മാനവികതയിലധിഷ്ഠിതമായ പ്രപഞ്ചവീക്ഷണത്തിലൂന്നിയ ശ്രീനാരായണഗുരുവിന്റെ ജീവിതവും പ്രബോധനങ്ങളും മുമ്പെന്നത്തേക്കാളും പ്രസക്തമാണിന്ന്. ഭാരതീയദർശനം സാർവത്രികതക്ക് ഊന്നലേകിയപ്പോൾ അതിൽ അന്തർലീനമായ സവിശേഷഘടകങ്ങളെ വേണ്ടവിധം പരിഗണിക്കാതെപോയി.
ന്യായമാർഗത്തിൽ അഥവാ വർണാശ്രമധർമവ്യവസ്ഥയിൽ അടിയുറച്ച് നാടുഭരിക്കുന്ന അധികാരിവർഗവും പശുക്കളും ബ്രാഹ്മണരും എന്നും ശുഭമായിരിക്കട്ടെ എന്നതിനുശേഷം മുഴുവൻ ലോകങ്ങൾക്കും സുഖം ആശംസിച്ചപ്പോൾ (ലോകാ സമസ്താ സുഖിനോ ഭവന്തു) അതിന്റെ പരിധിയിൽ ഉൾക്കൊള്ളിക്കപ്പെടാത്തവർ ഒട്ടേറെ ഉണ്ടായി. പൗരോഹിത്യവും അധികാരകേന്ദ്രങ്ങളും പ്രമാണഗ്രന്ഥങ്ങളും ഈ നിലപാടുകൾക്ക് ശക്തമായ പിൻബലമേകി.
വിവിധ കാലയളവിലാവിർഭവിച്ച നവോത്ഥാനനായകർക്കും സാമൂഹികപരിഷ്കർത്താക്കൾക്കും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സഹാനുഭൂതിയും നീതിയും സമൂഹത്തിന്റെ അടിപ്പടവുകളിലെത്തിക്കുന്നതിന് അതികഠിനമായി പരിശ്രമിക്കേണ്ടി വന്നതും അതുകൊണ്ടാണ്.
ഇന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിലാണ് അനാചാരങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കുമെതിരെ മാനവികതയുടെ അടിത്തറയിലൂന്നി പ്രവർത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. കാതലായ പല പ്രശ്നങ്ങളെയും കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതിൽ ആ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു.
മതത്തിന്റെ നിർദിഷ്ട ലക്ഷ്യലക്ഷണങ്ങളിലൊന്നും ഉൾപ്പെടാത്ത സാംസ്കാരിക ജീവിതശൈലിയുടെയും തിരുത്തലുകൾ ആവശ്യപ്പെടുന്ന സാമൂഹികബോധത്തിന്റെയും സമുച്ചയമായിരുന്ന സനാതനധർമത്തെ ഒരു മതമാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ അത് പങ്കാളിയായി.
നിലവിലിരുന്ന ജാതിവിവേചനമെന്നപോലെ മതസ്പർധക്കും അത് ആക്കം കൂട്ടി. പരിഷ്ക്കരണപ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽനിന്ന് നാരായണഗുരു വ്യതിരിക്തനാകുന്നത് ഇവിടെയാണ്. സത്യാനുഭൂതിയെ തർക്കവിതർക്കങ്ങളിലൂടെ, പ്രതിമല്ലനിർമിതിയിലൂടെ, ഇതരപക്ഷഖണ്ഡനത്തിലൂടെ ദിഗ്വിജയങ്ങളാക്കി തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കാനായിരുന്നു വിവിധ പ്രസ്ഥാനങ്ങളിൽപ്പെട്ടവർ മുൻകാലങ്ങളിൽ പരിശ്രമിച്ചുകൊണ്ടിരുന്നത്.
അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായി സത്യത്തിന്റെ സാധുതയെ പ്രവർത്തനനിരതമാക്കാനാകാത്ത ഇടം ഈ പ്രപഞ്ചത്തിലില്ലെന്ന് സ്വജീവിതംകൊണ്ട് മാനവരാശിയെ ബോധ്യപ്പെടുത്തി എന്നതാണ് ഗുരുദേവന്റെ സവിശേഷത.
ജന്മത്തിന്റെയും കർമത്തിന്റെയും അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്ന ചാതുർവർണ്യമാണ് പിൽക്കാലത്ത് ജാതിവ്യവസ്ഥയായി മാറിയത്. അസ്ഥിരവും ചഞ്ചലവും പരിവർത്തനനിരതവുമായ ഗുണഘടനയുടെ അടിസ്ഥാനത്തിലുള്ള വർണഭേദം തികച്ചും അശാസ്ത്രീയമാണെന്ന് ഗുരു സ്ഥാപിച്ചു.
