അമേരിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചുപോരുന്ന ആരോൺ ബുഷ്നെൽ എന്ന 25കാരൻ ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്റെ തലസ്ഥാന നഗരിയായ വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്കുമുന്നിൽ സ്വയംതീകൊളുത്തി. ഇസ്രായേൽ സൈന്യം അമേരിക്കയുടെ പിന്തുണയോടെ ഗസ്സ മുനമ്പിൽ നടത്തിപ്പോരുന്ന കൂട്ടക്കശാപ്പിനെതിരെ ഒരു സൈനികന്റെ ഒറ്റയാൾ കലാപമായി വേണം അതിനെ കാണാൻ.
143 ദിവസംകൊണ്ട് മുപ്പതിനായിരത്തോളം ഫലസ്തീനികളെയാണ് ഇസ്രായേൽ അവിടെ കൊലപ്പെടുത്തിയിരിക്കുന്നത്. ‘ഈ വംശഹത്യയിൽ ഇനിയും പങ്കാളിയാവാൻ താനില്ലെ’ന്നും ‘തീവ്രമായ, അതേ സമയം അധിനിവേശകരിൽനിന്ന് ഫലസ്തീനികൾ നേരിടുന്നത് വെച്ചുനോക്കുമ്പോൾ ഒട്ടും തീവ്രമല്ലാത്തതുമായ ഒരു പ്രതിഷേധത്തിൽ ഏർപ്പെടുകയാണെന്നുമാണ് സ്വയം തീ കൊളുത്തുന്നതിനുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിൽ ബുഷ്നെൽ പ്രസ്താവിക്കുന്നത്.
1948ൽ ഫലസ്തീൻ ഭൂമി മാരകമാംവിധം പിടിച്ചെടുക്കാൻ ഇസ്രായേൽ ഭരണകൂടം ആരംഭിച്ച കാലം മുതൽ ഇസ്രായേലി ആയുധങ്ങളാൽ ചുട്ടുചാമ്പലാക്കപ്പെടുന്നു ഫലസ്തീനികൾ. തൊലി തന്നെ ദഹിപ്പിച്ചില്ലാതാക്കുന്ന വെളുത്ത ഫോസ്ഫറസ് ഉൾപ്പെടെയുള്ള ആയുധങ്ങൾ സമീപ വർഷങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫലസ്തീനികൾ അനുഭവിക്കേണ്ടിവരുന്ന പൊള്ളലുകൾ സകലസീമകളും കടന്നിരിക്കുന്നു.
ഫലസ്തീനികളുടെ വംശഹത്യയിലെ പങ്കാളിത്തത്തെ ‘നമ്മുടെ ഭരണവർഗം സാമാന്യവത്കരിച്ചിരിക്കുന്നു’ എന്ന് കൃത്യമായി നിരീക്ഷിച്ച ബുഷ്നെൽ നേരിട്ട് ഇസ്രായേലി എംബസി ഗേറ്റിന് മുന്നിലെത്തി കത്തിപ്പിടിക്കുന്ന ഒരു ദ്രാവകം ശരീരമാസകലം ഒഴിക്കുകയായിരുന്നു. സ്വയം എരിഞ്ഞടങ്ങവേ ‘‘ഫ്രീ ഫലസ്തീൻ’’ എന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞു അദ്ദേഹം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെടാൻ വിളിച്ചുപറയവേ മറ്റൊരാൾ എരിയുന്ന തീക്കുനേരെ തോക്കുചൂണ്ടി നിന്നു.
സംഭവശേഷം ദ ന്യൂയോർക്ക് ടൈംസ് പ്രഖ്യാപിച്ചു: ‘‘വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്കുസമീപം സ്വയം തീകൊളുത്തിയ ആൾ മരിച്ചുവെന്ന് പൊലീസ് പറയുന്നു’’ - സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി നേർപ്പിച്ചെടുത്ത തലക്കെട്ടുകൾക്കുള്ള മത്സരത്തിന് പറ്റിയ ഒന്നാന്തരം ഇനം.
1965ൽ വിയറ്റ്നാം യുദ്ധത്തോടുള്ള എതിർപ്പ് പ്രഖ്യാപിക്കാൻ ആലീസ് ഹെർസ് എന്ന സ്ത്രീ സ്വയം തീ കൊളുത്തി മരിച്ച സംഭവത്തെക്കുറിച്ച് ‘സ്വയം തീ കൊളുത്തിയ ഡിട്രോയിറ്റിൽ നിന്നുള്ള വയോധിക മരിച്ചെന്ന് പൊലീസ്’ എന്ന് പത്രം തലക്കെട്ട് നൽകിയിരുന്നെങ്കിൽ എന്തു പറയുമായിരുന്നു?
വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട സ്വയം എരിഞ്ഞടങ്ങലുകളെക്കുറിച്ച് പറയുമ്പോൾ, 1963ൽ തെക്കൻ വിയറ്റ്നാമിലെ സൈഗോണിൽ വിയറ്റ്നമീസ് സന്യാസി തിച്ച്ക്വാങ് ഡക്ക് മരിച്ചതിനെക്കുറിച്ച് പ്രശസ്ത യു.എസ് ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ ഡേവിഡ് ഹാൽബെർസ്റ്റാം വിവരിച്ചത് ഓർക്കുക: “ആ മനുഷ്യനിൽനിന്ന് തീജ്വാലകൾ ഉയർന്നു; ആ ശരീരം പതുക്കെ വാടുകയും ചുരുങ്ങുകയും ചെയ്തു, അദ്ദേഹത്തിന്റെ തല ഇരുണ്ട് കരിഞ്ഞുപോവുകയും ചെയ്തു.
വായുവിന് കത്തുന്ന മാംസത്തിന്റെ ഗന്ധമായിരുന്നു; കരയുവാൻ പോലും കഴിയാത്തവിധം നടുങ്ങിപ്പോയിരുന്നു ഞാൻ’’. അത്തരം ആത്മഹത്യകൾ ആരെയും അമ്പരപ്പിക്കുമെന്നതിൽ സംശയമില്ലെങ്കിൽ, വംശഹത്യ കൂടുതൽ ഭയാനകമായിരിക്കണം; ബുഷ്നെൽ തന്നെ പറഞ്ഞതുപോലെ, ‘‘ഫലസ്തീനിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ’’ സ്വയം തീകൊളുത്തൽ ഒന്നുമല്ല.
ബുഷ്നെലിന്റെ സംഭവത്തിൽ, യുഎസ് രാഷ്ട്രീയ-മാധ്യമ വ്യവസ്ഥ സന്ദർഭത്തെ തമസ്കരിക്കാൻ മാത്രമല്ല, മരണാനന്തരം അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനും പരമാവധി ശ്രമിക്കുന്നതായി തോന്നുന്നു. യു.എസ് പ്രതിരോധ വകുപ്പിന്റെ നയപ്രകാരം, ഡ്യൂട്ടിയിലുള്ള സേനാ അംഗങ്ങൾ പക്ഷംപിടിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്ന് ഓർമിപ്പിക്കുന്നു ടൈം മാഗസിനിൽ വന്ന കുറിപ്പ്. അപ്പോൾ വംശഹത്യയെ സർവാത്മനാ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പക്ഷം ചേരൽ അല്ലേ?
യു.എസ് സൈനിക ചട്ടങ്ങൾ പ്രകാരം ‘അനൗദ്യോഗിക പൊതു പ്രസംഗങ്ങൾ, അഭിമുഖങ്ങൾ’ എന്നിവയിലൊക്കെ സൈനിക യൂനിഫോം ധരിക്കുന്നതിന് വിലക്കുണ്ട് എന്നും മാഗസിൻ ഓർമപ്പെടുത്തുന്നു. ഒരുപക്ഷേ ബുഷ്നെലിന്റെ ഭസ്മത്തെ സൈനിക കോടതി വിചാരണ ചെയ്യുമായിരിക്കാം.
