കടപ്പാട്: deemuk

നമുക്ക് കൈമോശംവന്ന തിരിച്ചറിവ്

It was the best of times.
it was the worst of times...
it was the season of light,
it was the season of darkness...,
we had everything beforeus,
we were all going direct to Heaven,
we were all going direct the other way.

-Charles Dickens

ചാൾസ് ഡിക്കൻസ് വിഖ്യാതമായ 'എ ടെയ്ൽ ഓഫ് ടു സിറ്റീസ്' തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ ദ്വന്ദ്വങ്ങളുടെ ഇതിവൃത്തമായി നിൽക്കുന്നത് ലണ്ടനും പാരിസുമാണെങ്കിലും, മനുഷ്യാവസ്ഥയുടെ വിരുദ്ധ ഭാവങ്ങൾ ഇതിൽ നമുക്ക് ദർശിക്കാനാവും. ഡിക്കൻസിന്റെ ദീർഘദർശിയായ വാക്കുകളിൽ, ഇന്ത്യയുടെ വർത്തമാനകാല അവസ്ഥയുടെ അനുരണനവുമുണ്ട്.

കുറച്ചുപേർക്ക്- പ്രത്യേകിച്ച് കോർപറേറ്റുകൾക്കും സമ്പന്നർക്കും- നല്ലകാലവും മഹാഭൂരിപക്ഷം ജനങ്ങൾക്ക് മോശകാലവുമാണ്. ഒരു കൂട്ടർക്ക് വെളിച്ചവും മറ്റേ കൂട്ടർക്ക് തമസ്സും. ഭരണഘടനാദത്തമായ അവകാശങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും നിഷേധങ്ങൾക്കു നടുവിലാണ് സാധാരണക്കാർ കാലക്ഷേപം ചെയ്യുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ആൾക്കൂട്ടം നിഷേധിച്ചിട്ട് കാലമേറെയായി. ഇപ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻപോലും അവകാശമില്ലാതായിരിക്കുന്നു. ഇവിടെയും ആൾക്കൂട്ട തീരുമാനമാണ് നിയമമായിരിക്കുന്നത്. പോരെങ്കിൽ, 'സീലുവെച്ച കവറുകളിൽ' മനുഷ്യാവകാശങ്ങൾ അന്ത്യവിശ്രമംകൊള്ളുന്നു. ഇനി മുതൽ ഇത്തരം കവറുകൾ തങ്ങൾക്ക് കൈമാറേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞതാണ് ഏക ആശ്വാസം.

എന്നാൽ, നമ്മെ വ്യാകുലപ്പെടുത്തുന്നത് മറ്റൊന്നാണ് -പ്രതിപക്ഷ പാർട്ടികളുടെ ഉദാസീനതയും പൊതുസമൂഹത്തിന്റെ നിസ്സംഗതയും. കേന്ദ്ര സർക്കാറും അതിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാറുകളും ജനജീവിതത്തെ സമൂലം ബാധിക്കുന്ന നയങ്ങൾ അനുദിനമെന്നവണ്ണം ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഏകശിലാരൂപത്തിൽ ഭാരതത്തെ വാർത്തെടുക്കാനുള്ള പദ്ധതിയുമായി അവർ ഏറെ മുന്നേറുകയും ചെയ്തിരിക്കുന്നു. എന്നിട്ടും പ്രതിപക്ഷ ഇടപെടൽ വഴിപാട് പ്രതിഷേധങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങിനിൽക്കുന്നു. കേരളത്തിൽ അവർ സർവേക്കല്ലിട്ടും പിഴുതെറിഞ്ഞും രസിക്കുകയാണെങ്കിൽ, മറ്റിടങ്ങളിൽ, ദാഹജലത്തിനായി മാനത്ത് നോക്കിയിരിക്കുന്ന വേഴാമ്പലിനെപ്പോലെ, മുകളിൽനിന്ന് പെയ്തിറങ്ങുന്ന ജനഹിതത്തെ കാത്തിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യയശാസ്ത്രപരമായി വേറിട്ടുനിൽക്കുന്നു എന്ന് ഇന്നാരും പറയുമെന്നു തോന്നുന്നില്ല. എല്ലാവരും മത്സരിക്കുന്നത് വലതുപക്ഷത്തേക്കു ചായാൻ വേണ്ടിയാണ്, ചുരുങ്ങിയപക്ഷം സാമ്പത്തികനയങ്ങളുടെ കാര്യത്തിലെങ്കിലും. ബി.ജെ.പിയെ മാറ്റിനിർത്തിയാൽ, ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്കപ്പുറം സ്വന്തം സ്ഥാനാർഥിയെ മുഖ്യമന്ത്രിയായി വാഴിക്കാൻ സ്വാധീനമുള്ള എത്ര രാഷ്ട്രീയ പാർട്ടികളാണ് നമുക്കുള്ളത്? കാര്യങ്ങൾ ഇങ്ങനെയൊക്കെ പുരോഗമിക്കുമ്പോഴും, ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന് യോജിക്കാൻ ആവുന്നില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഓരോ തെരഞ്ഞെടുപ്പും ഇവർക്ക് പരസ്പരം കണക്കുതീർക്കാനും സ്വന്തം അഹന്ത ശമിപ്പിക്കാനുമുള്ള അവസരം മാത്രമാണ്.

അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പാണ് ഇതിന്റെ അവസാനത്തെ ഉദാഹരണം. ആം ആദ്മി പാർട്ടിയൊഴികെ മുഴുവൻ പ്രതിപക്ഷ പാർട്ടികളും പരാജയം രുചിച്ചു. എന്നിട്ടും സ്വന്തം ശക്തിയും അപരന്റെ ദൗർബല്യവും വിളമ്പാനാണ് ഓരോ കക്ഷിയും മത്സരിക്കുന്നത്! ഇത് കാണുമ്പോൾ ഓർമവരുന്നത്, ബാസ്റ്റിൽ കോട്ട (Bastille Prison) തകർന്ന ദിവസം അന്നത്തെ ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനാറാമൻ അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ചതാണ്. 'ഒന്നുമില്ല' (nothing) എന്ന ഒറ്റവാക്കിൽ കുറിപ്പ് ഒതുങ്ങി. ചക്രവർത്തിക്ക് ഡയറിക്കുറിപ്പിന് വിഷയദാരിദ്ര്യം അനുഭവപ്പെട്ട ദിവസം! ലോകത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവം വെറും 27 കിലോമീറ്ററിനപ്പുറം നടന്നിട്ടും, നാട്ടരചൻ അതൊന്നും അറിഞ്ഞില്ലെന്നു പറയുമ്പോൾ അദ്ദേഹത്തിന് സാമൂഹിക യാഥാർഥ്യങ്ങളുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം ലൂയി പതിനാറാമന്മാരാണ് നമ്മുടെ പ്രതിപക്ഷത്തിരിക്കുന്നത്! ഭരണപക്ഷക്കാരെപ്പോലെ അധികാരക്കൊതി അവരുടെ സ്വത്വത്തെയും അപഹരിച്ചിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ 'ഭരണഘടനാപരമായ ശരി' എന്നൊന്നില്ല. 'രാഷ്ട്രീയമായ ശരി' (Politically correct) മാത്രമേ ഉള്ളൂ. ഇത് അധികാരത്തിന്റെ ശരിയാണ്. ഇതുമൂലമാണ് സാങ്കൽപിക ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുക എന്ന സംഘ്പരിവാർ രാഷ്ട്രീയത്തിന് വിജയിക്കാനാവുന്നത്. പൗരത്വത്തിന്റെ അപനിർമാണമാണ് ഇതിലൂടെ സംഭവിക്കുന്നത്. മറ്റു പലതിനെയുംപോലെ പൗരത്വവും സെലക്ടിവായൊരു സങ്കൽപനമായി മാറിയിരിക്കുന്നു.

