മുഖ്യശത്രു

മലേഷ്യയിൽനിന്ന് അഞ്ചുമണിക്കൂർ പറന്ന് ചൊവ്വാഴ്ച രാത്രിയിൽ തായ്‍വാൻ തലസ്ഥാനമായ തായ്പെയിൽ അവരിറങ്ങുമ്പോൾ ലോകം കൺപാർത്തുനിൽക്കുകയായിരുന്നു. അമേരിക്കയിൽ ബൈഡനും കമല ഹാരിസും കഴിഞ്ഞാൽ അധികാര പദവികളിൽ മൂന്നാമതുള്ള വ്യക്തി. എത്തിയത് രാജകീയ പരിവേഷത്തോടെ സൈനിക വിമാനത്തിൽ.

ഒറ്റക്കല്ലെന്നറിയിക്കാൻ കൂടെ യു.എസ് കോൺഗ്രസിലെ അഞ്ചു പ്രമുഖർ വേറെ. പോരാഞ്ഞ്, വിമാനത്താവളത്തിൽ ഒരു ഭരണാധികാരിക്ക് ലഭിക്കാവുന്ന സവിശേഷ സ്വീകരണവും. അവർ അവതരിച്ച ഒറ്റ രാത്രികൊണ്ട് തായ്‍വാൻ കടലിടുക്കിന് ചുറ്റും ഇരുട്ടിന് കൂടുതൽ കനം വെച്ചെങ്കിൽ നാൻസി പട്രീഷ്യ പെലോസി ചില്ലറക്കാരിയാകില്ല. പ്രായം 82 ലെത്തിയിട്ടും അമേരിക്കൻ രാഷ്ട്രീയത്തെ ഇത്രമേൽ സ്വാധീനിക്കുന്ന കാലിഫോർണിയക്കാരിയാണിപ്പോൾ ചൈനക്ക് പുതിയ ഒന്നാം നമ്പർ ശത്രു.

1800 വർഷമായി തങ്ങളുടെ ഭാഗമെന്ന് ചൈന അവകാശം പറയുന്ന മണ്ണിൽ കാൽനൂറ്റാണ്ടെങ്കിലുമായി അമേരിക്കയിൽനിന്ന് ഒരു മുതിർന്ന നേതാവ് എത്തിയിട്ട്. 15 രാജ്യങ്ങൾ (മുൻനിര രാജ്യങ്ങളൊന്നും അതിലില്ല) അംഗീകാരം നൽകിയിട്ടും യു.എസ് ഇതുവരെ തായ്‍വാന് സ്വതന്ത്രപദവി നൽകിയിട്ടില്ല. സമീപകാലത്തെങ്ങും അതു ചെയ്യില്ലെന്ന് ചൈനയുമായി കരാറുമുണ്ട്.

ഒരു വശത്ത്, കാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കെയായിരുന്നു ആ വരവ്. പാർലമെൻറിൽ പ്രസംഗിച്ചും പ്രസിഡൻറിനെ കണ്ടും പ്രകോപനം സൃഷ്ടിച്ച പെലോസി മന്ത്രിമാർ, മനുഷ്യാവകാശ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുമായൊക്കെ വിശദമായി സംസാരിച്ചാണ് പിറ്റേന്ന് ഉച്ചകഴിഞ്ഞ് നാടുവിട്ടത്. അപ്പോഴേക്ക് കടന്നൽകൂടിളകിയിരുന്നു.

മണിക്കൂറുകൾ കഴിഞ്ഞില്ല, തായ്‍വാൻ കടലിടുക്കിന് ചുറ്റും ചൈനയുടെ സേനാവ്യൂഹം നിരന്നു. ഭീതിവിതച്ച് പാവം തായ്‍വാനുമേൽ ദംഷ്ട്ര വിരിച്ച് എത്തിയത് 100ലേറെ യുദ്ധവിമാനങ്ങളും 10ലേറെ യുദ്ധക്കപ്പലുകളും. തായ് വാൻ ജലാതിർത്തിയിൽ മാത്രമല്ല, ചൈനീസ് നാവികസേന തൊടുത്ത മിസൈലുകളിൽ ചിലത് ജപ്പാന്റെ ഒക്കിനാവ ദ്വീപിനരികെ വരെ ചെന്നു. മുൻനിര വ്യവസായികളിൽ പലർക്കും അയൽരാജ്യത്ത് വിലക്കുവന്നു. തായ്‍വാനിൽനിന്ന് കയറ്റിപ്പോയ ഉൽപന്നങ്ങൾക്ക് അതിർത്തി കടക്കുന്നതിന് പൂട്ടുവീണു. 100ലേറെ തായ്‍വാൻ ഉൽപന്നങ്ങളും 2000ലേറെ വ്യാപാര സ്ഥാപനങ്ങളുമാണ് ഉപരോധ പട്ടികയിൽ വീണത്.