ടൈം ലേഖനത്തിന്റെ ചുവട്ടിൽ വായനക്കാർക്കായി ഇങ്ങനെയൊരു നിർദേശവും നൽകിയിരിക്കുന്നു: നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ ഏതെങ്കിലും മാനസിക-ആരോഗ്യ പ്രതിസന്ധി നേരിടുന്നുവെങ്കിൽ/ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നുവെങ്കിൽ 988 എന്ന നമ്പറിൽ വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുക - മാനസിക സമാധാനം അങ്ങേയറ്റം കെടുത്തിക്കളയുന്ന ഒരു രാഷ്ട്രീയ യാഥാർഥ്യത്തിനെതിരായ ധിക്കാരപരമായ പ്രതികരണം നടത്തിയ ബുഷ്നെൽ വെറുമൊരു ‘മാനസിക-ആരോഗ്യ പ്രതിസന്ധി’ക്കാരൻ മാത്രമായിരുന്നുവെന്നാണ് ഇതുവഴി സ്ഥാപിക്കാൻ നോക്കുന്നത്.
യു.എസ് പിന്തുണയോടെ ഗസ്സയിൽ നടക്കുന്ന വംശഹത്യയിൽ ഗുരുതര ‘‘മാനസിക-ആരോഗ്യ പ്രതിസന്ധി’’ അനുഭവിക്കാത്ത ഏതൊരാളെയും മാനസിക അസ്വസ്ഥതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
അമേരിക്ക തദ്ദേശീയരായ അമേരിക്കക്കാർക്കെതിരെ സ്വന്തം വംശഹത്യയും നടത്തിയിട്ടുണ്ട് - അതിനെ കൂട്ടായ തീവ്രമാനസിക വിഭ്രാന്തിയെന്നോ അത്തരത്തിലെ മറ്റെന്തെങ്കിലും രോഗമെന്നോ പറഞ്ഞുകൂടല്ലോ. ഔദ്യോഗിക ആഖ്യാനമനുസരിച്ച്, അമേരിക്കക്കോ അവരുടെ കുറ്റപങ്കാളിയായ ഇസ്രായേലിനോ വംശഹത്യാ ഭ്രാന്താണ് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണ്.
യു.എസ് വ്യോമസേനയിലെ വരിഷ്ഠ അംഗങ്ങളുടെ കുടുംബത്തിൽനിന്ന് വരുന്ന എന്റെ രണ്ട് മുത്തച്ഛന്മാരും വിയറ്റ്നാം കൂട്ടക്കൊലയിൽ പങ്കെടുത്തിട്ടുണ്ട്-സാമ്രാജ്യത്വത്തിന്റെ ആരാച്ചാർപ്പണി ചെയ്തതിനെത്തുടർന്നുണ്ടാവുന്ന മാനസിക തകർച്ചക്ക് ഞാൻ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. കൊലയാളി യന്ത്രത്തിലെ ഒരു പൽചക്രമാവാനാണ് ആരോൺ ബുഷ്നെൽ നിയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ, തന്റെ ആദർശത്തിന് അദ്ദേഹം ജീവൻകൊണ്ട് വില നൽകി.
ടെക്സാസിലെ സാൻ അന്റോണിയോയിൽ വീടില്ലാത്ത ആളുകളെ സഹായിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച മുൻ സഹപ്രവർത്തകൻ പറഞ്ഞത്, ‘‘എനിക്കറിയാവുന്നതിൽവെച്ച് ഏറ്റവും ആദർശശാലിയായ സഖാക്കളിൽ ഒരാളായിരുന്നു ബുഷ്നെൽ’’ എന്നാണ്. അധികാര കേന്ദ്രങ്ങളെ നോക്കി സത്യം പറയുമെന്ന് കരുതപ്പെടുന്നവരാണ് മാധ്യമ പ്രവർത്തകർ എന്നതിനാൽ, ബുഷ്നെൽ പാശ്ചാത്യ കോർപറേറ്റ് മാധ്യമങ്ങളെ നാണംകെടുത്തി എന്നുപറഞ്ഞാൽ മതിയാകും.
റെസ്റ്റ് ഇൻ പവർ ആരോൺ ബുഷ്നെൽ.
(നിരവധി ശ്രദ്ധേയ കൃതികളുടെ രചയിതാവും ജെകോബിൻ മാഗസിൻ കോൺട്രിബ്യൂട്ടിങ് എഡിറ്ററുമായ ലേഖിക അൽ ജസീറയിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.