സകലവിവേചനങ്ങളെയും പിഴുതെറിയാൻ ആഹ്വാനം ചെയ്ത ഗുരു മേൽ/കീഴ് വ്യത്യാസങ്ങളുള്ള ജാതിവ്യവസ്ഥ പിഴുതെറിയണമെങ്കിൽ അതിന് അടിയാധാരമായ വർണനിർദിഷ്ട ഗുണഘടനയെ നിരാകരിക്കണമെന്ന് തിരിച്ചറിഞ്ഞു. പിന്നെ വർണത്തിനോ ജാതീയതക്കോ മറ്റു വേർതിരിവുകൾക്കോ ഒരടിസ്ഥാനവുമുണ്ടാകില്ല.
പ്രഭാഷണശിബിരങ്ങളിലൂടെയും വിചാരസത്രങ്ങളിലൂടെയും ഇന്നും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന അനാദിയായ വർണസങ്കൽപങ്ങളെല്ലാം നിരാകരിക്കപ്പെടും.
ഒരു ജാതി...., ഗോക്കൾക്ക് ഗോത്വമെന്നതുപോലെ മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി, പുണർന്നു പെറുമെല്ലാമൊരിനം, മനുഷ്യജാതിയിൽപ്പെട്ടവനെന്ന് ശരീരത്തിന്റെ ആകൃതി വ്യക്തമാക്കിത്തരുന്നതുകൊണ്ട് ഒരാളുടെ ജാതി ചോദിക്കേണ്ട ആവശ്യമില്ല എന്നിങ്ങനെ ജാതിനിർണയം, ജാതിലക്ഷണം തുടങ്ങിയ പ്രബോധനകൃതികളിൽ അവിടന്ന് കുറിച്ചത് ഈ ബോധ്യമുൾക്കൊണ്ടായിരുന്നു. ജാതീയതയെയല്ല, അതിലെ ഉച്ചനീചത്വങ്ങളെയാണ് ഗുരു എതിർത്തത് എന്ന ചിലരുടെ ഗീർവാണം ഈ യാഥാർഥ്യത്തിന് മുഖം തിരിഞ്ഞുനിന്നുകൊണ്ടാണ്.
ദാർശനിക(താത്ത്വിക)മായി നാം ശങ്കരനെ പിന്തുടരുന്നു എന്ന പരാമർശം സൂചിപ്പിക്കുന്നത് പ്രയോഗതലത്തിൽ ശങ്കരന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമുണ്ട് എന്നു തന്നെയാണ്. ബ്രഹ്മസൂത്രങ്ങളിലെ അപശൂദ്രാധികരണം പരാമർശിക്കുമ്പോൾ അവിടെ ശങ്കരന് തെറ്റി എന്നും ഹിന്ദുക്കൾ സ്മൃതി നോക്കി ഭരിക്കുന്നവരാകയാൽ തനിക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നും ജാതീയതയെക്കുറിച്ച് പ്രതിപാദിക്കുന്ന വിവിധ സന്ദർഭങ്ങളിൽ ഗുരുവരുളിയിട്ടുണ്ട്.
പദവിയും സ്ഥാനവുമൊന്നും നോക്കാതെ വർണവിധേയത്വവും ജാതിവിവേചനവും പിൻപറ്റുന്നവരോടെല്ലാമുള്ള അനഭിമതത്വമാണ് ഇവിടെ പ്രകടമാകുന്നത്. അയിത്തക്കാരെന്ന് പറയപ്പെട്ടിരുന്ന കുഞ്ഞുങ്ങളോടൊപ്പം മഹാകവി ഉള്ളൂരിനെ ഒപ്പമിരുത്തി ഒരുമിച്ച് പപ്പടംപൊടിച്ച് ജാതിചിന്തയെക്കൂടി ലക്ഷ്യംവെച്ച് ‘‘പൊടിഞ്ഞോ’’ എന്ന് അന്വേഷിച്ചതും ഇവിടെ സ്മരണീയമാണ്.
