ലഹരിവല തകർത്തേ തീരൂ...

വന്യമൃഗ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങളാണ്​ കഴിഞ്ഞ കുറേ നാളുകളായി കേരളത്തി​ന്റെ സ്വാസ്​ഥ്യം കെടുത്തിവന്നിരുന്നത്​. എന്നാൽ, അതിനേക്കാൾ ക്രൂരമാംവിധം ലഹരിക്കടിപ്പെട്ട ബന്ധുക്കളുടെയും സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അതിക്രമത്തിനിരയായി മനുഷ്യർ പിടഞ്ഞുമരിക്കുന്ന വാർത്തകളാണ്​ ഇപ്പോൾ നാടിനെ നടുക്കിക്കൊണ്ടിരിക്കുന്നത്​. കേരളത്തിൽ മയക്കുമരുന്ന് ദുരുപയോഗം അനിയന്ത്രിതമാം വിധം ഉയരുകയാണ്. വിദ്യാർഥികൾ മയക്കുമരുന്ന് ശീലം പടരുന്നുവെന്നു മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ ശേഖരിച്ചു വെച്ച് വിൽപന നടത്തുന്ന വാർത്തയും നമ്മൾക്ക് കേൾക്കേണ്ടി വരുന്നു.

2016-2022 കാലയളവിൽ, സംസ്ഥാനത്ത് മയക്കുമരുന്ന് നിയമ പ്രകാരം (NDPS Act) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 300 ശതമാനത്തിനു മേൽ വർധനയുണ്ടായി; 2023 ജനുവരി മുതൽ 2024 ആഗസ്റ്റ് വരെ, 145 സ്ത്രീകളും 102 കുട്ടികളും മയക്കു മരുന്ന് കേസുകളിൽ പ്രതികളായി എന്നതും ഞെട്ടലോടെ മാത്രമേ നമുക്ക് കേൾക്കാനാകൂ. 2023ൽ പിടികൂടപ്പെട്ട എം.ഡി.എം.എയുടെ തോത് 14.969 കിലോ ഗ്രാം ആയിരുന്നെങ്കിൽ 2024ൽ അത് 24. 71 കിലോഗ്രാം ആയി ഉയർന്നു. 2025 ജനുവരിയിൽ പിടിച്ചെടുക്കപ്പെട്ട മെത്താം ഫിറ്റമിൻ (Methamphetamine) 1 .7 കിലോഗ്രാം ആയിരുന്നു. 2025 മാർച്ച് 10ന്​ ഒരു വീട്ടിൽ നിന്നുമാത്രം 1.66 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയതായും വാർത്ത വന്നു.

പ്രതിരോധ ശ്രമങ്ങൾ ഇല്ലാതല്ല

2010 മുതൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (SPC) പദ്ധതി, 2017ൽ ആരംഭിച്ച വിമുക്തി മിഷൻ, 2022 ഒക്ടോബറിൽ തുടങ്ങിയ സംസ്ഥാനതല ‘നോ ടു ഡ്രഗ്സ്’ കാമ്പയിൻ, കേരള പൊലീസ് ആരംഭിച്ച യോദ്ധാവ്, ഓപറേഷൻ ഡി ഹണ്ട് എന്നിങ്ങനെ സർക്കാർ തലത്തിൽ നിരവധി ലഹരി വിരുദ്ധ പദ്ധതികളുണ്ട്​. വിവിധ സന്നദ്ധ സംഘടനകളും മത -സാമൂഹിക കൂട്ടായ്​മകളും കാമ്പസുകളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.


സർക്കാർ-സ്വകാര്യ മേഖലയിലും സന്നദ്ധ സംഘടനകളുടെ പിന്തുണയിലും പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങളും പുനരധിവാസ സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മയക്കുമരുന്ന് ഉപയോഗം നിർത്തിയതിനുശേഷം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് മെഡിക്കൽ പരിഹാരം, മാനസികാരോഗ്യ പരിചരണം, വ്യക്തിഗത ഗ്രൂപ് കൗൺസലിങ്, പുനരധിവാസ ശേഷം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതികൾ എന്നിവയും ലഭ്യമാണ്. എന്നാൽ, ഈ സൗകര്യങ്ങൾ അപര്യാപ്​തമാകുന്ന വിധത്തിൽ ലഹരി ഉപഭോഗവും അനുബന്ധ പ്രശ്നങ്ങളും സംസ്​ഥാനത്ത്​ വർധിച്ചിരിക്കുന്നു.

