ഈ വർഷം മുതൽ ജൂൺ 18 വിദ്വേഷപ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാനുള്ള യു.എൻ ജനറൽ അസംബ്ലിയുടെ തീരുമാനം എല്ലാ അർഥത്തിലും പ്രാധാന്യമർഹിക്കുന്നു. പരദേശികളോടുള്ള വിരോധം, യുദ്ധവെറി, ആത്യന്തികമായി അനിയന്ത്രിതമായ അക്രമം എന്നിവയിലേക്കു നയിക്കുന്ന വിദ്വേഷപ്രസംഗങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ദിനചര്യയായി മാറിയ മട്ടാണ്. ഇന്ത്യയിലാവട്ടെ വിദ്വേഷപ്രസംഗം മുഖ്യധാരാവത്കരിക്കപ്പെട്ടുവെന്നു മാത്രമല്ല, ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പോടുകൂടിത്തന്നെ അതിൽ ഏർപ്പെടുന്നതിനും മടിയേതുമില്ലാതായിരിക്കുന്നു -കാരണം, ജനങ്ങളെ ഭിന്നിപ്പിക്കുന്നതും വിവേചനം പരത്തുന്നതുമായ അജണ്ടക്ക് നിയമസാധുത നൽകുന്ന ഒരു ഭരണകൂടം അവർക്ക് പ്രതിരോധശേഷി ഉറപ്പുനൽകുന്നു.

ഇക്കാര്യത്തിൽ സമീപകാലത്തെ കുപ്രസിദ്ധമായ ഉദാഹരണമാണ് ബി.ജെ.പിയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളായിരുന്ന നൂപുർ ശർമയും നവീൻ ജിൻഡാലും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ക്രമസമാധാനത്തിന് ഭംഗമേൽക്കുന്ന രീതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്തിട്ടും നിയമസംവിധാനത്തിനു മുന്നിൽ ചോദ്യംചെയ്യപ്പെടുകപോലും ചെയ്യാതെ നിൽക്കുന്നത്.

മൂന്നു വർഷം മുമ്പ്, അതായത് 2019 മേയ് മാസത്തിൽ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അതിലദ്ദേഹം പറഞ്ഞു, ''ലോകമെമ്പാടും, വർധിച്ചുവരുന്ന വിദ്വേഷത്തിന്റെയും വംശീയതയുടെയും അസഹിഷ്ണുതയുടെയും അസ്വസ്ഥജനകമായ അവസ്ഥയാണ് നാം കാണുന്നത്. സെമിറ്റിക് മതങ്ങൾക്കും മുസ്ലിംകൾക്കുമെതിരായ വിരോധവും ക്രൈസ്തവർക്കെതിരായ പീഡനങ്ങളും വർധിച്ചുവരുന്നു. സമൂഹമാധ്യമങ്ങളും മറ്റ് ആശയവിനിമയരീതികളും മതവെറിയുടെ പ്രചാരണത്തിനായി ചൂഷണംചെയ്യപ്പെടുന്നു. നിയോ-നാസി, വെള്ള മേധാവിത്വ പ്രസ്ഥാനങ്ങളും സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു.

ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്ത്രീകളെയും മറ്റ് അപരസമൂഹങ്ങളെയും അപകീർത്തിപ്പെടുത്തി മനുഷ്യത്വരഹിതമാക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയനേട്ടത്തിനുള്ള ആയുധമായിരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമോ സമൂഹത്തിലെ ഏതാനും ആളുകളുടെ ഒച്ചവെപ്പോ അല്ല. വിദ്വേഷം മുഖ്യധാരയിലേക്ക് നീങ്ങുകയാണ്. വിദ്വേഷപ്രസംഗം ജനാധിപത്യമൂല്യങ്ങൾക്കും സാമൂഹിക സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാണ്. വിദ്വേഷപ്രസംഗത്തെ ഐക്യരാഷ്ട്രസഭ ഓരോ ഘട്ടത്തിലും നേരിടണം. സായുധ സംഘർഷം, അതിക്രമങ്ങൾ, ഭീകരത എന്നിവ തടയാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മറ്റു ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളും ഇല്ലാതാക്കാനും സമാധാനപരവും സമ്പൂർണവും നീതിയുക്തവുമായ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അജണ്ടകൾക്ക് പുരോഗതി കൈവരിക്കുന്നതിന് വിദ്വേഷപ്രസംഗം കൈകാര്യംചെയ്യുന്നത് നിർണായകമാണ്.''

ഗുട്ടെറസ് അന്നു പറഞ്ഞത് ഇന്ന് ഇന്ത്യയിൽ വേദനജനകമായ ഒരു സത്യമാണ്! വിദ്വേഷപ്രസംഗം വർധിച്ചുവരുന്നത് കാണാൻ വലിയ ഗവേഷണമൊന്നും വേണ്ടതില്ല. വിദ്വേഷപ്രസംഗങ്ങൾ വഴി അക്രമത്തിന് പ്രേരണ നൽകാനും സാമൂഹിക ഐക്യത്തെയും സഹിഷ്ണുതയെയും തുരങ്കംവെക്കാനും ബാധിതർക്കുമേൽ മാനസികവും വൈകാരികവും ശാരീരികവുമായ ഉപദ്രവങ്ങൾ സൃഷ്ടിക്കാനും കഴിയും. വിദ്വേഷപ്രസംഗം ലക്ഷ്യമിടുന്നത് നിർദിഷ്ട വ്യക്തികളെയും ഗ്രൂപ്പുകളെയും മാത്രമല്ല, സമൂഹങ്ങളെയും ബാധിക്കുന്നു. ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഷങ്ങളോളം ഐക്യത്തിൽ ജീവിച്ചിരുന്ന സമൂഹങ്ങൾ അക്രമാസക്തമായി വിഭജിക്കപ്പെട്ടിരിക്കുന്നു!

ലോകത്തെ ഒരു ജനാധിപത്യരാജ്യത്തും കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഇന്ത്യയിൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരായ അക്രമങ്ങൾ.

1946 ജൂലൈ ഒന്നിന്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ്, അഹ്മദാബാദിൽ പതിവുപോലെ ഒരു രഥയാത്ര നടന്നു. ആ ദിനം ഐക്യത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമാക്കുന്നതിനു പകരം ഹിന്ദു-മുസ്‍ലിം ലഹളയായി മാറി. സേവാദൾ പ്രവർത്തകരായിരുന്ന വസന്ത് റാവു ഹെഗിഷ്ടേ, റജബ് അലി ലഖാനി എന്നീ സുഹൃത്തുക്കൾ നഗരത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ വല്ലാതെ അസ്വസ്ഥരായി. വിഷവും തീയും കൊലപാതകവും പടരുന്നത് തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ തീരുമാനിച്ചു.

അവരുടെ ആഹ്വാനം ഉൾക്കൊണ്ട് പലരും അക്രമങ്ങളിൽനിന്ന് പിന്മാറി. അത്യധ്വാനത്തിനുശേഷം ഏറെ വൈകി പരിക്ഷീണിതരായി അവർ കോൺഗ്രസ് ഓഫിസിലേക്ക് മടങ്ങിയെത്തിയതും ജമാൽപുർ പ്രദേശത്തെ ഒരു കൂട്ടം ദലിത് കുടുംബങ്ങളെ അക്രമാസക്തരായ ജനക്കൂട്ടം വളഞ്ഞതായി വാർത്ത ലഭിച്ചു. ഉടനെ അവർ ഓടിയെത്തി ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവർ ചെവിക്കൊണ്ടില്ല. മാറിനിൽക്കണമെന്ന ജനക്കൂട്ടത്തിന്റെ മുന്നറിയിപ്പിന് വഴങ്ങാതെ വസന്തും റജബും റോഡിൽ കിടന്നു. രക്തദാഹികളായ ജനക്കൂട്ടം അവരെ വെറുതെ വിട്ടില്ല, ക്രൂരമായി കൊലപ്പെടുത്തി: സാമുദായിക സൗഹാർദത്തിനും സമാധാനത്തിനുംവേണ്ടി ജീവൻ ത്യജിക്കാൻ ധൈര്യം കാണിച്ച രണ്ടു യുവാക്കൾ!

ഇന്ന്, വെറുപ്പും അക്രമവും നിറഞ്ഞ ഇന്ത്യക്ക്, വസന്തിലും റജബിലുംനിന്ന് പലതും പഠിക്കാനുണ്ട്. രണ്ടാഴ്ചയുടെ ഇടവേളയിൽ ആചരിക്കപ്പെടുന്ന വിദ്വേഷപ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവും (ജൂൺ 18) വസന്ത് & റജബിന്റെ രക്തസാക്ഷിത്വദിനവും (ജൂൺ 30), ഈ ലോകവും നമ്മുടെ മഹത്തായ രാജ്യവും ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞതാണെന്ന് എല്ലാവരെയും ഓർമപ്പെടുത്തുന്നു.

വിദ്വേഷത്തെ അഭിസംബോധന ചെയ്യാനും അഴുകൽ തടയാനും ധൈര്യമുള്ള പ്രതിബദ്ധതയുള്ള പൗരന്മാർ ഉള്ളിടത്തോളം പ്രതീക്ഷയുണ്ട്. ഭരണകൂടത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കണം, ഇനി വേണ്ട എന്നു പറയാൻ ദൃശ്യതയും ശബ്ദവുമുള്ള ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാകണം! 'വിദ്വേഷപ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം' ഒരു തുടക്കമാണ്, മുന്നോട്ടുള്ള യാത്ര അതി കഠിനമായിരിക്കുമെങ്കിലും!

(അഹ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനാണ് ലേഖകൻ)

cedricprakash@gmail.com

Tags:    
News Summary - The relevance of Anti-Hate Speech Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.