സിനിമയുടെ യൗവനം മാഞ്ഞപോലെ

അഭിമുഖത്തിനിടെ ഗൊദാർദ് ചോദിച്ചു- ഈ കേരളം അതെവിടെയാണ്? അഭിമുഖം നടത്തിയ പ്രമുഖ സിനിമാനിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ കേരളത്തെ വിശദമാക്കി. അത് കേട്ടിരുന്ന സിനിമാപ്രേമികൾ ഇങ്ങനെ പറഞ്ഞിരിക്കും: ബ്രെത്ത്ലെസ് മുതലുള്ള ഗൊദാർദ് പടങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണുന്നവരുടെ നാടാണ് കേരളമെന്ന്. കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ച വേളയിൽ ഓൺലൈനിലൂടെ ഗൊദാർദ് മലയാളികളെ അഭിസംബോധന ചെയ്തു, തുടർന്ന് അഭിമുഖം നടത്തവെയാണ് കേരളത്തെക്കുറിച്ചുള്ള ചോദ്യം. അതുപോലൊരു ചോദ്യത്തിൽനിന്നുതന്നെ തുടങ്ങാം.

കേരളം എപ്പോൾ മുതൽ ഗൊദാർദ് സിനിമകൾ കാണാൻ തുടങ്ങി? 1960ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ ബ്രെത്ത്ലെസ് എൺപതുകളിലെ ഫിലിം സൊസൈറ്റികൾ കേരളത്തിൽ പലയിടങ്ങളിലായി പ്രദർശിപ്പിച്ചു (ചിലപ്പോൾ അതിനു മുമ്പേയും കാണിച്ചിട്ടുണ്ടാകാം). അത്തരമൊരു പ്രദർശനത്തിലാണ് ആ സിനിമ ആദ്യമായി കാണുന്നത്. പടത്തിൽ ബെൽമൊണ്ടോ അവതരിപ്പിച്ച നായകന്റെ സംഭാഷണങ്ങളും ചെയ്തികളുമെല്ലാം ക്രൈമിലേക്കു നീങ്ങുന്നതാണ്. അധോലോകം ഒരേ സമയം ഉപരിലോകവുംകൂടിയാണെന്ന് സ്ഥാപിച്ച ആ ചിത്രം മലയാളിയുടെ 'സദാചാരബോധ'ങ്ങളെ അപ്പടി വെല്ലുവിളിച്ചു. ആ വെല്ലുവിളിയാണ് ഫ്രഞ്ച് നവതരംഗത്തെ കേരളത്തിലെത്തിച്ചത്; സിനിമയുടെ വ്യാകരണത്തെക്കുറിച്ചുള്ള പലതരം തുറന്ന ചിന്തകൾക്കും പ്രേരിപ്പിച്ചത്.

'ബ്രെത്ത്ലെസ്' എടുത്ത് ഏഴുവർഷം കഴിഞ്ഞിറങ്ങിയ 'വീക്കെൻഡ്' അദ്ദേഹത്തെ സിനിമക്കാരുടെ 'മാസ്റ്റർ' പദവിയിലേക്കുയർത്തി. വാരാന്ത്യം, അവധിദിനങ്ങൾ എന്നിവയുടെ അവതരണത്തിലൂടെ മനുഷ്യഹിംസയുടെ പല അടരുകൾ തിരശ്ശീലയിൽ പൊട്ടിത്തൂളി. ദമ്പതികൾ നഗരത്തിൽനിന്ന് യാത്രപുറപ്പെട്ട് ഗ്രാമത്തിൽ കഴിയുന്ന ഭാര്യയുടെ അച്ഛനമ്മമാരെ സന്ദർശിക്കുകയാണ്. യാത്രാലക്ഷ്യം ആ മാതാപിതാക്കളെ കൊന്ന് അവരുടെ സ്വത്തിന് അവകാശികളാവലും. ഈ യാത്രക്കിടെ ഹിംസയുടെ പല അനുഭവങ്ങൾ കടന്നുവരുന്നു.

ഒരു അഭിമുഖത്തിൽ ഗൊദാർദ് മാധ്യമപ്രവർത്തകരെ ഇങ്ങനെ തിരുത്തി: വീക്കെൻഡിൽ ഉള്ളത് ഹിംസ മാത്രമല്ല, നരഭോജിത്വംകൂടിയാണ്: രണ്ടു ലോക യുദ്ധങ്ങൾക്കുശേഷമുള്ള സ്വിസ്-ഫ്രഞ്ച് ജീവിതം യൂറോപ്പിലെ മനുഷ്യരുടെ വികാരലോകങ്ങളെ ഇവ്വിധം അവതരിപ്പിക്കുന്നതിലേക്ക് ഗൊദാർദിനെ നയിക്കുകയായിരുന്നു. ആഖ്യാന സിനിമ എന്ന സങ്കൽപത്തെ തലകീഴാക്കുക, സിനിമാനിരൂപകരുടെ സ്ഥിരം ശൈലികളെ നിർവീര്യമാക്കുംവിധം തന്റെ വാദങ്ങളെ അവതരിപ്പിച്ചുകൊണ്ടേയിരിക്കുക -ഇങ്ങനെയൊരു സർഗജീവിതം നയിക്കുകയാണ് ഗൊദാർദ് ചെയ്തത്.

