ആധുനിക മലയാളിയുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ, നിർണായകമായ വ്യതിയാനങ്ങൾ വരുത്താൻ പറ്റുന്ന ഇടപെടലുകൾ നടത്തിയ ജീവിതത്തിന്റെ ഉടമയായിരുന്നു കെ.കെ. കൊച്ച്. വിദ്യാർഥി കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അനുഭാവിയായി പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹത്തിന് സാമൂഹിക പ്രവർത്തനങ്ങൾക്ക് വൈജ്ഞാനികമായ ഒരു അടിസ്ഥാനം ഉണ്ടായിരിക്കണമെന്ന തിരിച്ചറിവ് വളരെ നേരത്തേതന്നെ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇടപെടലുകൾ കേവലമായ പ്രായോഗിക ഇടപെടലുകൾ എന്നതിനപ്പുറം, ആശയ രൂപവത്കരണത്തിന്റെ ഒരു ചരിത്രം കൂടി ഉൾക്കൊള്ളുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുള്ള സംസ്കാരിക പ്രവർത്തനങ്ങളിലും അതോടൊപ്പംതന്നെ അതിന്റെ ആശയ പ്രചാരണ രംഗത്തും വളരെ സജീവമായി. അദ്ദേഹത്തിന്റെ ഈ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചിട്ടുണ്ട്. 1980കൾക്കുശേഷമാണ് കെ. കെ. കൊച്ച് പ്രത്യക്ഷമായിതന്നെ ദലിത് പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. എൺപതുകളുടെ തുടക്കത്തിൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സിവിലിയൻ സർവിസ് സൊസൈറ്റിയിലൂടെയാണ് അതു തുടങ്ങിവെക്കുന്നത്.
ആ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അതിന്റെ പ്രസിദ്ധീകരണമായ സി.ഡി.എം വാരികയുടെ എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചു . കേരളത്തിൽ ദലിത് പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ വ്യാപകമായിരുന്നെങ്കിൽ അവയ്ക്കൊരു വൈജ്ഞാനിക അടിസ്ഥാനമുണ്ടായിരിക്കണമെന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആ പ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത്. കേരളം സൂക്ഷിക്കുന്ന, പാവനമായി കരുതുന്ന സംസ്കാരിക ധാരണകളെയും സാമൂഹിക ധാരണകളെയും രാഷ്ട്രീയ ധാരണകളെയും തിരുത്തി കൊണ്ടു മാത്രമേ ദലിത് ജനവിഭാഗങ്ങൾക്ക് മുന്നോട്ടുപോകാനാവൂ എന്ന വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ജീവിതത്തിൽ ഉടനീളം കേരളത്തിലെ പ്രബലമായ വൈജ്ഞാനിക ധാരകളോട് കലഹിച്ചുകൊണ്ട് അതിനോട് വിമർശനപരമായ സമീപനം പുലർത്തിക്കൊണ്ടുമാണ് സ്വന്തം ജീവിതത്തിൽ മുന്നോട്ടു പോയത്. നിരവധിയായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും നടത്താൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.
കേവലം ഒരു എഴുത്തുകാരൻ എന്നതിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരാൾ കൂടിയായിരുന്നു കെ.കെ. കൊച്ച് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അദ്ദേഹം എഴുതിയ നിരവധി പുസ്തകങ്ങൾ ഇന്നു നമ്മുടെ മുന്നിലുണ്ട്. 80കളുടെ അവസാനം എഴുതിയ കലാപവും സംസ്കാരവും എന്ന പുസ്തകത്തിൽ, പുതിയൊരു ജ്ഞാനാന്വേഷണത്തിന്റെ വെളിച്ചം, അതിലെ പല പഠനങ്ങളിലും നമുക്ക് കാണാൻ കഴിയും. പിന്നീടുള്ള വർഷങ്ങളിൽ അതിനെ മുന്നോട്ടു എടുക്കാനുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയിരുന്നത്. അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുള്ളവർക്ക് പോലും നിഷേധിക്കാനാവാത്ത ഒരു നിറസ്സാന്നിധ്യമായി കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ എല്ലാകാലത്തും അദ്ദേഹം ഇടപെട്ടുകൊണ്ടേയിരുന്നു.
അദ്ദേഹം എഴുതിയ ചരിത്ര സംബന്ധിയായ പുസ്തകം കേരളചരിത്ര രചനയിലെ പ്രധാനപ്പെട്ട സമസ്യകളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. അതോടൊപ്പംതന്നെ സാംസ്കാരിക മണ്ഡലത്തിൽ വ്യത്യസ്തമായ ഒരു വിമർശനധാരയെ സ്ഥാപിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.
മലയാളി പാവനമെന്നുകരുതിയ പല സാംസ്കാരിക ബിംബങ്ങളെയും വിമർശനവിധേയമാക്കിക്കൊണ്ടാണ് അദ്ദേഹം അതിന്റെ പാഠങ്ങൾ നിർമിക്കാൻ ശ്രമിച്ചിട്ടുള്ളത്. സാംസ്കാരിക മണ്ഡലത്തിൽ മാത്രമല്ല സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിലും സമാനമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്. ഇടതുപക്ഷ കാൽപനികത സൃഷ്ടിച്ച രാഷ്ട്രീയ ധാരണകളെ അടിസ്ഥാനപരമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്ന നിരവധി പഠനങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ഇങ്ങനെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെട്ടുകൊണ്ട് പുതിയ ചില പ്രവണതകൾക്ക് തുടക്കം കുറിക്കാൻ, അതിനെ മുന്നോട്ടു നയിക്കാനും സ്വന്തം ജീവിതത്തെ മാറ്റിവെച്ച ഒരാളായിരുന്നു കെ.കെ. കൊച്ച്.
ആ വൈജ്ഞാനിക സമ്പത്തിനെ പിൻപറ്റുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമണ്. കേരളത്തിൽ എമ്പാടും നിറസ്സാന്നിധ്യമായിരിക്കുന്ന,വിമർശനശാഖയിലും സാമൂഹികശാസ്ത്രത്തിലും അടിക്കടി ഉണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങൾ ഒക്കെ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് രംഗത്തുവരുന്ന നൂറുകണക്കിന് ദലിത് പ്രവർത്തകർ ഇന്ന് കേരളത്തിൽ എമ്പാടുമുണ്ട്. അത്തരമൊരു അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുന്നതിൽ കെ.കെ. കൊച്ചിന്റെ ത്യാഗപൂർണമായ ജീവിതം പ്രധാനപ്പെട്ടൊരു ഈടുവെപ്പായി നാം മനസ്സിലാക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങളുടെ ഒരു നേതൃത്വം എന്നതിനപ്പുറം മലയാളിയുടെ ധൈഷണിക ജീവിതത്തെ നവീകരിക്കാൻ കഴിഞ്ഞ ഒരു ജ്ഞാന വ്യവഹാരത്തെ നിർമിച്ച വ്യക്തി എന്ന നിലക്കാണ് ചരിത്രത്തിൽ കെ.കെ. കൊച്ച് ഓർമിക്കപ്പെടുക എന്ന് നിസ്സംശയം പറയാൻ പറ്റും. നമ്മുടെ വ്യവസ്ഥാപിത വിജ്ഞാന അവസ്ഥ മൂടിവെക്കാൻ ശ്രമിച്ച സാമൂഹിക യാഥാർഥ്യങ്ങളെ പുറത്തുകൊണ്ടുവരാനും അത് നമ്മുടെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്ര പ്രമേയം ആക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ നിലക്ക് ധന്യമായ ഒരു ജീവിതമാണ് കെ.കെ. കൊച്ച് പൂർത്തിയാക്കിയിരിക്കുന്നത്. ഈ വിടവാങ്ങൽ കേരളത്തിന്റെ ദലിത് സമൂഹത്തിന് മാത്രമല്ല, മലയാളിയുടെ ധൈഷണിക ജീവിതത്തിനും വലിയ നഷ്ടമാണെന്ന് നിസ്സംശയം പറയാൻ പറ്റും.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.