സർക്കാർ നിഘണ്ടുവിൽനിന്ന് മതേതരത്വം മാഞ്ഞുകൊണ്ടിരിക്കുന്നു

ഉന്നതപദവികൾ വഹിക്കുേമ്പാഴും ശേഷവും മനഃസാക്ഷിയെ പ്രതിക്കൂട്ടിൽ നിർത്താതെ പ്രവർത്തിച്ചയാളാണ് മുൻ ഉപരാഷ്​ട്രപതി ഡോ. ഹാമിദ് അൻസാരി. 'മെനി എ ഹാപ്പി ആക്സിഡൻറ്; റീകലക്​ഷൻസ് ഒാഫ് എ ലൈഫ്' എന്ന ഡോ. അൻസാരിയുടെ ഓർമക്കുറിപ്പുകൾ രാഷ്​ട്രീയ, മാധ്യമവൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടവെ സ്വതന്ത്ര മാധ്യമപ്രവർത്തകൻ അബ്​ദുൽ ബാരി മസ്​ഊദ് അദ്ദേഹവു​മായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

? കേന്ദ്രത്തിലെ ഭരണമാറ്റത്തിനു ശേഷം രാജ്യത്ത്​ കാര്യങ്ങളെല്ലാം ഒരു പ്രത്യേക ദിശയിലാണ് നീങ്ങുന്നത്, ഈ മാറ്റത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു.

ഭരണകൂടത്തിന്‍റെ നിഷ്പക്ഷത നഷ്​ടമായിക്കൊണ്ടിരിക്കുന്നുവെന്നത് വസ്തുതയാണ്. ഭരണകൂടം ഭരണഘടനാധിഷ്ഠിതമായി വേണം പ്രവർത്തിക്കാൻ. നമ്മുടെ രാജ്യത്തിെൻറ വൈവിധ്യങ്ങളെക്കുറിച്ച് ഓർക്കുന്നിടത്തോളം ഒരു ബഹുസ്വരസമൂഹത്തിെൻറ എല്ലാ നേട്ടങ്ങളും നമുക്കുണ്ടാവും. പക്ഷേ, ഊതിവീർപ്പിച്ച ദേശീയതനാട്യത്തിെൻറ ഫലമായുണ്ടായ ഒരുപാട് സാമൂഹിക- രാഷ്​ട്രീയ പ്രശ്നങ്ങളാണ് ഇന്ന് നമുക്കുള്ളത്. പൗരജനങ്ങൾ അസഹിഷ്​ണുക്കളാവുന്നു, സമുദായങ്ങൾക്കിടയിൽ തീവ്രമായ ചേരിതിരിവുകൾ വന്നുപെട്ടിരിക്കുന്നു. അതോടെ നമ്മുടെ പരമപ്രധാനമായ സാംസ്കാരിക മൂല്യങ്ങൾതന്നെ തകിടംമറിഞ്ഞിരിക്കുന്നു. എന്നാൽ, ഏറെ അലട്ടുന്നത്​, മതേതരത്വം എന്ന പദംതന്നെ സർക്കാറിെൻറ ഔദ്യോഗിക പദാവലിയിൽനിന്ന് ഏകദേശം അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്​. നൂറ്റാണ്ടുകളായി നമ്മെ ചേർത്തുപിടിച്ചിരുന്ന സാമൂഹിക- രാഷ്​ട്രീയ വിശ്വാസങ്ങൾ ക്ഷയിച്ചുപോകുന്നതിനേക്കാൾ നിരാശ പകരുന്നതെന്തുണ്ട്?

? ചില 'അസന്തുഷ്​ടകരമായ' സംഭവങ്ങളുണ്ടായതായി താങ്കൾ ഓർമക്കുറിപ്പിൽ പറയുന്നു. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴത്തിൽ.

ചുമതലയേറ്റ ആദ്യദിനംതന്നെ പക്ഷം ചേരാത്ത, നീതിയുക്തമായി തീരുമാനിക്കുന്ന ഹോക്കിയിലെ മാച്ച് റഫറിയുടേത് പോലെയാവണം എെൻറ ചുമതല നിർവഹണമെന്ന് ഞാൻ മനസ്സിൽ കുറിച്ചുവെച്ചിരുന്നു. പ്രധാനമന്ത്രി രാജ്യസഭ ചെയർമാനെ കാണുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷേ, അതിന് ചില നിശ്ചിത പെരുമാറ്റച്ചട്ടങ്ങളുണ്ട്. മുൻകൂട്ടി അറിയിക്കാതെ പൊടുന്നനെ നടത്തേണ്ടതല്ല അത്. അദ്ദേഹത്തിന് ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു, അതു സംബന്ധിച്ച് ഉചിതമായ നിലപാട് എനിക്കുമുണ്ടായിരുന്നു, ഞാൻ അതിലൂന്നി മറുപടി നൽകിയതോടെ വിഷയം അവസാനിച്ചു.

? മതേതരത്വം സർക്കാറിെൻറ നിഘണ്ടുവിൽനിന്ന് പൊയ്പോയിരിക്കുന്നു എന്ന താങ്കളുടെ വിലയിരുത്തലിൽ വലതുപക്ഷ സംഘങ്ങൾ കടുത്ത ദേഷ്യത്തിലാണ്.

വ്യാഖ്യാനങ്ങളും ധാരണകളുമെല്ലാം വേറിട്ടതാണെങ്കിലും നമ്മുടേത് അനുപമമായ ഒരു മതേതര രാജ്യമാണ്. ഫ്രാൻസ് പോലെയല്ല നമ്മൾ. അവിടം ഒരു കാത്തലിക് രാജ്യമാണ്, കത്തോലിക്ക സഭയുടെ ചില സ്വത്വ ചിഹ്നങ്ങളും അവിടെ നിലനിൽക്കുന്നു. എന്നാലും പല സന്ദർഭങ്ങളിലും പ്രത്യേക അവകാശങ്ങൾക്കായി വ്യാമോഹിക്കുന്ന ഒരു സമൂഹമായി നാം മാറിപ്പോകുന്നു.

'റിസർവേഷൻ' എന്ന തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രയോഗം നമ്മൾ ഉപയോഗിച്ചു പോരുന്നുണ്ട്. സത്യത്തിൽ ശരിയായ പ്രയോഗം 'അഫർ​േമറ്റിവ് ആക്​ഷൻ' എന്നാണ്. പ്രധാനമന്ത്രി മോദിയുടെ 'സബ്​ കാ സാഥ് സബ് കാ വികാസ്' എന്ന പ്രസ്താവനയെ അഅ്​സംഗഢിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ സ്വാഗതം ചെയ്തിരുന്നു. പക്ഷേ, എല്ലാവരും ഒരേ നിരയിൽനിന്ന് തുടങ്ങുേമ്പാൾ മാത്രമേ അത് ശരിയാവൂ. അല്ലാതെ എന്നെ പത്ത് ചുവട് പിന്നിൽ നിർത്തിയിട്ട് തുല്യതക്കായി മത്സരിക്കാൻ പറഞ്ഞാൽ അതാവില്ല.

ഞാൻ എന്നും പ്രാർഥിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും സർക്കാറിനെ ബാധിക്കേണ്ട കാര്യങ്ങളല്ല. അതിദേശീയത-സാംസ്കാരിക വാദങ്ങളുടെ വലിയ പ്രത്യാഘാതം നിയമവാഴ്ചയോടുള്ള ഭരണകൂടത്തി​െൻറ പ്രതിബദ്ധത അപായത്തിലാവുന്നു എന്നതാണ്. ഭരണകൂടസ്ഥാപനങ്ങളുടെ കാര്യക്ഷമത പ്രകടമാംവിധം നഷ്​ടമാവും. താന്തോന്നിത്തരം നിറഞ്ഞ തീരുമാനങ്ങളും ആൾക്കൂട്ടവാഴ്ചയും എല്ലാമാണ് അതിനു പകരം സംഭവിക്കുക. പൗരത്വനിയമം ഭേദഗതി ചെയ്യേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.

