അസ്താന സമ്മേളനത്തിന്‍െറ ബാക്കിപത്രം

ലോകരാഷ്ട്രങ്ങള്‍-വന്‍ശക്തികള്‍ ഉള്‍പ്പെടെ പലതവണ ശ്രമിച്ചിട്ടും സിറിയയിലെ ആഭ്യന്തരയുദ്ധം അപരിഹാര്യമായി തുടരുകയാണ്. ഒരു ലക്ഷത്തിലേറെ ആളുകള്‍ മൃതിയടഞ്ഞിട്ടും ഒമ്പതുലക്ഷത്തിലേറെ ആളുകള്‍ കുടിയൊഴിയേണ്ടി വന്നിട്ടും സിറിയന്‍ ഗവണ്‍മെന്‍റും എതിര്‍ഗ്രൂപ്പുകളും നരമേധം നിര്‍ത്തുന്ന ലക്ഷണമില്ല. മനുഷ്യര്‍ മാത്രമല്ല, ചിരപുരാതനമായ സിറിയന്‍ സംസ്കാരത്തിന്‍െറ ചരിത്രസ്മാരകങ്ങളും ചിഹ്നങ്ങളും കൂടി നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷമായി തുടരുന്ന ഈ ക്രൂരവിനോദത്തിന് എങ്ങനെയെങ്കിലും ഒരു പരിഹാരം കാണാനാണ് റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്തിരിക്കുന്നത്. 2016 ഡിസംബര്‍ 16ന് വ്ളാദ്മിര്‍ പുടിന്‍ വിഷയം ടെലിഫോണ്‍ സംഭാഷണത്തിലൂടെ തുര്‍ക്കി പ്രസിഡന്‍റ്  ഉര്‍ദുഗാനെ അറിയിക്കുകയുണ്ടായി. ഇതറിഞ്ഞ, കസാഖ്സ്ഥാന്‍െറ പ്രസിഡന്‍റ് നൂര്‍സുല്‍ത്താന്‍ തങ്ങളുടെ തലസ്ഥാനമായ ‘അസ്താന’യെ അതിനുള്ള വേദിയായി സമര്‍പ്പിക്കുകയും ചെയ്തു.

2011ല്‍ തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിലെല്ലാം ‘അറബ് വസന്ത’ത്തിന്‍െറ അലകളുയര്‍ന്നപ്പോള്‍ തുടങ്ങിയതായിരുന്നല്ളോ സിറിയയിലും ഈ പ്രക്ഷോഭം! എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ പ്രാതിനിധ്യത്തോടെ രണ്ടുതവണ നടത്തിയ ജനീവ കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഒട്ടനവധി ചര്‍ച്ചകള്‍ക്കും പല നിര്‍ദേശങ്ങളും മുന്നോട്ടുവെക്കാനല്ലാതെ ഇത് പരിഹരിക്കുന്നതിന് ഒന്നും ചെയ്യാനായില്ല. യുദ്ധം കൂടുതല്‍ രൂക്ഷമായി മാറുന്നതാണ് ലോകം കണ്ടത്. റഷ്യയുടെ സാന്നിധ്യം രണാങ്കണത്തെ കൂടുതല്‍ രക്തപങ്കിലമാക്കി മാറ്റി. ഇത്തരുണത്തിലാണ് സൈനിക-നയതന്ത്ര-സാമ്പത്തിക കാര്യങ്ങള്‍ക്കായി ബശ്ശാര്‍ അല്‍ അസദിനെ താങ്ങിനിര്‍ത്തുന്ന റഷ്യ പുതിയൊരു ഫോര്‍മുലയുമായി മുന്നോട്ട് വന്നിരിക്കുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ -ഡോണള്‍ഡ് ട്രംപിന്‍െറ- അനുനയ സമീപനവും പുടിന്‍ ഈ നീക്കത്തിനുള്ള അനുകൂല സാഹചര്യമായി കണ്ടിരിക്കണം.

‘അസ്താന’ കോണ്‍ഫറന്‍സ് മൂന്ന് മുഖ്യലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത്. വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തുകയും അതുവഴി യുദ്ധത്തിന് അറുതിവരുത്തുകയുമാണ് ഒന്നാമത്തെ ലക്ഷ്യം. അതിലൂടെ, സിറിയന്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനുള്ള ഒരു അസ്ഥിവാരം പണിയാന്‍ സാധിക്കുമെന്നവര്‍ കണക്കുകൂട്ടി. രണ്ടാമത്തെ കാര്യം, യുദ്ധംമൂലം ഉപരോധിക്കപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളില്‍ മരുന്നും ഭക്ഷണവും എത്തിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍വിഘ്നം അവിടെ കടന്നുചെല്ലാന്‍ സാധിക്കണം. ജയിലില്‍ കഴിയുന്ന സമരപോരാളികളുടെ മോചനമാണ് മൂന്നാമത്തെ കാര്യം. എല്ലാം ഒരുപോലെ പ്രധാനം തന്നെ. വെടിനിര്‍ത്തല്‍ നടപ്പിലാവുകയെന്നതാണ് പ്രഥമപടി. എന്നാല്‍, പ്രഖ്യാപന വേളയില്‍ റഷ്യ വീമ്പ് പറഞ്ഞതുപോലെ ഇതൊന്നും രണ്ടുദിവസം കൊണ്ട് സാധിക്കാവുന്ന കാര്യമല്ല. അവധാനതയോടെ, ഉഭയകക്ഷികള്‍ സഹകരിച്ചുമുന്നോട്ടുപോയാലേ ഇവ സാധ്യമാവുകയുള്ളൂ.

