നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾക്കു പുറമെ, ബി.ജെ.പി ഒരു പടികൂടി മുന്നോട്ട് കടന്നിരിക്കുന്നു. ഭീകര കേസിൽ കുറ്റാരോപണമുള്ള സാധ്വി പ്രജ്ഞ സിങ്ങിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാക്കിയിരിക്കുകയാണ്. മാലേഗാവ് ഭീകരാക്രമണ കേസിൽ ഇനിയും കുറ്റമുക്തയായിട്ടില്ലാത്ത അവരെയാണ് കേന്ദ്രം ഭരിക്കുന്ന കക്ഷി രാജ്യത്തിെൻറ ഭാവി ഭാഗധേയം നിർണയിക്കാൻ പ്രാപ്തിയുള്ള നേതാവായി മുന്നോട്ടുവെക്കുന്നത്. ഒരുപക്ഷേ, നമ്മെ ഭയപ്പെടുത്താനായിരിക്കും ഇൗ തീരുമാനം.
അപകടകരമായ ജൽപനങ്ങളാണ് പ്രജ്ഞ ഇൗയിടെയായി നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത പ്രതിലോമ കൃത്യത്തെ അവർ മഹത്ത്വവത്കരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനെതിരായ നടപടിക്കിെട കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ എ.ടി.എസ് മേധാവി ഹേമന്ത് കർക്കരെക്കെതിരെ പ്രജ്ഞ ചൊരിഞ്ഞ ശാപവാക്കുകൾ എങ്ങനെ മറക്കാനാവും. എന്നിട്ടും അവർ സ്ഥാനാർഥിയായി വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും പരിണതി?
സാധ്വി പ്രജ്ഞയെ കെട്ടിയെഴുന്നള്ളിക്കുന്നവർ മുൻ മഹാരാഷ്ട്ര പൊലീസ് െഎ.ജി എസ്.എം. മുശ്രിഫ് എഴുതിയ ‘ബ്രാഹ്മണിസ്റ്റ്സ് ബോംബ്ഡ്, മുസ്ലിംസ് ഹാങ്ഡ്’ എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. രാജ്യത്ത് വലതുപക്ഷ ഭീകരത പിടിമുറുക്കിയതിെൻറ നേർസാക്ഷ്യം ഇൗ കൃതിയിലുണ്ട്. പുസ്തകത്തിെൻറ പ്രസാധകരെ ഉദ്ധരിച്ച് കുറിക്കെട്ട:
‘‘2002 മുതൽ കാവിഭീകരർ നടത്തിയ തീവ്രവാദ ആക്രമണങ്ങളിലെല്ലാം ഏജൻസികൾ പിടികൂടുന്നത് മുസ്ലിംകളെയാണ്. ആർ.എസ്.എസ്, അഭിനവ് ഭാരത്, ബജ്റംഗ്ദൾ, ജയ് വന്ദേമാതരം തുടങ്ങിയ സംഘടനകൾ നടത്തിയ ഭീകരാക്രമണങ്ങളിൽ അന്വേഷണ ഏജൻസികൾ യഥാർഥ പ്രതികളെ സർക്കാർ ഉദ്യോഗസ്ഥരുടെയും കാവിഭക്തിയുള്ള മാധ്യമ പ്രവർത്തകരുടെയും ഒത്താശയോടെ വെള്ളപൂശി നിരപരാധികളായ മുസ്ലിംകളെ കുടുക്കിയിരിക്കുകയാണ്.’’
മുംബൈ ട്രെയിനുകളിലെ സ്ഫോടന പരമ്പര ജർമൻ ബേക്കറിയിലെയും ഹൈദരാബാദ് ദിൽസുഖ് നഗറിലെയും സ്ഫോടനങ്ങൾ പർഭാനി മുഹമ്മദിയ മസ്ജിദ്, മക്ക മസ്ജിദ് സ്ഫോടനങ്ങളെ കേന്ദ്രീകരിച്ചാണ് മുശ്രിഫിെൻറ രചന. സുപ്രധാന തെളിവുകൾ തള്ളിക്കളഞ്ഞും ദൃക്സാക്ഷികളെ കോടതിയിൽ ഹാജരാക്കാതെയുമാണ് ഇതിെൻറ അന്വേഷണങ്ങൾ നടന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട് ദീർഘകാലം ജയിലിൽ കഴിഞ്ഞ് ഒടുവിൽ കുറ്റവിമുക്തമാക്കപ്പെട്ട നിരപരാധികളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഇവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ലെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. മുശ്രിഫ് നേരത്തേ എഴുതിയ ‘ഹു കിൽഡ് കർക്കരെ’? , ‘26/11 വൈ ജുഡീഷ്യറി ആൾസോ ഫെയിൽഡ്?’ എന്നീ കൃതികളും വലതുപക്ഷ ഭീകരതയെക്കുറിച്ചുള്ളതാണ്.
