ഇന്ത്യയുടെ ചരിത്രഭൂതകാലവും സംസ്കാരസ്മരണകളുടെ ഉന്മൂലനവും

ഇന്ത്യയുടെ ചരിത്രഭൂതകാലം കേവലം പുരാതനവും പ്രാചീനവുമായ ഒന്നായി മാത്രമല്ല നിലകൊള്ളുന്നത്; അത് വർത്തമാന ഇന്ത്യയുടെ സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്ന സുപ്രധാന ശക്തികേന്ദ്രമായും മാറുന്നു. അതുകൊണ്ട് ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തെ സംബന്ധിച്ച പഠനങ്ങൾ സമകാലിക ഇന്ത്യയുടെ പഠനവുമായി തീരുന്നു.

അഭിനവ മത രാഷ്ട്രീയ-വർഗീയ ശക്തികൾ ഇന്ത്യയുടെ ചരിത്ര ഭൂതകാലം ഏകപക്ഷീയമായി വ്യാഖ്യാനിച്ചുറപ്പിച്ചുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ (സവിശേഷമായി ഇപ്പോഴത് മുസ്‍ലിംകളുടെ) ചരിത്രസ്മരണകളെ ഉന്മൂലനംചെയ്യാനാണ് ബലാൽക്കാരമായി ശ്രമിക്കുന്നത്. മുഗൾഭരണകാലത്തെ പൈശാചികവത്കരിച്ചും ഇരുണ്ട കാലമായി ചിത്രീകരിച്ചും; മുസ്‍ലിം/ഇസ്‍ലാം ചരിത്ര പൈതൃകങ്ങളുടെ സ്മരണകളെ ഇല്ലായ്മചെയ്യാൻ പരിശ്രമിച്ചുകൊണ്ടും മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക ചരിത്രത്തെ ഇന്ത്യയിൽനിന്ന് ഉന്മൂലനംചെയ്തുകൊണ്ട് ഇന്ത്യാചരിത്രത്തെ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് ഉതകുംവിധം മാറ്റിമറിക്കാനാണ് അതിയത്നം ചെയ്യുന്നത്.

താജ്മഹലിനെ തേജോമഹാലയമാക്കിയും കുതുബ്മിനാറിനെ വിഷ്ണുസ്തംഭമാക്കിയും ചിത്രീകരിക്കുന്നതിലൂടെ സംസ്കാര സ്മരണകളെതന്നെയാണ് ഹിന്ദുത്വർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും മുകളിൽ അവകാശമുന്നയിക്കുന്നതിലൂടെ മുസ്‍ലിം ജനവിഭാഗത്തിന്റെ ചരിത്രപൈതൃകത്തെ ഉന്മൂലനംചെയ്യലാണ് അവർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മുസ്‍ലിം ജനതയുടെ സംസ്കാരസ്മരണകളുടെ ഹിംസാത്മകമായ നശീകരണമാണ് ആത്യന്തികമായി ഉന്നംവെക്കുന്നത്.

പൈതൃകത്തിന്റെ അസാന്നിധ്യത്തിലൂടെയും വൈകൃതത്തിലൂടെയും സംസ്കാരസ്മരണകൾ നശിപ്പിക്കാൻ കഴിയുമെന്ന് റൊമീല ഥാപ്പർ നിരീക്ഷിക്കുന്നുണ്ട് (Indian Cultures as Heritage). സംസ്കാര സ്മരണ നിലനിർത്തുന്നതിൽ പൈതൃക വിശദീകരണം മുഖ്യമായിരിക്കുമ്പോൾ ചരിത്രപൈതൃകങ്ങളുടെ നശീകരണത്തിലൂടെ ഒരു ജനതതിയുടെ ചരിത്രഭൂതകാലംതന്നെ ഇല്ലായ്മചെയ്യാൻ കഴിയും എന്ന് ഹിന്ദുത്വവരേണ്യവാദികൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ മുസ്‍ലിം/ഇസ്‍ലാം അടയാളങ്ങൾ പേറുന്ന സ്ഥലനാമങ്ങൾ ബ്രാഹ്മണ്യ പുരാണ ആഖ്യാനങ്ങൾക്കനുസൃതമായി മാറ്റുന്നതിലൂടെ സംസ്കാരസ്മരണകൾ നശിപ്പിച്ച് ഹിന്ദുത്വ വ്യവസ്ഥിതിക്കനുസൃതമായി വരേണ്യവ്യവഹാരങ്ങൾ സൃഷ്ടിക്കുകയാണ്. അങ്ങനെ ബ്രാഹ്മണ്യ വരേണ്യ പാരമ്പര്യ സംസ്ഥാപനത്തിന് മുസ്‍ലിംകളെ പൈശാചികവത്കരിക്കേണ്ടതും അവരുടെ ചരിത്രസംസ്കാരങ്ങളെ ഇല്ലായ്മചെയ്യേണ്ടതും അനിവാര്യമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നുവെന്ന രീതിയിലാണ് ഹിന്ദുത്വരുടെ ഇടപെടൽ സമകാലിക ഇന്ത്യയിൽ അരങ്ങേറുന്നത്.

അധിനിവേശ കൊളോണിയൽ ചരിത്രകാരന്മാരുടെ ഹിന്ദു-മുസ്‍ലിം വിഭാഗീയ കാലഗണനാരീതികളും ആഖ്യാനങ്ങളും പിൻപറ്റിക്കൊണ്ടും ഇന്ത്യയുടെ സാംസ്കാരിക-രാഷ്ട്രീയബോധമായ ബ്രാഹ്മണ്യത്തിന്റെ സഹായത്തോടുകൂടിയുമാണ് ഹിന്ദുത്വ-വരേണ്യർ സാംസ്കാരികനശീകരണത്തിന് ആക്കംകൂട്ടുന്നത്. ഇതിനുവേണ്ടിയാണ് മുഗൾഭരണകാലത്തെ ഇരുണ്ടകാലമായും മുഗൾ ഭരണാധികാരികളെ ധ്വംസകരായും ഏകപക്ഷീയമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, മുഗൾഭരണവും മുഗൾ ഭരണാധികാരികളും ഹിന്ദുത്വർ ആഖ്യാനംചെയ്യുന്നതുപോലെ ഇരുണ്ടകാലത്തെയും പൈശാചിക സ്വഭാവത്തെയുമല്ല പ്രതിനിധാനംചെയ്യുന്നതെന്ന് ഇന്ത്യാചരിത്രപഠനങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.

'മുസ്‍ലിം ഭരണം' എന്നതുതന്നെ വ്യാജമായ ഒരു ആഖ്യാനമായിരുന്നുവെന്ന് ബിപൻ ചന്ദ്രയുടെ ചരിത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മുസ്‍ലിം ഭരണാധികാരികൾക്ക് ഹിന്ദു ഭരണവർഗത്തിലെ മേൽജാതി ശ്രേണിയുമായി ഉറ്റബന്ധമുണ്ടായിരുന്നു. ഇരുകൂട്ടർക്കുമിടയിൽ നിരവധി മിശ്രവിവാഹങ്ങളും നടന്നിരുന്നു. മുസ്‍ലിം ഭരണമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചരിത്രഭൂതകാലത്തിൽ ഭൂമിയുടെ മുഖ്യമായ ഉടമസ്ഥാവകാശം സവർണഹിന്ദുക്കളിൽതന്നെ നിക്ഷിപ്തമായിരുന്നുവെന്നും ബിപൻ ചന്ദ്ര തെളിവുകൾ ഉദ്ധരിച്ച് സ്ഥാപിക്കുന്നുണ്ട്. കൂടാതെ, മുഗളർ ഏറ്റവും കൂടുതൽ ആശ്രയിച്ചത് രജപുത്രരെയായിരുന്നു. ഇക്കാലത്ത് ജമീന്ദാർമാരിൽ (ഭൂജന്മികൾ) ഭൂരിപക്ഷവും വരേണ്യജാതികളുമായിരുന്നു. ഇങ്ങനെ ഇന്ത്യൻ വരേണ്യർക്ക് ധനാത്മകമായി ഭവിച്ച ഒരു കാലത്തെക്കുറിച്ചാണ് വരേണ്യ ഹിന്ദുത്വവാദികൾ ഇന്ന് ഇരുണ്ടകാലമെന്ന് ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ വ്യാജ-ആഖ്യാനം പ്രസരിപ്പിക്കാൻ ശ്രമിക്കുന്നത്. സുൽത്താന്മാർക്കും മുഗളന്മാർക്കും കീഴിൽ മുസ്‍ലിം ഭരണമുണ്ടായിരുന്നില്ലെന്ന് സാമൂഹിക-സാമ്പത്തിക ചരിത്രം വെളിപ്പെടുത്തുന്നുണ്ടെന്നും ബിപൻ ചന്ദ്ര പ്രസ്താവിക്കുന്നു (Historians of Modern India and Communalism).