സിറിയയുടെ പ്രതിസന്ധിക്ക് അസ്താന കോണ്‍ഫറന്‍സ് സമഗ്രമായൊരു പരിഹാരമാകുമെന്നത് ഒരു അമിത വിശ്വാസമായിരുന്നോ?. അങ്ങനെ തോന്നുന്നു. കാരണം, 2017 ജനുവരി 23ന് യോഗം തുടങ്ങിയപ്പോള്‍തന്നെ പങ്കാളികളുടെ പ്രധാനലക്ഷ്യം എങ്ങനെയെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നത് മാത്രമായി. സായുധ സംഘങ്ങള്‍ക്ക് മുമ്പില്‍ രാഷ്ട്രീയ പരിഹാരമായി തുറുപ്പുചീട്ട് വെച്ചത് റഷ്യയുടെ ഒരു തന്ത്രമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു. സായുധ വിപ്ളവകാരികള്‍ക്കും അവരുടെ രാഷ്ട്രീയ നേതൃത്വത്തിനുമിടയില്‍ ഒരു പിളര്‍പ്പ് സൃഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുകയായിരുന്നത്രെ. ഇതിലവര്‍ പരാജയപ്പെട്ടു. ബശ്ശാറിനാകട്ടെ, അധികാരം പങ്കുവെക്കുന്നതില്‍നിന്നും പ്രതിപക്ഷത്തെ എങ്ങനെയെങ്കിലും മാറ്റിനിര്‍ത്തേണ്ടതുമായിരുന്നു. കോണ്‍ഫറന്‍സ് തുടങ്ങുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുര്‍ക്കിയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിന് മേല്‍നോട്ടം വഹിക്കുമെന്നായിരുന്നു. എന്നാല്‍, സംഭാഷണങ്ങള്‍ തുടങ്ങിയതോടെ ഇറാനെക്കൂടി ഉള്‍പ്പെടുത്തി, അതൊരു ത്രികക്ഷി സംവിധാനമാക്കി മാറ്റി.

ഏതായാലും റോക്കറ്റുകള്‍, പീരങ്കികള്‍, വിമാനവേധത്തോക്കുകള്‍, മിസൈലുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെല്ലാം ഉടനടി നിര്‍ത്തിവെക്കാന്‍ കരാര്‍ ആവശ്യപ്പെടുന്നു. ഭീഷണികളെ പ്രതിരോധിക്കാന്‍ ആത്മരക്ഷാര്‍ഥമുള്ള തയാറെടുപ്പുകളേ പാടുള്ളൂവത്രെ. വെടിനിര്‍ത്തല്‍ നടപ്പില്‍ വരുന്നതോടെ എതിര്‍പക്ഷത്തിന്‍െറ സ്ഥലങ്ങള്‍ പിടിച്ചെടുക്കാനോ അതിന് മുതിരാനോ പാടില്ലാത്തതാണ്. കരാറുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉപരോധ നടപടികള്‍ സ്വീകരിക്കാനും മേല്‍നോട്ടക്കാര്‍ക്ക് അധികാരമുള്ളതായി അറിയുക. ഇതൊക്കെ അംഗീകരിച്ചുകൊണ്ട് ബശ്ശാര്‍ അല്‍ അസദും 13 പ്രതിപക്ഷഗ്രൂപ്പുകളും ‘അസ്താന’ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുവെന്നതുതന്നെ വലിയ വിജയമാണെന്നതില്‍ സംശയമില്ല. മാനസികരോഗ വിദഗ്ധനായ പ്രഫസര്‍ ഡോ. അലന്‍ ടോ അഭിപ്രായപ്പെടുന്നത് മുഖാമുഖം കാണുമ്പോള്‍ ശത്രുക്കളുടെ പിരിമുറുക്കത്തിന് അയവ് വരുമെന്നാണ്.

