ദിനോസറുകൾക്ക് വംശനാശം സംഭവിച്ചെങ്കിലും അവക്കൊപ്പം ഭൂമിയിൽ നിലനിന്നിരുന്ന രണ്ടു ജീവിവർഗങ്ങൾ നമുക്കരികിൽ ഇപ്പോഴുമുണ്ട്, നാം അവയെ കാര്യമായി ഗൗനിക്കാറില്ലെന്ന് മാത്രം- ആമകളും തവളകളും. ചെറിയ പരിസ്ഥിതി മാറ്റങ്ങൾ പോലും നമ്മളെ വളരെ പെട്ടെന്ന് അറിയിക്കുന്ന ഈ രണ്ട് ജീവികളും നിരന്തരമായ ആവാസ വ്യവസ്ഥാ നശീകരണം കാരണം ദിനോസറുകളുടെ അതേ പാതയിലാണ്.
ഇത് തിരിച്ചറിഞ്ഞാവണം ‘അമേരിക്കൻ ടോർട്ടിസ് റെസ്ക്യൂ’എന്ന സംഘടന രണ്ടായിരാമാണ്ട് മുതൽ മേയ് 23 ‘വേൾഡ് ടർട്ടിൽ ഡേ’ ആയി ആചരിച്ചു തുടങ്ങിയത്. ഇറ്റ് പ്രോമിസ് എ ബെറ്റർ ഫ്യൂച്ചർ എന്നാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം.
കടലാമകളെയും കരയാമകളെയും എന്തിനു സംരക്ഷിക്കണം? അവരുടെ ആവാസവ്യവസ്ഥ എങ്ങനെയാണ് തകരാറിലാവുന്നത്? പരിസ്ഥിതിക്ക് ആമകളെ കൊണ്ടുള്ള പ്രയോജനം എന്ത്? കടലാമകൾ എന്തിനാണ് കരയിൽ വരുന്നത്? അവരുടെ സംരക്ഷണത്തിൽ മനുഷ്യരുടെ റോൾ എന്ത്? എന്നൊക്കെ നിർവചിച്ചത് ഈ പ്രസ്ഥാനമാണ്.
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കടലാമകൾ വരുന്നത് ഒഡിഷ തീരങ്ങളിലാണ്. അവിടുള്ള ഋഷികുല്യ ബീച്ചിൽ ഓരോ വർഷവും ഡിസംബർ മുതൽ മാർച്ച് വരെയുള്ള സീസണിൽ പതിനായിരക്കണക്കിന് കടലാമകളാണ് മുട്ടയിടാൻ എത്തുന്നത്. വിരിഞ്ഞിറങ്ങുന്നതോ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളും.
അക്കാലത്ത് മനുഷ്യസാമീപ്യം തടയാനായി സംസ്ഥാന സർക്കാർ ആ തീരം ബാരിക്കേഡ് വെച്ച് അടക്കും. ഇതുപോലെ കണ്ണൂരിലും തൃശൂരിലും തെക്കൻ തീരങ്ങളിലും ഒക്കെ ഒലിവ് റിഡ്ലി ടർട്ടിലുകൾ എല്ലാ വർഷവും വരുന്നുണ്ട്. പുറന്തോടിന് ഒലിവ് പച്ച നിറമുള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് ലഭിച്ചത്.
ജീവിതകാലം മുഴുവൻ കടലിൽ ചെലവിടുന്ന കടലാമകൾ മുട്ടയിടാൻ മാത്രം കരയിൽ വരും. ശീതരക്തമുള്ള ഇവർക്ക് മുട്ടകൾ വിരിയാനും വംശം നിലനിർത്താനും കരയിലെ ചൂട് ആവശ്യമുണ്ട്. മുട്ടയിടൽ കാലഘട്ടത്തിൽ പെൺകടലാമ കരലക്ഷ്യമാക്കി നീന്തും.
പൂർവികർ മുട്ടയിട്ട സുരക്ഷിത സ്ഥലങ്ങൾ ,ജനിച്ച തീരം ഇതൊക്കെ ഭൂമിയുടെ കാന്തിക മണ്ഡലം ആധാരമാക്കി മനസ്സിലാക്കാനുള്ള കഴിവ് ഇവക്കുണ്ട്. അതുകൊണ്ടു തന്നെ വഴിതെറ്റാതെ ഒരിക്കൽ മുട്ടയിട്ട അതേ തീരത്ത് തിരിച്ചെത്താൻ കഴിയും .
