രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം 33ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാരെ വരുതിയിലാക്കാൻ മോദി സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നിട്ടില്ല. അതിനിടെ, പ്രക്ഷോഭത്തിനുപിന്നിൽ പ്രതിപക്ഷ പാർട്ടികളും കേരളത്തിലെ ഇടതുപക്ഷവുമാണെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. കേരളത്തിൽ എന്തുകൊണ്ട് എ.പി.എം.സി ആക്ട് നടപ്പാക്കിയിട്ടില്ല എന്നും പ്രധാനമന്ത്രി ചോദിച്ചു.
കേരളത്തിലെ കാർഷിക സംഭരണവും വിപണനവും സംബന്ധിച്ച കാര്യങ്ങളൊന്നും നല്ലവണ്ണം മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രിയുടെ ഈ ചോദ്യമെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ആരോപണങ്ങൾക്ക് അക്കമിട്ട് പറുപടി പറയുകയുന്ന ലേഖനത്തിന്‍റെ പൂർണ രൂപം വായിക്കാം
ദില്ലി ചലോ സമരം രാജ്യതലസ്ഥാനത്ത് കത്തിപ്പടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി കുത്തക കമ്പനികൾക്കുവേണ്ടിയുള്ള വീണാവാദനം തുടരുകയാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ കർഷകസമരത്തോട് ധാർമികമായി തോറ്റുപോയ പ്രധാനമന്ത്രി കേരളത്തിലെ ഇടതുപക്ഷത്തിനുനേരെയാണ് തിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷവും പ്രത്യേകിച്ച്, ഇടതുപക്ഷ പാർട്ടികളും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയുമാണെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തിൽ, പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന കർഷകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കാൻ ശ്രമിക്കുന്നതും. കർഷക പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തെ പഴിചാരിയായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇടതുപക്ഷം നടത്തുന്നത് ഇവൻ്റ് മാനേജ്മെൻ്റാണെന്നും ബംഗാളിലെ കർഷകർ എന്തുകൊണ്ട് സമരം ചെയ്തില്ലയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കർഷകരുടെ പേരിൽ സമരം നടത്തുന്നവർ രാഷ്ട്രീയം കളിക്കുകയാണെന്ന വിലകുറഞ്ഞ പ്രസ്താവന നടത്തിയതുവഴി നരേന്ദ്ര മോദി സ്വയം കുത്തക മുതലാളിമാരുടെ ഏജൻ്റാണ് താൻ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് കേരളത്തിൽ എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല എന്നാണ് അദ്ദേഹത്തിെൻ്റ ചോദ്യം. അത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ഇതേ ചോദ്യം തന്നെയാണ് കേരളത്തിന് തിരിച്ചും ചോദിക്കാനുള്ളത്. എന്തുകൊണ്ടാണ് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ എ.പി.എം.സി ആക്ട് ഇല്ലാത്തത് എന്നതുതന്നെയാണ് നരേന്ദ്ര മോദി മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യം. 2003ൽ മോഡൽ എ.പി.എം.സി ആക്ട് ഇന്ത്യയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ, ഓരോ സംസ്ഥാനത്തിനും ആ ആക്ട് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അന്ന് ഉണ്ടായിരുന്നു. അതിനുകാരണം കൃഷി കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ആയതുകൊണ്ട് അന്നത്തെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു നൽകി എന്നതാണ്. കേരളം മാത്രമല്ല, അക്കാലത്ത് മണിപ്പൂർ, ബിഹാർ, ജമ്മു കശ്മീർ തുടങ്ങിയ പല സംസ്ഥാനങ്ങളും എ.പി.എം.സി ആക്ട് നടപ്പാക്കിയിട്ടില്ല.
