കാൽ നൂറ്റാണ്ടുമുമ്പ് ആദ്യമായി നിയമസഭയിലെത്തി മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ ലഭിച്ച പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ വകുപ്പിൽ വലിയ മാറ്റങ്ങൾക്ക് വിത്തിട്ട കെ. രാധാകൃഷ്ണന് അതിന്റെ വലിയ തുടർച്ചക്കുള്ള അവസരമാണ്. അതിനൊപ്പം, കാലികമായി വലിയ പ്രാധാന്യമുള്ള ദേവസ്വം വകുപ്പിെൻറ ചുമതലയുമുണ്ട്
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിറകിൽനിന്ന ജനതയാണ് പട്ടികജാതി-വർഗ, പിന്നാക്ക സമൂഹങ്ങൾ. സമ്പത്തും അധികാരവും കൈകാര്യം ചെയ്യാൻ അവർക്ക് പലപ്പോഴും അവസരം കിട്ടിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാനുള്ള അവസരം ഉണ്ടായില്ല. ഇതിൽ സമൂഹത്തിനും പങ്കുണ്ട്. അതുകൊണ്ട് സമൂഹത്തിെൻറ കൂട്ടായ ശ്രമമുണ്ടെങ്കിലേ ഈ വിഭാഗത്തിെൻറ മുന്നേറ്റം സാധ്യമാക്കാനാവൂ. ഇൗ മേഖലയിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്, കുറെയധികം പണവും വകയിരുത്തുന്നുണ്ട്. എന്നാൽ, അതിെൻറ പ്രയോജനം വേണ്ടത്ര ഇവർക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം, ഇല്ലെങ്കിൽ അത് ലഭ്യമാക്കുകയും വേണം. വാസയോഗ്യ പാർപ്പിടം, മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ല ആരോഗ്യ സംവിധാനം, മികച്ച ഭൗതിക സാഹചര്യം, തൊഴിലവസരങ്ങൾ എന്നിവ ഉണ്ടാകണം. അതിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
1996ൽ വകുപ്പ് മന്ത്രിയായ കാലത്താണ് ഇവരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ വ്യാപകമായി മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങിയത്. 21 സ്കൂളുകളാണ് അക്കാലത്ത് തുടങ്ങിയത്. അതിനുമുമ്പ് പട്ടികവർഗ വിഭാഗത്തിന് രണ്ട് സ്കൂൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. വിദ്യാഭ്യാസപരമായ വളർച്ചയിലൂടെ മാത്രമേ ഇവർക്കും സമൂഹത്തിനൊപ്പം വളരാനാവൂ എന്നതുകൊണ്ടാണ് സ്കൂളുകൾ തുടങ്ങാൻ ഊന്നൽ നൽകിയത്. അധികാര വികേന്ദ്രീകരണത്തിൽ കാൽ നൂറ്റാണ്ടിെൻറ അനുഭവം നമുക്കുണ്ട്. 1997 മുതലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകിത്തുടങ്ങിയത്. അതിലൊരു വിഹിതം പിന്നാക്ക, പട്ടിക വിഭാഗത്തിെൻറ ക്ഷേമത്തിന് നീക്കിവെച്ചാൽ കാര്യങ്ങൾ കുറെക്കൂടി മെച്ചപ്പെടും. അതിന് തദ്ദേശ സ്ഥാപനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്.
പട്ടികവർഗ വിഭാഗം ഇപ്പോഴും അസൗകര്യങ്ങൾ നേരിടുന്നുണ്ട്. എത്തിപ്പെടാനുള്ള പ്രയാസവും ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ ഈ കാലത്ത് കണക്ടിവിറ്റി ഇല്ലാതെ പഠനപ്രശ്നം നേരിടുന്നതും നമ്മൾ കാണുന്നുണ്ട്. ഇൻറർനെറ്റ് സർവിസ് പ്രൊവൈഡർമാരുമായി മുഖ്യമന്ത്രി സംസാരിക്കാൻ തീരുമാനിച്ചത് ഈ ദിശയിലുള്ള ഒരു പരിഹാര നീക്കമാണ്. പട്ടികവർഗ വിഭാഗത്തിനായി നടപ്പാക്കുന്ന പദ്ധതികളിലെ പാളിച്ചകൾ പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവും.
ആദിവാസി, പട്ടിക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ മുകളിൽനിന്ന് കെട്ടിയിറക്കുന്നതായിരുന്നു മുൻകാല രീതി. അവരുടെ അഭിപ്രായമോ അറിവോ സമ്മതമോ ചോദിച്ചിരുന്നില്ല. 1996ൽ എട്ടാം ക്ലാസ് മുതലുള്ള ആയിരത്തോളം കുട്ടികളെ 'സോഷ്യൽ ആക്ടിവിസ്റ്റ്' എന്ന നിലക്ക് പരിശീലിപ്പിച്ചു. അവരെ ഉപയോഗപ്പെടുത്തി ആദിവാസി ഊരുകളിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾക്ക് ശ്രമിച്ചു. അക്കാലത്ത് അവരിൽനിന്ന് ഉയർന്നുവന്ന പലരും പിന്നീട് ഉദ്യോഗസ്ഥതലത്തിലും ജനപ്രതിനിധികളായും ശോഭിച്ചിട്ടുണ്ട്. അത്തരം പ്രവർത്തനം വേണ്ടപോലെ മുന്നോട്ടുപോയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ മനോഭാവത്തിൽ മാറ്റം വരുത്താൻ ഇടപെടലുണ്ടാവും.
പട്ടികജാതി-വർഗ വികസന കോർപറേഷൻ, പിന്നാക്ക വിഭാഗ കോർപറേഷൻ, കളിമൺപാത്ര നിർമാണ കോർപറേഷൻ, പരിവർത്തിത ക്രൈസ്തവ വിഭാഗ കോർപറേഷൻ എന്നിവയുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ഇടപെടലുണ്ടാവും. പിന്നാക്കത്തിൽതന്നെ പിന്നാക്കമായ പാർശ്വവത്കൃത വിഭാഗങ്ങളെ പ്രത്യേകം കാണേണ്ടതുണ്ട്.
ഭൂമിയില്ലാത്ത എല്ലാ ആദിവാസികൾക്കും ഭൂമി നൽകാനും ഭൂരഹിത-ഭവനരഹിതരെ സഹായിക്കാനും ഇടപെടലുണ്ടാവും. പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഇക്കാലത്തും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണിവർ. അതിന് പ്രധാന കാരണം തൊഴിൽ പരിചയത്തിെൻറ അഭാവമാണ്. പഠിച്ച തൊഴിലിൽ വൈദഗ്ധ്യം കൈവരിക്കാൻ പ്രാപ്തമാക്കാൻ കഴിയുന്ന ഒരു പദ്ധതി ആലോചനയിലുണ്ട്. സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ തൊഴിലിന് മത്സരിക്കാനുള്ള ശേഷിയിലേക്ക് ഇവരെയും ഉയർത്തേണ്ടതുണ്ട്.
കൂടുതൽ മനുഷ്യരും വിശ്വാസവുമായി ബന്ധിപ്പിക്കപ്പെട്ടവരാണ്. സ്വന്തം വിശ്വാസം നല്ലതിന് ഉപയോഗപ്പെടുത്താം. സ്ഥാപിത താൽപര്യങ്ങൾ മറ്റുള്ളവർക്ക് ദോഷമാവാതെ നോക്കാം. അപ്പോൾ തർക്കവും കലാപവും ഉണ്ടാവില്ല. പരസ്പര ധാരണയോടെ മുന്നോട്ടു പോകാനുള്ള അന്തരീക്ഷം ഉണ്ടാകണം. ഏകപക്ഷീയമായി ഒരുകാര്യവും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവില്ല. എല്ലാം ചർച്ചയിലൂടെ തീരുമാനിക്കും. അതേസമയം, ഒരിക്കലും പരിഹാരത്തിലെത്താൻ അനുവദിക്കാത്ത അനന്തമായ ചർച്ചകൾകൊണ്ട് ഫലമില്ല. അത്തരം സാഹചര്യങ്ങളിൽ അതിനനുസരിച്ച് നീങ്ങേണ്ടി വരും.
ദേവസ്വം ബോർഡുകളെ കുറച്ചുകൂടി ശക്തിപ്പെടുത്തണം. ഇപ്പോൾ ശമ്പളം കൊടുക്കാൻപോലും പണമില്ലാത്ത അവസ്ഥയിലാണ് പല ബോർഡുകളും. സർക്കാർ ഫണ്ട് കൊടുത്താണ് പിടിച്ചുനിർത്തുന്നത്. ബോർഡുകളുടെ ആസ്തിയും വരുമാനവും ഫലപ്രദമായി ഉപയോഗിച്ച് സ്വയം പര്യാപ്തമാക്കുക എന്നതാണ് പരിഹാരം. ഈ ദിശയിലെ ശ്രമങ്ങൾക്ക് യഥാർഥ വിശ്വാസികൾ അവരുടെ പങ്ക് വഹിക്കണം.
ഏകീകൃത ദേവസ്വം ബോർഡ് ഇപ്പോൾ ചിന്തിക്കാവുന്ന കാര്യമല്ല. ബോർഡുകൾ വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങളിൽ വരുമാനമുള്ളവ കുറവും അല്ലാത്തത് കൂടുതലുമാണ്. അവയെ ഒരു കുടക്കീഴിലാക്കുേമ്പാൾ നേരിട്ടേക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ പരിഹാരം കാണാതെ ഏകീകൃത ബോർഡിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.