? 'സർക്കാർ വിലാസം മുസ്​ലിംകൾ' സമുദായത്തിെൻറ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ വൈമുഖ്യം പുലർത്തുന്നുവെന്ന് സാധാരണക്കാരായ സമുദായാംഗങ്ങൾക്കിടയിൽ ഒരു ധാരണയുണ്ട് -എന്തു പറയുന്നു

എനിക്കതൊരു പ്രശ്നമേയല്ല. വാദിക്കാനുള്ള വാശിക്കിടയിൽ ആലോചനയില്ലാതെ രൂപപ്പെട്ട ഒരു പ്രയോഗമാകും അത്. 'സർക്കാർ വിലാസം' എന്നൊന്നില്ല, നമ്മളെല്ലാം രാജ്യത്തെ പൗരജനങ്ങളാണ്.

നീതിയുടെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. നീതി ശരിയാംവിധം നടപ്പാക്കപ്പെട്ടിട്ടില്ലെങ്കിൽ അത് വീഴ്ചതന്നെയാണ്. നീതി തേടുക എന്നത് പൗരസമൂഹത്തിെൻറ അവകാശവും രാഷ്​ട്രീയനീതി, സാമ്പത്തിക നീതി, സാമൂഹിക നീതി എന്നിവ ഉറപ്പാക്കൽ ഭരണകൂടത്തിെൻറ കടമയുമാണ്. 1940ലെ കോൺഗ്രസ് സമ്മേളനത്തിൽ മൗലാനാ അബുൽകലാം ആസാദ് പറഞ്ഞത്​ എന്തെന്നോർക്കൂ. ''ഞാനീ സമ്മേളനത്തിെൻറ ഭാഗമാണ്, എെൻറകൂടി പങ്കാളിത്തമില്ലാതെ ഒരു നിർണായക തീരുമാനവും ഇവിടെ കൈക്കൊള്ളില്ല'' എന്നായിരുന്നു. 1947 ഒക്ടോബറിൽ ജമാ മസ്ജിദിൽ വെച്ച് അദ്ദേഹം പ്രസംഗിച്ചത് ''ഭരണഘടനയുടെ കെട്ടുപാട് വിട്ടുപോകാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്​'' എന്നാണ്.

'സർക്കാർ വിലാസം മുസൽമാൻ' എന്ന പ്രയോഗത്തെ ഞാൻ പിന്താങ്ങുന്നില്ല. 40 വർഷം സ്​റ്റേറ്റ് സർവിസിലും 25 വർഷം വിദേശകാര്യ സർവിസിൽ അംബാസഡറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അതിനർഥം എെൻറ ചിന്താശേഷി കൈമോശം സംഭവിച്ചുവെന്നാണോ? ഒരിക്കലുമല്ല.

? പക്ഷേ, രാജ്യത്തെ പിന്നാക്ക സമൂഹം, പ്രത്യേകിച്ച് മുസ്​ലിംകളും ദലിതുകളും പറയുന്നുണ്ട്, അവർ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നതെന്ന്

അരക്ഷിതാവസ്ഥ എന്നും എപ്പോഴുമുണ്ടായിരുന്നു. പങ്കു ചേരുകയും നിങ്ങളുടെ വിഹിതം വാങ്ങിയെടുക്കുകയുമാണ് വേണ്ടത്. ഞാൻ ഭാഗഭാക്കാവില്ല, എനിക്ക് വേണ്ടതെല്ലാം എെൻറ കൂടിനുള്ളിൽ ലഭ്യമാക്കണമെന്ന് പറയാനാവില്ല. സർക്കാർ നൂറു രൂപ ചെലവിടുന്നുവെങ്കിൽ അതിൽ എനിക്കവകാശപ്പെട്ട വിഹിതം ലഭിക്കുകതന്നെ വേണം.

പരമോന്നത നീതിപീഠം ആ സ്ഥാപനത്തിെൻറ പദവി ഉയർത്തിപ്പിടിക്കാൻ വേണ്ടത് ചെയ്യുന്നില്ല. ഇത് പൊതു സമൂഹത്തി​െൻറ ആത്മവിശ്വാസം തകർക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്​ലിംകൾക്ക് തങ്ങൾ അരക്ഷിതരാണ് എന്ന തോന്നലും സൃഷ്​ടിക്കുന്നു.

