കൊറോണ കാലത്തെ ചിരികൾ

Smile an everlasting smile,
A smile can bring you near to me
- Words (Bee Gees)

ഭൂമിയുടെ ആവിർഭാവം മുതൽ ജന്തുജാലങ്ങൾ പരസ്പരം പല തരത്തിൽ സംവേദനം ചെയ്തു കൊണ്ടിരുന്നു. പ്രാഥമികമായും വിശപ്പ്, ഇണചേരൽ, അതിജീവനം എന്നിവയുമായി അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇടപെടൽ നടത്തിയിരുന്നത്. സാമൂഹിക ജീവി എന്ന നിലയിൽ ഈ ഇടപെടൽ മനുഷ്യന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണം, പാർപ്പിടം, ലൈംഗികത, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയാലും സാമൂഹിക ബന്ധം എന്നത് മനുഷ്യന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനമാണ്. ഓരോ കാലഘട്ടത്തിലും അതി​േന്‍റതായ സാമൂഹിക രീതികൾക്കനുസരിച്ചാണ് മനുഷ്യർ ഇടപ്പെട്ടുകൊണ്ടിരുന്നത്. ശബ്ദങ്ങളും ആംഗ്യങ്ങളും ഉപയോഗിച്ച് ആശയവിനിമയം തുടങ്ങിയ മനുഷ്യർ ചരിത്രത്തിന്‍റെ ഒരു ഘട്ടത്തിൽ അക്ഷരങ്ങളും ഭാഷയും രൂപീകരിച്ചു. കാലം ഒരുപാട് മുന്നോട്ട് പോയപ്പോൾ പലതരം ഭാഷകളും അതിന്‍റെ വകഭേദങ്ങളും സാഹിത്യങ്ങളും ചരിത്രങ്ങളും ദേശങ്ങളും മനുഷ്യരോടൊപ്പം വളർന്നുവന്നു. പിന്നീട് ഇന്‍റർനെറ്റും സാങ്കേതികവിദ്യയും മനുഷ്യർക്കിടയിലെ സംവേദനത്തെ സമയകാല പരിധിക്കപ്പുറം വിപുലമാക്കി. ആഗോളതലത്തിൽ എല്ലാ മനുഷ്യർക്കും ഇടപെടാൻ സാധ്യമാക്കുന്ന ഭാഷ രൂപപ്പെട്ടു. ഇപ്പോൾ സ്മൈലികളിലൂടെ (smiley) മനുഷ്യർ വികാരങ്ങൾ കൈമാറാൻ പഠിച്ചു. സോഷ്യൽ മീഡിയകൾ സാമൂഹിക ബന്ധങ്ങളുടെ നൂതന സാധ്യതകൾ ഓരോ ദിവസം നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

കോറോണയുടെ ഈ കാലത്ത്, മനുഷ്യരുടെ സാമൂഹിക ഇടപെടലിന്‍റെ സ്വഭാവരീതികൾ കൗതുകകരമായ ഒരു കാഴ്ചയാണ്. 'ന്യൂ നോർമൽ' അവസ്ഥയിലെ ലോക്ഡൗണുകളും സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും മനുഷ്യർക്കിടയിലെ സാമൂഹിക ഇടപെടലിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാകും? കോറോണ കാലത്തെ മനുഷ്യരുടെ അതിജീവനം എങ്ങനെയൊക്കെയാണ്? മാസ്ക് ഇട്ട മനുഷ്യർക്കിടയിലെ ഇടപെടലിന്‍റെ സ്വഭാവം എങ്ങനെയായിരിക്കും? അവരുടെ ഭാഷ ഏതു തരത്തിലാവും? മനുഷ്യന്‍റെ ആവിഷ്കാരത്തിന്‍റെ ഏതു തലത്തിൽ നിന്നാകും അവർ പൊതുഇടങ്ങളിൽ സംവേദനം സാധ്യമാക്കുന്നത്? മാസ്കിനിടയിലൂടെയുള്ള സംസാരങ്ങൾ കേൾവിയെ എങ്ങനെയായാകും സ്വാധീനിച്ചിട്ടുണ്ടാകുക? അവരുടെ വികാരങ്ങൾ പരിണമിച്ചുകാണുമോ? തുടങ്ങി പുതിയ 'നോർമൽ' കാലത്തെ മാസ്ക് ഇട്ട മനുഷ്യർക്കിടയിലെ ഇടപെടലിനെ കുറിച്ചുള്ള ഒരന്വേഷണമാണിത്. ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ; സാമൂഹിക സംവേദനം ആഗ്രഹിക്കാത്ത, ഇഷ്​ടപ്പെടാത്ത (introverts) കുറച്ചുപേർ എന്തായാലും നമുക്കിടയിലുണ്ട്. അവരുടെ അനുഭവത്തെ അംഗീകരിച്ച്​ (acknowledge) കൊണ്ട് തന്നെ, മറു വശത്തുള്ള പൊതുഇടങ്ങളിൽ ഇടപെട്ട് കൊണ്ടിരിക്കുന്ന ആളുകളുടെ അവസ്ഥകളെ കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്.