അക്ബറിന്റെയും ഷാജഹാന്റെയും ഭരണകാലഘട്ടത്തിൽ ബ്രാഹ്മണരുൾപ്പെടെ സദസ്സിന്റെ ഭാഗമായിരുന്നു. സാഹിത്യരചനകൾക്ക് പ്രതിഫലമായും സഹായമായും ഭൂമിയും സ്വർണവും മറ്റു വസ്തുവകകളും ബ്രാഹ്മണർ കൈപ്പറ്റിയതായി ഡോ. ഓഡ്രീ ട്രഷ്കി(Audrey Trushke)യുടെ പഠനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് (culture of Encounters: Sanskrit At the Mughal Court). സംസ്കൃതത്തിലെ പ്രധാന സാഹിത്യ സൈദ്ധാന്തികനായ ജഗന്നാഥ പണ്ഡിതർപോലും ദില്ലിയിലെ ഷാജഹാന്റെ സാമ്രാജ്യത്തെയും അദ്ദേഹത്തിന്റെ മൂത്ത മകൻ ദാരാഷിക്കോയെയും സ്തുതിക്കുന്നുണ്ട് ('ദില്ലിവല്ലഭപാണിപല്ലവതലേ നീതം നവീനം വയഃ). കാശിയിൽ ജനിച്ച് മഥുരയിൽ അവസാനകാലം കഴിച്ചുകൂട്ടിയെന്ന് കരുതപ്പെടുന്ന ബ്രാഹ്മണനായ ജഗന്നാഥപണ്ഡിതർക്ക് മുഗൾഭരണകാലം ഒരു ഇരുണ്ടകാലമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ജഗദാഭരണം മുതലായ കൃതികളിലെ സംസ്കൃത ശ്ലോകങ്ങൾതന്നെ തെളിയിക്കുന്നു ('ദില്ലീശ്വരോ വാ ജഗദീശ്വരോ വാ മനോരഥാൻ പൂരയിതും സമർഥഃ').

1570-1580 കാലത്ത് അക്ബറിന്റെ സദസ്യനായിരുന്ന ഒരു ബ്രാഹ്മണൻ ഇസ്‍ലാംമതം സ്വീകരിച്ചതു സംബന്ധിച്ച് തെളിവുകളുണ്ട് (Sanskrit and culture of encounters, P. 31). നിരവധി സംസ്കൃതകൃതികൾ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതും മുഗൾഭരണകാലത്താണ്. മഹാഭാരതവും അഥർവവേദവും ഉപനിഷത്തുക്കളും എല്ലാംതന്നെ മൊഴിമാറ്റം ചെയ്തു. ഏതാണ്ട് 1580കളിൽ അക്ബറിന്റെ നിർദേശാനുസരണം ഒരു ബ്രാഹ്മണൻ അള്ളോപനിഷത്ത് സംസ്കൃതത്തിൽ രചിക്കുകകൂടി ചെയ്യുന്നുണ്ട്. ഒരുവേള അക്ബറിന്റെ സദസ്സിലെ ചില ബ്രാഹ്മണ പണ്ഡിതർ അക്ബറിനെ വിഷ്ണുവിന്റെ അവതാരമായി ചിത്രീകരിച്ചിരുന്നതിനെക്കുറിച്ചും ഒട്ടതിശയത്തോടെ ബദൗനി വിവരിക്കുന്നുണ്ട്. മതപരമായ സംവാദങ്ങൾക്കുള്ള ഒരു പണ്ഡിതസദസ്സുതന്നെ മുഗൾഭരണകാലത്ത് പ്രവർത്തിച്ചിരുന്നു. ഇങ്ങനെ ഇന്ത്യൻ സാംസ്കാരിക വ്യവസ്ഥയുമായി ഇഴുകിച്ചേർന്ന ഒരു ഭരണവ്യവസ്ഥയെയാണ് ഹിന്ദുത്വർ ഇരുണ്ടകാലമായി പൈശാചികവത്കരിക്കുന്നത്.

സാംസ്കാരികമായി പുഷ്കലവും പ്രഭാപൂരവുമായിരുന്ന; സാഹിത്യനിർമിതികൾകൊണ്ടും വാസ്തുനിർമിതികൾകൊണ്ടും സമ്പന്നമായ ഭൂതകാലത്തെ വർത്തമാനത്തിൽ കേവലം രാഷ്ട്രീയ ഉപകരണമായി മാത്രം നോക്കിക്കാണുന്നത് സംസ്കാരസ്മരണകളുടെ അപരവത്കരണത്തിനും ഉന്മൂലനത്തിനും മാത്രമേ ഇടയാക്കൂ. ഹിന്ദുത്വർ ഇന്ന് ഇന്ത്യാചരിത്രത്തിന്റെ അഭേദ്യഭാഗമായ ഒരു ജനതതിയുടെ സംസ്കാരത്തെ സംരക്ഷിക്കാതെ അപരവത്കരിക്കുമ്പോൾ അവർക്കൊരു മാതൃകയും പാഠവുമാണ് പതിനാലാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്. അശോകസ്തംഭങ്ങളെ പരിപാലിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച താൽപര്യം അത്രമേൽ ആദരണീയമായിരുന്നു.