‘ജാതിയില്ലാ വിളംബരം’ നടത്തിയതിന് ജാതിമതങ്ങളുടെ കൽത്തുറുങ്കിലടച്ചും പ്രണവമുദ്രണം ചെയ്ത കണ്ണാടി പ്രതിഷ്ഠിച്ചതിന് കണ്ണാടിക്കൂട്ടിലാക്കിയും സത്യാനുഭൂതിയിൽ അചഞ്ചലമായി വർത്തിക്കണമെന്ന് അരുളിയതിന് കോൺക്രീറ്റ് ശിൽപങ്ങളിലൊതുക്കിയും ഒരുഘട്ടത്തിൽ ക്ഷേത്രപ്രതിഷ്ഠകളിൽനിന്ന് പിന്തിരിഞ്ഞതിന് ക്ഷേത്രബിംബങ്ങളിൽത്തന്നെ തളച്ചുറപ്പിച്ചും ഗുരുദർശനങ്ങളിൽ ജീവിക്കേണ്ടുന്ന ബാധ്യതകൾ മറന്ന് ഗുരുദർശനങ്ങളെക്കൊണ്ട് ഉപജീവിച്ചും ഏതാനും ദിവസങ്ങളിൽ മാത്രം ഓർമിച്ചുമെല്ലാം നാം അദ്ദേഹത്തോട് പകരംവീട്ടിക്കൊണ്ടിരിക്കുന്നു!
ഗുരുവിനെ ഹൈന്ദവസന്ന്യാസിയെന്ന് ചിലർ അഭിസംബോധന ചെയ്യുന്നതിലെ വ്യർഥത കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരവധി ക്ഷേത്രങ്ങൾ അവിടന്ന് പ്രതിഷ്ഠിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഒരാലംബനം, കൂട്ടായ്മയുടെ പൊതുവിടം, മനുഷ്യബന്ധങ്ങളുടെ മാതൃകാസ്ഥാനം എന്നതിൽക്കവിഞ്ഞ് അവക്കൊന്നും ആത്യന്തികമായ പ്രാധാന്യമില്ല.
ഒരുഘട്ടത്തിൽ ഇത്തരം പ്രതിഷ്ഠകൾക്കു പകരം പ്രണവചിഹ്നം വരച്ച കണ്ണാടി, കെടാവിളക്ക്, വചനങ്ങൾ എന്നിവയും ഗുരു പ്രതിഷ്ഠിച്ചു. ക്രമേണ പ്രതിഷ്ഠാകർമങ്ങൾ നിർത്തി വിദ്യാലയങ്ങളും വായനശാലകളും വ്യവസായസ്ഥാപനങ്ങളുമാണ് ഇനി വേണ്ടതെന്ന് അവിടന്ന് ഓർമിപ്പിച്ചു. ഇതര മതവിഭാഗത്തിൽപ്പെട്ടവർ ആവശ്യപ്പെടുന്നപക്ഷം അവരുടെ ആരാധനാലയങ്ങളും പ്രതിഷ്ഠിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു.
ഹൈന്ദവർ ഇതരമതങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് ഒരിക്കൽ ഒരു യുവാവ് സംസാരിക്കുന്നതുകേട്ട് ‘‘പ്രസംഗകന്റെ ഹൃദയം ഇടുങ്ങിപ്പോകുന്നു’’ എന്ന് സ്വാമികൾ പറയുകയുണ്ടായി. ‘‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’’ എന്നദ്ദേഹം ഒരിക്കൽ തുറന്നു ചോദിക്കുകയുണ്ടായി.
1916ൽ നടത്തിയ വിളംബരത്തിൽ ജാതിക്കും മതത്തിനും അതീതനാണ് താനെന്ന് സംശയലേശമെന്യേ അവിടന്ന് പ്രഖ്യാപിച്ചു. വൈദികമതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസാ മതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാകേതയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങൾക്ക് എല്ലാം കൂടി ഒരു പൊതുപ്പേര് പറയുന്നത് യുക്തിഹീനമല്ലെങ്കിൽ, മനുഷ്യജാതിക്ക് എല്ലാത്തിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷൽഭേദങ്ങളോടെ ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങളും കൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ഏകമതം എന്നു പറയുന്നതിൽ എന്താണ് യുക്തിഹീനതയുള്ളത് എന്ന് ഗുരു ചോദിക്കുന്നുണ്ട്.
‘പരമേശപവിത്രപുത്ര’നായ ക്രിസ്തുവും ‘കരുണവാനായ മുത്തുനബി’യും ‘അനുകമ്പാദശക’ത്തിൽ പരാമർശിക്കപ്പെടുന്നത് അവിടത്തെ സർവാശ്ലേഷിയായ മതവീക്ഷണത്തിന് അടിവരയിടുന്നു. ഒരു മതത്തിന്റെയും വകതാവല്ല ഗുരുദേവനെന്ന് തെളിയിക്കാൻ ഇതിൽപ്പരം മറ്റൊരു തെളിവും വേണ്ട!!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.