ഓരോ സംസ്ഥാനവും ആ സംസ്ഥാനത്തെ പ്രത്യേകതകളും സാധ്യതകളും കണക്കിലെടുത്തുകൊണ്ടാണ് ഈ ആക്ട് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തിൽ ബിഹാർ സംസ്ഥാനം അവരുണ്ടാക്കിയ എ.പി.എം.സി ആക്ട് പിൻവലിക്കുകയും ചെയ്തു. അതിനുകാരണം, സംസ്ഥാന ലിസ്റ്റിൽപ്പെട്ട കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഓരോ സംസ്ഥാനത്തിനും അധികാരമുണ്ട് എന്നതുകൊണ്ടാണ്. അപ്പോൾ എ.പി.എം.സി ആക്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കാതിരിക്കാനും ആവശ്യമെങ്കിൽ നടപ്പിലാക്കാനുമുള്ള ഭരണഘടനാപരമായ വിവേചനാധികാരം അന്നത്തെ കേന്ദ്ര സർക്കാർ ജനാധിപത്യപരമായി സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു എന്നത് ഓർക്കുക. എന്നാൽ, ഇപ്പോൾ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമനിർമ്മാണം നടത്തിയതിനുശേഷം ആ നിയമം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയും അത് നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് ആവശ്യപ്പെടുകയുമാണ്. ഇത് അങ്ങേയറ്റം ഭരണഘടനാവിരുദ്ധവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.
കേരളം എ.പി.എം.സി ആക്ട് വേണ്ട എന്ന് തീരുമാനിച്ചതിന് പല കാരണങ്ങളുണ്ട്. എ.പി.എം.സി ആക്ടിെൻ്റ പരിധിയിൽ വരുന്ന മിനിമം സപ്പോർട്ട് ൈപ്രസുമായി ബന്ധപ്പെട്ട കാർഷിക വിളകളുടെ വിപണനം നടത്തുന്ന മാർക്കറ്റുകൾ അഥവാ മണ്ഡികൾ കേരളത്തിൽ അനിവാര്യമായും ആവശ്യമുണ്ടായിരുന്നില്ല. അതിനുകാരണം, നെല്ലും കൊപ്രയും മാത്രമാണ് കേന്ദ്രത്തിെൻ്റ മിനിമം സപ്പോർട്ട് ൈപ്രസ് അനുസരിച്ച് കേന്ദ്രം സംഭരിക്കുന്ന കാർഷികവിളകളിൽ ഉൾപ്പെട്ടിരുന്ന കാർഷിക വിഭവങ്ങൾ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രണ്ട് കാർഷികവിഭവങ്ങളും സംഭരിക്കുന്നതിന് കേരളത്തിൽ പ്രാദേശികമായി താഴെ തട്ടുമുതൽ സർക്കാർ തന്നെ സംവിധാനങ്ങൾ നിലവിലുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലും നെല്ല് സംഭരിക്കുന്നതിന് സുശക്തമായ സംവിധാനങ്ങളാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിഭവങ്ങൾ മണ്ഡികളിൽ കൊണ്ടുപോയി വിൽപ്പന നടത്തുന്ന രീതിയാണുള്ളത്. നെല്ല് മാത്രമല്ല, എല്ലാ കാർഷിക വിഭവങ്ങളും അതിൽ ഉൾപ്പെടുന്നതുകൊണ്ട് അവർക്ക് അത്തരം സംവിധാനം ആവശ്യമാണ് എന്നതുകൊണ്ടാണ് എ.പി.എം.സിയുടെയും മണ്ഡികളുടെയും ആവശ്യകത വരുന്നത്.