വെല്ലുവിളികൾ, പോരായ്​മകൾ

സർക്കാർ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ എണ്ണത്തിലെ കുറവ്, സ്വകാര്യ കേന്ദ്രങ്ങളിലെ ഭാരിച്ച ചെലവ്, സ്ത്രീകൾക്കായുള്ള പ്രത്യേക സൗകര്യങ്ങളുടെ അഭാവം, വിവിധ വകുപ്പു കൾ തമ്മിൽ വേണ്ടത്ര ഏകോപനമില്ലാത്തത്​, സർക്കാർ ഡീ-അഡിക്ഷൻ സെന്ററുകളിലെ കുറഞ്ഞ ഫണ്ടിങ്ങും അപര്യാപ്​തതകളും, സമൂഹത്തിൽനിന്നുള്ള അകറ്റി നിർത്തലും ഒറ്റപ്പെടലും അവരെ വീണ്ടും ലഹരിയിലേക്ക് തള്ളിവിടുന്ന അവസ്ഥ, ലഹരിമോചന കൗൺസലർമാരുടെയും സൈക്യാട്രിസ്റ്റുമാരുടെയും അഭാവം, ഡാർക് നെറ്റ്, എൻക്രിപ്റ്റഡ് ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലഹരിവിൽപന, ഉപഭോക്താക്കളെ പിടികൂടാൻ സാധിക്കുമ്പോഴും വിതരണക്കാരും പിന്നാമ്പുറത്തെ ലഹരി മാസ്റ്റർ മൈൻഡുകളും രക്ഷപ്പെടുന്ന അവസ്ഥ, മദ്യവും ലഹരിവസ്തുക്കളും സാമൂഹിക അംഗീകാരമുള്ള തായിമാറുന്ന പ്രവണത, വർധിച്ചുവരുന്ന കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ആശങ്കയോടെ പ്രവാസി സമൂഹം

പ്രവാസി കുടുംബങ്ങൾക്ക് തങ്ങളുടെ കൗമാരക്കാരായ കുട്ടികളെ തുടർപഠനാവശ്യാർഥം നാട്ടിലേക്ക് അയക്കേണ്ട നിർബന്ധിത സാഹചര്യം നിലവിലുണ്ട്. കുട്ടികൾ ഭൗതികമായി ദൂരെയായിരിക്കുകയോ, വ്യത്യസ്തമായ സാംസ്കാരിക സാഹചര്യത്തിലേക്ക് കടക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അവരെ നിരീക്ഷിക്കുന്നതും മാർഗ നിർദേശം നൽകുന്നതും പ്രയാസകരമാണ്. നേരിട്ട്​ നിയന്ത്രിക്കാൻ മാതാപിതാക്കളോ മുതിർന്നവരോ ഒപ്പമില്ലാത്ത കുട്ടികളെയാണ്​ ലഹരി മാഫിയ പ്രധാനമായും ഉന്നമിടുന്നത്​. നാട്ടിലും കലാലയങ്ങളിലും വ്യാപിക്കുന്ന ലഹരിക്കെണിയിൽ കുഞ്ഞുങ്ങൾ കുടുങ്ങുമോ എന്ന ആശങ്കകൊണ്ടുമാത്രം രക്ഷിതാക്കൾ കടുത്ത മാനസിക സംഘർഷത്തിനടിപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.


കുറ്റമറ്റ പ്രതിരോധ നടപടികളിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാകൂ. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമൂഹമൊന്നിച്ച്, ഒരു മനസ്സായി, നാട്ടിലെ പ്രധാന കർമപരിപാടിയായി ഉൾക്കൊള്ളുകയും ലഹരിയുടെ ഉൽപാദന, വിതരണ, ഉപഭോഗ ശൃംഖല തകർക്കുന്നതിൽ പങ്കാളിയാവുകയും വേണം. കേവലം സർക്കാറിനോ, ഏതാനും സന്നദ്ധ സംഘടനകൾക്കോ മാത്രമായി ഈ ദുരവസ്ഥയെ ചെറുക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവണം.

