കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് നിയമത്തിന്റെ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ വിചാരണ കോടതിക്ക് നിർദേശം നൽകിയ സുപ്രീംകോടതി ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി. സോമരാജന്റെ വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു. ക്രൈസ്തവ സഭക്കുള്ളിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിനെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം ആ കേസ് വിപുലപ്പെടുത്താൻ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് അത്യുത്സാഹവും അത്യാവേശവും കാട്ടിയെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നു
സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വിചാരണ കോടതി നടപടി ശരിവെച്ച സുപ്രീംകോടതി വിധി ശരിക്കും ശ്രദ്ധേയമായത് മറ്റൊരു നിലക്കാണ്. ആലഞ്ചേരിയുടെ ഹരജി തള്ളി അദ്ദേഹത്തിനെതിരായ നിയമനടപടികളെ ശരിവെച്ചപ്പോൾ തന്നെ സുപ്രീംകോടതി കേരള ഹൈകോടതി കേസിൽ നടത്തിയ അനാവശ്യ ഇടപെടലുകളും ‘ആവേശത്തോടെ’ പുറപ്പെടുവിച്ച ചില ഉത്തരവുകളും റദ്ദുചെയ്തു. ആലഞ്ചേരിക്കെതിരായ ഈ ഒരു കേസിനെ ക്രൈസ്തവസഭക്കും അതിന്റെ സ്വത്തുക്കൾക്കുമെതിരായ കേസാക്കി വിപുലപ്പെടുത്തുന്നതിനും അതിലേക്ക് കേന്ദ്ര ഏജൻസികളെ ക്ഷണിക്കുന്നതിനും കേരള ഹൈകോടതി ആവേശപൂർവം നടത്തിയ ശ്രമത്തിനാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ബേല എം. ത്രിവേദിയും ചേർന്ന് വെള്ളിയാഴ്ച തടയിട്ടത്.
സിറോ മലബാർ സഭയുടെ കർദിനാളായ മാർ ആലഞ്ചേരി തനിക്ക് കീഴിലെ 338 ചർച്ചുകൾക്ക് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥശാലകളുടെയും ആശുപത്രികളുടെയും കോൺവെന്റുകളുടെയും വൃദ്ധസദനങ്ങളുടെയും ഭരണ നിർവഹണ ചുമതലകൂടി വഹിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ച് അതിരൂപതയുടെ ധനകാര്യ ഓഫിസർ ഫാദർ ജോഷി പുതുവയുമായി ക്രിമിനൽ ഗൂഢാലോചന നടത്തി കോടികൾ വിലയുള്ള സഭാസ്വത്തുക്കളിൽ സാജു വർഗീസ് എന്നയാളുമായി കച്ചവടം നടത്തി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ വിചാരണ കോടതിയും തുടർന്ന് ജില്ല സെഷൻസ് കോടതിയും പച്ചക്കൊടി കാട്ടിയതിനെതിരെ ആലഞ്ചേരി ഹൈകോടതിയെ സമീപിച്ചു,അവിടെയും നിരസിക്കപ്പെട്ടു.
കേരള ഹൈകോടതിയും തന്റെ ആവശ്യം തള്ളിയതോടെയാണ് ആലഞ്ചേരി സുപ്രീംകോടതിയിലെത്തുന്നത്. ആലഞ്ചേരിയുടെ ഹരജി തള്ളി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ 17മുതൽ 39 വരെയുള്ള ഖണ്ഡികകൾ ചോദ്യം ചെയ്ത് ബത്തേരി, താമരശ്ശേരി അതിരൂപതകൾ സുപ്രീംകോടതിയിലെത്തിയിരുന്നു. കേരളത്തിലുടനീളം മറ്റു സഭകൾക്കും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരം നിരീക്ഷണങ്ങളാണ് ഇവയെന്ന് ബത്തേരി, താമരശ്ശേരി അതിരൂപതകൾ ബോധിപ്പിച്ചു. കർദിനാളിന്റെയും രണ്ട് അതിരൂപതകളുടെയും ഹരജികൾ തള്ളിയെങ്കിലും ഒരേ തരത്തിലല്ല സുപ്രീംകോടതി ഇവരുടെ ആവലാതികളെ സമീപിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് നിയമത്തിന്റെ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ കാക്കനാട്ടെ വിചാരണ കോടതിക്ക് നിർദേശം നൽകിയ സുപ്രീംകോടതി ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി. സോമരാജന്റെ വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു. നിരപരാധികളായ വ്യക്തികൾക്കെതിരെ കെട്ടിച്ചമച്ച പരാതികൾക്ക് അറുതിവരുത്തേണ്ടത് ആവശ്യമായ പോലെ തന്നെ കുറ്റക്കാരെ ന്യായമായ പൂർണമായ വിചാരണ നടത്തി ശിക്ഷിക്കേണ്ടതും അനിവാര്യമാണെന്ന് കർദിനാൾ കേസിൽ പറഞ്ഞ ശേഷമായിരുന്നു ഇത്. ക്രൈസ്തവ സഭക്കുള്ളിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിനെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം ആ കേസ് വിപുലപ്പെടുത്താൻ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് അത്യുത്സാഹവും അത്യാവേശവും കാട്ടിയെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നു.
2007ൽ നടന്ന ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി വല്ലതും ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിശദ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് സോമരാജൻ ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കേരള ഹൈകോടതിക്ക് ഇതിനുനേരെ കണ്ണടക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. മാർ ആലഞ്ചേരിയുടെ ഹരജി തള്ളിയ ഹൈകോടതി വിധിക്കുശേഷം അതേ സിംഗിൾ ബെഞ്ച് ഇതേ കേസിൽ പിന്നീട് തുടർച്ചയായി പുറപ്പെടുവിച്ച വിധികൾ ഓരോന്നും തങ്ങൾ പരിശോധനാ വിധേയമാക്കിയെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതിയെകൊണ്ട് പറയിച്ച അത്തരം ചില പരാമർശങ്ങളാണ് താഴെ:
മതത്തിന്റെയോ ജീവകാരുണ്യത്തിന്റെയോ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെ നേരിടാൻ രാജ്യത്ത് സമഗ്ര നിയമമില്ലാത്തതിനാൽ കർദിനാളിനെതിരായ കേസിൽ കേന്ദ്ര സർക്കാറിനെ കേൾക്കണം. സർക്കാർ സ്വത്തും പൊതുസ്വത്തും പുറമ്പോക്കും ദുരുപയോഗം ചെയ്യുന്നത് ആശങ്കയുണർത്തുന്നതാണ്. മതവേദികളോ സഭയുടെ സ്ഥാപനങ്ങളോ ആണ് അവ ദുരുപയോഗം ചെയ്യുന്നതെങ്കിൽ അത് ചോദ്യം ചെയ്യാൻ ഒരാളുമുണ്ടാവില്ല. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ വിധിനിർണയിക്കാൻ ശേഷിയുള്ളവരാണെങ്കിൽ വിശേഷിച്ചും. സർക്കാർ സ്വത്തുക്കളും പൊതുസ്വത്തുക്കളും കൈയേറുന്നത് അന്വേഷിക്കാൻ മാത്രമായി പ്രത്യേക കേന്ദ്ര ഏജൻസി വേണം. ഇതിനായി പ്രത്യേക നിയമമുണ്ടാക്കുകയും വേണം. ഇതിന് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലിനെ കക്ഷിയാക്കണം.
തുടർന്ന് 2022 മാർച്ച് മൂന്നിന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ സി.ബി.ഐയെ കക്ഷിയാക്കാൻ ഇതേ സിംഗിൾ ബെഞ്ച് രജിസ്ട്രിക്ക് നോട്ടീസ് നൽകിയതും 2022 ജൂൺ 10ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ താൻ ഉന്നയിച്ച ഈ വിഷയത്തിൽ താൽപര്യമുണ്ടോ എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതും സുപ്രീംകോടതി വിധിയിൽ എടുത്തുപറഞ്ഞു. ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങളെ നിശിത വിമർശനത്തിന് വിധേയമാക്കിയ സുപ്രീംകോടതി എല്ലാ പരിധികളും ലംഘിച്ചുവെന്ന് പറഞ്ഞ് ആ തുടർവിധികളൊന്നടങ്കം റദ്ദാക്കി.
ക്രിമിനൽ നടപടി ക്രമം 482ന്റെയും ഭരണഘടനയുടെ 226ാം വകുപ്പ് നൽകുന്ന വിശേഷാധികാരത്തിന്റെയും അപ്പുറത്തേക്കാണ് ഹൈകോടതി ഇത്തരം നിർദേശങ്ങളിലൂടെ കടന്നത് എന്നും ജുഡീഷ്യൽ ആക്ടിവിസത്തിന്റെ സകലസീമകളും ഇതിലൂടെ ലംഘിച്ചുവെന്നുമാണ് സുപ്രീംകോടതി കുറ്റപ്പെടുത്തിയത്. നിയമവ്യവഹാരത്തിലെ ആവേശം അനുവദിച്ച പരിധിക്കുള്ളിലേ ആകാവൂ എന്ന് സുപ്രീംകോടതി കേരള ഹൈകോടതിയെ ഓർമിപ്പിച്ചു. എത്ര സദുദ്ദേശ്യപരമാണെങ്കിലും ജഡ്ജിമാരുടെ വ്യക്തിപരമായ പക്ഷപാതം അംഗീകരിക്കാനാവില്ലെന്നും സർവാംഗീകൃതമായ കോടതി തത്ത്വങ്ങൾക്ക് അത് അവമതിയാകുമെന്നും കൂടി ഓർമിപ്പിച്ചാണ് കേരള ഹൈകോടതിയുടെ ആവേശവിധികളൊന്നടങ്കം സുപ്രീംകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.