യോഗ്യരായ അപേക്ഷകർ 24; സംവരണ സീറ്റുകൾ 42. സർക്കാർ ലോ കോളജിൽ മുന്നാക്ക സംവരണ ബലത്തിൽ ഇത്തവണ പ്രവേശനത്തിനെത്തിയവർക്കെല്ലാം സീറ്റ് ഉറപ്പായിട്ടും ത്രിവത്സര എൽ.എൽ.ബിയിൽ സീറ്റുകൾ ബാക്കി. മുന്നാക്ക സംവരണത്തിനായി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കിയ കാറ്റഗറി പട്ടികയിൽ ഉള്ളത് 24 പേരെങ്കിൽ നാല് സർക്കാർ ലോ കോളജുകളിലായി അനുവദിച്ചത് 42 സീറ്റുകൾ. 60 സീറ്റുള്ള എല്ലാ ബാച്ചുകളിലും പത്ത് ശതമാനം വർധിപ്പിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇതരവിഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് പേർ ഒരു ലക്ഷം രൂപ ഫീസടച്ച് സ്വാശ്രയ ലോ കോളജിൽ പ്രവേശനത്തിന് വരിനിന്നപ്പോൾ മുന്നാക്ക സംവരണക്കാർക്കെല്ലാം 1575 രൂപ ഫീസിൽ സർക്കാർ കോളജിൽ പഠനവും സമ്പൂർണ സംവരണവും ഇടതുസർക്കാർ ഒരുക്കി. എസ്.സി സംവരണത്തെ േപാലും മറികടക്കുന്നതായിരുന്നു ത്രിവത്സര എൽ.എൽ.ബിയിലെ മുന്നാക്ക സംവരണം. എസ്.സി സംവരണത്തിൽ ഗവ. കോളജിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 1438 ആണെങ്കിൽ മുന്നാക്ക സംവരണത്തിൽ ഇത് 2650. ഇൗഴവസംവരണത്തിൽ ഇത് 661ഉം മുസ്ലിം 591ഉം ആണ്.
പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിന് തയാറാക്കിയ മുന്നാക്ക സംവരണ കാറ്റഗറി പട്ടികയിൽ ഉൾപ്പെട്ടിരുന്നത് 54 പേർ. നീക്കിവെച്ചത് 36 സീറ്റുകളും. അലോട്ട്മെൻറ് പൂർത്തിയായപ്പോൾ കാറ്റഗറി പട്ടികയിലെ 52ാമനായ 4798ാം റാങ്കുകാരനും സർക്കാർ ലോ കോളജിൽ പ്രവേശനം. ഇവിടെയും എസ്.സി വിഭാഗത്തെ പോലും പിറകിലാക്കുന്ന സംവരണമാണ് മുന്നാക്ക വിഭാഗത്തിന് ലഭിച്ചത്. എസ്.സിയിൽ 2050ാം റാങ്കുകാരനാണ് അവസാന അലോട്ട്മെെൻറങ്കിൽ ഇൗഴവ സംവരണത്തിൽ ഇത് 523ഉം മുസ്ലിം 555ഉം ആണ്. മുന്നാക്ക സംവരണത്തിനുള്ള കാറ്റഗറി പട്ടികയിൽ സർക്കാർ ലോ കോളജിൽ പ്രവേശനം ലഭിക്കാത്തവർ അധികമാരുമില്ലെന്ന് ചുരുക്കം.
സർക്കാർ അനുമതി നൽകിയ പത്ത് ശതമാനം അധിക സീറ്റിന് ബാർ കൗൺസിൽ അംഗീകാരം ലഭിച്ചാൽ എൽ.എൽ.ബിയിൽ മുന്നാക്ക സംവരണത്തിനുള്ള കാറ്റഗറി പട്ടിക പൂർത്തീകരിച്ചുവെന്ന ക്രെഡിറ്റും സർക്കാറിന് സ്വന്തമാക്കാം. പഞ്ചവത്സര കോഴ്സിൽ സർക്കാർ ലോ കോളജിൽ മുന്നാക്ക സംവരണത്തിൽ പ്രവേശനം നേടിയവരുടെ റാങ്ക് പരിസരത്ത് വരുന്ന ഇൗഴവ, മുസ്ലിം സംവരണ വിഭാഗങ്ങളിലുള്ളവർക്ക് സ്വകാര്യ സ്വാശ്രയ കോളജുകളിൽ പോലും അലോട്ട്മെൻറ് ലഭിച്ചില്ല.