മിസൈൽ പരീക്ഷണവും യുദ്ധക്കപ്പലുകളുടെ ശക്തിപ്രകടനവും കണ്ട് മുന്നറിയിപ്പുമായി അമേരിക്ക എത്തിയതോടെ മേഖലയിൽ യുദ്ധത്തിന്റെ കനൽ വീഴുന്നുവെന്നു തോന്നി. ചുരുക്കത്തിൽ, 24 മണിക്കൂർ തികച്ചുവേണ്ടാതെ ഒരു സന്ദർശനം കൊണ്ട് മേഖലയെ കാലുഷ്യത്തിന്റെ പുതിയ തലങ്ങളിലെത്തിക്കുന്നതിൽ വിജയിച്ച പെലോസിയെ കൂടുതൽ അറിയാതെ വയ്യ.

കാലിഫോർണിയയിൽനിന്ന് 1988 മുതൽ തുടർച്ചയായി യു.എസ് പ്രതിനിധി സഭയിലുള്ള അവർ 2019 മുതൽ സഭ സ്പീക്കറാണ്. 2007- 11 കാലയളവിനുശേഷം വീണ്ടും അതേ പദവി അലങ്കരിക്കുമ്പോൾ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയെന്ന ബഹുമതി കൂടി പെലോസിക്ക് സ്വന്തം. ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള കാലിഫോർണിയയിൽ നിന്ന് 'എതിരാളിയില്ലാതെ'യാണ് 1987 മുതൽ ജയിച്ചുവരുന്നത്. അതും തുടർച്ചയായ 18ാം തവണ. സാൻഫ്രാൻസിസ്കോ പട്ടണത്തിലേറെയും വരുന്ന 12ാം ജില്ലയെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്.

രണ്ടു പതിറ്റാണ്ടായി സഭയിലെ ഡെമോക്രാറ്റ് നേതാവും പെലോസിയാണ്. മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ രണ്ടുതവണ ഇംപീച്മെൻറ് ചെയ്ത പാരമ്പര്യമുണ്ട്. സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമായതിനാൽ രണ്ടുതവണയും അത് പരാജയപ്പെട്ടത് മറ്റൊരു ചരിത്രം. കൂട്ടനശീകരണായുധം പറഞ്ഞ് സദ്ദാം ഹുസൈന്റെ ഇറാഖിൽ അമേരിക്കയും ബുഷും നടത്തിയ അധിനിവേശങ്ങൾക്കെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തും ശ്രദ്ധേയയായി.

പക്ഷേ, സെനറ്റിലും ഹൗസിലും ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ആയപ്പോൾ അമേരിക്കയും ബുഷും സഹായിച്ച് ഇറാഖ് ഇന്ന് കാണുംവിധം ഛിദ്രമായിപ്പോയത് വിരോധാഭാസം.ഇറ്റലിയിൽനിന്ന് കുടിയേറിയ കുടുംബമായിട്ടും പിതാവും മാതാവും സഹോദരനും അമേരിക്കയിലെ അധികാര പദവികളിലും ഡെമോക്രാറ്റ് രാഷ്ട്രീയത്തിലും നിറസാന്നിധ്യങ്ങളായിരുന്നു. പിതാവ് തോമസ് അലസാൻഡ്രോ മേരിലാൻഡിൽനിന്ന് ഡെമോക്രാറ്റ് പ്രതിനിധിയായി സഭയിലെത്തിയതിനുപുറമെ ബാൾട്ടിമോർ മേയറുമായി.

