ഇതര മതസ്ഥരെ നശിപ്പിക്കാന്‍ കേരളത്തിലെ മുസ്ലിംകള് ലൗജിഹാദും നര്‍ക്കോട്ടിക് ജിഹാദുമായി ഇറങ്ങിയിട്ടുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിെൻറ വിദ്വേഷശ്പ്രസംഗത്തിനെതിരെ മതനിരപേക്ഷ വാദികളായ ഇതര ക്രൈസ്തവ സഭാ വൈദികര്‍ അടക്കമുള്ളവര്‍ നിലപാടെടുത്തു. നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടങ്ങിയ വ്യക്തികളും സംഘടനകളും ബിഷപ്പിനെ അപലപിച്ചു. നര്‍കോട്ടിക് ജിഹാദിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതിരുകടന്നതും മതസ്പര്‍ധയുണ്ടാക്കുന്നതുമാണ് ബിഷപ്പിന്‍റെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും പ്രസ്താവനയിറക്കി. മതനിരപേക്ഷ കേരളത്തിന്‍റെ പ്രതിഷേധങ്ങളെ അപ്പാടെ തള്ളി കൂടുതല്‍ സഭാപിതാക്കള്‍ വിദ്വേഷ പ്രഘോഷണം നടത്തുന്നതാണ് പിന്നെ കണ്ടത്. പാലാ ബിഷപ്പിൻെറ അതേ വാക്കുകളാണ് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനും പ്രയോഗിച്ചത്. കത്തോലിക്കാസഭ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതാണ് ഈ വിദ്വേഷ പ്രചാരണമെന്ന് ശനിയാഴ്ച പുറത്തിറങ്ങിയ സംഘടനാ മുഖപത്രം വ്യക്തമാക്കുന്നു. പാലാ വിദ്വേഷ പ്രസംഗം അപ്പാടെ 'ദീപിക'യുടെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒപ്പം നാര്‍ക്കോട്ടിക് ജിഹാദ് വിശദീകരിക്കുന്ന ഫാദര്‍ സൈമണ്‍ വര്‍ഗീസിന്റെ ലേഖന പരമ്പരയും.
കത്തോലിക്കാസഭയുടെ സുചിന്തിത നിലപാടായി കല്ലറങ്ങാട്ടിൻെറ വാക്കുകളെ എടുക്കാന്‍ കേരളീയ സമൂഹം നിര്‍ബന്ധിതമാകുകയാണ്. മയക്കുമരുന്ന് കേസുകളില്‍ ഇതര മതസ്ഥരായ ആണിനും പെണ്ണിനുമൊപ്പം മുസ്ലിം പേരുകാർ വരുന്നതാണോ പിതാവിൻെറ പ്രശ്നം?
ക്രൈസ്തവ പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ മുസ്ലിംകള്ക്ക് ഗൂഢ പദ്ധതിയുണ്ടെന്ന് പറയാന്‍ അദ്ദേഹം അവലംബിച്ച വിവരങ്ങള്‍ സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് വൈദിക വസ്ത്രമണിഞ്ഞ് വംശീയാധിക്ഷേപം നടത്തിയെന്ന് പറയേണ്ടിവരും. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുകയും അത് ആവര്‍ത്തിച്ച് സത്യമാക്കുകയും ചെയ്യുന്ന കൊടുംപാപികളുടെ ഗണത്തില്‍ അജപാലകരെ കാണുന്നത് സങ്കടകരമാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായ ക്രൈസ്തവരും മുസ്ലിംകളും പോരടിക്കേണ്ടി വരുന്ന സാഹചര്യം ആത്മഹത്യാപരമല്ലാതെ മറ്റൊന്നുമല്ല.
ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ സ്റ്റാന്‍ സ്വാമി വരെ ഹിന്ദുത്വ ഫാഷിസം അറുകൊല ചെയ്ത ഇരകളുടെ സമുദായത്തിലെ അംഗങ്ങളാണ് ബിഷപ്പ് കുറവിലങ്ങാടും കര്‍ദിനാള്‍ ആലഞ്ചേരിയും. വംശഹത്യാഭീഷണി നേരിടുന്ന രണ്ട് സമുദായങ്ങള്‍ തമ്മിലടിച്ച് തീര്‍ന്നാല്‍ പിന്നെ ഫാഷിസ്റ്റുകളുടെ പണി എളുപ്പമായി. സമൂഹത്തിന്റെ പുരോഗതിക്ക് അതുല്യസംഭാവനയര്‍പ്പിച്ച കത്തോലിക്കാസഭ അത്തരം പടുവിഡ്ഢിത്തങ്ങള്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ഇപ്പോഴുമാകുന്നില്ല.
