സമൂഹത്തെകുറിച്ച് വിശാല കാഴ്ചപ്പാട്, ഗ്രാമീണ മനസ്സ്, മതേതര മാനവികത, സോഷ്യലിസ്റ്റ് ദർശനം, മണ്ണും വെള്ളവും മരങ്ങളും വരുംതലമുറക്ക് കാത്തുസൂക്ഷിക്കണമെന്ന തിരിച്ചറിവ്, ജാതിക്കും മതത്തിനുമപ്പുറത്ത് മനുഷ്യനാണ് വലുതെന്ന ബോധ്യം, സമത്വബോധം -ഇങ്ങനെ അച്ഛൻ പകർന്ന വെളിച്ചത്തിലാണ് ഞാനും മൂന്നു സഹോദരിമാരും വയനാട്ടിലെ കുടുംബത്തിൽ വളർന്നത്. അമ്മയും അച്ഛനും ചേർന്ന ആശയ സംവാദങ്ങളിലൂടെയാണ് ഞാൻ രൂപപ്പെട്ടത്. പിതാവ് എന്ന അതിരുകൾ വിട്ട്, നല്ല കൂട്ടുകാരൻ എന്ന നിലയിലാണ് അനുഭവം പങ്കുവെക്കാനുള്ളത്. പേരും പ്രശസ്തിയും അച്ഛനൊപ്പം എന്നും ഉണ്ടായിരുന്നു.
വയനാട്ടിലെ ഗ്രാമീണാന്തരീക്ഷത്തിൽ ജനിച്ചു വളർന്നതിനാൽ അച്ഛന് ഗ്രാമീണരോട് അസാധാരണ വൈകാരിക ബന്ധം ഉണ്ടായിരുന്നു. വയനാടൻ കാറ്റും തണുപ്പും സംസ്കാരവും ലോകത്തിെൻറ ഏതുകോണിൽ ചെന്നാലും അദ്ദേഹം എടുത്തുപറയും. കൽപറ്റ പുളിയാർമലയിലെ ഞങ്ങളുടെ തറവാട്ടിൽ കർഷകരും തോട്ടം തൊഴിലാളികളും മറ്റും എന്നും വന്നിരുന്നു.
രാഷ്ട്രീയക്കാരും വരും. എല്ലായ്പോഴും വ്യക്തി ബന്ധങ്ങൾ സൂക്ഷിച്ചു. മക്കളിലും ബന്ധുക്കളിലും മതേതര മനോഭാവം വളർത്തിയെടുക്കാൻ അച്ഛെൻറ ആശയങ്ങൾ സഹായകമായി. ഞാനുൾപ്പെടെ എന്താവണമെന്നും എന്തു പഠിക്കണമെന്നും കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞില്ല. ബിരുദങ്ങളെക്കാൾ വലുത് സഹജീവികളെ മനസ്സിലാക്കുകയാണെന്നും മനുഷ്യനും പ്രകൃതിയും ഇണങ്ങി ജീവിക്കണമെന്നും അച്ഛൻ പഠിപ്പിച്ചു. അച്ഛൻ പഠിച്ച കൽപറ്റയിലെ സാധാരണ സ്കൂളിൽ തന്നെയാണ് എന്നെയും വിട്ടത്. അച്ഛെൻറയും മുത്തച്ഛെൻറയും ഗ്രന്ഥശേഖരങ്ങൾ എനിക്കും പ്രിയപ്പെട്ടതായി. പുസ്തകങ്ങളോടുള്ള മുത്തച്ഛെൻറ (പത്മപ്രഭ ഗൗഡർ) ആഭിമുഖ്യം, സോഷ്യലിസ്റ്റ് കാഴ്ചപ്പാടും മതേതര മാനവികതയും വളർത്തിയതായി അച്ഛൻ പറയുമായിരുന്നു.
