കുറ്റബോധത്തിന്‍റെ ചുമരെഴുത്ത്​

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം​. സ്​കൂളിൽ നല്ലൊരു മര്യാദക്കാരൻ ഇമേജായിരുന്നു. അതിനു കാരണമുണ്ട്​. വീടിനടുത്താണ്​ സ്​കൂൾ. അധ്യാപകരാവ​ട്ടെ ബാപ്പയുടെ അടുത്ത സുഹൃത്തുക്കളും. ജ്യേഷ്​ഠന്മാരൊക്കെ നന്നായി പഠിക്കുന്നവരും നല്ലവരെന്ന പേരുള്ളവരും. അതുകൊണ്ട്​ മര്യാദക്കാരനായിരിക്കാൻ നിർബന്ധിക്കപ്പെട്ട ഒരാളായിരുന്നു ഞാൻ. വികൃതികളൊക്കെ ഉള്ളിൽതന്നെ ഒളിപ്പിച്ചുവെ​ക്കേണ്ടി വന്നു. മറ്റുള്ളവർ വികൃതിത്തരങ്ങൾ കെട്ടഴിച്ചുവിടു​മ്പോൾ അസൂയ തോന്നിയിരുന്ന ഒരു വിദ്യാർഥി.

സ്​കൂളിൽ അന്ന്​ ആൺകുട്ടികളും പെൺകുട്ടികളും വേറെ ക്ലാസുകളിലാണ്​. ഞങ്ങളുടെ ക്ലാസിന്​ തൊട്ടപ്പുറത്ത്​ പെൺകുട്ടികളുടെ ക്ലാസ്​. ക്ലാസിലെ ചില വിദ്വാന്മാാർ ചേർന്ന്​ ഒരു കൗതുകത്തിന്​ ചുമരിൽ ദ്വാരമുണ്ടാക്കാൻ തുടങ്ങി. ഞാനും ചേർന്നു. ആണികൊണ്ട്​ ചെറുതായി ദ്വാരമുണ്ടാക്കാൻ സഹായിക്കലായിരുന്നു എ​െൻറ പണി. സംഗതി ഗംഭീരമായി. കഠിനാധ്വാനം കൊണ്ടാവണം ദ്വാരം പ്രതീക്ഷിച്ചതിലും വലുതായി.

പെൺകുട്ടികളെല്ലാം നല്ല മര്യാദക്കാരായതുകൊണ്ട്​ അപ്പോൾതന്നെ ടീച്ചറെ അറിയിച്ചു. ഉച്ച കഴിഞ്ഞ്​ ക്ലാസ്​ തുടങ്ങി അൽപം കഴിഞ്ഞപ്പോൾ പ്യൂൺ കുഞ്ഞിപ്പു ക്ലാസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരു കഷണം കടലാസ്​ ടീച്ചർക്ക്​ നൽകി. ആകാംക്ഷ കനത്ത ക്ലാസ്​മുറിയിൽ ടീച്ചറുടെ ഉയർന്ന ശബ്​ദം. ''ഞാൻ ​പേരു വിളിക്കുന്നവർ ഹെഡ്​മാസ്​റ്ററുടെ മുറിയിൽ ചെല്ലണം.'' ടീച്ചർ പേരു വിളിച്ചു. മൂന്നു പേരുകൾ ടീച്ചർ വിളിച്ചു. ചുമർ തുരന്ന മൂന്നുപേർ. നാലാമനിലേക്കുള്ള വിളിക്ക്​ ഒരു യുഗത്തി​െൻറ നീളമുണ്ടെന്ന്​ തോന്നി. ''റഫീക്ക്​...'' ക്ലാസിലുള്ളവർ അന്തംവിട്ടു. എ​െൻറ പേർ ഒരു ക്രിമിനൽ ലിസ്​റ്റിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഓഫിസ്​ റൂമിൽ ഹെഡ്​മാസ്​റ്റർ നമ്പൂതിരി മാഷ്​ കത്തിജ്ജ്വലിച്ചു നിൽക്കുകയാണ്. സ്വതവേ ശാന്തനാണ്​ മാഷ്​. കുട്ടികളെ ഉപദ്രവിക്കുന്നത്​ ഇഷ്​ടമല്ലാത്തൊരാൾ. പക്ഷേ, ദേഷ്യം വന്നാൽ വെളുത്തു തുടുത്ത മുഖം ചുവന്നു തുടുക്കും. മൂന്നുപേർക്കും രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാൻ ശിക്ഷ വിധിച്ചു.

എ​െൻറ സൽപ്പേര്​ ഏതാണ്ട്​ തീർന്നെന്നു കരുതി. വീട്ടുകാരുടെ മുന്നിൽ ഞാനൊരു മോശക്കാരനാകാൻ പോകുന്നു. അടുത്ത ഊഴം എ​േൻറതായിരുന്നു. ''ഹേയ്​... താനിത്​ ചെയ്യില്ല. എനിക്കറിയാം... താൻ പോയ്​ക്കോ...''

'അല്ല മാഷ്,​ ഞാനുംകൂടിയാണ്​ അത്​ ചെയ്​തത്​...' എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ, നമ്പൂതിരി മാഷിന്​ ഞാനത്​ ചെയ്യില്ലെന്നായിരുന്നു വിശ്വാസം. എ​െൻറ ട്രാക്​ റെക്കോർഡ്​ അങ്ങനെയൊരു കുറ്റകൃത്യം നടത്തുന്നൊരാളായി എന്നെ കാണാൻ മാഷിനെ അനുവദിച്ചില്ല. ആ വിശ്വാസം തെറ്റിക്കാൻ അപ്പോൾ എനിക്കും തോന്നിയില്ല. ശിക്ഷ കിട്ടിയ മൂന്നുപേരും വിചിത്ര നോട്ടങ്ങൾകൊണ്ട്​ എന്നെ അളന്നു.

പിന്നീടെനിക്ക്​ പലവട്ടം തോന്നിയിട്ടുണ്ട്​ അതു വേണ്ടിയിരുന്നില്ല, ഞാനും സംഘത്തിലുണ്ടായിരുന്നുവെന്ന്​ തുറന്നുപറയണമെന്ന്​. സ്​കൂൾ കഴിഞ്ഞ്​ പലപ്പോഴും നമ്പൂതിരി മാഷെ കാണുമായിരുന്നു. അപ്പോഴൊക്കെയും ആ കുറ്റം ഏറ്റു പറഞ്ഞാലോ എന്നു തോന്നാതിരുന്നില്ല. പക്ഷേ, അടുത്തെത്തുമ്പോൾ എന്തോ പറയാൻ തോന്നില്ല. ഇന്നോർക്കു​മ്പോൾ തമാശയായി തോന്നുമെങ്കിലും​ എത്രയോ കാലം അതൊരു കുറ്റബോധമായി പിന്തുടർന്നിട്ടുണ്ട്​. നമ്പൂതിരി മാഷ്​ ഇപ്പോഴില്ല. അന്ന്​ മാഷ്​ എന്നെയും ശിക്ഷിച്ചിരുന്നെങ്കിലെന്ന്​ എനിക്കു​ തോന്നിയിട്ടുണ്ട്​. അതാകുമ്പോൾ കുറ്റബോധമില്ലാതെ പെരുമാറാമായിരുന്നല്ലോ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.