അദ്ദേഹം 2004ൽ പുറത്തിറക്കിയ 'അവർ മ്യൂസിക്ക'യിൽ, വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവിഷ് പ്രത്യക്ഷപ്പെട്ട് ഫലസ്തീൻപ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഡോക്യു-ഫിക്ഷൻ രീതിയിൽ സാക്ഷാത്കരിച്ച ഈ സിനിമയിൽ സരയാവോയിൽ 'ഇമേജ് ആൻഡ് ടെക്സ്റ്റ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്ന ഗൊദാർദിനെ കാണാം. അദ്ദേഹത്തിന്റെ സിനിമാപ്രവർത്തനത്തിന്റെ കാതലും അതുതന്നെ- എന്താണ് ദൃശ്യം, എന്താണ് കൃതി? തന്റെ സർഗജീവിതത്തിന്റെ സമ്പൂർണ ഉള്ളടക്കമാണ് സത്യത്തിൽ ഈ വിഷയത്തിൽ അദ്ദേഹം ജീവിതകാലമത്രയും നടത്തിപ്പോന്ന അന്വേഷണങ്ങൾ. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമോ എന്നത് അദ്ദേഹത്തിന് പ്രധാനമായിരുന്നില്ല.

എന്നാൽ, പുതിയൊരു ചോദ്യമായി ഇക്കാര്യം നിത്യം ആവർത്തിച്ചുകൊണ്ടേയിരിക്കണം എന്നദ്ദേഹം കരുതി. തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്ന മിത്ത് ഇതിലൂടെ ഗൊദാർദ് പൊളിച്ചടുക്കി.മറ്റ് ഏതൊരു സിനിമക്കാരനെപ്പോലെയും ഗൊദാർദും തന്റെ ആദ്യകാല സിനിമകളിൽ സാഹിത്യത്തെ വലിയ ഒരളവോളം ആശ്രയിച്ചിരുന്നു. സാഹിത്യമാണ് സിനിമയുടെ അഭയം എന്ന സങ്കൽപം പിന്നീട് പിന്നീട് അദ്ദേഹം ഉപേക്ഷിക്കുന്നത് കാണാം. ദൃശ്യഭാഷ കുഴിച്ചെടുക്കേണ്ടത് സാഹിത്യത്തിലല്ല എന്ന പിൽക്കാല ബോധ്യമാണ് ഗൊദാർദിനെ നയിച്ചതെന്ന് കാണാം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്: ''Why must one talk?''

2010ൽ അദ്ദേഹം 'ഫിലിം സോഷ്യലിസം' എന്ന പടമെടുത്തു. 2014ൽ 'ഗുഡ്ബൈ ടു ലാംഗ്വേജ്', 2018ൽ 'ദി ഇമേജ് ബുക്ക്' എന്നീ ചിത്രങ്ങളും. തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ ഗൊദാർദ് റെട്രോസ്പക്ടീവിൽ 'ദി ഇമേജ് ബുക്ക്' പ്രദർശിപ്പിച്ചപ്പോൾ കാണികളിലൊരു വിഭാഗം കൂവിയത് ഖേദത്തോടെ ഓർക്കേണ്ടിവരുന്നു. കഥയൊന്നുമില്ലാത്ത, ആഖ്യാനമില്ലാത്ത സിനിമ എന്നാണ് കൂവിയവർ പറഞ്ഞ ന്യായം. കൂവലും സിനിമാപ്രദർശനവും ഒന്നിച്ചു നടക്കുമ്പോൾ കവിയും ചിത്രകാരനുമായ ജോർജിന്റെ ശബ്ദം ഉയർന്നു: താൽപര്യമില്ലാത്തവർ ഇറങ്ങിപ്പോകണം, ഞങ്ങൾക്ക് ഈ സിനിമ കാണണം: ചിലരൊക്കെ ഇറങ്ങിപ്പോയി. കൂവൽ അടങ്ങി. തിരശ്ശീലയിൽ ഇമേജ്ബുക്ക് തുടർന്നു.

ദൃശ്യപുസ്തകം എന്ന ശീർഷകം, ദൃശ്യമാണ് പുസ്തകം മറിച്ചല്ല എന്ന, ഒരുപക്ഷേ പലവിധ വിയോജിപ്പുകൾക്കും ഇടയുള്ള വാദമാണ് അവസാന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. അതിനു തൊട്ടുമുമ്പുള്ള ചിത്രം 'ഭാഷയോട് വിട' അവസാന ചിത്രത്തിന്റെ പ്രവേശികയാണ്. ആ പടം ഇറങ്ങുമ്പോൾ മനുഷ്യർ ഇത്രയും 'ഇമോജി ഭാഷ'ക്കാരായിരുന്നില്ല. എന്നാലത് ഇന്ന് കാണുമ്പോൾ ഇതുവരെ നിലനിന്നുപോന്ന ഭാഷകളോട് മനുഷ്യർ എങ്ങനെ വിടചൊല്ലുന്നുവെന്ന് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും.