മാതാവ് അധികാര സ്ഥാനങ്ങളിൽ വന്നില്ലെങ്കിലും പാർട്ടി നേതൃപദവികളിൽ നിറഞ്ഞുനിന്നു. സഹോദരൻ തോമസ് ബാൾട്ടിമോർ മേയർ പദവി അലങ്കരിച്ചു. ശരിക്കും അധികാരം കറങ്ങിനടന്ന കുടുംബാന്തരീക്ഷത്തിൽനിന്ന് കുഞ്ഞുനാളിലേ രാഷ്ട്രീയം നുകർന്ന പെലോസി വൈകാതെ പാർട്ടിയിൽ പടവുകൾ കയറി. ഇതിന്റെ തുടർച്ചയായി 1981ൽ കാലിഫോർണിയ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ പദവിയിലുമെത്തി. പിന്നീടെല്ലാം എളുപ്പമായിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിനിടെ പെലോസി കൈവെക്കാത്ത മേഖലകളില്ല. അടുത്ത തവണ പ്രസിഡൻറ് പദവിയിൽ ബൈഡന്റെ പിൻഗാമിയായി അങ്കത്തിനിറങ്ങുമെന്ന് സാധ്യത പറയുന്നവരുമേറെ.എന്നും കടുത്ത നിലപാടുകൾക്കൊപ്പം നടന്ന രാഷ്ട്രീയ കരിയറിലെ അവസാന ചുവടായാണ് ഒരാഴ്ച നീണ്ട ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച തായ്‍വാനിലുമെത്തുന്നത്. തിബത്തും ഹോങ്കോങ്ങും പിന്നെ സിൻജിയാങ്ങുമൊക്കെയായി എന്നും അധികാരമുറപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന ചൈനക്ക് തായ്‍വാനും തങ്ങളുടെ ഭാഗമാണ്.

മുമ്പ് ചിയാങ് കൈഷക് നാടുവിട്ടെത്തി ചൈനയുടെ ഔദ്യോഗിക ഭരണ ആസ്ഥാനമാക്കുകയും 70കളിൽ അത് നഷ്ടമാകുകയും ചെയ്ത രാജ്യത്താകട്ടെ, അതിനുശേഷവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ വേറെയുണ്ട്. 3,00,000 സൈനികരും സ്വന്തം. അമേരിക്ക മാത്രം വർഷങ്ങൾക്കിടെ തായ്‍വാന് ആയുധങ്ങൾ വിറ്റത് ആറു തവണ. എന്നാലും ചൈനക്കെതിരെ കൊമ്പുകുലുക്കാൻ തായ്പേയിലെ സായ് ഇങ്-വെൻ സർക്കാറിനാകില്ല. കാരണങ്ങൾ പലതുണ്ട്.

ഒന്ന്, ചൈനീസ് വേരുകളുള്ളവരാണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷവും. അവർക്ക് എന്നും ചൈന പ്രിയപ്പെട്ട നാടാണ്. രണ്ടാമതായി, രാജ്യത്തിന്റെ ഏറ്റവും വലിയ വാണിജ്യ കൂട്ടാളിയും മറ്റാരുമല്ല. ചൈന മുഷ്ടിചുരുട്ടിയാൽ കാര്യങ്ങൾ പാളും. സെമികണ്ടക്ടർ മുതൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വരെ തായ്‍വാൻ എത്തിപ്പിടിച്ച വ്യവസായിക നേട്ടങ്ങളുടെയൊക്കെയും നാരായ വേര് ചെന്നുനിൽക്കുന്നതും 100 മൈൽ മാത്രം ദൂരമുള്ള ചൈനയിലാണ്.

അവിടെയാണ് പെലോസി നേരിട്ടുചെന്ന് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ്, ഉത്തര കൊറിയയിലും ചെന്ന പാരമ്പര്യമുള്ളവരാണ് ഈ ഡെമോക്രാറ്റ് നേതാവ്. സന്ദർശനത്തെ കുറിച്ച് പ്രസിഡൻറ് ബൈഡൻ ഇനിയും അനുകൂലമായി വാ തുറക്കാത്ത സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പ് കണ്ടുള്ള അഭ്യാസമാണോ എന്ന സംശയം സജീവം. ആയുധം വിറ്റും അധികാരികളെ മാറ്റിയും ലോകത്ത് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും തിടുക്കപ്പെട്ട അമേരിക്കയുടെ നേരവകാശിയാണോ പെലോസി?

Tags:    
News Summary - The main enemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.