കൊറോണ കാലത്തെ അതിജീവനം

കൊറോണ കാലത്ത് മനുഷ്യൻ അതിജീവിക്കുന്നത് എങ്ങനെയൊക്കെയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോറോണയുടെ ഒന്നാം ഘട്ടം പുതിയ 'നോർമൽ' എന്നതിനോടുള്ള അതിശയോക്തിയും സമരസപ്പെടലും മനസ്സിലാക്കലുമായിരുന്നെങ്കിൽ, രണ്ടാം തരംഗം ഭയത്തിന്‍റെയും മടുപ്പിന്‍റെയും ഒരു 'നോർമൽ' അവസ്ഥയായിരിക്കുകയാണ്. കോറോണയുടെ വകഭേദം പലതരത്തിലുള്ള രോഗാവസ്ഥയായി മാറിയിരിക്കുന്നു. മരണം എന്നത് കേട്ടും അറിഞ്ഞും ഏറ്റവും അടുത്ത അനുഭവമായി മാറി. നാളെയെ കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളും ചില പേടിപ്പിക്കുന്ന നിമിഷങ്ങളായി പരിണമിച്ചിരിക്കുന്നു. വീടുകളിലും പിന്നീട് മനുഷ്യരിലും ഒടുവിൽ അവരവരിലും ആയി ആളുകൾ ചുരുങ്ങിയിരിക്കുന്നു. സമയം എന്നത് വഴി മാറി പുതിയ താളത്തിൽ സഞ്ചരിച്ചു തുടങ്ങി.

ഈ ഘട്ടത്തിൽ മനുഷ്യൻ അതിജീവനത്തിന്‍റെ പുതിയ വഴികൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലർ പ്രാർഥനകളുടെ ലോകത്ത് അഭയം കണ്ടെത്തുമ്പോൾ മറ്റു ചിലർ ശാസ്ത്രത്തിൽ വിശ്വാസം അർപ്പിക്കുന്നു. ചിലർ പ്രകൃതിലേക്ക് തിരിയുമ്പോൾ മറ്റുള്ളവർ ടെക്നോളജിയുടെ അനന്ത സാധ്യതകളെ ഉപയോഗിക്കുന്നു. ചുരുങ്ങിയ പക്ഷം ആളുകൾ കലയിലൂടെ പലതരത്തിലുള്ള ആവിഷ്കാരം സാധ്യമാക്കുമ്പോൾ മറ്റുള്ളവർക്ക് നിലനിൽപ്പിന്‍റെ ഭാഷ തന്നെ നഷ്​ടപ്പെട്ടിരിക്കുന്നു. സാമൂഹിക അകലം ആളുകൾക്കിടയിലെ ഇടപെടൽ കുറക്കുമ്പോൾ, മനുഷ്യരുടെ ചിന്തകളുടെ ദൂരം അനന്തമായി വികസിച്ചു.