കേരളത്തിൽ നെല്ല് സംഭരിക്കുന്നതിന് വർഷങ്ങളായി നിലനിൽക്കുന്ന സംവിധാനം എന്നു പറയുന്നത് കർഷകരുടെ നെല്ലുൽപ്പാദന കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിെൻ്റ വിവിധ ഏജൻസികൾ, പ്രത്യേകിച്ച് സപ്ലൈക്കോ പട്ടികപ്പെടുത്തിയിട്ടുള്ള സർക്കാർ അംഗീകൃത ഏജൻസികൾ, സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നെല്ല് സംഭരിക്കുന്ന സംവിധാനം വർഷങ്ങളായി കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കർഷകർ ഒരിക്കലും അവരുടെ നെല്ലുമായി മണ്ഡികളിലേക്ക് പോവുക എന്നത് അപ്രായോഗികമായ കാര്യമാണ്. മണ്ഡി എന്ന സംവിധാനം കേരളത്തിൽ ആവശ്യമില്ല. ഇന്ന് കേരളത്തിൽ സർക്കാർ ഏജൻസിയായ സപ്ലൈകോ വഴി നെല്ല് സംഭരിച്ചുപോരുന്നു എന്ന് മാത്രമല്ല, നെല്ലിന് കേന്ദ്ര സർക്കാർ നൽകുന്ന മിനിമം സപ്പോർട്ട് ൈപ്രസ് പ്രകാരമുള്ള സംഭരണവില 18.25 രൂപയാണ്. ആ വിലയ്ക്ക് പുറമേ സംസ്ഥാന സർക്കാർ െപ്രാഡക്ഷൻ ഇൻസെൻ്റീവ് ആയി കിലോ ഗ്രാമിന് 9.23 രൂപ അധികം നൽകി കിലോഗ്രാമിന് 27.48 രൂപയ്ക്ക് കൃഷിയിടത്തിൽ നിന്നുതന്നെ നേരിട്ട് നെല്ല് സംഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സംഭരണവിലയാണ്. നരേന്ദ്ര മോദി മനസ്സിലാക്കേണ്ട ഒരു കാര്യം, ഇവിടെ എ.പി.എം.സി ആക്ടോ മണ്ഡികളോ ഇല്ലാതെ തന്നെ വളരെ സുഗമമായി ഈ പ്രക്രിയ നടക്കുന്നു എന്നതുകൊണ്ടാണ് കേരളം എ.പി.എം.സി ആക്ട് തുടക്കം മുതലേ നടപ്പിലാക്കാത്തതും പ്രത്യേകം മണ്ഡികൾ സ്ഥാപിക്കാത്തതും. എന്നാൽ, പഴങ്ങളും പച്ചക്കറികളും കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതിനും വിൽപന നടത്തുന്നതിനും എ.പി.എം.സി നിയമമില്ലാതെ തന്നെ കൃഷി വകുപ്പിെൻ്റ കീഴിൽ മാത്രം 1883 സംഭരണ–വിപണന കാർഷിക ചന്തകൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്നുമുണ്ട്.
കേന്ദ്ര സർക്കാരിെൻ്റ ലിസ്റ്റിൽ വരുന്ന 25 ഇനം കാർഷിക വിഭവങ്ങളിൽ ഒന്നും തന്നെ കേരളത്തിൽ സംഭരണത്തിന് ആനുപാതികമായ രീതിയിൽ ഉൽപ്പാദിപ്പിക്കാത്ത സാഹചര്യത്തിലാണ് എ.പി.എം.സി ആക്ട് കേരളത്തിൽ വരാതിരുന്നത്. കേരളത്തിൽ നാളികേരം കൊപ്രയാക്കി വിൽപ്പന നടത്തുന്ന സമ്പ്രദായം തുലോം കുറവാണ്. അതിനുപകരം, പച്ചത്തേങ്ങ സംഭരണമാണ് നടന്നുവരുന്നത്. കഴിഞ്ഞ സർക്കാരിെൻ്റ കാലം മുതൽ നാളികേരത്തിന് വിലയിടിയുന്ന സന്ദർഭങ്ങളിൽ കൊപ്ര സംഭരിക്കുന്നത് അപ്രായോഗികമായതുകൊണ്ടു തന്നെ പച്ചത്തേങ്ങ സംഭരണമാണ് നടത്തുന്നത്. പല തവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും പച്ചത്തേങ്ങ സംഭരണം മിനിമം സപ്പോർട്ട് ൈപ്രസിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. അതേ തുടർന്നാണ്, സംസ്ഥാന സർക്കാർ തന്നെ കിലോ ഗ്രാമിന് 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയത്. കേരഫെഡിന് കീഴിൽ വരുന്ന 900–ഓളം സഹകരണസ്ഥാപനങ്ങളും കൃഷി ഭവനുകളും വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഇപ്പോഴും 27 രൂപയിൽ താഴെ വില താഴ്ന്ന് വന്നാൽ പച്ചത്തേങ്ങ സംഭരിക്കുന്നതിന് ഇപ്പോഴും സംവിധാനമുണ്ട്.
