സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ തൊഴിലാളികൾ ഏപ്രിൽ രണ്ടിന് പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇൻഡസ്ട്രിയൽ എംപ്ലോയ്െമൻറ്് സ്റ്റാൻഡിങ് ഓർഡേഴ്സ് ആക്ട് 1946െൻറ ചട്ടങ്ങളിൽ ഭേദഗതി ചെയ്തു കേന്ദ്രസർക്കാറിെൻറ വിജ്ഞാപനം പുറത്തിറങ്ങിയത് മാർച്ച് 16നാണ്. പുതിയ ചട്ടം തൊഴിലാളികളെ തരംതിരിച്ചിരിക്കുന്നത് സ്ഥിരം, പ്രബേഷനൽ, ബദലി, താൽക്കാലികം, കാഷ്വൽ, അപ്രൻറിസ്, ഫിക്സഡ് ടേം എംപ്ലോയ്മെൻറ് എന്ന വിധത്തിലാണ്. ഫിക്സഡ് ടേം എംപ്ലോയ്െമൻറ് –ഒരു നിശ്ചിതകാലത്തേക്കുമാത്രം തൊഴിലാളികളെ നിയമിക്കൽ– എന്നത് എല്ലാ വ്യവസായങ്ങളിലും ഒരു സമ്പ്രദായമായി മാറുന്നതാണ്. നിശ്ചിത കാലയളവിലേക്ക് നിയമിക്കപ്പെടുന്ന തൊഴിലാളികൾക്ക് ആ വ്യവസായങ്ങളിലെ സ്ഥിരം തൊഴിലാളികളുടെ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് ഒരിക്കലും യാഥാർഥ്യമാവില്ല. നിശ്ചിതകാല തൊഴിലാളിയുടെ നിയമന കാലാവധി അവസാനിച്ചാൽ, നോട്ടീസ് പോലും നൽകാതെ അവരുടെ സേവനകാലം അവസാനിച്ചതായി കണക്കാക്കും. രണ്ടാഴ്ചത്തെ അവധിവെച്ച് നോട്ടീസ് നൽകിയാൽ ഈ തൊഴിലാളികളെ പിരിച്ചുവിടാൻ മാനേജ്മെൻറുകൾക്ക് അവകാശമുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ തൊഴിലുടമക്ക് താൽപര്യമുള്ള കാലം മാത്രം ജോലിലഭിക്കുന്ന ഒരു വിഭാഗമായിരിക്കും ‘നിശ്ചിതകാല തൊഴിലാളികൾ’. ഒരു തൊഴിലാളിക്ക് ഒരു വ്യവസായത്തിൽ സ്ഥിരം ജോലിയാണെങ്കിൽ 58–60 വയസ്സു വരെ ജോലിചെയ്യാൻ സാധിക്കും. വാർഷിക ഇൻക്രിമെൻറ്, കരാർ പ്രകാരമുള്ള ശമ്പള വർധന, ലീവ് ആനുകൂല്യങ്ങൾ, സാമൂഹികസുരക്ഷ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ, ഗ്രാറ്റ്വിറ്റി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സ്ഥിരം തൊഴിലാളികൾക്ക് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്നാൽ, തൊഴിലാളി സംഘടന ശക്തിയായി പ്രവർത്തിക്കുന്ന വ്യവസായങ്ങളിൽമാത്രമാണ് തൊഴിലാളികൾക്ക് മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നിശ്ചിതകാല തൊഴിലാളികൾക്ക് എങ്ങനെ ഈ ആനുകൂല്യങ്ങൾ ലഭിക്കും; അവർ സംഘടന രൂവത്കരിക്കാൻ ശ്രമിച്ചാൽ അവരെ പിരിച്ചുവിടാൻ തൊഴിലുടമക്ക് സാധിക്കും. മാനേജ്മെൻറുകൾ നൽകുന്ന തുച്ഛമായ വേതനമായിരിക്കും അവർക്ക് ലഭിക്കുക.
കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചതിന് സമാനമായ ഒരു വിജ്ഞാപനം 2003 ഡിസംബർ 10ന് വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ബി.ജെ.പി സർക്കാർ ഇറക്കിയിരുന്നു. അതിനെ തൊഴിലാളി സംഘടനകൾ ശക്തിയായെതിർത്തു. തൊഴിലാളികളുടെ എതിർപ്പിനെ വാജ്പേയി സർക്കാർ തെല്ലും മാനിച്ചില്ല. എന്നാൽ, േട്രഡ് യൂനിയനുകൾ തുടർച്ചയായി എതിർപ്പ് പ്രകടിപ്പിക്കുകയും പ്രക്ഷോഭമുയർത്തുകയും ചെയ്ത സാഹചര്യത്തിൽ 2004ൽ ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ സർക്കാർ 2007ൽ ബി.ജെ.പി സർക്കാറിെൻറ വിജ്ഞാപനം റദ്ദ് ചെയ്തു. കോർപറേറ്റുകളുടെ സഹായത്താൽ അധികാരമേറിയ മോദിസർക്കാർ 2015 ഏപ്രിൽ 29ന് ‘നിശ്ചിതകാല തൊഴിൽ‘ നടപ്പാക്കാനുള്ള വിജ്ഞാപനം വീണ്ടും ഇറക്കി. ഇതിനെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ ശബ്്ദമുയർത്തുകയും 2015 സെപ്റ്റംബർ രണ്ടിന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുകയും ചെയ്തതിനാൽ പ്രസ്തുത വിജ്ഞാപനം നടപ്പാക്കിയില്ല. എന്നാൽ, 2016 ഒക്ടോബർ ഏഴിന് വസ്ത്ര ഉൽപാദന വ്യവസായങ്ങളിൽ നിശ്ചിതകാല തൊഴിൽ ബാധകമാക്കി സർക്കാർ സ്റ്റാൻഡിങ് ഓർഡർ നിയമത്തിെൻറ ചട്ടങ്ങൾ ഭേദഗതിചെയ്തു. തൊഴിലാളി സംഘടനകൾ ഉയർത്തിയ പ്രതിഷേധം വകവെക്കാതെയാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചത്. വസ്ത്ര ഉൽപാദന വ്യവസായങ്ങൾ, സീസണൽ വ്യവസായങ്ങളായതുകൊണ്ടാണ് അവർക്ക് താൽക്കാലികമായി നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകുന്ന നിയമഭേദഗതി കൊണ്ടുവന്നത് എന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ ന്യായീകരണം. 2016ൽ അപ്പാരൽ (വസ്ത്ര നിർമാണം) വ്യവസായങ്ങളിൽമാത്രം എന്ന് വ്യവസ്ഥചെയ്തിരുന്ന നിശ്ചിതകാല തൊഴിൽ, ഇപ്പോൾ എല്ലാ വ്യവസായങ്ങളിലും നടപ്പാക്കാൻ പുതിയ ഭേദഗതി അനുമതി നൽകുന്നു.
2018 ജനുവരി എട്ടിനാണ് കേന്ദ്രസർക്കാർ സ്റ്റാൻഡിങ് ഓർഡർ നിയമത്തിെൻറ ചട്ടങ്ങളുടെ ഭേദഗതികൾക്കുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. തൊഴിലാളി സംഘടനകളുമായി ഒരു ചർച്ചയും നടത്താതെ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിനെ എതിർത്തുകൊണ്ട് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി. കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ വ്യവസ്ഥകളോട് എതിർപ്പുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ അവസരമുണ്ടായിരുന്നു. നിരവധി സംഘടനകൾ കരട് വിജ്ഞാപനത്തെ എതിർത്ത് കത്തുകൾ എഴുതി. ഈ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളി സംഘടനകൾ, തൊഴിലുടമകൾ, സർക്കാർ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഫെബ്രുവരി 15ന് സർക്കാർ വിളിച്ചുചേർത്തു. ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.