കൊറോണയുടെ ഈ സാഹചര്യത്തിൽ മനുഷ്യർക്കിടയിലെ സാമൂഹിക ഇടപെടലിൽ കാര്യമായ മാറ്റം വന്നു തുടങ്ങി. സാമൂഹിക അകലം പൊതു ഇടങ്ങളിലെ മനുഷ്യർക്കിടയിലെ സംസാരത്തെ നന്നായി കുറച്ചു. മറുവശത്തുള്ള മനുഷ്യന്‍റെ സംസാരത്തിൽ തെളിഞ്ഞു വരുന്ന വികാരങ്ങൾ മനസ്സിലാകാതെ പോകുകയാണ്. സാമൂഹിക ഇടങ്ങളിൽ ആളുകൾ ഓരോരുത്തരും തുരുത്തുകളായി മാറിയിരിക്കുന്നു. മനുഷ്യർ അവരുടെ ആവിഷ്കാരങ്ങൾ അധികവും വ്യക്തിപരമായ ഇടങ്ങളിലേക്ക് ചുരുക്കിയിരിക്കുന്നു. സാമൂഹിക ഇടപെടലിൽ ശീലിച്ചു വന്ന രീതികൾ സാധ്യമാകാതെ വരുമ്പോൾ ചുറ്റുപാടിനോടും മറ്റുള്ളവരോടും അവരവരോടും സംവദിക്കുക എന്നത് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.


ഇന്ദ്രീയഅനുഭവങ്ങളുടെ ചരിത്രം

എല്ലാ ഇന്ദ്രീയ അനുഭവങ്ങളും മനുഷ്യ ഇടപെടലിന്‍റെ ഒരു സാമൂഹിക രൂപം നൽകുന്നുണ്ട് (Howes, 1991). സാമൂഹികമായ ഇടപെടലിൽ ഇന്ദ്രീയങ്ങളുടെ പങ്ക്​ വളരെ പ്രധാനപ്പെട്ടതാണ്. ഇങ്ങനെ ഇടപ്പെടുന്നതിലൂടെ മനുഷ്യർ അവരുടെ ചുറ്റുപാടിനെ കുറിച്ചുള്ള അറിവ് നിർമിക്കുകയും അതാതു സാഹചര്യത്തെ മനസ്സിലാക്കുകയും അതിൽ നിന്നുകൊണ്ട് സാമൂഹികമായ ഒരു ബന്ധം (bonding/connection) സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ എങ്കിൽ, ഏതൊരു സമൂഹത്തിന്‍റെയും ഇന്ദ്രിയ ജീവിതത്തെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ അതാതു സമൂഹത്തിൽ മനുഷ്യർ ചുറ്റുപാടിനെ എങ്ങനെ അറിയുന്നു (sensing) എന്നു മനസ്സിലാകേണ്ടതുണ്ട് (Constance Classen, 2012). 'സ്പർശത്തിന്‍റെ പുസ്തകം' (The book of touch) എന്ന പുസ്തകത്തിലൂടെ ക്ലസ്സെൻ പാശ്ചാത്യ സമൂഹത്തിന്‍റെ ചരിത്രം അവരുടെ സ്‌പര്‍ശോപലബ്‌ധമായ ശീലങ്ങളിൽ (Tactile practices) വന്ന മാറ്റങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുന്നുണ്ട്. അതിൽ എങ്ങനെയാണ് ആധുനിക യൂറോപ്പിന് 'eye man'നെയും പരിഷ്കൃതരല്ലാത്ത ആഫ്രിക്കൻ മനുഷ്യനായ 'skin man'നെയും അധികാര ഘടനയുടെ രണ്ടു തലങ്ങളിലായി നിർമിക്കപ്പെടുന്നത് എന്നു വിശദമാകുന്നുണ്ട്.