മാത്രവുമല്ല, കേരളത്തിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ വെജിറ്റബ്ൾ ഫ്രൂട്ട് െപ്രാമോഷൻ കൗൺസിൽ, കേരള എന്ന സ്ഥാപനം നിലവിലുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ 2 ലക്ഷത്തോളം കർഷകരുടെ പതിനായിരത്തോളം സ്വയം സഹായ സംഘങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. അവയുടെയെല്ലാം അപ്പർ ബോഡി എന്ന നിലയിൽ വി.എഫ്.പി.സി.കെ ഒരു കമ്പനിയായി പ്രവർത്തിക്കുന്നു. 283 വി.എഫ്.പി.സി.കെ സംഭരണ വിപണികൾ കേരളത്തിൽ വളരെ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമേ, കർഷകഗ്രൂപ്പുകളുടെ ബ്ലോക്ക് ലെവൽ ക്ലസ്റ്റർ മാർക്കറ്റുകളും കർഷകരുടെ വിപണികളും നിലവിലുണ്ട്. ഹോർട്ടികോർപ്പിെൻ്റ 600 ലധികം സംഭരണകേന്ദ്രങ്ങളും കൃഷി വകുപ്പിെൻ്റ ചെറുകിട ഇക്കോഷോപ്പുകളും ഗ്രാമചന്തകളും നിലവിലുണ്ട്. ഇങ്ങനെ 1800ൽപരം സംഭരണ–വിപണന കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. ഇവയ്ക്കെല്ലാം പുറമേ, സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള ആറ് വേൾഡ് മാർക്കറ്റുകളും മാർക്കറ്റ് കമ്മിറ്റികളും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. 2020 നവംബർ 1 മുതൽ 16 ഇനം പച്ചക്കറികളും പഴവർഗ്ഗങ്ങളും നിശ്ചിത തറവിലയ്ക്ക് സംഭരിക്കാനായി 600 സംഭരണ കേന്ദ്രങ്ങൾ കൃഷി വകുപ്പും സഹകരണ വകുപ്പും ചേർന്ന് വിാപനം ചെയ്ത് നിലവിൽവന്നു കഴിഞ്ഞിട്ടുമുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വികേന്ദ്രീകൃത മാതൃകയിൽ കർഷകരുടെ തന്നെ നേതൃത്വത്തിലുള്ള മാർക്കറ്റുകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എ.പി.എം.സി ആക്ട് വരുന്നതിനു മുമ്പും അതിനുശേഷവും വളരെ മികച്ച നിലയിൽ ഈ സംവിധാനങ്ങൾ കേരളത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. വികേന്ദ്രീകൃതമായ രീതിയിൽ പഞ്ചായത്ത് അടിസ്ഥാനത്തിലും മറ്റുമുള്ള മാർക്കറ്റ് സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. കാർഷിക കേരളത്തിലെ പ്രധാനവിളകളായ റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകൾ, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകൾ എന്നിവയുടെ ഉൽപ്പാദനവും വിപണനവുമെല്ലാം നിയന്ത്രിക്കുന്നത് വിവിധ കേന്ദ്ര നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. 1947ലെ റബ്ബർ ആക്ട്, 1965ലെ കാർഡമം ആക്ട്, 1986ലെ സ്പൈസസ് ബോർഡ് ആക്ട്, ടീ ബോർഡ് ആക്ട് എന്നീ നിയമങ്ങൾ വഴി സ്ഥാപിതമായ റബ്ബർ ബോർഡ്, സ്പൈസസ് ബോർജ്, കോഫീ ബോർഡ്, ടീ ബോർഡ് എന്നീ കേന്ദ്ര സ്ഥാപനങ്ങളാണ് ഈ വിളകളെ സംബന്ധിക്കുന്ന വിപണന നിയമങ്ങളും കയറ്റുമതിയുമെല്ലാം നിയന്ത്രിച്ചുവരുന്നത്.
എ.പി.എം.സി ആക്ടിെൻ്റ ന്യൂനതകൾ പലഘട്ടങ്ങളിലായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ആ ന്യൂനതകൾ പരിഹരിക്കുന്നതിനു പകരം ഈ മൂന്ന് കരിനിയമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി കർഷകർക്കുവേണ്ടിയെന്ന പേരിൽ എ.പി.എം.സി ആക്ട് പൂർണ്ണമായും എടുത്തുകളയുമ്പോൾ അത് സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യം കൂടി മനസ്സിലാക്കേണ്ടതല്ലേ. മറ്റൊരു കാര്യം എ.പി.എം.സി ആക്ട് അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന സംഭരണ–വിതരണ സംവിധാനങ്ങൾ തകരാറിലാവുകയും ഈ ആക്ടിന് കീഴിൽ ഉണ്ടായിരുന്ന മാർക്കറ്റുകൾക്ക് പകരം സ്വകാര്യ വിപണികൾ അവിടെയുള്ള സംഭരണവും വിപണനവും വില നിർണ്ണയവുമെല്ലാം നിയന്ത്രിക്കുന്നതുവഴി കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തെ അത് വളരെ ഗുരുതരമായ നിലയിൽ ബാധിക്കുമെന്ന യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇത് കേരളത്തിന് വളരെ ഗുണകരമാണ് എന്ന പച്ചക്കള്ളം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
നിയമം കോർപറേറ്റുകൾക്ക് വേണ്ടി തന്നെ
മൂന്ന് കരിനിയമങ്ങളിൽ ഒരിടത്തുപോലും മിനിമം സപ്പോർട്ട് ൈപ്രസിനെ സംബന്ധിച്ച് ഒരക്ഷരം പോലും കേന്ദ്ര സർക്കാർ പറയുന്നില്ല. എ.പി.എം.സി ആക്ടിനെക്കുറിച്ചും ഇടനിലക്കാരുടെ ചൂഷണത്തെക്കുറിച്ചും പ്രധാനമന്ത്രി എപ്പോഴും വാചാലനാകുന്നുണ്ട്. കോർപ്പറേറ്റുകൾക്ക് ഏത് മാർക്കറ്റിൽ നിന്നും ഏത് സാധനവും ഏത് അളവിലും വാങ്ങാനുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥത്തിൽ ഈ നിയമങ്ങൾ നടപ്പാക്കുന്നതുവഴി കൈവരുന്നത്. അല്ലാതെ, കർഷകന് തെൻ്റ ഉൽപ്പന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽപ്പന നടത്താനുള്ള സ്വാതന്ത്ര്യമല്ല ലഭിക്കുന്നത്. ഏതളവിലും സംഭരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുമ്പോൾ തന്നെ ഏതളവിലും വാങ്ങാനുള്ള സ്വാതന്ത്ര്യം കൂടി കോർപ്പറേറ്റുകൾക്ക് നൽകിയില്ലെങ്കിൽ ഈ സംഭരണത്തിന് അർത്ഥമുണ്ടാവില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ എ.പി.എം.സി ആക്ട് കൂടി ഇല്ലാതാക്കിയത് എന്ന യാഥാർത്ഥ്യം കൂടി ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവിലാണ് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ കർഷകരുടെ നേതൃത്വത്തിൽ പൊതുസമൂഹം സമരരംഗത്തേക്കിറങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ പ്രതിപക്ഷ പാർട്ടികളല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിെൻ്റ ഔദ്യോഗിക ജിഹ്വകളെയും മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിയതുകൊണ്ടുമാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാൻ പോകുന്നില്ല. ഈ പ്രശ്നങ്ങൾ പ്രശ്നങ്ങളായി തന്നെ നിലനിൽക്കും എന്ന് പറയാൻ ആഗ്രഹിക്കുന്നു.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസ്സാക്കിയ കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെ ദേശീയതലത്തിൽ നടക്കുന്ന സമരങ്ങൾക്കൊപ്പം കേരളത്തിൽ സമരങ്ങളൊന്നും നടക്കുന്നില്ലായെന്നും കേരളത്തിലുള്ള ഇടതുപക്ഷ നേതാക്കൾ പഞ്ചാബിലും ഡൽഹിയിലും പോയി സമരം നടത്തുകയാണ് എന്നുമുള്ള ചില വാദങ്ങൾ ബി.ജെ.പി വക്താക്കൾ നടത്തുന്നുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിെൻ്റ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ അതിശകതമായ സമരപരിപാടികൾ കേരളത്തിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ സംഘടനകളും കർഷകഗ്രൂപ്പുകളും ഈ സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിൽ അണിനിരന്നുകഴിഞ്ഞു. ഡിസംബർ 23 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സംയുകത കർഷക മുന്നണി അനിശ്ചിതകാല സത്യഗ്രഹസമരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ഈ സമരം സംസ്ഥാന തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ദില്ലി ചലോ സമരത്തിൽ പങ്കെടുക്കുന്ന സമരഭടന്മാർക്ക് 20 ടൺ പൈനാപ്പിൾ അയച്ചുകൊടുത്തുകൊണ്ട് കേരളത്തിലെ പൈനാപ്പിൾ കർഷകർ കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അനുഭവവും ഓർക്കുന്നു. ആയിരക്കണക്കായ ബഹുജനങ്ങളാണ് കർഷകസമരത്തോട് ഐക്യപ്പെട്ടുകൊണ്ട് കേരളത്തിൽ രംഗത്തുവരുന്നത്.