സാദത്ത് ഹസൻ മൻതോയുടെ ജന്മദിനം
1955ൽ അന്തരിച്ച ഇന്ത്യ - പാക് എഴുത്തുകാരൻ സാദത്ത് ഹസൻ മൻതോയുടെ ജന്മദിനമാണ് മേയ് 11. അദ്ദേഹത്തിെൻറ ചെറുകഥകൾ കുട്ടിക്കാലം മുതൽ തന്നെ വായിച്ചിരുന്നു. മൻതോയുടെ കഠിനമായ ജീവിതവ്യഥ അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹത്തിെൻറ ജീവിതത്തിലെ വൈരുധ്യങ്ങൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവും പിതാവുമൊക്കെയായി ചിത്രീകരിക്കപ്പെടുേമ്പാഴും അദ്ദേഹം വേശ്യാലയം സന്ദർശിക്കുന്ന കഥകളുമുണ്ട്.
മൻതോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് 2005ൽ മൻതോയുടെ ചെറു മരുമകൻ ആബിദ് ഹസൻ മിൻതോയുമായി അഭിമുഖം നടത്തിയപ്പോഴാണ്. മിൻതോയും അറിയപ്പെടുന്ന എഴുത്തുകാരനും വിമർശകനുമാണ്. അഭിമുഖത്തിെൻറ തുടക്കത്തിൽതന്നെ, രണ്ടു പേരുടെയും പേരുകളിലെ വ്യത്യാസത്തെക്കുറിച്ച് - സാദത്ത് ഹസൻ മൻതോ, ആബിദ് ഹസൻ മിൻതോ- ചോദിച്ചറിഞ്ഞു. കശ്മീരി കുടുംബപ്പേരായ മൻതോ എന്നത് ആബിദ് ഹസെൻറ പിതാവ് എടുത്തു കളയുകയായിരുന്നുവത്രെ. പിന്നീട് അൽപം വ്യത്യാസത്തോടെ തെൻറ പേരിെൻറ കൂടെ ആബിദ് ഹസൻ കൂട്ടിച്ചേർക്കുകയും ചെയ്തു. മൻതോയുടെ ദുർബലമായ മനസികാവസ്ഥയെക്കുറിച്ചും വേശ്യകളുമായി സൗഹൃദം സൂക്ഷിച്ചതുമെല്ലാം ചെറുമരുമകൻ വിവരിച്ചു.
മാനസിക ദൗർബല്യമുണ്ടായിരുന്നില്ലെന്നാണ് ആബിദ് ഹസൻ പറഞ്ഞത്. മൻതോ മദ്യപനയായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. മൻതോയെ വേശ്യകളുമായി ചേർത്തുപറയുന്നതിനെക്കുറിച്ചും ആബിദ് ഹസൻ വാചാലനായി. ഭാര്യയെ അഗാധമായി സ്നേഹിച്ചിരുന്ന മൻതോ ജീവിതാവസാനം വരെ സന്തുഷ്ട കുടുംബജീവിതമാണ് നയിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് മുംബൈയിൽ താമസിച്ചിരുന്ന വേളയിൽ എല്ലാ വിഭാഗക്കാരുമായും ഇടപഴകിയിരുന്നു.
പ്രത്യേകിച്ചും സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി. ഇതായിരിക്കാം ഇത്തരം കഥകളുടെ ഉറവിടമെന്ന് ആബിദ് ഹസൻ പറയുന്നു. മദ്യപാനത്തിെൻറ ഫലമായി വന്ന രോഗമൊഴികെ മറ്റൊരു മാനസിക പ്രശ്നവും മൻതോക്ക് ഉണ്ടായിരുന്നില്ല. ശിശുവായിരിക്കെ ഏക മകൻ മരിച്ചത് അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു. മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും മകെൻറ മരണത്തിെൻറ ആഘാതം മൻതോക്ക് താങ്ങാനായില്ല. വിഭജനവുമായി ബന്ധപ്പെട്ട പ്രയാസങ്ങളെക്കാൾ മൻതോയെ മഥിച്ചത് ഇതാണെന്നാണ് ആബിദ് ഹസെൻറ പക്ഷം.
മരണംവെര മൻതോ ഉയർത്തിപ്പിടിച്ച ആശയലോകത്തിന് പുർണാർഥത്തിൽ ഉപചാരമർപ്പിക്കാൻ നാം സമയം കണ്ടെത്തുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട അമൃത്സർ , മുംബൈ എന്നിവിടങ്ങളിൽ മൻതോ മ്യൂസിയങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ വിഖ്യാത പ്രതിഭയിൽനിന്ന് പ്രചോദനമുൾക്കൊള്ളാൻ പുതിയ തലമുറയിലെ എഴുത്തുകാർക്കും മറ്റും കഴിഞ്ഞേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.