(ഫയൽ ചിത്രം)

മുംബൈയിലുമുണ്ട് കലാപത്തീ കൊളുത്താൻ ശ്രമിക്കുന്നവർ

മുമ്പെങ്ങുമില്ലാത്ത വിധമാണ് ഇത്തവണ മഹാരാഷ്ട്രയിലും ഹനുമാൻ ജയന്തി കൊണ്ടാടപ്പെട്ടത്. പാർട്ടി ഭേദമില്ലാതെ നേതാക്കൾ ഹനുമാന്റെ ആകാശവേഗത്തെക്കാൾ ആവേശത്തോടെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിൽ പറന്നെത്തിയതും ഇതാദ്യം. എന്നാൽ, ഉത്തരേന്ത്യയിൽ നടന്നതുപോലെ ഒരു ന്യൂനപക്ഷ വിരുദ്ധ പദ്ധതിയായി ആഘോഷം വഴി മാറിയില്ല എന്നതാണ് എടുത്തുപറയേണ്ടത്. ഘോഷയാത്രയുടെ മറവിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയതുപോലുള്ള കലാപങ്ങൾക്ക് ഇവിടെയും കളമൊരുക്കങ്ങൾ നടന്നിരുന്നു. എന്നാൽ, തുടക്കത്തിലേ മൂക്കുകയറിട്ടതുമൂലം സംസ്ഥാനം കത്തിച്ച് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാനുള്ള വർഗീയവാദികളുടെ ശ്രമം വിജയം കണ്ടില്ല. കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് മഹാരാഷ്ട്ര ഭരിക്കുന്ന ഹിന്ദുത്വവാദിയായ ശിവസേന മേധാവി ഉദ്ധവ് താക്കറെയും പൊലീസും ഇക്കാര്യത്തിൽ പുലർത്തിയ ശ്രദ്ധ തന്നെയാണ് അനിഷ്ടസംഭവങ്ങൾ തടയാൻ സഹായിച്ചത്. മുംബൈയിലെ ഗോവണ്ടി, അരേയ കോളനി, താണയിലെ ഭീവണ്ടി, അമരാവതിയിലെ അചൽപുർ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രശ്നങ്ങൾ തലപൊക്കിയത്. കലാപശ്രമങ്ങളെ മുളയിലേനുള്ളാൻ കഴിഞ്ഞെങ്കിലും ലഹളഭീതി ജനമനസ്സിലുണ്ട്. മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മേയ് മൂന്നിനകം നീക്കംചെയ്തില്ലെങ്കിൽ പള്ളികൾക്കുമുന്നിൽ മൈക്കുകെട്ടി ഹനുമാൻ ചാലിസ ജപിക്കുമെന്ന മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ ഭീഷണിയാണ് ഭീതിയായി നിഴലിടുന്നത്.

മുംബൈ നഗരസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാജ്താക്കറെ ഹിന്ദുത്വ നേതാവിന്റെ കുപ്പായം വീണ്ടും അണിയുന്നത്. എന്നാലിത് എം.എൻ.എസിനുവേണ്ടിയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ശിവസേനയെ ലക്ഷ്യമിടുന്ന ബി.ജെ.പിക്കുവേണ്ടിയാണ് രാജിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെന്നാണ് നിരീക്ഷണം. ആർ.എസ്.എസ്-ബി.ജെ.പിയുടെയോ പാർട്ടി സ്ഥാപകൻ ബാൽതാക്കറെയുടെയോ ഹിന്ദുത്വയല്ല ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ഹിന്ദുത്വ. മുസ്ലിം വിരോധം പേറുന്നതോ മുസ്ലിംകളെകൊണ്ട് ജയ്ശ്രീരാം വിളിപ്പിക്കുന്നതോ അല്ല തങ്ങളുടെ ഹിന്ദുത്വയെന്ന് ഉദ്ധവ് തന്നെ അടിവരയിടുന്നു. പള്ളികളിൽ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളിയെ ബാൽതാക്കറെയും എതിർത്തിരുന്നതാണ്. എന്നാൽ, ബാങ്കുവിളിക്കെതിരെ നിൽക്കുന്നത് രാജ്യത്തിന്റെ അന്തസ്സിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉദ്ധവ് നയിക്കുന്ന ശിവസേനയുടെ വക്താവ് സഞ്ജയ് റാവുത്ത് പറയുന്നു.

നഗരസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേനയല്ല ഞങ്ങളാണ് യഥാർഥ ഹിന്ദുത്വ പാർട്ടിയെന്ന് സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ആ ലക്ഷ്യത്തിലാണ് അവരുടെ ഓരോ കരുനീക്കവും. അതിൽ ആദ്യപടിയായിരുന്നു ദാവൂദ് ഇബ്രാഹിമിന്റെ സഹേദാരി ഹസീന പാർക്കറുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ എൻ.സി.പി നേതാവും മന്ത്രിയുമായ നവാബ് മാലികിന്റെ അറസ്റ്റ്. 20 വർഷങ്ങൾക്ക് മുമ്പ് നടന്ന ഭൂമി ഇടപാടിൽ കഴിഞ്ഞ ഫെബ്രുവരി 23 നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഭരണപക്ഷ നേതാക്കളെയും ബോളീവുഡ് താരങ്ങളെയുമുൾപ്പെടെ തങ്ങൾക്കിഷ്ടമില്ലാത്തവരെ മുഴുവൻ നാർേകാട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി), ഇ.ഡി, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനിടയിലാണ് മാലികിനെ കുരുക്കിലാക്കിയത്.

