മുന്നൂറ് മീറ്റർ നീളമുള്ള ‘സാൻഫെർനാൺഡോ’ എന്ന മദർഷിപ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടതോടെ കേരളത്തിന്റെ വികസന കുതിപ്പിലെ ശ്രദ്ധേയമായ ഒരു അധ്യായത്തിന് തുടക്കമായിരിക്കുന്നു. പദ്ധതി തുടങ്ങിവെക്കാൻ പ്രധാന കാരണക്കാരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ സന്തോഷവാർത്ത കേൾക്കാൻ നമ്മോടൊപ്പം ഇല്ല. വിഴിഞ്ഞത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ അദ്ദേഹം കേട്ടു. പദ്ധതി ആരംഭിച്ച 2015 ഡിസംബർ 15നെ ‘കേരളത്തെ വിൽക്കുന്ന ദിവസം’ എന്നാണ് ഇന്നത്തെ ഭരണകക്ഷിക്കാർ വിശേഷിപ്പിച്ചത്. ‘മലയാളിയുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റംചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാകുന്നത്. ഇത് വൻഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തിയിട്ടുണ്ട്’ എന്ന് 2015ൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് 2024ൽ ‘സ്വപ്നം തീരമണയുന്നു’ എന്ന് പറയേണ്ടിവന്നത് കാലം കാത്തുവെച്ച കാവ്യനീതി.
ഏറെ എതിർപ്പുകൾ നേരിട്ടാണ് പദ്ധതിപ്രവർത്തനവുമായി ഉമ്മൻ ചാണ്ടി മുന്നോട്ടു പോയത്. പദ്ധതിയുടെ വിശദാംശങ്ങൾക്ക് അനുമതി നൽകിയ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം എന്റെ മനസ്സിൽ ഉണ്ട്. ‘Now or never’ (ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ല). വിഴിഞ്ഞത്തിന് തൊട്ടടുത്ത് കുളച്ചൽ തുറമുഖത്തിന് അനുമതി നേടിയെടുക്കാൻ തമിഴ്നാട് ലോബി പ്രവർത്തിച്ചിരുന്നു. കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനും തമിഴ്നാട് ഗവൺമെന്റും ഇതിനായി ശക്തമായ കരുക്കൾ നീക്കി. നാം അമാന്തം കാണിച്ചാൽ കുളച്ചൽ യാഥാർഥ്യമാകും. പിന്നെ വിഴിഞ്ഞം ഉണ്ടാവില്ല. കേരളത്തിന്റെ സമഗ്രവികസനത്തിന് വിഴിഞ്ഞം പദ്ധതി അനിവാര്യമാണെന്ന യാഥാർഥ്യം മന്ത്രിസഭാംഗങ്ങളെയും എ.ഐ.സി.സി- യു.ഡി.എഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി അവരുടെ പിന്തുണ നേടിയെടുത്തത്.
കേരളത്തിന്റെ നിലപാടിന് എ.കെ. ആന്റണിയും കലവറയില്ലാത്ത പിന്തുണയാണ് നൽകിയത്. കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനാണ് വിഴിഞ്ഞം എന്ന സ്വപ്നപദ്ധതിയുടെ ആശയഗതി മുന്നോട്ട് വെച്ചതെന്ന യാഥാർഥ്യം വിസ്മരിക്കാനാവില്ല. പദ്ധതിക്ക് കേന്ദ്ര അനുമതി നേടുക പ്രയാസപൂർണമായിരുന്നു. പാരിസ്ഥിതിക അനുമതിയായിരുന്നു അടുത്ത പ്രശ്നം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകളും അവഗണിക്കാൻ കഴിയുന്നതായിരുന്നില്ല. പദ്ധതിയുടെ സ്ട്രക്ചറൽ ഡിസൈൻ തയാറാക്കാൻ പ്ലാനിങ് കമീഷൻ വൈസ് ചെയർമാനായിരുന്ന മൊണ്ടേക് സിങ് അഹ് ലുവാലിയ തന്നെ മുൻകൈയെടുത്തു. ഇതിനായി അദ്ദേഹം ഗജേന്ദ്ര ഹാൽഡിയ എന്ന വിദഗ്ധനെ നിയോഗിക്കുകയും ചെയ്തു.