അങ്ങനെ ആധുനികത മനുഷ്യന്‍റെ സംവേദന സ്വഭാവത്തിൽ മാറ്റം വരുത്തി. പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ചുറ്റുപാടിനോട് സംവദിച്ചുകൊണ്ടിരുന്ന മനുഷ്യൻ ആധുനികതയുടെ വരവോട് കൂടി കാഴ്ച എന്ന ഒരു അനുഭവത്തിലേക്ക് ചുരുങ്ങി കൊണ്ടിരുന്നു. 'കാഴ്ചയാണ് സത്യം' (Seeing is believing) എന്ന തലത്തിലേക്ക് മനുഷ്യന്‍റെ അഭിരുചികളും തിരഞ്ഞെടുപ്പുകളും സാമൂഹിക ഇടപെടലും മാറികൊണ്ടിരുന്നു. ഇവിടെ, മറ്റുള്ള ഇന്ദ്രീയങ്ങളുടെ പ്രാധാന്യം ഇല്ലാതായി. അങ്ങനെ ആധുനികതയോട് കൂടി മനുഷ്യർക്കിടയിലെ ഇടപെടൽ എന്നത് കാഴ്ചയുടെ മറ്റൊരു രൂപകമായി മാറി.

ആധുനിക ലോകത്ത് കാഴ്ചയുടെ പ്രാധാന്യം കൂടി എങ്കിലും, കൊറോണ കാലത്തെ ലോകം അതിനു മറ്റൊരു തലം നൽകിയിരിക്കുകയാണ്. മാസ്ക് വന്നതോടു കൂടി കാഴ്ച (vision) എന്നത് മങ്ങിയ കാഴ്ചയായി (blurred vision) മാറി. പൂർണമായി മറ്റൊരാളുടെ മുഖം കാണാൻ സാധിക്കാത്തത് കൊണ്ട് സാമൂഹിക ഇടപെടൽ കണ്ണുകളിലേക്ക് ചുരുങ്ങിയിക്കുന്നു. കണ്ണിലൂടെ ഉള്ള വികാരപ്രകടനത്തിന്‍റെ സാധ്യതയും അർഥതലങ്ങളും മാറിവന്നു. എല്ലാം കണ്ണുകളിലെ തിളക്കത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. കണ്ണുകൾ കൊണ്ട് നടത്തുന്ന സംവേദനത്തിന്‌ കൊറോണകാലത്ത് സാമൂഹിക ഇടപെടലിൽ വളരെ പ്രാധാന്യം ലഭിച്ചിരിക്കുന്നു.


കൊറോണകാലത്തെ ചിരികൾ

സാമൂഹിക അകലം പാലിക്കുന്ന മനുഷ്യർ, മാസ്ക് ധരിച്ച മനുഷ്യർ, ഏതു നിമിഷവും കൊറോണ വൈറസ് പിടിക്കുമോ എന്ന ഭയത്തിൽ ജീവിക്കുന്നവർ, സർക്കാറിന്‍റെ നിയമങ്ങളോട് സമരസപ്പെട്ട് ഇടപ്പെടുന്നവർ- അങ്ങനെ പലതരത്തിലുള്ള മനുഷ്യരെ നമുക്ക് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കും. സാമൂഹിക അകലവും മാസ്ക് ഉപയോഗവും കാരണം സംഭാഷണങ്ങൾ കേൾവിയെ ബാധിച്ചു. വികാരങ്ങളുടെ വേഷപകർച്ചകൾ മുഖത്തിലെ പേശികളിൽ മാറ്റങ്ങൾ വരുത്തിയാലും മാസ്ക് കാരണം പുറത്തേക്ക്​ കാണാൻ കഴിയുകയോ അതു മറ്റുള്ളവരിലേക്ക് സംവേദനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അപ്പുറത്തുള്ളവർ എന്തു പറയുന്നൂ എന്നത് പൂർണമായും സംഭാഷണങ്ങളിൽ ഒതുങ്ങാതെ സാഹചര്യങ്ങൾ വെച്ച് അതിന്‍റെ അർഥങ്ങൾ മനസ്സിലാക്കേണ്ട അവസ്ഥ സംജാതമായി. സംഭാഷണങ്ങൾ ചുരുങ്ങി തുടങ്ങി. ആവശ്യമുള്ളത് സംവദിക്കുക എന്ന ബോധത്തിലേക്ക് സാമൂഹിക ഇടപെടൽ മാറി തുടങ്ങി. അങ്ങനെ കൊറോണ കാലത്ത് കണ്ണുകൾ ഒരു പ്രധാന സംവേദന അവയവമായി മാറിയിരിക്കുകയാണ്.