പുസ്തകങ്ങളുടെ സമ്പന്നമായ ലോകം, സാധാരണ മനുഷ്യരുമായുള്ള ഇടപഴകലുകൾ, നിരന്തരമായ യാത്രകൾ- ഇവയെല്ലാമാണ് അച്ഛൻ ഉയർത്തിയ ആശയങ്ങളുടെ അടിത്തറ. സാമൂഹിക, രാഷ്ട്രീയകാര്യങ്ങളിൽ അച്ഛനും അമ്മയും ഞാനും സംവദിക്കുകയും തർക്കിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബം, സദാചാരം, സമൂഹം, രാഷ്ട്രീയം, ദർശനങ്ങൾ, വർഗീയതക്കെതിരായ നിലപാടുകൾ -തുടങ്ങി എല്ലാ കാര്യങ്ങളും ചർച്ചകളിൽ കടന്നു വന്നു. എല്ലാം ചേർന്ന ഒരു സംവാദമായിരുന്നു അത്. സ്വതന്ത്രവും ശാസ്ത്രീയവുമായ ചിന്ത വളർത്തുന്നതിൽ ഇതു സഹായിച്ചു. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രധാന്യം പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ആഗോളീകരണ, ഉദാരീകരണ നയങ്ങൾ എങ്ങനെ കർഷകരെയും സാധാരണ മനുഷ്യരെയും ബാധിക്കുമെന്ന് അദ്ദേഹം 1980കളിൽതന്നെ പറഞ്ഞു. ജനങ്ങളിൽ വിഷയത്തിെൻറ ഗൗരവം എത്തിക്കാൻ നിർബന്ധിത സാഹചര്യത്തിലാണ് ‘ഗാട്ടും കാണാച്ചരടുകളും’ എന്ന പുസ്തകം എഴുതിയത്. സാമൂഹിക, രാഷ്ട്രീയ ഇടപെടൽ എന്ന നിലയിലാണ് പിന്നീട് ഓരോ രചനയും നിർവഹിച്ചത്. പ്ലാച്ചിമടയിൽ കോള കമ്പനിക്കെതിരെ ബഹുജന സമരം ഉയർത്തിക്കൊണ്ടു വരുന്നതിലും അതിന് ആഗോളപിന്തുണ ലഭ്യമാക്കുന്നതിലും വീരേന്ദ്രകുമാർ പ്രധാന പങ്കുവഹിച്ചു. ആദ്യം സമരത്തോട് മുഖം തിരിച്ച കോള കമ്പനി തൊഴിലാളികൾ അടക്കം പിന്നീട് സമരത്തിനൊപ്പം ചേർന്നു.
അടിയന്തരാവസ്ഥയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചപ്പോഴും സ്വത്തുക്കൾ കണ്ടുകെട്ടിയപ്പോഴും കണ്ണൂർ ജയിലിൽ അടച്ചപ്പോഴും അദ്ദേഹത്തിെൻറ രാഷ്ട്രീയനിലപാടുകൾ കൂടുതൽ ശക്തമാവുകയായിരുന്നു. മുന്നോട്ടുവെച്ച കാൽ പിന്നോട്ടുവെച്ചതായി കണ്ടിട്ടില്ല.ഞാൻ മുതിർന്നു വരുേമ്പാഴേക്കും ‘മാതൃഭൂമി’ എന്ന സ്ഥാപനെത്ത പ്രതിസന്ധികളിൽ നിന്ന് കരകയറ്റാനും ആധുനികവത്കരിക്കാനും കൃത്യമായ നിഷ്ഠയോടെ മുന്നോട്ടു കൊണ്ടുപോകാനും അച്ഛൻ യത്നിച്ചു. വിശാല മതേതര മാനവികത, സത്യത്തിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾ അദ്ദേഹം മുറുകെപ്പിടിച്ചു.
പത്രസ്വാതന്ത്ര്യത്തെ ജീവശ്വാസം പോലെ കരുതിയ അച്ഛന് ഗാന്ധിജിയുടെ രക്തം വീണ മണ്ണ് സൂക്ഷിക്കുന്ന ഇടമാണ് ‘മാതൃഭൂമി’യെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നു.
കോവിഡ് ലോക്ഡൗൺ കാലം രണ്ടരമാസത്തോളം കോഴിക്കോട്ടെ വീട്ടിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അതിനു മുമ്പ് ഒന്നുകിൽ ആൾക്കൂട്ടത്തിൽ, അല്ലെങ്കിൽ വായനയുടെ ലോകത്ത്, ഇതായിരുന്നു അച്ഛെൻറ ജീവിതം. എന്നാൽ, ലോക്ഡൗണിൽ പൂർണസമയവും ഒരുമിച്ചായിരുന്നു. അത് മറക്കാനാവാത്ത അനുഭവമായി. കഴിഞ്ഞ ദിവസം ഞാൻ എറണാകുളത്താകുേമ്പാൾ ഉച്ച നേരത്ത് അച്ഛൻ വിളിച്ചു ‘ഞാൻ പോവുകയാണ്’ എന്നു പറഞ്ഞു. ഇനിയില്ല. കാര്യങ്ങൾ എല്ലാം കുഴപ്പമില്ലാതെ എത്തിച്ചിട്ടുണ്ട്. മക്കൾ പ്രാപ്തരാണ്. ഖേദമില്ല. തൃപ്തനായി പോവുകയാണ്’. മരണം തൊട്ടടുത്ത് എത്തിയത് അച്ഛൻ അറിഞ്ഞിരുന്നു. അപ്പോൾ പിെന്ന ഒന്നും സംസാരിച്ചില്ല. ഇപ്പോൾ എന്തേ ഇങ്ങനെ പറയാൻ? ചോദിച്ചില്ല. േഫാൺ കട്ടായി...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.