ഗൊദാർദിന്റെ മരണവാർത്തയറിഞ്ഞശേഷം ലോകം മുഴുവനുമുള്ള മനുഷ്യർ ഇതിനോടകം കൈമാറിക്കഴിഞ്ഞ ഇമോജികളെക്കുറിച്ചോർത്താൽ ഗൊദാർദ് മുന്നോട്ടുവെച്ച ആശയം എവ്വിധം പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയാനാകും. ദൃശ്യഭാഷ സോഷ്യലിസ്റ്റ് ഭാഷയാണെന്നും അതാണ് മനുഷ്യനെ കൂടുതൽ സഹായിക്കുകയെന്നും ഗൊദാർദ് അടിയുറച്ചു വിശ്വസിച്ചു. 'ആൽഫെ വില്ല'യിലെ കഥാപാത്രം ഇങ്ങനെ പറയുന്നുണ്ടല്ലോ: Sometimes, reality is too complex for oral communication -അതാണ് ഗൊദാർദ് സംസാരഭാഷയിൽ കാണുന്ന പ്രശ്നം. ദൃശ്യഭാഷ അതിനെ മറികടക്കുമെന്നുതന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ അഭിമുഖത്തിൽ വെങ്കിടി ഗൊദാർദിനോട് ഇങ്ങനെ ചോദിക്കുന്നു: കോവിഡ് കാലം സിനിമയെ എങ്ങനെ മാറ്റി? ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ഒ.ടി.ടി ഇങ്ങനെയുള്ള കാര്യങ്ങൾ സിനിമ എന്ന കലയുടെ 'പബ്ലിക്ക്നെസി'നെ ഇല്ലാതാക്കുകയാണോ? സിനിമ ഒരു സ്വകാര്യ കലയായിത്തീരുകയാണോ? അല്ലെങ്കിൽ മഹാമാരി കാര്യങ്ങളെ അങ്ങനെ മാറ്റുകയാണോ? ഫ്രഞ്ച് വിവർത്തകയുടെ സഹായത്തോടെ ഗൊദാർദ് പ്രതികരിച്ചു: ഞാൻ സിനിമയിൽ വരുന്ന കാലത്ത് നിർമാതാവ്/നിർമാണം ഇതായിരുന്നു ഏറ്റവും പ്രധാനം.

എന്നാലിപ്പോൾ വിതരണമാണ് മുഖ്യം. വിതരണം/വിതരണക്കാർ സിനിമയുടെ നിർമാതാവിനെ/നിർമാണത്തെ വിഴുങ്ങിയിരിക്കുന്നു. തന്റെ ദീർഘമായ സിനിമാജീവിതത്തിലെ രണ്ടറ്റങ്ങളെയാണ് (ലോക സിനിമയുടെതന്നെ) ഈ നിരീക്ഷണത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. സിനിമ നിലനിൽക്കുന്നില്ല, അത് പ്രൊജക്ട് (കാണിക്കുക, പ്രദർശിപ്പിക്കുക) ചെയ്യുക മാത്രമാണെന്ന് വാദിച്ചിരുന്ന ഗൊദാർദ് ആ സൈദ്ധാന്തികതലം വിട്ട്, ഇന്നത്തെ സിനിമയുടെ ജീവിതത്തെ ഈ വാക്കുകളിലൂടെ സംക്ഷിപ്തമാക്കി.

പല തലമുറകളുടെയും യൗവനകാലപ്രശ്നങ്ങൾ കടന്നു വരാത്ത ഗൊദാർദ് സിനിമകൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആ സിനിമകൾ കാണാൻ അലഞ്ഞുനടക്കുന്ന കാലത്ത് കൂട്ടായിരുന്ന ചങ്ങാതി പറഞ്ഞു: അക്കാലത്ത് നമ്മളെല്ലാവരും ചെറുപ്പമായിരുന്നു: നമ്മൾ മാത്രമല്ല, ഗൊദാർദും. ഞാൻ പ്രതികരിച്ചു. അതുകൊണ്ടായിരിക്കുമോ ഈ മരണവാർത്ത കേൾക്കുമ്പോൾ 'സിനിമയുടെ യൗവനം മാഞ്ഞപോലെ!' എന്ന തോന്നലുണ്ടാകുന്നത്, ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്. മനുഷ്യരാശിയുടെ തിളങ്ങുന്ന ചെറുപ്പം താൽക്കാലികമായെങ്കിലും ഇല്ലാതായപോലെ. മാസ്റ്റർ, താങ്കളുടെ ഗംഭീര സിനിമകൾക്ക് നന്ദി. ഇനി വിശ്രമിക്കൂ.

Tags:    
News Summary - The youth of the cinema is gone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.