തീരശോഷണത്തിന് വേഗം കൂട്ടും

തീരശോഷണത്തിന് വേഗം കൂട്ടും



നദികള്‍ ഒഴുക്കിക്കൊണ്ടുവന്ന് അഴിമുഖ ങ്ങള്‍ വഴി കടലിലെത്തുന്ന മണലും കാറ്റ്, സമുദ്രജല പ്രവഹങ്ങള്‍, വേലിയേറ്റ-വേലിയിറക്കങ്ങളുമായി ബന്ധപ്പെട്ട നീരൊഴുക്കുകൾ എന്നിവയുടെ ഫലമായൊഴുകിയെത്തുന്ന മണലും, തിരമാലയിലൂടെ തീരത്തടിഞ്ഞാണ് തീരം അഥവാ കര വെക്കുന്നത്. ഓരോ തവണയും ഇങ്ങനെ മണ്ണ് അടിഞ്ഞുകൂടി കട്ടിയായി ഉറച്ച മണ്‍തിട്ട രൂപംകൊള്ളുന്നു. കടല്‍ കരയിലേക്ക് അടിച്ചുകയറാതെ സംരക്ഷിക്കുന്നത് ഈ മണ്‍തിട്ടയായ കടൽതീരമാണ്. കടല്‍തിരമാലകളുടെയും കടല്‍തീരത്തിന്റെയും പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് തീരംവെക്കുന്നതും തീരംശോഷിക്കുന്നതും. തിരമാല കരയിലേക്ക് അടിക്കുന്നതിന്റെയും, തിരികെ ഒഴുകിപ്പോകുന്നതിന്റെയും ശക്തി കുറവാണെങ്കില്‍ കടലിലേക്ക് മണല്‍ ഒഴുകിപ്പോകുന്നതിന്റെ അളവ് കുറവായിരിക്കും. തിര ലംബമായി ശക്തിയായി വന്ന് കരയിലേക്ക് അടിക്കുമ്പോള്‍ തിരയുടെ ശക്തിക്കനുസരിച്ചു മണൽ തീരത്ത് അടിയുകയും, മണല്‍ ഒഴുകിപ്പോവുകയും ചെയ്യും. മണ്ണ് വന്നടിഞ്ഞു തീരംവെക്കുന്നതിനെ തീരപോഷണമെന്നും മണ്ണെടുത്തുപോയി തീരം നഷ്ടമാകുന്നതിനെ തീരശോഷണമെന്നും പറയുന്നു. സമുദ്രജല പ്രവാഹങ്ങള്‍, കാറ്റ്, കടലിലെ നീരൊഴുക്ക്, തീരത്തേക്ക് വന്നടിക്കുന്ന തിരമാലകളുടെ ശക്തി എന്നിവയൊക്കെ തീരപോഷണത്തെയും തീരശോഷണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


രണ്ട് ദിശയിൽനിന്നുള്ള കടലൊഴുക്കും, കടലുമാണ് കേരളതീരത്ത് പ്രധാനമായി അനുഭവപ്പെടുന്നത്. ഏപ്രിൽ മാസം മുതൽ ആഗസ്റ്റ്‌ പകുതി വരെയുള്ള കാലത്തെ കടലൊഴുക്ക് സാധാരണ ഗതിയിൽ തെക്കോട്ടും, ഒക്ടോബർ പകുതി മുതൽ കടലൊഴുക്ക് സാധാരണ ഗതിയിൽ വടക്കോട്ടും ആയിരിക്കും. മൺസൂൺ കാലത്ത് കടലൊഴുക്കിന്റെ ശക്തി താരതമ്യേന കുറവാണെങ്കിലും പ്രക്ഷുബ്ധമായ കടലും തിരമാലകളുടെ ശക്തി വളരെ കൂടുതലുമായിരിക്കും. ഏത് ഉറച്ച തീരത്തെയും കടൽഭിത്തിയെയും ഇത് കുത്തിയിളക്കി തിരികെ കടലിലേക്ക് കൊണ്ടുപോകും. ഇങ്ങനെ കുത്തിയിളക്കിക്കൊണ്ടുപോകുന്ന മണൽ ഒഴുകി കന്യാകുമാരിയുടെയും തെക്ക് പടിഞ്ഞാറൻ കടലിലും, ഉൾക്കടലിന്റെ അടിത്തട്ടിലും നിക്ഷേപിക്കപ്പെടുന്നു. സെപ്റ്റംബറോടെ തെക്കോട്ടുള്ള നീരൊഴുക്കിന് ശമനംവന്ന് ഒക്ടോബർ മുതൽ വടക്കോട്ട് മംഗളൂരു വരെ ഒഴുകുന്ന കടലൊഴുക്കിന്റെ ശക്തി വളരെ കൂടുതലായിരിക്കും. ഈ സമയത്ത് കടൽ താരതമ്യേന ശാന്തവും തിരമാലയുടെ ശക്തി വളരെ കുറവുമായിരിക്കും. കന്യാകുമാരിക്കും തെക്കുപടിഞ്ഞാറ് നേരത്തെ നിക്ഷേപിച്ചിരുന്ന മണൽ ഈ കടലൊഴുക്കിൽ കേരള തീരത്തെത്തുകയും, ശാന്തമായ കടൽതിര അവയെ തീരത്ത് നിക്ഷേപിച്ചു കരവെപ്പിക്കുകയുമാണ് ചെയ്യുന്നത്. കടൽഖനനത്തിന്റെ ഫലമായി കടലിലെ നീരൊഴുക്കിന് പ്രവചനാതീതമായ മാറ്റങ്ങൾ സംഭവിക്കാമെന്നതുകൊണ്ട്, വടക്കോട്ടുള്ള ഒഴുക്ക് മംഗളൂരുവും കടന്ന് പോകാനും, കടലിനടിയിലെ മണൽ ഖനനം ചെയ്തെടുക്കുന്ന കുഴികളിൽ ഇവ നിക്ഷേപിക്കപ്പെടാനും, കടലൊഴുക്ക് വഹിച്ചുകൊണ്ടുവരേണ്ടിയിരുന്ന മണൽ കേരളതീരത്ത് നിക്ഷേപിക്കാനുള്ള സാധ്യതയില്ലാതാക്കും. ഇതുകൂടാതെ, ഖനനം മൂലമുണ്ടാകുന്ന കുഴികൾ നികത്താനുള്ള മണൽ തീരങ്ങളിൽനിന്ന് തിരമാലകൾ വലിച്ചെടുത്തുകൊണ്ടുപോവുകയും ചെയ്യും. ഇത് ഇപ്പോൾ തന്നെ ദുർബലമായ കേരളതീരങ്ങളിൽ തീരശോഷണത്തിന്റെ തോത് വർധിപ്പിക്കുന്നതിനിടയാകും.

കേരളത്തിന്റെ 590 കിലോമീറ്റര്‍ തീരദേശത്തില്‍ 37 ശതമാനം തീരം മാത്രമാണ് തീരശോഷണത്തിനു വിധേയമാകാത്തത് എന്നുപറയാനേ കഴിയൂവെന്നും ഇതില്‍ 24 ശതമാനവും കായലുകളോട് അതിര്‍ത്തി പങ്കിടുന്നവയാണെന്നും, യഥാർഥത്തില്‍ തീരദേശത്തിന്റെ എട്ട് ശതമാനം മാത്രമാണ് തീരശോഷണത്തിനു വിധേയമാകാത്ത തായുള്ളൂവെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റയിനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് (എന്‍.സി.എസ്.സി.എം) പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.


യോജിച്ച പ്രക്ഷോഭം അനിവാര്യം

കേരളത്തിലെ 11 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അനുബന്ധ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന അഞ്ച് ലക്ഷത്തോളം കുടുംബങ്ങളുടെയും വരുമാനമാർഗം അടക്കുന്നതും, ഇപ്പോൾ തന്നെ ദുർബലവും പ്രശ്നജടിലവുമായ കേരളത്തിലെ തീരശോഷണത്തിന്റെ ആക്കംകൂട്ടുന്നതും, രാജ്യത്തിന്റെ ആണവ ധാതുക്കൾ സ്വകാര്യ കമ്പനികൾ കൈയടക്കുന്നതും, കേരളത്തിന്റെ പൊതുസമൂഹത്തിന്റെ പോഷകാഹാര സ്രോതസ്സിനെ ഇല്ലാതാക്കുന്നതുമായ ഈ പദ്ധതിക്കെതിരെ കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും യോജിച്ച പ്രക്ഷോഭം ഉണ്ടാവേണ്ടിയിരിക്കുന്നു.

എന്നാൽ നിർഭാഗ്യ കരമെന്ന് പറയട്ടെ, കേരളത്തിലെ ഇരു മുന്നണികളും ഇക്കാര്യത്തിൽ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തിയും, തർക്കങ്ങളിൽ ഏർപ്പെട്ടും സമയം കളയുകയാണ്. കടൽ ഖനനത്തിൽ കേരളത്തിന്റെ ആശങ്കയും എതിർപ്പും അറിയിച്ചുകൊണ്ടും, ഈ പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് അഭ്യർഥിച്ചുകൊണ്ടും കേരള നിയമസഭ പാസാക്കിയ പ്രമേയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ നേരിൽ സന്ദർശിച്ചു കൈമാറണം. കേരളത്തിൽ നിന്നുള്ള ഇരു മുന്നണിയുടെയും പാർലമെന്റ് അംഗങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ശക്തമായ ഇടപെടൽ നടത്തി, സർക്കാറിനെക്കൊണ്ട് തീരുമാനം പിൻവലിപ്പിക്കണം. അതിനുവേണ്ടുന്ന സമ്മർദം ഉയർത്തിക്കൊണ്ടുവരേണ്ടത് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മാത്രമല്ല, കേരളത്തിന്റെ മൊത്തം ആവശ്യമാണ്‌.

(അവസാനിച്ചു)

Tags:    
News Summary - Coastal erosion malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.