പരിഹാര മാർഗങ്ങൾ

  • നിലവിൽ വിമുക്തി മിഷന്റെ ഭാഗമായ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശക്തമായ ഏകോപനം- ആരോഗ്യം, നിയമം, വിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, ധനകാര്യം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, യുവജനക്ഷേമം, സ്പോർട്സ്, ഫിഷറീസ്, പട്ടികജാതി പട്ടികവർഗ ക്ഷേമം, സംസ്കാരികം തുടങ്ങിയ വകുപ്പുകൾ ഏകോപിച്ച് ആക്ഷൻ പ്ലാൻ ഒരുക്കണം.
  • സാമൂഹിക സാംസ്‌കാരിക - മതനേതാക്കളെയും സമൂഹത്തിലെ പ്രശസ്തരെയും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഓരോ കോർപറേഷൻ/ മുനിസിപ്പാലിറ്റി /പഞ്ചായത്ത് വാർഡുകളിലും സദാ പ്രവർത്തനസജ്ജമായ പ്രാദേശിക ലഹരിവിരുദ്ധ സമിതികൾ രൂപവത്കരിക്കുക. സമൂഹത്തിൽനിന്ന് വരുന്ന പരാതികൾ അതിവേഗം പരിഹരിക്കാൻ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ആക്ഷൻ ടീം രൂപവത്കരിക്കുക.
  • സർക്കാർ വിമുക്തി കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക, സർക്കാർ/സ്വകാര്യ ഡിസ്പെൻസറികളിലും ആശുപത്രികളിലും സൗജന്യ ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ലഹരി ഉപയോഗം കണ്ടെത്താനായി പരീക്ഷണ സൗകര്യങ്ങൾ (drug screening kits) വ്യാപകമാക്കുക, ഡിജിറ്റൽ കൗൺസലിങ് സേവനങ്ങൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും ഉയർന്ന നിലവാരമുള്ള ഫോളോഅപ് സർവിസുകളുള്ള ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക, കൂടുതൽ റിഹാബിലിറ്റേഷൻ സെന്റ റുകൾ സ്ഥാപിക്കുക, ലഹരിയിൽനിന്ന് മോചിതരാകുന്നവർക്ക് തൊഴിൽ പരിശീലനവും മാനസികാരോഗ്യ പിന്തുണയും നൽകുക.

  •  സംസ്ഥാനത്തുടനീളം 24/7 സഹായ ലൈനുകൾ വ്യാപകമാക്കുക.
  • ലഹരി ഉപഭോഗത്തെത്തുടർന്ന് ഒന്നാം തവണ കുടുങ്ങുന്നവരെ തടവിലാക്കുന്നതിനേക്കാൾ, നിർബന്ധിതമായി പുനരധിവാസം നൽകുക (Rehabilitation First മാതൃക). പതിവായി കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക്​ കർശന ശിക്ഷ ഉറപ്പാക്കുക.
  • ചെറുതും വലുതുമായ എല്ലാ ലഹരി വിതരണം നടത്തുന്നവർക്കെതിരെയും ശക്തവും ഫലപ്രദവുമായ നിയമനടപടികൾ സ്വീകരിക്കുക. ഇക്കാര്യത്തിൽ ‘Zero Tolerance Policy’ നടപ്പിലാക്കുക. സമൂഹമാധ്യമ ങ്ങളിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുക.
  • ഡിജിറ്റൽ നിരീക്ഷണവും പൊതുജന സഹായ ലൈനുകളും-AI ആശ്രിതമായ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിച്ച് ലഹരി ഇടപാടുകൾ നിരീക്ഷിക്കണം. ഓൺലൈൻ/ഡാർക് നെറ്റ്/സോഷ്യൽ മീഡിയ വ്യാപാരത്തെ കണ്ടെത്താൻ പ്രത്യേക സൈബർ സെല്ലുകൾ സ്ഥാപിക്കുക. സംശയകരമായ ഓൺലൈൻ ട്രാൻസാക്ഷനുകൾ, തുക കൈമാറ്റം നിരീക്ഷിക്കാൻ സംവിധാനമുണ്ടാകണം. അത്യാധുനിക സാങ്കേതികത യുടെ പ്രയോജനം വെർച്വൽ കൗൺസലിങ്ങിനും ലഹരി വ്യാപാരം തടയുന്നതിനും ഫലപ്രദമായി പ്രയോജനപ്പെടുത്തണം.
  • ലഹരിക്കടത്ത് നടക്കുന്ന എല്ലാ അതിർത്തി കളിലും കൂടുതൽ പരിശോധനകൾ നടത്തുക. തീരപ്രദേശങ്ങളിൽ കൂടുതൽ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുക. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടപ്പിലാക്കുക.
  • സ്കൂളുകളിലും കോളജുകളിലും പാഠപദ്ധതിയിൽ മയക്കുമരുന്ന് പ്രതിരോധ പഠനം ഉൾപ്പെടുത്തുക, ലഹരി വിരുദ്ധ ക്ലാസുകളും കൗൺസലിങ് സൗകര്യവും ഏർപ്പെടുത്തുക.

(റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഫിസിഷ്യനും അന്താരാഷ്ട്ര ലഹരി വിരുദ്ധ പരിപാടിയായ റിയാദ്​ ഇനിഷ്യേറ്റിവ്​ എഗൻസ്​റ്റ്​ സബ്​സ്​റ്റൻസസ്​ അബ്യൂസ്​ -റിസ കൺവീനറുമാണ് ലേഖകൻ)

Tags:    
News Summary - The network of drugs must be broken -malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.