രാഷ്ട്രീയ സമൂഹം മാത്രമല്ല ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത്, പൗരസമൂഹംകൂടിയാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പ്രഥമ ബാധ്യത പൗരസമൂഹത്തിന്‍റേതാണെന്ന വസ്തുത നാം വിസ്മരിക്കുന്നു. മറ്റൊന്നുകൂടിയുണ്ട്. ജനാധിപത്യം വെറും നിയമവാഴ്ച മാത്രമല്ല, നീതിവാഴ്ച കൂടിയാണ്. പക്ഷങ്ങൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും അഭയമേകുമ്പോഴാണ് നിയമവും നീതിയും ഇഴചേരുന്നതും ജനാധിപത്യത്തിന്റെ ധാർമികാടിത്തറ ബലപ്പെടുന്നതും. ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലികലക്ഷ്യം. അത് കേവലം ഭരണകൂടാധികാരം നിയന്ത്രിക്കുന്ന നിയമസംഹിത മാത്രമല്ല. അതിനപ്പുറം, സമത്വത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിനിന്നുകൊണ്ട് അന്തസ്സുറ്റ ജീവിതം പൗരന്മാർക്ക് പ്രദാനം ചെയ്യാനുള്ളൊരു ശ്രമംകൂടി അതിൽ അടങ്ങിയിരിക്കുന്നു. സമൂഹം കല്ലിൽ കൊത്തിവെച്ചതല്ലെന്നും അതുകൊണ്ടുതന്നെ അതിനെ ജനാധിപത്യത്തിന്റെ ശീലുകൾക്കിണങ്ങുംവിധം പരുവപ്പെടുത്താമെന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഈ പ്രതീക്ഷയെയാണ് സംഘ്പരിവാറും അവർ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളും തല്ലിക്കെടുത്താൻ ശ്രമിക്കുന്നതും പൗരസമൂഹം നിസ്സംഗതയോടെ നോക്കിനിൽക്കുന്നതും.

ജനാധിപത്യത്തിന്റെ നിഷേധമാണ് ലോകത്തെമ്പാടും വംശീയകലാപങ്ങൾക്കും അരാജകത്വത്തിനും വഴിതെളിച്ചതെന്ന വസ്തുത ഇത്തരുണത്തിൽ സ്മരണീയമാണ്. ഇതിന്റെ ഏറ്റവും നല്ല സമീപകാല ഉദാഹരണമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിൽ സംഭവിക്കുന്നത്. ഇതിന്റെ നേരെ എതിർപക്ഷത്തു നിൽക്കുന്ന മറ്റൊരുദാഹരണവും ആധുനിക ലോകചരിത്രത്തിലുണ്ട്. ഹിറ്റ്ലറുടെ ജൂതവേട്ടയെ തങ്ങളുടെ സംഘബലംകൊണ്ട് തടഞ്ഞുനിർത്തി ഡെന്മാർക്കിലെ ജനങ്ങൾ കാണിച്ചുതന്ന മനുഷ്യത്വത്തിന്റെ മാർഗം. ആശുപത്രികളിലും സ്കൂളുകളിലും സ്വന്തം വീടുകളിലും ജൂതന്മാർക്ക് അഭയമൊരുക്കി അവർ നാസി ഭീകരതയെ ചെറുത്തുതോൽപിച്ചു. പൊതുസമൂഹത്തിന്റെ ശക്തി എന്താണെന്നും അതിന്റെ ജനാധിപത്യബോധവും സഹജീവിസ്നേഹവും വെറും സൈദ്ധാന്തിക സാധ്യത അല്ലെന്നും ഇതിലൂടെ അവർ തെളിയിച്ചു. 'ഞങ്ങൾ ഡെന്മാർക്കുകാർ ഭരണഘടനയെ പണയപ്പെടുത്തുന്നവരല്ല, പ്രത്യേകിച്ച് പൗരാവകാശങ്ങളുടെ കാര്യത്തിൽ' എന്നാണ് ഇതിനെ ഒരു പ്രമുഖ ഡാനിഷ് ദിനപത്രം വിശേഷിപ്പിച്ചത്.

ഈ മനുഷ്യത്വമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നത്തിലും ദേശീയ ഗാനത്തിലും തെളിഞ്ഞുനിൽക്കുന്നത്. മൂന്നു സിംഹങ്ങളെയും കാലചക്രത്തെയും കൊത്തിവെച്ചിരിക്കുന്ന സാരാനാഥിലെ കൽത്തൂൺ അഹിംസയുടെ മാത്രമല്ല, പാരസ്പര്യത്തിന്റെയും അടയാളമാണ്. ഇതുതന്നെയാണ് ദേശീയഗാനത്തിന്റെ കാര്യവും. ഈ തിരിച്ചറിവിൽ നിന്നുവേണം സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധം ചമയ്ക്കേണ്ടത്. നിർഭാഗ്യവശാൽ, ഈ തിരിച്ചറിവാണ് നമുക്ക് കൈമോശംവന്നിരിക്കുന്നത്. തിരിച്ചറിവ് ഇല്ലെങ്കിൽ ഡിക്കൻസ് സൂചിപ്പിച്ച ഇരുട്ടും വെളിച്ചവും, നന്മയും തിന്മയും, എല്ലാം ഒരുപോലെ തോന്നിക്കും.

Tags:    
News Summary - The recognition we have lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.