഭൂപടം നോക്കുക. മുകളിലുള്ള പൊരിങ്ങൽകുത്ത് തടാകത്തിൽ നിന്ന് അധികജലം ഇടമലയാർ റിസർവോയറിലേക്ക് ഒഴുക്കാനായി വൈദ്യുതി ബോർഡ് ഇപ്പോൾതന്നെ ഒരു തോട് നിർമിച്ചിട്ടുണ്ട്. ആ വെള്ളം ഉപയോഗിച്ച് ഇടമലയാറിൽ 75 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിന് പകരം, അല്ലെങ്കിൽ ഇതിന് പുറമെ പൊരിങ്ങൽകുത്തിൽ നിന്ന് ഒരു തുരങ്കവും പൈപ്പും വഴി അധികവെള്ളം ഇടമലയാറിലേക്ക് കൊണ്ടുവരണം. ഈ രണ്ട് തടാകങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം ഉപയോഗിച്ച് വൈകുന്നേരം വൈദ്യുതി ഉൽപാദിപ്പിക്കാം. പകൽ സമയത്ത് സൗരവൈദ്യുതി ഉള്ളപ്പോൾ അതുപയോഗിച്ച് ആ വെള്ളം ഇടമലയാറിൽ നിന്ന് മേലോട്ട് പൊരിങ്ങൽകുത്തിലേക്ക് പമ്പ് ചെയ്താൽ വൈകുന്നേരം അതേ വെള്ളം വീണ്ടും താഴോട്ടൊഴുക്കി വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാം. അതായത് ഒരേ വെള്ളം താഴേക്കും മേലേക്കുമായി കറങ്ങിക്കൊണ്ടിരിക്കും. പ്രധാന ചോദ്യം ഇത് ലാഭകരമായിരിക്കുമോ എന്നതാണ്. വൈദ്യുതോൽപാദനത്തിനായി ഫ്രാൻസിസ് ടർബൈനാണ് സ്ഥാപിക്കുന്നതെങ്കിൽ അതേ ജനറേറ്ററിൽ വൈദ്യുതി പ്രയോഗിച്ചാൽ ടർബൈൻ പിറകോട്ട് കറങ്ങി പമ്പായി പ്രവർത്തിക്കും! അതായത് കൂടുതൽ മെഷീനറി ആവശ്യമില്ല. ഇതും സാങ്കേതികമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഇന്ത്യയിൽ ഇപ്പോൾ തന്നെ ഇത്തരം പംപ്ഡ് സ്‌റ്റോറേജുകൾ പ്രവർത്തിക്കുന്നുണ്ട്.
ഈ നിർദേശം വച്ച് ഒരു പ്രാഥമികപഠനം നടത്തിയ നമ്മുടെ വൈദ്യുതി ബോർഡ്, 80 മെഗാവാട്ട് വൈദ്യുതി ഇവിടെ ഇപ്രകാരം ഉൽപാദിപ്പിക്കാമെന്ന് കണ്ടു. അതിനേക്കാളും ആകർഷകമായ ഒരു നിർദേശവും അവർ മുന്നോട്ടുവച്ചു. പൊരിങ്ങൽകുത്തിന് മുകളിലുള്ള ഷോളയാറിൽ നിന്ന് വെള്ളം താഴോട്ട് ഇടമലയാറിലേക്ക് ഒഴുക്കിയാൽ 900 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം! കളിയല്ല, ശാസ്ത്രസാഹിത്യ പരിഷത്തുകാർ പറഞ്ഞുണ്ടാക്കിതുമല്ല, വൈദ്യുതി ബോർഡ് എൻജിനീയർമാർ നടത്തിയ പഠനമാണ്. ഒരേ വെള്ളം വീണ്ടും വീണ്ടും കറങ്ങുന്നതുകൊണ്ട് വേനൽക്കാലത്ത് പോലും വൈദ്യുതി ലഭ്യമാകും. താഴോട്ടുള്ള നീരൊഴുക്കിനെ ബാധിക്കുകയുമില്ല. പുതിയ അണക്കെട്ട് കെട്ടണ്ട, പുതിയ റിസർവോയർ ഉണ്ടാകുന്നില്ല. പാരിസ്ഥിതിക ആഘാതം തീരെ കുറവ്. തുരങ്കം ഉണ്ടാക്കുന്നതിന്‍റെ ആഘാതം മാത്രം. തീർച്ചയായും അത് പഠിക്കേണ്ടി വരും.
വൈദ്യുതി ബോർഡിന്‍റെ ഈ പഠനം നടന്നിട്ട് നാലു വർഷം (2016 ല്‍) കഴിഞ്ഞു. പക്ഷെ, ഇപ്പോഴും കാര്യമായ പുരോഗതി ഇല്ല. അത് എന്തുകൊണ്ട്? അതാണ് ശ്രദ്ധിക്കേണ്ടത്. അതിരപ്പിള്ളി പദ്ധതിയെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം വൈദ്യുതി ബോർഡ് ഇത്തരം ബദൽ സാദ്ധ്യതകൾ പരീക്ഷിക്കുകയല്ലേ വേണ്ടത്?
(2017 മാര്‍ച്ച് ലക്കം ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.