കേരളത്തിലെ കർഷകരെ സംബന്ധിച്ചേടത്തോളം സംസ്ഥാന സർക്കാർ കർഷകരുടെ കൂടെയാണ് നിൽക്കുന്നതെന്ന ബോധ്യവും അനുഭവവും അവർക്കുണ്ട്. കർഷകരുടെ ക്ഷേമത്തിലൂന്നിയ നിരവധി നിയമങ്ങളാണ് ഈ കാലയളവിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായി കർഷകക്ഷേമനിധി ബോർഡ് നടപ്പിലാക്കിയത് കേരളത്തിലാണ്. ഇന്ത്യയിൽ ആദ്യമായി 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചത് കേരളത്തിലാണ്. നെൽവയലുകൾ സംരക്ഷിക്കുന്ന കർഷകർക്ക് രാജ്യത്ത് ആദ്യമായി 2000 രൂപ വീതം റോയൽറ്റി പ്രഖ്യാപിച്ച് വിതരണം ചെയ്യുന്നതും കേരളത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന താങ്ങുവിലയായ 27.48 രൂപയ്ക്ക് നെല്ല് സംഭരിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. കേന്ദ്രത്തിെൻ്റ സംഭരണവില 18.15 രൂപയാണ്. സംസ്ഥാനവിഹിതമായ 9 രൂപ കൂടെ ചേർത്താണ് 27.48 രൂപ നൽകുന്നത്. കാർഷിക കടാശ്വാസ കമ്മീഷൻ എന്ന സർക്കാർ സംവിധാനം നിലവിലുള്ള ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരിെൻ്റ കർഷകേദ്രാഹനയങ്ങളുടെ ഭാഗമായി ഇറക്കുമതി–കയറ്റുമതി നയം നടപ്പാക്കിയപ്പോൾ, റബ്ബർ ഇറക്കുമതിയുടെ ഫലമായി റബ്ബർ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞപ്പോൾ െപ്രാഡക്ഷൻ ഇൻസെൻ്റീവ് കൊടുത്തുകൊണ്ട് കുറഞ്ഞത് 150 രൂപ റബറിന് വില ലഭിക്കും എന്ന് ഉറപ്പാക്കിയ സംസ്ഥാനവും കേരളമാണ്.
രാജ്യവ്യാപകമായി നടപ്പാക്കിവരുന്ന പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ പ്രീമിയം തുകയുടെ അമ്പത് ശതമാനം കേന്ദ്ര സർക്കാരും അമ്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് അടയ്ക്കുന്നത്. ഈ പദ്ധതിയുടെ ഗുണഭോകതാക്കളായ അതേ കർഷകർക്കു തന്നെ 26 ഇനം കാർഷികവിളകൾക്ക് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ഈ രണ്ട് ഇൻഷ്വറൻസ് പദ്ധതികളിലും ഒരേസമയം ചേരാനും രണ്ടിെൻ്റയും ആനുകൂല്യം ഒരേസമയത്ത് കൈപ്പറ്റാനുമുള്ള അനുവാദവും സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 9 കോടി കർഷകർക്ക് 18,000 കോടി രൂപ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി കൊടുക്കുന്നതായി കൊട്ടിഘോഷിക്കുന്നുണ്ട്. പ്രതിവർഷം ആറായിരം രൂപ വീതമാണ് ഇങ്ങനെ കൊടുക്കുന്നതെന്ന് പറയുന്നു. എന്നാൽ, ആയിരത്തി അഞ്ഞൂറ് രൂപ വീതം 60 വയസ്സ് കഴിഞ്ഞ അർഹരായ മുഴുവൻ കർഷകർക്കും പെൻഷനായി എല്ലാ മാസവും നൽകുന്ന ഏക സംസ്ഥാനമാണ് കേരളം. പ്രതിവർഷം ആറായിരം രൂപ വീതം കേന്ദ്രം നൽകുമ്പോൾ പ്രതിവർഷം 18,000 രൂപ വീതമാണ് സംസ്ഥാന സർക്കാർ കർഷകർക്ക് പെൻഷൻ നൽകുന്നത്.