മണ്ണിന്റെ മക്കൾ വാദത്തിൽ വളർന്ന ശിവസേനയെ ബാൽതാക്കറെ പൂർണമായും ഹിന്ദുത്വ കുപ്പായമണിയിക്കുന്നത് ബാബരി ധ്വംസനക്കാലത്താണ്. തന്റെ കുട്ടികളാണ് പള്ളിപൊളിച്ചതെന്ന് താക്കറെ ഊറ്റംകൊണ്ടിരുന്നു. 1992 ലെ കലാപം ആളിക്കത്തിച്ചത് പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗങ്ങളും സീനിയർ താക്കറെയുടെ പ്രകോപനം മുറ്റിയ പ്രസംഗങ്ങളുമായിരുന്നു. '93 ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും ആഗോള ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ എക്കാലവും എതിർത്ത താക്കറെയുടെ മകൻ ഉദ്ധവ് ദാവൂദുമായി ബന്ധമുള്ള നവാബ് മാലികിനെ സംരക്ഷിക്കുന്നു എന്ന് വരുത്തിത്തീർക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും മാലിക് മന്ത്രി സ്ഥാനം രാജിവെക്കാത്തതിനെ ബി.ജെ.പി നിരന്തരം ചോദ്യം ചെയ്യുന്നു. ഇതുവരെ വഹിച്ച വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകിയെങ്കിലും ജയിലിൽ കഴിയുന്ന മാലിക് നിലവിൽ വകുപ്പില്ലാ മന്ത്രിയാണ്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ മാലിക് രാജിവെക്കേണ്ടെന്നുമുള്ള നിലപാടാണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യത്തിന്. മാലിക് വിഷയത്തിലൂടെ ശിവസേന വോട്ട് ബാങ്കിലെ പിളർപ്പാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന് ചട്ടുകമായി വർത്തിക്കുകയാണ് രാജ്താക്കറെ.

ബാൽതാക്കറെ ശൈലിയിൽ പൊതുയോഗങ്ങളിൽ മുസ്‍ലിംവിരോധം ആളിക്കത്തിച്ചും എതിരാളികളെ കണക്കറ്റ് പ്രഹരിച്ചും പ്രസംഗിക്കുമെങ്കിലും അതൊന്നും എം.എൻ.എസിന് വോട്ടാക്കി മാറ്റാൻ കഴിയുന്നില്ല എന്ന ഇച്ഛാഭംഗം രാജിന്റെ മനസ്സിലുണ്ട്. ഉദ്ധവ് സർക്കാറിനെ ഏതുവിധേനയും മറിച്ചിടാൻ ശ്രമിക്കുന്ന ബി.ജെ.പി മുതലെടുക്കാൻ ശ്രമിക്കുന്നതും അതുതന്നെ. പ്രതിപക്ഷ നേതാവും മുൻ ബി.ജെ.പി മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, റാവു സാഹെബ് ദാൻവെ എന്നിവരുമായി കൂടിക്കാഴ്ചക്കുശേഷമാണ് രാജ് ബാങ്കുവിളിക്കെതിരെ രംഗത്തുവരുന്നത്. രാജിലൂടെ മഹാരാഷ്ട്രയിൽ കലാപത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ശിവസേന ആരോപിക്കുന്നു. കലാപമുണ്ടായാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഉദ്ധവ് സർക്കാറിനെ മറിച്ചിടുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് റാവുത്ത് ആരോപിക്കുന്നു. അചൽപുർ, അരേയ കോളനി കലാപ ശ്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും ബി.ജെ.പി നേതാക്കളെയാണ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിൽ നിർത്തുംവിധം രംഗത്തുണ്ടായിരുന്ന ആളാണ് താനെന്ന കാര്യം രാജ് തന്നെ മറന്നുപോയെന്ന് തോന്നുന്നു. അക്കാലത്ത് ശരദ്പവാറായിരുന്നു രാജിന് പിൻബലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോഹിനൂർ നക്ഷത്ര ഹോട്ടൽ ഇടപാട് കേസിൽ ഇ.ഡി വിളിച്ചുവരുത്തിയതോടെയാണ് ഇദ്ദേഹം നിലപാട് മാറ്റിയത്.

മസ്ജിദുകളിലെ ഉച്ചഭാഷിണിക്കെതിരെ രാജ് അന്തിമശാസന നൽകിയതോടെ ആളുകൾ ഭീതിയിലാണ്. രാജിന് താക്കീതുമായി പോപുലർ ഫ്രണ്ടും രംഗത്തുണ്ട്. പോപുലർ ഫ്രണ്ടിന്റെ ഭീഷണിയുടെ മറവിൽ രാജിന് കേന്ദ്ര സേനയുടെ സംരക്ഷണം നേടാൻ എം.എൻ.എസ് ശ്രമിക്കുന്നു. ആരാധനാലയ പരിസരങ്ങളിൽ മറ്റുള്ളവർ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 72 ശതമാനം പള്ളികളിലെയും ഉച്ചഭാഷിണികൾ നേരത്തേ മുതൽ പള്ളിക്കകത്തു മാത്രം കേൾക്കുംവിധം ശബ്ദക്രമീകരണം നടത്തുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്തതായാണ് മഹാരാഷ്ട്ര പൊലീസിന്റെ സർവേ വ്യക്തമാക്കുന്നത്.

Tags:    
News Summary - There are people in Mumbai who are trying to ignite riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT