ആധുനിക കേരളത്തിൽ നാരായണഗുരുവിെൻറ പേരിൽ ഒരു സർവകലാശാല വന്നത് വളരെ വൈകിപ്പോയെങ്കിലും ഏതുനിലക്കും സ്വാഗതാർഹമാണ്. വർണാശ്രമധർമത്തെ ഭേദിച്ച് മനുഷ്യവിചാരവിപ്ലവത്തെ നയിച്ച, ശിഷ്യരെ എല്ലാം ഔപചാരിക സർവകലാശാല ബിരുദപഠനങ്ങൾക്കു പണം കൊടുത്തു പറഞ്ഞുവിട്ട, പാശ്ചാത്യരെ ഗുരുക്കന്മാരായി കണ്ട് ഇംഗ്ലീഷ് ഉന്നതവിദ്യാഭ്യാസത്തെ അറിഞ്ഞു േപ്രാത്സാഹിപ്പിച്ച ഗുരുവിനെ അനൗപചാരിക വിദ്യാഭ്യാസത്തിെൻറ പ്രയോക്താവായി ചുരുക്കുന്നത് തികഞ്ഞ സങ്കുചിതവരേണ്യ അജണ്ടയുമാണ്.
കേരളത്തിെൻറ ആധുനീകരണത്തിനു കാരണമായ നവോത്ഥാന, സാംസ്കാരിക, രാഷ്ട്രീയ പരിണാമങ്ങളെ സാധ്യമാക്കിയത് ഗുരുവിെൻറ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ പുതുമാതൃക സാഹോദര്യ വിദ്യ സ്ഥാനങ്ങളും വിദ്യാഭ്യാസ സന്ദേശവും സംഘടനസന്ദേശവും തുടർന്നു നടന്ന അയ്യൻകാളിയുടെ വിദ്യാഭ്യാസ അവകാശസമരങ്ങളുമാണ്. അടിസ്ഥാനജനതയുടെ വിമോചനത്തിനായി ജ്ഞാനനിക്ഷേപവും ജീവിതാർപ്പണവും ചെയ്ത ഗുരുവിെൻറയും അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചെൻറയും അയ്യാ വൈകുണ്ഠരുടെയും സഹോദരെൻറയും പേരിലാവണം നമ്മുടെ പൊതുസർവകലാശാലകളും കലാലയങ്ങളും ഉന്നതവിദ്യാകേന്ദ്രങ്ങളും ഉയരേണ്ടത്. ഇൗ വിഷയകമായി നിലവിലുള്ളതിെൻറ പുനർനാമകരണസാധ്യതകളും ഇന്ത്യയിലെമ്പാടും നടന്നപോലെ ഈ സമഗ്രാധിപത്യസന്ദർഭത്തിൽ നാം ആരായേണ്ടതുണ്ട്.
അധീശമായ ദേശീയവാദ സമവായത്തിലും വരേണ്യ സാമാന്യബോധത്തിലും ദേശീയനേതാക്കളുടെയും ബ്രാഹ്മണിക പിതൃരൂപങ്ങളുടെയും പേരുകളാണ് കേരളത്തിൽപോലും ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാപരമായ നിയമനിർമാണത്തിലൂടെ സാധ്യമാക്കിയ സർവകലാശാലകൾക്ക് നൽകിപ്പോന്നത്. 2018ൽ അരങ്ങേറിയ ശബരിമല ശൂദ്രലഹളയുടെ സമ്മർദപരിസരത്ത് ലിംഗനീതിക്കുവേണ്ടിയുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച കേരള മുഖ്യമന്ത്രിയെതന്നെ തെരുവിൽ 'കുലീന വനിത'യെക്കൊണ്ട് ജാതിത്തെറി വിളിപ്പിച്ചാണ് ഭരണഘടനവിരുദ്ധമായ അമിതപ്രാതിനിധ്യത്തിെൻറ സാമ്പത്തികസംവരണം ദേവസ്വം ബോർഡിൽ രായ്ക്കുരാമാനം നടപ്പാക്കി ഷാ-മോദി ഭരണകൂടത്തെപ്പോലും കേരളത്തിലെ ജാതിഹിന്ദു സമവായസഖ്യം വെല്ലുവിളിച്ചത്.
ഇതിനു പരിസരമൊരുക്കിയ ഹൈന്ദവ സമവായം ജനങ്ങളുടെ ചെലവിൽ അക്കാദമികളെ ദുരുപയോഗം ചെയ്തു. തിലകെൻറയും കലാഭവൻ മണിയുടെയും ഇപ്പോൾ രാമകൃഷ്ണെൻറയും അനുഭവങ്ങൾ പെരുകിയാവർത്തിക്കുകയാണ്. ഇത്തരം തെറ്റുകൾ തിരുത്തി മാത്രമേ നമുക്കു മുന്നോട്ടുപോകാനാവൂ. ഇങ്ങനെ തിരുത്തി ഗുരുവിെൻറ പേരിൽ ഒരു സർവകലാശാല തുടങ്ങുകയും അതിന് ഗുരുവിെൻറ മതേതരവും അനുകമ്പാപൂർണവുമായ മാനവിക സാഹോദര്യ ദർശനത്തിനു ചേർന്ന നിലയിൽ ഡോ. മുബാറക് പാഷയെപ്പോലെ കേരളത്തിനകത്തും പുറത്തും അക്കാദമിക ഭരണമികവും ചുമതലാബോധവും പുലർത്തുന്ന ഒരു വ്യക്തിയെ നിയമിച്ചതും തികച്ചും ഉചിതമായി.
അതിനെതിരെ ജാതിക്കുശുമ്പും സങ്കുചിത മതബോധവുമായി വരുന്നവർ വെളിപ്പെടുത്തുന്നത് അവരുടെ അജ്ഞതയും അതിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘ്പരിവാര അജണ്ടയുമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. ദേവസ്വം ബോർഡുപോലെ ഒറ്റജാതിയുടെ കോട്ടയാക്കാനല്ല, ജാതിക്കതീതമായി മനുഷ്യത്വത്തെയും സത്യത്തെയും നീതിയെയും കാണാനും മനുഷ്യർ നന്നാകാനുമാണ് ഗുരു പഠിപ്പിച്ചത്. കൂടിയ ജാതിഹിന്ദുക്കളാവുക എന്നത് തികഞ്ഞ ചരിത്ര അന്ധതയും പാമരത്തവും പരിവാരപദ്ധതിയുമാണ്.
ഗുരുവിനെ ഗുരുവാക്കിയത് കേരളത്തിലെയും തെന്നിന്ത്യയിലെയും ലോകത്തെയും സകല മതക്കാരും സമുദായക്കാരും മതവിമർശകരുമെല്ലാംകൂടിയാണ്. ലോകത്തിെൻറ സത്യബോധവും നീതിചിന്തയും ആത്മസാഹോദര്യമാർന്ന മാനവികതയുമാണ് ഗുരുവിെൻറ കേരളീയ ആധുനിക നൈതികചിന്തയിൽ ബഹുസ്വരമായി വിളങ്ങുന്നത്.
ഏകലോക ദർശനവും വിശ്വമാനവികതയും സാഹോദര്യവും മാനവസമുദായവുമായിരുന്നു അദ്ദേഹത്തിെൻറ നൈതികവും കരുണാമയവുമായ തത്ത്വചിന്ത. അപരത്തെയാണ് അദ്ദേഹം സ്വന്തമായും തുല്യമായും കണ്ടത്. ആത്മ-അപര ഭേദങ്ങളെ ഭേദിച്ച ലോകത്തെ ആദ്യത്തെ തികഞ്ഞ അദ്വയവാദിയായ വിനായകനായ ബുദ്ധെൻറ വഴിയിലാണ് താനെന്ന് 1916ൽ ശ്രീലങ്കയിൽ ഇരുന്നരുളി അമരകോശമുദ്ധരിച്ചു ഗുരു. പരമേശ പവിത്രപുത്രനായ ക്രിസ്തുവും കരുണാവാൻ നബി മുത്തുരത്നമായ പ്രവാചകനും 'അനുകമ്പാദശക'ത്തിലൂടെ കേരള കവിതയുടെയും ചിന്തയുടെയും ഭാഗമായി.
ലോകസഞ്ചാരം എന്ന പ്രാഥമികവിദ്യാഭ്യാസത്തിന് ഭിക്ഷുവായി നടന്ന കാലത്ത് ഗുരുവിന് അന്നം കൊടുത്തത് മുസ്ലിംകളടക്കമുള്ള ബഹുജനങ്ങളാണ്. ഈഴവ സമുദായത്തെപ്പോലും ഹിന്ദുമതത്തിലെ ഒരു ജാതിയായല്ല, കേരളത്തിലെ അടിസ്ഥാന ജനതയായാണ് ഗുരു മൊഴിഞ്ഞത്. ഈഴം എന്നാൽ ഇഴചേർന്നത് അഥവാ സംഘം എന്നേ അർഥമുള്ളൂ. പ്രബുദ്ധതയുടെ പാരമ്പര്യമാണ്, പാഷണ്ഡതയല്ല സംഘക്കാരായ ഈഴവർക്കും ആദിമജനതയായ സംഘത്തിലേക്കു ചേരുന്ന ചേരമർക്കും പാലി ബന്ധമുള്ള കേരളഭാഷക്കും പള്ളിയുടെ പാരമ്പര്യമുള്ള ന്യൂനപക്ഷജനതക്കും അശോകകാലം മുതൽ കേരളത്തിലുള്ളത് എന്ന് ചരിത്ര യാഥാർഥ്യവിരുദ്ധമായ 'ഹിന്ദു ഐക്യവാദി'കളായ അനുകമ്പാർഹരായ പരിവാര ഉപകരണങ്ങൾക്കറിയില്ല.
കാരണം, കേരളത്തിെൻറ പ്രാചീനമായ പ്രബുദ്ധചരിത്രം പഠിപ്പിക്കപ്പെടുന്നില്ല. അശോകനും ഗുരുവും സഹോദരനും സിലബസുകളിലില്ല. കേരള നവോത്ഥാനത്തിെൻറ വിപുലമായ വംശാവലികൾ ബുദ്ധനിലേക്കും ക്രിസ്തുവിലേക്കും പ്രവാചകനിലേക്കും പോകുന്നതായാണ് ഗുരുവിെൻറതന്നെ 'അനുകമ്പാദശകം' സാക്ഷ്യപ്പെടുത്തുന്നത്. ബുദ്ധെൻറ ധർമനീതിയും ക്രിസ്തുവിെൻറ ത്യാഗപൂർണമായ പ്രപഞ്ചസ്നേഹവും പ്രവാചകെൻറ മാനവികസാഹോദര്യവുമില്ലെങ്കിൽ ഗുരുവും കേരള ആധുനികതയുമില്ല. ഭരണഘടന സ്ഥാപനങ്ങൾ ഒറ്റജാതിയെക്കൊണ്ടു നിറച്ചാൽ ഇന്ന് കേരളത്തിലെ അക്കാദമികളുടെയും ദേവസ്വം ബോർഡിെൻറയും അവസ്ഥയിലേക്കെത്തുമെന്നും കാണാൻ പ്രയാസമില്ല. സാമൂഹികവൈവിധ്യവും സാമൂഹികപ്രാതിനിധ്യവും ഉറപ്പായാലേ ജനായത്തം സാധ്യമാകൂ. പ്രാതിനിധ്യത്തിെൻറ രാഷ്ട്രീയമാണ് ജനായത്തം. അതാണ് കേരള നവോത്ഥാനത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഗുരുപാഠം.
ഗുരുവിെൻറ പേരിലുള്ള പ്രസ്ഥാനത്തിെൻറ തലപ്പത്തിരുന്ന് വൈസ് ചാൻസലർ പദത്തിലെ ജാതിപ്രാതിനിധ്യത്തെക്കുറിച്ച് ആവലാതി പറയുന്നവർ എന്തുകൊണ്ട് സാമൂഹികനീതിക്കും സാമുദായികസംവരണത്തിനും ഇന്ത്യൻ ജനായത്തത്തിനും ഭരണഘടനക്കും സത്യത്തിനും ചരിത്രത്തിനും നിരക്കാത്ത സാമ്പത്തിക സംവരണ പരിപാടികളെക്കുറിച്ചത്രയും ആവലാതി പറയുന്നില്ല. യഥാർഥത്തിൽ സമാനരും സഹോദരരുമായ പിന്നാക്ക ദലിത ബഹുജന സംഘടനകളുമായി സഹകരിച്ച് സാമൂഹികനീതിക്കും ഇന്ത്യൻ ജനായത്തത്തിനുംവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലേക്കാണ് അവർ യത്നിക്കേണ്ടിയിരുന്നത്.
ജാതിക്കണക്കു പറഞ്ഞുള്ള ഹിന്ദു ഐക്യ പരിപാടി തികഞ്ഞ ഇരുട്ടിലേക്കുതന്നെ സമൂഹത്തെ തിരികെ കൊണ്ടുപോകുകയാണ്. ജാതിക്കും മതത്തിനും അതീതരായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന സർവകലാശാല അധ്യാപകരെയും കവികളെയും എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും വയോധികരായ ൈക്രസ്തവ പുരോഹിതരെപ്പോലും അപരവത്കരണ വ്യവഹാരങ്ങളെ പെരുക്കി ഗൂഢമായി അകത്താക്കുകയാണ് ഹൈന്ദവ ദേശീയവാദ ഭരണകൂടം. സാമൂഹികനീതിക്കും ജനായത്തത്തിനും ഭരണഘടനക്കും വേണ്ടി നിലകൊള്ളുന്നവരെ അകത്താക്കാനുള്ള ഒരു ഗൂഢപദ്ധതിയായി ഇതു തെഴുക്കുകയാണ്. ഹിന്ദുത്വഭീകരത ദലിതരെയും മുസ്ലിംകളെയും ഇപ്പോൾ ൈക്രസ്തവരെയും ഒാരോരുത്തരെയായി തിരഞ്ഞുപിടിച്ചു ഭീകരമായി മർദിച്ച്, മാനഭംഗംചെയ്ത് കത്തിച്ചു കൊല്ലുകയാണ്.
മ്ലേച്ഛരും ശൂന്യരും ഹീനരുമെന്നു വ്യവഹരിച്ച് ബൗദ്ധരെ കേരളത്തിൽ കഴുവേറ്റിയപോലുള്ള ചരിത്രസന്ദർഭമാണിത്. ചെറിയ പെൺകുട്ടികൾക്കും പ്രായമേറിയ മിഷനറിമാർക്കും പോലും രക്ഷയില്ലാത്ത അവസ്ഥയായിരിക്കുന്നു. ഇവിടെ ചണ്ഡാളനും ശൂദ്രനും വൈശ്യനുമൊന്നും നീതികിട്ടില്ല. ഗുരു പറഞ്ഞ ശംബൂകനെ കൊല്ലുന്ന രാമാദികളുടെ രാജ്യം, സ്മൃതിനോക്കി ഭരിക്കുന്ന ഹിന്ദുക്കളുടെ രാജ്യം സമാഗതമായിക്കഴിഞ്ഞു. ജീവകാരുണ്യപഞ്ചകത്തിൽ അദ്ദേഹം എഴുതിയപോലെ കൊല്ലുന്നവന് ഒരു ശരണ്യതയുമില്ല, വെറും മൃഗത്തിനു തുല്യനവൻ എന്നു തിരിച്ചറിയാൻ വൈകിക്കൂടാ.
കൊലപാതകികളായ ദൈവങ്ങളോടും രാജാക്കളോടും നേതാക്കളോടും ഗീർവാണക്കാരായ പട്ടത്താനികളോടും അരുതെന്നു പറഞ്ഞ് സത്യത്തിനും നീതിക്കും നൈതികരേഖയായ നിർമാണഘടനക്കുംവേണ്ടി സംഘടിച്ചിറങ്ങിയാൽ നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാനായേക്കും. മറിച്ച് അപരവത്കരണവും രാക്ഷസീകരണവും പെരുക്കുന്ന പരിവാര പാദജ അജണ്ടയുമായി മുന്നോട്ടുപോയാൽ സർവനാശം അരികെയാണ്. ബഹുജനങ്ങൾ ഈ വിഭജനഭരണത്തിെൻറ വാസ്തവം വൈകിയെങ്കിലും തിരിച്ചറിയുമെന്നു കരുതാം. ഗുരുവിെൻറ അറിവും അൻപും അനുകമ്പയും അകക്കണ്ണു തെളിയിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.