കടലാമ സംരക്ഷണത്തിന് നാട്ടുകാർ നടത്തുന്ന പ്രയത്നങ്ങളുടെ മികച്ച മാതൃക ചാവക്കാട് പുത്തൻകടപ്പുറത്ത് നിന്ന് നേരിൽ കാണാൻ സാധിച്ചു. രാത്രികാലങ്ങളിലാണ് പെൺ കടലാമ മുട്ടയിടാനായി തീരത്തെത്തുന്നത്. ഏതാണ്ട് 35 മുതൽ 50 കിലോ വരെ തൂക്കം കാണും പെൺ കടലാമകൾക്ക്. ആൺ ആമകൾക്ക് തൂക്കം കുറവായിരിക്കും.
തീരത്തെത്തുന്ന അമ്മക്കടലാമകൾ വളരെ വേഗത്തിൽ ഇഴഞ്ഞിഴഞ്ഞ് തിരകൾക്കപ്പുറമുള്ള ഒരു സുരക്ഷിത സ്ഥാനം മണലിൽ കണ്ടെത്തുന്നു. പിന്നീട് കുറെ നേരം അത്യധ്വാനമാണ്. ഫ്ലിപ്പേഴ്സ് എന്നറിയപ്പെടുന്ന പിൻകാലുകൾ കൊണ്ട് വളരെ ശക്തിയിൽ മണ്ണ് വകഞ്ഞു മാറ്റി ഏതാണ്ട് ഒന്നര അടിയോളം താഴ്ചയിൽ കോണിക്കൽ ഷേപ്പിലുള്ള കുഴിയുണ്ടാക്കുന്നു.
അതിൽ മുട്ടയിടുന്നു. ജെല്ലി പോലെയുള്ള ഒരു ദ്രാവകത്തിലൂടെ ഒഴുകിയാണ് മുട്ടകൾ കുഴിയിലേക്ക് വീഴുന്നത്. വീഴുമ്പോൾ പൊട്ടാതിരിക്കാനാവും പ്രകൃതി ഇങ്ങനെയൊരു സുരക്ഷാ വലയം നൽകിയത്. ഒാരോ തവണയും ഏതാണ്ട് നൂറോ നൂറ്റമ്പതോ മുട്ടകൾ കാണും. മുട്ടയിട്ട ശേഷം വീണ്ടും ഫ്ലിപ്പേഴ്സ് ഉപയോഗിച്ച് കുഴിയടക്കുന്നു.
പിന്നെ സ്വന്തം ദേഹം ഉയർത്തി ആമ അഞ്ചോ ആറോ ചാട്ടങ്ങൾ ചാടി മണ്ണ് ഇടിച്ചുറപ്പിക്കുന്നു. ശത്രുക്കൾ മുട്ട കൊണ്ടുപോകരുതല്ലോ. അമ്മയുടെ കരുതൽ.! വീണ്ടും കടലിലേക്ക് .പിന്നീട് മുട്ടകൾക്ക് എന്തായി എന്ന് ആ അമ്മ ഒരിക്കലും തിരക്കുന്നില്ല. ഈ മുട്ടകളിൽ കണ്ണുവെച്ച് ഒരുപാട് പേർ വരും. മനുഷ്യർ മുതൽ ,കുറുക്കനും, ഇര തേടുന്ന പക്ഷികളും വരെ. ഇവിടെയാണ് മനുഷ്യന്റെ കരുതൽ വേണ്ടത്.
ചാവക്കാട് സൂര്യ കടലാമ സംരക്ഷണസമിതി ഒരു മുട്ട പോലും നഷ്ടപ്പെടാതെ അവയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. തിര എളുപ്പം അടിച്ചു കയറുന്ന സ്ഥലത്ത് ഇട്ടിരിക്കുന്ന മുട്ടകൾ വേലിയേറ്റ സമയത്ത് തിരയടിച്ചു കയറി ഒലിച്ചു പോവാതിരിക്കാനാണിത്. മണം പിടിച്ചു വരുന്ന പട്ടിയും കുറുക്കനും മുട്ട മാന്തിയെടുക്കാനുള്ള സാധ്യതയും ഇല്ലാതാവുന്നു.
നേരത്തെയൊക്കെ മുട്ട മോഷ്ടിക്കുന്ന മനുഷ്യർ ഇവിടെയും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അവർക്ക് കടലാമകൾ സംരക്ഷിക്കപ്പെടേണ്ടതിെൻറ ആവശ്യം ബോധ്യമായിരിക്കുന്നു. തിര അടിച്ചു കയറാത്ത ഒരിടത്ത് കമ്പി വേലികെട്ടി ഹാച്ചറിയുണ്ടാക്കി അവിടെ കുഴികളിൽ മുട്ടകൾ സൂക്ഷിക്കുന്നു. ഏതാണ്ട് 45 ദിവസമാകുമ്പോൾ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഇറങ്ങും.
മിക്കവാറും രാത്രിയാവും വിരിയുന്നത്. ഒന്നുകിൽ അപ്പോൾ തന്നെ അല്ലെങ്കിൽ പുലർച്ചെ അവയെ കടലിലേക്ക് ഇറക്കിവിടുന്നു. കാരണം സൂര്യെൻറ ചൂടടിച്ചാൽ ആമക്കുഞ്ഞുങ്ങൾ ചത്തുപോവാനിടയുണ്ട് . ഇങ്ങനെ ഓരോ വർഷവും ചാവക്കാട് പുത്തൻ കടപ്പുറത്ത് നിന്ന് വിരിഞ്ഞിറങ്ങി പോകുന്നത് പതിനായിരക്കണക്കിന് ഒലിവ് റിഡ്ലി കുഞ്ഞുങ്ങളാണ്.
കടലിലെ മത്സ്യസമ്പത്തിന് ഭീഷണിയാവുന്ന ജെല്ലി ഫിഷ് , സീ അർച്ചിൻ, ട്യൂണിക്കേറ്റ്സ്, സാൽപ്സ് എന്നിവയെ തിന്നുനശിപ്പിക്കുന്നു എന്നതാണ് കടലാമകളുടെ ഏറ്റവും വലിയ സംഭാവന . ഇവയുടെ പുറന്തോട്, പറ്റിപ്പിടിച്ചു വളരുന്ന ഒരുപാട് ജീവികളുടെ വീട് കൂടിയാണ്.
കടലാമകൾ കടൽപുല്ലുകളും , കടൽപായലുകളും കഴിച്ചു ദഹിപ്പിച്ച് വിസർജിക്കുന്നത് പവിഴപ്പുറ്റുകളെയും അവയെ ചുറ്റിപ്പറ്റി വളരുന്ന ചെറുജീവികളെയും മറ്റും നിലനിർത്താൻ സഹായിക്കുന്നു. കൊഞ്ച് , ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയവയുടെ വംശം നിലനിർത്തുന്നതിലും ഇവ പങ്കുവഹിക്കുന്നു. യഥാർഥത്തിൽ കടലിന്റെ കാവൽ സേനാംഗങ്ങളാണ് ആമകൾ.
ഏതാണ്ട് മുന്നൂറോളം ആമ വർഗങ്ങൾ ഉള്ളതിൽ ഇരുന്നൂറ് എണ്ണവും വംശനാശ ഭീഷണിയിലാണ്. പ്രൊട്ടക്ടഡ് കാറ്റഗറിയിലാണ് സർക്കാർ ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. അവയെ പിടിക്കുന്നതോ കൊല്ലുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. കേരള തീരത്തെത്തുന്ന കടലാമകൾ ഏതെങ്കിലും കള്ളുഷാപ്പുകളിൽ അവസാനിക്കേണ്ടവരല്ല ഒരു വലിയ കുടുംബത്തിലെ അവകാശികളും കടലിന്റെ സംരക്ഷകരുമാണെന്ന് നാം തിരിച്ചറിയണം.
തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിലെ കടൽതീരങ്ങൾ ‘ടർട്ടിൽ ഫ്രണ്ട്ലി’ ആക്കി മാറ്റാൻ ഇനി വൈകിക്കൂടാ. സർക്കാറും പ്രകൃതി സംരക്ഷകരും സ്കൂൾ കുട്ടികളുമുൾപ്പെടെ കേരളത്തിലെ ഓരോ ജനങ്ങളും ഒരുമനസ്സോടെ പ്രവർത്തിച്ചാലേ അത് സാധ്യമാവൂ. അതിനുള്ള തുടക്കമാവട്ടെ ഇത്തവണത്തെ വേൾഡ് ടർട്ടിൽ ഡേ.
(ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകയും വന്യജീവി ഫോട്ടോഗ്രാഫറുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.