? രാജ്യസഭ ചെയർമാൻ പദവിയുടെ അവസാനനാളുകളിൽ അൽപം കടുപ്പമായിരുന്നുവെന്ന് താങ്കൾ പറഞ്ഞിരുന്നു?

ഇല്ല, അത് അവാസ്തവമാണ്. ആദ്യനാൾ മുതൽ അവസാനംവരെ രാജ്യസഭ പ്രവർത്തനം നന്നായിത്തന്നെ നടന്നു. നല്ലതും അല്ലാത്തതുമായ ദിനങ്ങളുണ്ടായിട്ടുണ്ടാവാം. പക്ഷേ, ഇടത്തും വലത്തുമിരുന്നിരുന്ന അംഗങ്ങളോടും രാഷ്​ട്രീയ നേതാക്കളോടുമുള്ള എ​െൻറ ആശയവിനിമയത്തിനും ഇടപഴകലിനും അതൊന്നും ഊനം തട്ടിച്ചില്ല.

? താങ്കൾ സ്ഥാനമൊഴിയുന്ന ദിവസം പ്രധാനമന്ത്രി നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ച്

അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ടാവാം, ഞാൻ അതിൽ തർക്കിക്കുന്നില്ല. അദ്ദേഹം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുെവന്നും എനിക്കറിയില്ല. ഞാൻ എ​െൻറ നിലപാടിൽ ഉറച്ചുനിന്നു. എ​െൻറ സമീപനത്തിൽ സ്ഥിരത കാത്തുസൂക്ഷിക്കുകയും ചെയ്തു. നിയമപുസ്തകത്തെയാണ് ഞാൻ എന്നും ആധാരമാക്കിയത്. രണ്ടു വർഷങ്ങൾക്കു ശേഷം ഫഖ്റുദ്ദീൻ അലി അഹ്​മദ്​ സ്മാരക പ്രഭാഷണം നടത്തിയപ്പോഴും നിലപാടിൽനിന്ന് ഞാൻ വ്യതിചലിച്ചില്ല.

? താങ്കൾ നയതന്ത്ര മേഖലയിൽ കാൽനൂറ്റാണ്ട് പ്രവർത്തിച്ചയാളാണ്. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്​ട്രതലത്തിൽ കളങ്കപ്പെടുന്നതിനെ എങ്ങനെ കാണുന്നു

ലോകം ആകെ മാറിയിരിക്കുന്നു. ഇത് എ​െൻറ ഇടമാണ്, മറ്റാരും ഇതിനുള്ളിൽ നടക്കുന്നതെന്തെന്ന് അറിഞ്ഞുകൂടാ എന്ന മട്ടിൽ ഒന്നും മൂടിവെക്കാൻ കഴിയില്ല. ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ ലോകം മുഴുവൻ അറിയും. ആളുകൾ നല്ലതു പറയാറുണ്ട്, അതേ പോലെ അവർക്ക് പ്രതികൂലിച്ചും പറയാൻ കഴിയും. ഡൽഹി എന്നത് അടച്ചുപൂട്ടിയിട്ടിരിക്കുന്ന നഗരമൊന്നുമല്ലല്ലോ. ഇവിടെനിന്ന് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി വിദേശ വാർത്ത പ്രതിനിധികളുമുണ്ട്.

? ഓർമക്കുറിപ്പുകൾ ഇപ്പോൾ എഴുതാൻ പ്രചോദനം

മക്കളാണ് നിർബന്ധിച്ചത്, ജീവിതത്തെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്. ചില സുഹൃത്തുക്കളും ഇതേ കാര്യം പറഞ്ഞിരുന്നു. അങ്ങനെ ഒരുനാൾ എഴുതാൻ തീരുമാനിച്ചു. ഞാൻ ഡയറികളോ കുറിപ്പുകളോ ഒന്നും കരുതിവെച്ചിരുന്നില്ല. എല്ലാം ഓർമയിൽനിന്നെടുത്തതാണ്.

Tags:    
News Summary - secularism disappearing from government's dictionary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.