കർഷക ക്ഷേമബോർഡ് പ്രാബല്യത്തിൽ വന്നതോടുകൂടി എല്ലാ കർഷകർക്കും 60 വയസ്സ് പൂർത്തീകരിക്കുമ്പോൾ ചുരുങ്ങിയത് 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി ഇതിനകം തന്നെ കേരളം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ എടുത്തുപറയത്തക്കവിധം കർഷക ആത്്മഹത്യകൾ ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതാണ്. കേരളത്തിലെ കർഷകരെ സംബന്ധിച്ചേടത്തോളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധിയായ സംരക്ഷണ സംവിധാനങ്ങൾ കേരള സർക്കാർ കർഷകർക്കുവേണ്ടി ഉറപ്പാക്കിയിട്ടുണ്ട് എന്ന കാര്യം കൂടി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
കർഷകന് 6000 രൂപ നൽകിയ കാര്യം വീമ്പിളക്കുന്ന കേന്ദ്രസർക്കാർ കോർപറേറ്റുകൾ നൽകുന്ന ഇളവുകൾ കണ്ടാൽ കണ്ണുതള്ളും. ഇന്ത്യയിലെ നൂറിൽ താഴെ വരുന്ന കോർപ്പറേറ്റ് മുതലാളിമാർക്ക് നൽകിയ ഇളവുകൾ കർഷകർക്ക് നൽകിയ തുകയുടെ എത്രയോ മടങ്ങ് ഇരട്ടിയാണ്. 2018–19 സാമ്പത്തികവർഷം മാത്രം 108,785.41 കോടി രൂപയാണ് ഇത്തരത്തിൽ ഇളവുകളായി അനുവദിച്ചത്. അതായത് ശരാശരി 108 കോടി രൂപ. ഉൽപ്പാദന–വാണിജ്യ–സേവന മേഖലകളിൽ മുതൽമുടക്കുന്നതിന് കുത്തകകളെ ആകർഷിക്കുന്നതിനും അതുവഴി പുതിയ തൊഴിലവസരങ്ങളും വരുമാന വർദ്ധനയും പ്രതീക്ഷിച്ചാണേത്ര ഇത്തരത്തിലുള്ള ആനുകൂല്യങ്ങളും ഇളവുകളും നൽകുന്നത്. ഇക്കാര്യം വളരെ തന്ത്രപൂർവ്വം മറച്ചുവെച്ചുകൊണ്ടാണ് നരേന്ദ്ര മോദി കർഷകർക്ക് കൊടുത്ത കോടികളുടെ കണക്ക് പറയുന്നത്.
കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന നിർദ്ദേശം പ്രതിപക്ഷവും കർഷകരും മുന്നോട്ടുവെച്ചപ്പോൾ അത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. എന്നാൽ, 2014 മുതൽ 2020 വരെയുള്ള കാലയളവിൽ നരേന്ദ്ര മോദി സർക്കാർ, 2400 ഓളം വൻകിട കമ്പനികൾ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത കടമായ 5.14 ലക്ഷം കോടി രൂപ പൂർണ്ണമായും എഴുതിത്തള്ളി കോർപ്പറേറ്റുകളെ സഹായിച്ചു. ഇതിൽ 3.25 ലക്ഷം കോടി രൂപ 12 വൻകിട കമ്പനികൾ എടുത്ത കടമായിരുന്നു എന്നതും ഓർക്കണം. നാലര ലക്ഷം കോടി രൂപ ഭക്ഷ്യധാന്യങ്ങൾ സംഭരണത്തിലൂടെ കർഷകർക്ക് നൽകിയെന്ന വലിയ കാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി പറയുന്നുണ്ട്. എന്നാൽ, ഈ തുക വെറുതെ കർഷകർക്ക് കൊടുത്തിട്ടുള്ളതല്ല, മറിച്ച്, മണ്ണിൽ എല്ലുമുറിയെ പണിയെടുത്ത് കർഷകർ ഉൽപ്പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങൾക്ക് വിലയായി കൊടുത്തതാണ്. മിനിമം സപ്പോർട്ട് ൈപ്രസുമായി ബന്ധപ്പെട്ട് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയിരുന്നുവെങ്കിൽ കർഷകർക്ക് ലഭിക്കുമായിരുന്ന 16 ലക്ഷം കോടി രൂപയുടെ സ്ഥാനത്താണ് കേവലം നാലര ലക്ഷം കോടി രൂപയ്ക്ക് ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര സർക്കാർ സംഭരിച്ചത് എന്ന കാര്യവും പ്രധാനമന്ത്രി മറച്ചുവയ്ക്കുകയാണ്. കർഷകർക്ക് വാരിക്കോരി കൊടുത്തതിെൻ്റ കണക്കുകൾ നിരത്തുമ്പോൾ യഥാർത്ഥത്തിൽ കർഷകർക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കുകളാണ് കേന്ദ്ര സർക്കാർ മറച്ചുപിടിക്കുന്നത്.
കേന്ദ്ര സർക്കാരിെൻ്റ കാർഷിക നിയമങ്ങളൊന്നും തന്നെ കേരളത്തെ ബാധിക്കുന്നവയല്ല എന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ പച്ചക്കള്ളമാണ്. എ.പി.എം.സി ആക്ട് മാത്രമല്ല, കരാർ കൃഷി നിയമവും അവശ്യ സാധന നിയമവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നിയമങ്ങളാണ്. ആത്യന്തികമായി അവ മൂന്നും കുത്തക ഭീമന്മാരായ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്നതിന് മാത്രം തിരക്കിട്ട് തയ്യാറാക്കിയ നിയമങ്ങളാണ്. കേരളത്തിെൻ്റ പ്രധാന നാണ്യവിളകളായ റബ്ബർ, സുഗന്ധവ്യഞ്ജന വിളകൾ, കാപ്പി, തേയില മുതലായവയുടെ വിപണി കോർപ്പറേറ്റുകളുടെ കൈകളിലേക്ക് വരുന്നതോടെ ഈ മേഖലയിലെ കർഷകർ വലിയ വെല്ലുവിളി നേരിടേണ്ടിവരും. കരാർ കൃഷി നിയമത്തിൽ പറയുന്ന സ്പോൺസർ യഥാർത്ഥത്തിൽ നമ്മുടെ കൃഷിയിടത്തിലേക്ക് കടന്നുവന്ന് ആധിപത്യം സ്ഥാപിക്കുന്ന കുത്തക മുതലാളി തന്നെയാണ്. ലോകത്തിലെ വമ്പൻ കോർപ്പറേറ്റുകൾ ലോകത്തിലെ കാർഷിക ഉൽപ്പാദന മേഖലകളിൽ കടന്നുകയറി രാജ്യങ്ങളുടെ ഭക്ഷ്യപരമാധികാരത്തെയും ഭക്ഷ്യ വൈവിധ്യത്തെയും കയ്യടക്കുന്നതിനുമുള്ള പരിശ്രമങ്ങൾ വളരെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നതാണ്. നിർഭാഗ്യവശാൽ, ഓരോ രാഷ്ട്രങ്ങളിലെയും ഭരണകൂടത്തെ തന്നെയാണ് അവർ ഈ കടന്നുകയറ്റത്തിന്, അഭിനവ കോളനിവത്കരണത്തിന് ചട്ടുകമാക്കുന്നത്. ഇതേ നയം തന്നെയാണ് ഇന്ത്യയിലും അവർ അവലംബിക്കുന്നത്. കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടത്തെ അധികാരത്തിലെത്തിച്ച്, ആ ഭരണകൂടത്തിന് ഭരണത്തുടർച്ചയ്ക്ക് അവസരമുണ്ടാക്കി, അവരെക്കൊണ്ടുതന്നെ തങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കി, ഭരണം നടത്തുകയാണ് കോർപ്പറേറ്റ് ഭീമന്മാർ.
അത്തരം ആളുകളുടെ ആശ്രിതരായി നിൽക്കാതെ രാജ്യത്തെ കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും താത്പര്യങ്ങളെ സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യവും കാഴ്ചപ്പാടുമാണ് കേന്ദ്ര സർക്കാരിന് ഉണ്ടാകേണ്ടത്. സമരം നടത്തുന്ന കർഷകർ ഉന്നയിക്കുന്നതുപോലെ കേന്ദ്രം കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങളും പൂർണ്ണമായും പിൻവലിക്കുന്നതാണ് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഇനി കരണീയമായ മാർഗ്ഗം. അതിനുപകരം വ്യാജ പ്രചരണങ്ങൾ നടത്തിയും കർഷകസമരത്തെ അപകീർത്തിപ്പെടുത്തിയും ജനവികാരത്തെ തോൽപ്പിക്കാൻ മോദി സർക്കാർ ശ്രമിക്കരുത്. കാരണം ഇത് ഇന്ത്യൻ ജനതയുടെ ജീവന്മരണ പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.