അശോകസ്തംഭങ്ങളെ അതിന്റെ സംരക്ഷണത്തിനായി ഫിറോസ് ഷാ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റി. 'സംസ്കാരങ്ങളെ ഇഴനെയ്തുചേർക്കുന്നതിൽ മുഗളന്മാർക്ക് അതീവ വൈദഗ്ധ്യമുണ്ടായിരുന്നു' എന്ന റൊമീല ഥാപ്പറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ ഇന്ത്യയുടെ ചരിത്രസംസ്കാര വസ്തുവകകളെ അധിനിവേശത്തിന്റെ ഭാഗമായി കണ്ടപ്പോൾ മുഗൾ ഭരണാധികാരികൾ ഇന്ത്യാചരിത്രത്തിൽ സ്വയം ലയിച്ച് പുതിയ ഈടുവെപ്പുകൾ സൃഷ്ടിച്ചു.

ഫിറോസ് ഷായുടെ നേതൃത്വത്തിൽ മാറ്റിസ്ഥാപിച്ച അശോകസ്തംഭങ്ങളിൽ ചിലതിനെ ഭൈരവന്റെ ദണ്ഡായും ശിവലിംഗമായും കരുതി ആരാധിച്ചിരുന്നതിനെപ്പറ്റി റൊമീല ഥാപ്പർ വിവരിക്കുന്നുണ്ട് (Indian cultures as Heritage). അശോകശാസനകൾ ആലേഖനം ചെയ്ത ഫലകങ്ങൾ ദേവീവിഗ്രഹങ്ങൾ സ്ഥാപിക്കാനുള്ള പീഠങ്ങളായി ഗുപ്തകാലത്ത് മാറ്റപ്പെട്ടതായി ഥാപ്പർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്രകാരം ബുദ്ധചൈത്യങ്ങൾ ധാരാളമായി ക്ഷേത്രങ്ങളായി രൂപമാറ്റം വരുത്തി. തേറിലെ ത്രിവിക്രമക്ഷേത്രം ഇതിന് ഉത്തമോദാഹരണമാണ്.

ഹർഷൻ എന്ന ഭരണാധികാരി ക്ഷേത്രങ്ങൾക്കുമേൽ നടത്തിയ ഹിംസാത്മകമായ ധ്വംസനങ്ങളെ മറച്ചുപിടിച്ചുകൊണ്ട് 'മുസ്‍ലിം ഭരണാധികാരി'കളെ ചരിത്രത്തിലെ കുറ്റവാളികളായി അവതരിപ്പിക്കുന്നവർക്ക് സ്ഥാപിതലക്ഷ്യമാണുള്ളതെന്ന് പറയേണ്ടിവരും. രാഷ്ട്രീയലാഭത്തിനായും സമ്പത്ത് ലക്ഷ്യമാക്കിയും ക്ഷേത്രങ്ങൾ ആക്രമിക്കുന്നതിനെപ്പറ്റി കൽഹണന്റെ രാജതരംഗിണിയിലും കൗടില്യന്റെ അർഥശാസ്ത്രത്തിലും പ്രസ്താവമുണ്ട്.

കാര്യമിങ്ങനെയിരിക്കെ മുസ്‍ലിം പൈശാചികവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏകപക്ഷീയമായ ചരിത്രാഖ്യാനങ്ങൾ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൽ മുറിവുകൾ സൃഷ്ടിക്കാൻ മാത്രമേ ഉതകൂ. 'പങ്കുവെക്കുക' എന്ന് സാമാന്യമായി അർഥം വരുന്ന 'ഭജ്' ധാതുവിൽനിന്നുമാണ് 'ഭക്തി'യെന്ന ശബ്ദം നിഷ്പന്നമാവുന്നത്. 'അനിർവചനീയം പ്രേമസ്വരൂപം' എന്ന് ഭക്തിയെ നാരദ ഭക്തിസൂത്രവും നിർവചിക്കുന്നുണ്ട്. ഇന്ത്യാചരിത്രം പങ്കുവെക്കലിന്റെ ചരിത്രംകൂടി ഉൾച്ചേർന്നതാണെന്ന് നിരന്തരം ഓർമിക്കേണ്ട സാഹചര്യങ്ങളിൽകൂടിയാണ് വർത്തമാന ഇന്ത്യ കടന്നുപോവുന്നത്. എന്തെന്നാൽ 'പങ്കുവെക്കലിനാണ്' ജനാധിപത്യത്തിന്റെ നീതിബോധം തെളിഞ്ഞുകിട്ടുക.

(സം​സ്കൃ​ത​പ​ണ്ഡി​ത​നും അ​ധ്യാ​പ​ക​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​ണ് ലേ​ഖ​ക​ൻ)

Tags:    
News Summary - The Historical Past of India and the Elimination of Cultural Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.