അവരുടെ മാനസികാരോഗ്യമാണല്ളോ പ്രശ്നങ്ങള്‍ക്ക് അയവ് വരുത്തേണ്ടത്. റഷ്യയുടെ പ്ളാന്‍ ഒരു ‘ദേശീയ ഐക്യ സര്‍ക്കാര്‍’ രൂപവത്കരിക്കുകയെന്നതാണ്. അതനുസരിച്ച് ബശ്ശാറിന്‍െറ ഭരണത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കാളികളാവുകയും അദ്ദേഹം പ്രസിഡന്‍റായി തുടരുകയും ചെയ്യും. പ്രതിപക്ഷ സങ്കേതങ്ങളില്‍ തുടര്‍ച്ചയായി ബോംബ് വര്‍ഷം നടത്തിയ റഷ്യ, ഇപ്പോള്‍ ഭീഷണിക്ക് പകരം പ്രലോഭനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സാരം. ഇതനുസരിച്ച് ബശ്ശാറിന് 2027വരെ പ്രസിഡന്‍റായി തുടരാവുന്നതാണ്. പുതിയ ഭരണകൂടത്തിന്‍െറ നിയമനിര്‍മാണ സഭക്ക് രണ്ട് ചേംബറുകളുണ്ടായിരിക്കണമെന്നും ഒരു പരിധിവരെ അധികാര വികേന്ദ്രീകരണം സാധ്യമാക്കുമെന്നും അറിയുന്നു. മാത്രമല്ല, കുര്‍ദുകളുടെ സാംസ്കാരിക വ്യതിരിക്തതയും ആവശ്യങ്ങളും ഭരണകൂടം പരിഗണിക്കുമത്രെ!.

ഫെബ്രുവരി എട്ടാം തീയതി ചര്‍ച്ചകള്‍ പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, പിന്നീട്   ഫെബ്രുവരി 15, 16 തീയതികളിലാണ് അസ്താനയില്‍ സമാധാന കരാര്‍ നടപ്പാക്കുന്ന മാര്‍ഗങ്ങളാരായുന്ന  ടെക്നിക്കല്‍ സമ്മേളനം അരങ്ങേറിയത്.റഷ്യന്‍ വിദേശമന്ത്രി സര്‍ജി ലാവ്റോവും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ളേഴ്സനും അടുത്ത ദിവസങ്ങളില്‍ സിറിയന്‍ പ്രശ്നങ്ങള്‍ ജര്‍മനിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്‍റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എണ്ണരാജാവായ എക്സോണ്‍ മൊബൈലിന്‍െറ എക്സിക്യൂട്ടിവായിരുന്ന ടില്ളേഴ്സന്‍ നേരത്തെതന്നെ റഷ്യയുമായി അടുപ്പമുള്ള ആളാണ്. ഏതായാലും ജനീവയില്‍ നടക്കാനിരിക്കുന്ന മൂന്നാം സിറിയന്‍ അനുരഞ്ജന സംഭാഷണത്തിന് ‘അസ്താന കോണ്‍ഫറന്‍സ്’ അടിത്തറ പാകിയിട്ടുണ്ടെന്നാണ് പ്രസിഡന്‍റ് പുടിന്‍ അവകാശപ്പെടുന്നത്.

പങ്കാളികളെല്ലാം തന്നെ, സൈനികശക്തി കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയില്ളെന്ന് സമ്മതിച്ചിരിക്കുന്നു. ‘ജയ്ശുല്‍ ഇസ്ലാമി’ന്‍െറ നേതാവ് മുഹമ്മദ് അല്ലൂശ് സായുധ സംഘങ്ങളെ പ്രതിനിധാനം ചെയ്തത് രാഷ്ട്രീയ പരിഹാരത്തിന് അദ്ദേഹവും സമ്മതം മൂളിയിട്ടുണ്ട്. പക്ഷേ, ബശ്ശാര്‍ അല്‍ അസദ് രാജിവെക്കണമെന്ന് മാത്രം!  സമാധാന സമ്മേളനത്തിനുശേഷവും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ട സംഭവങ്ങളുണ്ടായി അതേസമയം, സിറിയയുടെ വിദേശകാര്യ മന്ത്രി വലീദുമു അല്ലമും കോണ്‍ഫറന്‍സ് വലിയ നേട്ടമാണെന്ന് അഭിപ്രായപ്പെടുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ, രാഷ്ട്രീയ പരിഹാരത്തിന് വഴിതുറക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. റഷ്യയും തുര്‍ക്കിയും ഒത്തുപ്രവര്‍ത്തിച്ചാല്‍ അവരുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഭരണപ്രതിപക്ഷങ്ങളെ കൂട്ടിയിണക്കുന്നതില്‍ അവര്‍ വിജയിക്കുന്നതാണ്. അങ്ങനെ വന്നാല്‍ സിറിയയില്‍ വെടിയൊച്ച നിലക്കുകയും സമാധാനം കൈവരുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Tags:    
News Summary - syria peace summit in astana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT