വെള്ളമുണ്ട: വിദ്യാലയങ്ങളിലെ മൂത്രപ്പുരകളും ടോയ്ലെറ്റും കണക്കൊപ്പിക്കൽ മാത്രമാകുമ്പോൾ വൻ ആരോഗ്യ ഭീഷണി നേരിടുകയാണ് വിദ്യാർഥിനികൾ. പല വിദ്യാലയങ്ങളിലും നിയമത്തിന്റെ കണ്ണുവെട്ടിക്കുന്ന മൂത്രപ്പുരകളാണ് ഇന്നും കാണാനാവുന്നത്. രാവിലെ വിദ്യാലയത്തിലെത്തുന്ന പെൺകുട്ടികൾ പ്രാഥമിക സൗകര്യമില്ലാത്തതിന്റെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ഇനി ആരോട് പറഞ്ഞാലാണ് പരിഹാരമാവുക എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പും ത്രിതല ഭരണകൂടവും ഉദ്യോഗസ്ഥരും ഒന്നായാൽ പിന്നെന്ത് നീതി എന്ന മറുചോദ്യമാണ് ഉയരുന്നത്. എല്ലാറ്റിനും നിയമമുണ്ട്. അതിന്റെ ഗുണം അടിസ്ഥാന വർഗത്തിന് മാത്രം കിട്ടുന്നില്ലെന്ന പരാതിക്കും വർഷങ്ങളുടെ പഴക്കമുണ്ട്. വിദ്യാലയങ്ങളിൽ സൗകര്യപ്രദമായ മൂത്രപ്പുരകളില്ലെന്ന് ചൂണ്ടിക്കാട്ടുന്നവർക്കുമുന്നിൽ നോക്കുകുത്തികളായ മൂത്രപ്പുരകൾ കാണിച്ച് എണ്ണമൊപ്പിക്കാനും ഉദ്യോഗസ്ഥർ മിടുക്കരാണ്.
നിയമത്തിന്റെ കണ്ണുവെട്ടിക്കാനായി കണക്കിലെ കളികൾ മാറുമ്പോൾ ദുരിതം തീരാതെ കടുത്ത ആരോഗ്യ ഭീഷണിയിലാണ് വിദ്യാർഥികൾ. വിദ്യാലയങ്ങളിലെ വൃത്തിയില്ലാത്തതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ മൂത്രപ്പുരകളും കക്കൂസും ഉപയോഗിക്കാനാവാതെ വിയർക്കുന്നവരും ഉപയോഗിച്ച് രോഗികളാവുന്ന കുഞ്ഞുമക്കളുടെയും നൊമ്പരങ്ങൾക്കൊന്നും ഒരു വിലയും നാട്ടിലില്ലാത്ത അവസ്ഥയാണ്.
വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ടാവണമെന്നാണ് ചട്ടം. അധ്യാപകരുടെ തസ്തിക നിർണയത്തിലടക്കം ടോയ്ലെറ്റുകളുടെ ലഭ്യത വിദ്യാഭ്യാസ ഓഫിസർമാർ പരിഗണിക്കേണ്ടതാണെന്ന് സ്കൂൾ മാന്വലിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 20/9/2018ലെ ഡബ്ല്യു (3) 1824/2017 ഡി.പി.ഐയുടെ കത്ത് പ്രകാരം 30 പെൺകുട്ടികൾക്ക് രണ്ടും 30 ആൺകുട്ടികൾക്ക് ഒരു ടോയ്ലെറ്റും ഉണ്ടാവണം. 500ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് 16ഉം ആൺകുട്ടികൾക്ക് എട്ടും ടോയ്ലെറ്റുകൾ വേണമെന്നാണ് ചട്ടം.
മൂത്രപ്പുരകളുടെ കാര്യത്തിലും പലരും ചട്ടങ്ങൾ പാലിക്കുന്നില്ല. 10 പെൺകുട്ടികൾക്ക് ഒന്നും 25 ആൺകുട്ടികൾക്ക് ഒന്നും എന്ന കണക്കിൽ മൂത്രപ്പുരകൾ വേണം.
ജില്ലയിലെ പല വിദ്യാലയങ്ങളിലും കണക്കുപ്രകാരമുള്ള ടോയ് ലെറ്റുകളോ മൂത്രപ്പുരകളാ ഇല്ല എന്നതാണ് യാഥാർഥ്യം. കാലപ്പഴക്കത്തിൽ തകർന്ന ഉപയോഗപ്രദമല്ലാത്ത ടോയ് ലെറ്റുകളടക്കം കണക്കിൽപ്പെടുത്തിയാണ് പല വിദ്യാലയങ്ങളും പ്രവർത്തനാനുമതി നേടുന്നത്. ടോയ്ലെറ്റുകളിൽ എപ്പോഴും വെള്ളം ഉണ്ടാവണമെന്നാണ് ചട്ടമെങ്കിലും അതും പാലിക്കപ്പെടാറില്ല. രാവിലെ മുതൽ വൈകീട്ടു വരെ പ്രാഥമിക കർമങ്ങൾ പിടിച്ചുവെക്കേണ്ടിവരുന്ന അവസ്ഥ വിദ്യാർഥികളെ രോഗികളാക്കുന്നു.