പ്രവേശനം ആരംഭിക്കുകയോ പൂർത്തിയാവുകയോ ചെയ്ത പ്രഫഷനൽ കോഴ്സുകളിലെല്ലാം പട്ടിക ജാതി, പിന്നാക്ക സംവരണങ്ങളെ പിറകിലാക്കുന്ന രീതിയാണ് സർക്കാർ അവലംബിച്ചത്.
േഫ്ലാട്ടിങ് സംവരണം അട്ടിമറിക്കാൻ സവർണ ലോബി
പ്രഫഷനൽ കോഴ്സുകളിൽ പിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് നഷ്ടം സംഭവിക്കാതിരിക്കാൻ ഏർപ്പെടുത്തിയിരുന്ന േഫ്ലാട്ടിങ് സംവരണം റദ്ദാക്കാൻ നടന്നത് ഉന്നതതല ഗൂഢാലോചനയാണ്. മുതിർന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഇതിനായി നടത്തിയ നീക്കം ഒടുവിൽ 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയോടെയാണ് പൊളിഞ്ഞുവീണത്. മെറിറ്റിലും സംവരണത്തിലും പ്രവേശന അർഹതയുള്ള കുട്ടികൾ ഇഷ്ട കോളജിനായി മെറിറ്റ് സീറ്റ് ഒഴിവാക്കി സംവരണ സീറ്റിൽ പ്രവേശനം നേടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതുവഴി സംവരണ വിഭാഗങ്ങൾക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമസഭ സമിതിയുടെ ഇടപെടലിനെ തുടർന്ന് ഏർപ്പെടുത്തിയ ക്രമീകരണമാണ് േഫ്ലാട്ടിങ് സംവരണം.
മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് സംവരണത്തിൽ പ്രവേശനത്തിന് അർഹതയുള്ള കോളജിലേക്ക് മാറ്റം ആവശ്യമെങ്കിൽ സീറ്റ് നഷ്ടം വരാതെ മാറ്റം നൽകുന്നതായിരുന്നു രീതി. ഇത് ചില എൻജിനീയറിങ് കോളജുകളുടെ അക്കാദമിക നിലവാരത്തെ ബാധിക്കുന്നുവെന്ന വാദം ഉയർത്തി നിർത്തലാക്കാൻ ഫയൽ തയാറാക്കിയ ഉദ്യോഗസ്ഥ അത് മുഖ്യമന്ത്രിയുടെ മുന്നിെലത്തിച്ച് അംഗീകാരവും വാങ്ങി. 'മാധ്യമം' വാർത്തയെ തുടർന്നാണ് സംവരണ വിഭാഗങ്ങളെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയുന്നത്. മന്ത്രി തന്നെ നേരിട്ടിടപെട്ട് േഫ്ലാട്ടിങ് സംവരണം തുടരാനുള്ള ഉത്തരവ് മുഖ്യമന്ത്രിയിൽനിന്ന് വാങ്ങിയതോടെ ഉദ്യോഗസ്ഥയുടെ നീക്കം പൊളിയുകയായിരുന്നു. ഒരു ഉദ്യോഗസ്ഥ സ്വന്തം നിലയിൽ എഴുതിപ്പിടിപ്പിച്ച ഫയലായിരുന്നില്ല അത്. മറിച്ച് പിന്നാക്ക സംവരണം അട്ടിമറിക്കാൻ ഏറെനാളായി പണിപ്പെടുന്ന സവർണ ഉദ്യോഗസ്ഥ ലോബിയുടെ കുബുദ്ധിയിൽ വിരിഞ്ഞതായിരുന്നു ഈ അട്ടിമറി നീക്കം. പിന്നാക്കക്കാരെ ആട്ടിപ്പായിക്കാനായി ഫയൽ ഒരുക്കിയ ഉദ്യോഗസ്ഥ വിരമിക്കാനിരിക്കയാണെങ്കിലും സർക്കാർ പുതുതായി രൂപവത്കരിക്കുന്ന കമ്പനിയിൽ സേവനം തുടരും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.