സംഘപരിവാര്‍ ഭാഷ്യങ്ങള്‍ സഭ ഏറ്റുപിടിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര പതിറ്റാണ്ടായി.ലൗ ജിഹാദിൻെറ പേരില്‍ പരമ്പരയെഴുതി വിദ്വേഷം പരത്തിയതില്‍ സഭാ മുഖപത്രം വലിയ പങ്കുവഹിച്ചു. അമ്പതോളം വിവാഹങ്ങൾ പ്രത്യേകം അന്വേഷിച്ച് ഒന്നും കണ്ടെത്താനാകാതെ പരാതി തള്ളിയിട്ടും ലൗ ജിഹാദ് പ്രചാരണം ഇപ്പോഴും ക്രൈസ്തവ നേതാക്കൾ ആവർത്തിക്കുന്നുണ്ട്. സൗമ്യശീലരായ ക്രൈസ്തവരില്‍ വെടിമരുന്ന് നിറക്കുന്ന പണികളാണ് ഇവരിൽ പലരും ചെയ്തത്. സഭാ സ്കൂളുകളില്‍ ശിരോവസ്ത്ര വിലക്ക് പോലുള്ള മുസ്ലിം വിരുദ്ധ നടപടികള്‍ ഇപ്പോഴും തുടരുന്നു. ഈ ഘട്ടത്തിലൊന്നും വിദ്വേഷപ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുസ്ലിം സമുദായം ശ്രദ്ധിച്ചിട്ടുണ്ട്. ഈ സൂക്ഷ്മത കൈവിടരുതെന്ന ജാഗ്രതയും മുസ്ലിം സമുദായത്തിനുണ്ട്.
പിന്നാക്കം നിന്ന മുസ്ലിം സമുദായത്തിന് പ്രവാസവും കഠിനാധ്വാനവും സമ്മാനിച്ച സമൃദ്ധി ഒരു സത്യമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് അതിലുള്ള അസൂയയയും മനസ്സിലാക്കാം. എന്നാൽ ഫാഷിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലുള്ള കത്തോലിക്കാസഭ ഹിന്ദുത്വവാദികളുടെ വഴിയില്‍ സഞ്ചരിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്.
ആ പ്രസ്താവനയിലെ അപകടം തിരിച്ചറിഞ്ഞ പ്രതികരണങ്ങളാണ് ആദ്യദിവസം ഭരണ, രാഷ്ട്രീയതലത്തിലടക്കം എല്ലാ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ആ കൃത്യതയും സൂക്ഷ്മതയുമല്ല വിവാദം മുന്നോട്ടുപോകുമ്പോൾ കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെട്ട ക്രൈസ്തവർക്കിടയിലെ മുസ്ലിം വിരുദ്ധത, ഒരു ദീർഘകാല നിക്ഷേപമായി നിലനിർത്തണമെന്ന രാഷ്ട്രീയതാൽപര്യം ആർക്കെങ്കിലുമുണ്ടെങ്കിൽ അത് അപകടകരമാണ്. തത്ത്വം പറഞ്ഞതൊഴിച്ചാൽ ഇക്കാര്യത്തിൽ സർക്കാർ എന്ത് നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. വിദ്വേഷപ്രചാരണത്തിനെതിരായ പരാതികളിൽ ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. ആദ്യ ദിനം അതിരൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഇരുവിഭാഗവും സംയമനം പാലിക്കണമെന്നാണ് ഇന്നലെ ആഹ്വാനം ചെയ്തത്. ഏകപക്ഷീയമായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയരുന്ന എതിർസ്വരങ്ങളെ അതിനോട് ചേർത്തുെവച്ച് സമീകരിക്കുന്നത് ബിഷപ്പിെൻറ വംശീയവാദത്തെ പിന്തുണക്കുന്നതിന് തുല്യമാണ്. അതിനാൽ ഭരണ പക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ കൂടുതൽ സത്യസന്ധവും ആർജവവുമുള്ള നിലപാട് സ്വീകരിക്കണം.
കുറവിലങ്ങാട് ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതവും മുസ്ലിംവിരുദ്ധവുമാണ്. സഭയുടെ യഥാർഥ ആശങ്ക എന്താണെന്ന് തുറന്നു പറയണം. ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്നതാണെങ്കില്‍ അതിന് വഴിയൊരുക്കണം. വിദ്വേഷ പ്രചാരണം ക്രൈസ്തവ പാഠങ്ങളിൽ കാണാനാകില്ല. യഥാർഥ വിശ്വാസികൾ ആ വഴിയിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ മുസ്ലിം സമുദായത്തിലെ പല നേതാക്കളും സഭാ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ആ നീക്കങ്ങൾ നിലച്ചുപോയിട്ടുമില്ല. സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികള്‍ക്ക് പരിഹാരമായി മുസ്ലിം ശത്രുവിനെ നിര്‍മിക്കാനുള്ള ഗൂഢ പദ്ധതി ഈ വിവാദത്തിൽ പലരും സംശയിക്കുന്നുണ്ടെങ്കിലും അതും തുറന്ന ചർച്ചകൾക്ക് തടസ്സമല്ല. തുറന്ന മനസ്സോടെ ആശയ സംവാദത്തിന് തയാറാകുമെങ്കിൽ മുസ്ലിം സമുദായം ഒപ്പമുണ്ടാകും. വേട്ടയാടാനുള്ള ഗൂഢ നീക്കമാണെങ്കില്‍ അതിനെതിരെ പ്രതിരോധവുമുണ്ടാകും. ക്രൈസ്തവർക്കിടയിൽനിന്ന് തന്നെയാകും ആ പ്രതിരോധം രൂപപ്പെടുക എന്ന് അൾത്താരകളിൽ വിദ്വേഷ ശുശ്രൂഷ നടത്തുന്നവർ തിരിച്ചറിയണം.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.