വിഴിഞ്ഞം പദ്ധതിമൂലം തൊഴിലും വീടും ജീവനോപാധികളും നഷ്ടപ്പെടാനിടയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രയാസങ്ങൾ പരിഹരിക്കാൻ സഹായകമായ സമഗ്രമായ പുനരധിവാസ പാക്കേജ് വിഴിഞ്ഞം കരാറിന്റെ തന്നെ ഭാഗമായി നടപ്പാക്കാനാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്. നിർദിഷ്ട തുറമുഖത്തിന്റെ 40 കിലോമീറ്റർ വരുന്ന മേഖലയിൽ ഉണ്ടാവാനിടയുള്ള കടലാക്രമണ ഭീഷണിയും തീരശോഷണവും പഠിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനും ഈ പരിധിക്കുള്ളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണം, തൊഴിൽനഷ്ടം ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് പാക്കേജിലും ധാരണാപത്രത്തിലും മുൻഗണന നൽകിയിരുന്നു. സ്ത്രീശാക്തീകരണം, കമ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികൾ നടപ്പാക്കുക, ഈ മേഖലയോട് ചേർന്ന് ചെറുകിട ഫിഷിങ് ഹാർബർ സ്ഥാപിക്കുക, സീഫുഡ് പാർക്ക് ആരംഭിക്കുക തുടങ്ങിയ സമഗ്രമായ പുനരധിവാസ പദ്ധതികൾ വിഴിഞ്ഞം കരാറിന്റെ ഭാഗമായിരുന്നു. ഇവ സമയബന്ധിതമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കുന്നതിനും പിണറായി സർക്കാർ കാണിച്ച കുറ്റകരമായ അനാസ്ഥ മത്സ്യത്തൊഴിലാളികളെ പദ്ധതിയുടെ ശത്രുക്കളാക്കാനേ സഹായിച്ചുള്ളൂ. ഒന്നാംഘട്ടം പൂർത്തിയാകുമ്പോഴും പൂർത്തിയാക്കേണ്ട പല കാര്യങ്ങളും ഇപ്പോഴും ഒരിടത്തും എത്തിയിട്ടില്ല. ശശി തരൂർ എം.പി ചൂണ്ടിക്കാണിച്ചതുപോലെ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലുള്ള ഗുരുതരമായ വീഴ്ചയാണ് ഇതിൽ മുഖ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി അഞ്ചു കൊല്ലം വൈകിപ്പിച്ചുവെന്നതിന്റെ ക്രെഡിറ്റ് പിണറായി സർക്കാറിനു തന്നെയാണ്. കോവിഡും ഓഖിയും മൂലമുണ്ടായ കാലതാമസവും പ്രയാസങ്ങൾ സൃഷ്ടിച്ചു. റോഡ്-റെയിൽ കണക്ടിവിറ്റി ഇപ്പോഴും വിദൂരസ്വപ്നമായി അവശേഷിക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് അഞ്ചുവർഷംകൊണ്ട് അതായത് 2019 ഡിസംബർ 15ന് മുമ്പ് പദ്ധതി ഒന്നാംഘട്ടം പൂർത്തിയാക്കേണ്ടതായിരുന്നു. പക്ഷേ ഭരണമാറ്റം ഉണ്ടായതോടെ പദ്ധതിയുടെ ഭാവിയെപ്പറ്റി വലിയ ആശങ്കകൾ ഉണ്ടായി. ഇടതുപക്ഷത്തിന്റെ അഴിമതി ആരോപണവും, ടെൻഡർ നടപടികളെപ്പറ്റി അക്കൗണ്ടന്റ് ജനറലും ഉന്നയിച്ച ആക്ഷേപങ്ങളും അന്വേഷിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ ഒരു വിദഗ്ധസമിതിയെ പിണറായി സർക്കാർ നിയോഗിച്ചു. വിശദമായ പഠനത്തിനും പരിശോധനക്കും ശേഷം ആരോപണങ്ങൾ സമിതി നിരാകരിക്കുകയാണ് ഉണ്ടായത്. സുപ്രീംകോടതി നിർദേശിച്ച എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് ടെൻഡർ നടപടികൾ സ്വീകരിച്ചതെന്ന് കമ്മിറ്റി കണ്ടെത്തി. എല്ലാ നടപടികളും വിശദമായ വിദഗ്ധ പരിശോധനക്കു ശേഷം മന്ത്രിസഭ തന്നെയാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്രമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നുമാണ് കമ്മിറ്റി കണ്ടെത്തിയത്. ഇതോടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പച്ചക്കൊടി കാണിക്കാൻ പിണറായി സർക്കാർ നിർബന്ധിതമായി.ഏതായാലും വിഴിഞ്ഞത്തിന്റെ ഒന്നാം ഘട്ടം യാഥാർഥ്യമായിക്കഴിഞ്ഞു. രണ്ടാംഘട്ടം 2028ഓടെ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. 2034 മുതൽ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറിന് വരുമാനം ലഭിച്ചുതുടങ്ങും.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നത് ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മൂലം മാത്രമാണ്. പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയാലും ഇല്ലെങ്കിലും കേരള ജനതയുടെ മനസ്സിൽ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തെളിഞ്ഞുവരുന്നത് ഉമ്മൻ ചാണ്ടിയുടെ മുഖംതന്നെ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.