ഈ അവസരത്തിൽ ഞാൻ എന്‍റെ പരിസരത്ത് കണ്ട കാഴ്ചയാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്. കോയമ്പത്തൂരിൽ താമസിക്കുന്ന ഇടത്തിലൂടെ എന്നും വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ കാണുന്ന മനുഷ്യർ എങ്ങനെ സംവദിക്കുന്നു എന്നു നിരീക്ഷിച്ചപ്പോൾ മനസിലായ കാര്യം ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. പൊതു ഇടത്തിൽ ആളുകൾ മാസ്കിനുള്ളിലൂടെ പരസ്പരം ഒരു ചിരി കൈമാറുന്ന കാഴ്ച മനസ്സിനെ വല്ലാതെ തണുപ്പിച്ചു. അങ്ങനെ നോക്കുമ്പോൾ ചിരിയാണ് ഈ സമയത്ത് കണ്ണുകളിലൂടെ പ്രകടമാകുന്ന ഒരു പ്രധാന വികാരം എന്നു മനസ്സിലാകും. ചിരി സാർവത്രികമായ ഒരു വികാരമാണ്. ചിരിയുടെ ചരിത്രം മനുഷ്യ കുലത്തിന്‍റെ ആകെ ചരിത്രമാണ്. ചിരിയുടെ അർഥതലങ്ങൾ സാമൂഹിക സാംസ്കാരിക വ്യത്യാസങ്ങൾക്കനുസരിച്ച് പലതായിരിക്കും.

ചിരിക്കുന്ന ചുണ്ടുകളും അതിലൂടെ വലിയുന്ന മുഖ പേശികളും മാസ്ക് ധരിച്ചതിനാൽ ദൃശ്യമല്ലെങ്കിലും ചിരിയുടെ എല്ലാ ആഴവും അവരുടെ കണ്ണുകളിൽ പ്രകടമായിരുന്നു. അതിന്‍റെ അർഥവും അതിലൂടെ സാധ്യമായ സംവേദനവും കുറച്ചുകാലത്തെ ശീലം കൊണ്ട് മനസ്സിലാക്കി വരുന്നതാണ്. മാസ്കിനുള്ളിലെ ചിരിയിലൂടെ സാമൂഹിക സംവേദനം സാധ്യമാക്കുക എന്നത് പുതിയ 'നോർമലിൽ' ആളുകൾ സമയമെടുത്ത് ആർജിച്ചെടുത്ത പുതിയൊരു സാമൂഹിക ശീലം ആണ്. ഈ ചിരിയിലൂടെ ആണ് മനുഷ്യർ തമ്മിൽ 'സംസാരം' ഇപ്പോൾ സാധ്യമാകുന്നത്. ഈ സമയത്തെ അതിജീവനം സാധ്യമാക്കുന്നതും ഈ ചിരിയിലൂടെയാണ്. പുതിയ 'നോർമൽ' കാലത്തെ പ്രതീക്ഷയും ഈ ചിരിയിലാണ്.

(ബംഗളൂരു മൗണ്ട്​ കാർമൽ കോളജ്​ സോഷ്യോളജി വകുപ്പിൽ അസിസ്റ്റന്‍റ്​ പ്രഫസറാണ്​ ലേഖിക. ചിത്രങ്ങൾ: ടി.എം. ഷാഹിദ്​)

Tags:    
News Summary - Smile in the time of Corona-A study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.