എം.എസ് ഒഴികെയുള്ള 10 ദേശീയ േട്രഡ് യൂനിയനുകൾ, സർക്കാറിെൻറ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥയോട് എതിർപ്പ് പ്രകടിപ്പിക്കുന്ന, എല്ലാവരും ഒപ്പിട്ട കത്ത് മന്ത്രിക്ക് നൽകി. യോഗം പ്രഹസനമാക്കി മാറ്റിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് േട്രഡ് യൂനിയൻ നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
ബംഗളൂരുവിലെ വസ്ത്ര ഉൽപാദന വ്യവസായ മേഖലയിലാണ് ആദ്യമായി ‘നിശ്ചിതകാല തൊഴിൽ’ സമ്പ്രദായം നടപ്പാക്കിയത്. നിശ്ചിതകാല തൊഴിൽ, പ്രോവിഡൻറ് ഫണ്ട് എന്നീ പ്രശ്നങ്ങളുയർത്തി തൊഴിലാളികൾ –മുഖ്യമായും സ്ത്രീത്തൊഴിലാളികൾ– വമ്പിച്ച സമരം നടത്തി. വസ്ത്ര ഉൽപാദനം, ഫൂട്വെയർ വ്യവസായം എന്നിവ സീസണൽ വ്യവസായങ്ങളായതിനാലാണ് നിശ്ചിതകാല തൊഴിൽവ്യവസ്ഥ നടപ്പാക്കുന്നതെന്നായിരുന്നു സർക്കാറിെൻറ ന്യായീകരണം. ഈ വ്യവസായങ്ങൾ അസംഘടിത സ്വഭാവത്തിലുള്ളതാണെന്നും തൊഴിലാളികളെ നിയമിച്ചത് താൽക്കാലിക അടിസ്ഥാനത്തിലാണെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, ഇപ്പോൾ സർക്കാർ സംഘടിത മേഖലയടക്കം എല്ലാ വ്യവസായങ്ങളിലേക്കും ‘നിശ്ചിതകാല തൊഴിൽ’ വ്യാപിപ്പിച്ച് ഉത്തരവിറക്കി.
പുതിയ വ്യവസ്ഥ നിലവിൽവന്നാൽ, മേലിൽ ഏത് വ്യവസായങ്ങളിലും തൊഴിലാളികളെ സ്ഥിരം ജോലിക്കാരായി നിയമിക്കുന്നതിന് പകരം, നിശ്ചിതകാലത്തേക്ക് –രണ്ടോ മൂന്നോ വർഷത്തേക്ക്– നിയമിക്കാം. ഒരു തൊഴിലാളി, റിട്ടയർമെൻറ് പ്രായത്തിനിടയിൽ അഞ്ചോ ആറോ തൊഴിലുടമക്ക് കീഴിൽ ജോലിചെയ്യാൻ നിർബന്ധിതനാകും. താൽക്കാലികമായി ഒരു നിശ്ചിതകാലത്തേക്ക് നിയമിതനാവുന്ന ഒരാൾക്ക് അതവസാനിച്ചാൽ ഭാവിയെന്ത് എന്ന ആശങ്കയോടെ ജീവിക്കേണ്ടിവരും.
മോദിസർക്കാർ അധികാരമേറ്റതു മുതൽ അന്തർദേശീയ ധനമൂലധന ശക്തികളും ഇന്ത്യൻ കോർപറേറ്റുകളും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് മുന്നോട്ടുനീങ്ങുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ, തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു. എല്ലാ പ്രധാന തൊഴിൽ നിയമങ്ങളും തൊഴിലുടമകൾക്ക് അനുകൂലമായി ഭേദഗതി ചെയ്തു. നിയമങ്ങൾക്ക് പകരം, ലേബർ കോഡ് ഉണ്ടാക്കാനാണ് ശ്രമം. തൊഴിലാളികൾക്ക് േട്രഡ് യൂനിയൻ രൂപവത്കരിക്കാൻപോലും സ്വാതന്ത്ര്യം നൽകുന്നില്ല. ഇപ്പോൾ സ്ഥിരം ജോലിയും ഇല്ലാതാക്കി. ഇന്ത്യൻ തൊഴിൽ മേഖല 18ാം നൂറ്റാണ്ടിലെ തൊഴിൽ സാഹചര്യത്തിലേക്കാണ് വലിച്ചെറിയപ്പെട്ടത്. ഈ തൊഴിലാളിവിരുദ്ധ നയങ്ങളെ കൈയും കെട്ടി നോക്കിനിൽക്കാനാവില്ല. സർവശക്തിയുമുപയോഗിച്ച് കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ നയങ്ങളെ ചെറുക്കണം. ഏപ്രിൽ രണ്ടിെൻറ പണിമുടക്കിൽ കേരളത്തിൽ തൊഴിൽ ചെയ്യുന്ന എല്ലാവരും അണിചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.