ജില്ലയിലെ പല സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും ആവശ്യത്തിന് മൂത്രപ്പുരകളും ടോയ് ലെറ്റുകളും ഇല്ല എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരും നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണ്. ടോയ് ലെറ്റുകളിലടക്കം ആവശ്യത്തിന് വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയും പതിവുകാഴ്ചയാണ്.
വിദ്യാലയങ്ങളിലെ മൂത്രപ്പുരകളും ടോയിലറ്റും വൃത്തിയാക്കുന്നതിന് സൗകര്യമൊരുക്കണമെന്ന നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും പാലിക്കപ്പെടുന്നില്ല. മൂത്രപ്പുരകളോട് ചേർന്ന ക്ലാസ് മുറികളിൽ രൂക്ഷഗന്ധം അനുഭവപ്പെടുന്ന അവസ്ഥയും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നു. മാനന്തവാടി താലൂക്കിലെ പ്രമുഖ വിദ്യാലയങ്ങളിലടക്കം മൂത്രപ്പുരകളും ക്ലാസ് റൂമുകളും അടുത്തടുത്താണ്. മൂത്രപ്പുരയിൽ നിന്നുയരുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് വിദ്യാർഥികളുടെ പരാതികളും ബധിരകർണങ്ങളിലാണ് പതിക്കുന്നത്. വിദ്യാലയങ്ങൾ ഹൈടെക് ആക്കാൻ ശ്രമിക്കുന്ന ഭരണകൂടവും അടിസ്ഥാന വിഷയങ്ങളിൽ ഇടപെടുന്നില്ല.
വൃത്തിഹീനമായ മൂത്രപ്പുരകളിൽ വെള്ളത്തിന്റെ ടാപ്പുപോലുമില്ലാത്ത വിദ്യാലയങ്ങളുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ മൂത്രമൊഴിച്ച് രൂക്ഷഗന്ധം പേറുന്ന മൂത്രപ്പുരകളിൽ മൂക്ക് പൊത്തിപ്പോലും കയറാൻ പറ്റാത്ത അവസ്ഥയുണ്ട്. നിന്ന് മൂത്രമൊഴിക്കാൻ ഏർപ്പെടുത്തിയ ക്ലോസറ്റുകളിൽ എത്താതെ ചുമരിൽ മൂത്രമൊഴിച്ച് മടങ്ങുന്ന ചെറിയ കുട്ടികൾ തങ്ങളുടെ വസ്ത്രം കൂടി മലിനമായി ക്ലാസിലിരിക്കേണ്ട അവസ്ഥയുമുണ്ട്. വലിയ ആരോഗ്യ പ്രശ്നമാണ് ഈ കുഞ്ഞുങ്ങൾ നേരിടുന്നത്.
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് വെൻഡിങ്ങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ സ്ഥാപിക്കണമെന്ന ഉത്തരവുണ്ടെങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങളിലും ഇവയില്ല. യു.പി തലത്തിലാവട്ടെ ഇതിനെക്കുറിച്ച ചർച്ച പോലും പി.ടി.എകളിലടക്കം നടക്കാറുമില്ല. വൈദ്യുതിയില്ലാത്ത ടോയ് ലെറ്റുകളിൽ ഈ മെഷീൻ സ്ഥാപിക്കാനുമാവില്ല. എയ്ഡഡ് വിദ്യാലയങ്ങളിൽ പലയിടത്തും മൂത്രപ്പുരകളിൽ വൈദ്യുതി സ്ഥാപിച്ചിട്ടുമില്ല.
ആർ.പി.ഡബ്ല്യു.ഡി നിയമം 2016 പ്രകാരം എല്ല വിദ്യാലയങ്ങളിലും ഭിന്നശേഷി സൗഹാർദപരമായ കെട്ടിടങ്ങളും (റോംപ് റെയിൻ), അഡാപ്റ്റിവ് ടോയ്ലെറ്റുകളും നിർമിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. വിദ്യാലയങ്ങൾക്ക് ഫിറ്റ്നസും പ്രവർത്തനാനുമതിയും നൽകുന്ന പഞ്ചായത്ത് അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഇങ്ങനയൊരു ഉത്തരവ് തന്നെയുണ്ടോ എന്നുപോലും ചിന്തിക്കാറില്ല. പണമുള്ളവരും അധ്യാപകരും തങ്ങളുടെ മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ പറഞ്ഞയച്ച് പൊതുവിദ്യാഭ്യാസത്തെ നിലനിർത്തുന്ന അടിസ്ഥാനവർഗത്തെ മറക്കുകയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.