സത്യൻ അന്തിക്കാടിന്റെ 'സന്ദേശം' സിനിമയിൽ നായകൻ ശ്രീനിവാസന്റെ പെണ്ണുകാണൽ സീൻ എക്കാലത്തെയും ഹിറ്റാണ്. ആ ശ്രീനിവാസന്റെ സംഭാഷണത്തിൽ ചെറിയൊരു ഭേദഗതിയോടെയുള്ള ട്രോൾ ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ ഹിറ്റ്. ''വിവാഹത്തിന് അധികം ആഡംബരമൊന്നും പാടില്ല. ഞങ്ങൾ വരന്റെ വീട്ടുകാർ ഒരു ബോംബ് അങ്ങോട്ട് എറിയും. നിങ്ങൾ ഒരു ബോംബ് ഇങ്ങോട്ട് എറിയണം. ചടങ്ങ് കഴിഞ്ഞു...'' കണ്ണൂർ തോട്ടടയിൽ നടന്നതുപോലുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ സാമൂഹിക വിമർശനം മുന്നോട്ടുവെക്കുന്ന ഈ ട്രോളുകൾക്ക് ബോംബുകളേക്കാൾ പ്രഹരശേഷിയുണ്ട്.
വിവാഹ ആഭാസങ്ങൾക്കെതിരെ നാടും നാട്ടുകാരും ഉണരുന്നതാണ് തോട്ടട സംഭവത്തിനു പിന്നാലെ കാണുന്നത്. ജില്ല പഞ്ചായത്തും കോർപറേഷനും തദ്ദേശസ്ഥാപനങ്ങളുമെല്ലാം ബോധവത്കരണം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും മതസംഘടനകളും പൊലീസുമെല്ലാം ഈ സാമൂഹിക വിപത്തിനെതിരെ പദ്ധതികളുമായി രംഗത്തുവന്നത് ശുഭകരമായ കാര്യമാണ്.
ഈ കാര്യത്തിൽ മുമ്പേ നടന്ന ചരിത്രമാണ് പിണറായി ഗ്രാമപഞ്ചായത്തിനുള്ളത്. കല്യാണവീടുകളിലെത്തി ഇത്തരം പ്രവണതകൾക്കെതിരെ ബോധവത്കരണവും മുന്നറിയിപ്പും നൽകാനായി ജാഗ്രത സമിതി രൂപവത്കരിച്ചായിരുന്നു പിണറായിയിലെ മാതൃകാപരമായ തുടക്കം. ഏറക്കുറെ പാർട്ടിയുടെ നിയന്ത്രണത്തിൽ ഇതിന്റെ പ്രവർത്തനം സജീവമായിതന്നെ മുന്നോട്ടുപോയി. എന്നാൽ, വർഷങ്ങൾ പിന്നിട്ടപ്പോൾ സമിതിയുടെ പ്രവർത്തനവും മന്ദഗതിയിലായി.
പിണറായി മോഡൽ പിൻപറ്റി മിക്കയിടത്തും ഇത്തരം നീക്കങ്ങൾ സജീവമായെങ്കിലും ദീർഘനാൾ ആയുസ്സുണ്ടായിരുന്നില്ല. തോട്ടട സംഭവത്തിനു പിന്നാലെ ഇത്തരം കൂട്ടായ്മകൾ വീണ്ടും സജീവമായിട്ടുണ്ട്. ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട തോട്ടട പന്ത്രണ്ടുകണ്ടി പ്രദേശത്ത് സർവകകക്ഷി യോഗം ചേർന്നാണ് വിവാഹ ആഭാസത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്. വിവാഹത്തലേന്നു നടക്കുന്ന സൽക്കാരം പൂർണമായും അവസാനിപ്പിക്കാനാണ് സർവകക്ഷി യോഗം തീരുമാനിച്ചത്. സ്പീക്കറുകൾ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടുവെച്ച് പരിസരവാസികളുടെ ഉറക്കംകളയുന്നത് തടയാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്ത്, ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ വ്യക്തമായ കർമപരിപാടിതന്നെ തയാറാക്കിയിട്ടുണ്ട്. കല്യാണവീടുകളിൽ രണ്ടു ദിവസം മുമ്പേ അതത് തദ്ദേശസ്ഥാപന അധികൃതരുടെ നേതൃത്വത്തിലെത്തി മുന്നറിയിപ്പും ബോധവത്കരണവും നൽകും. ആവശ്യമെങ്കിൽ പൊലീസ് സാന്നിധ്യവും ഉറപ്പാക്കും. കണ്ണൂർ കോർപറേഷനിൽ വാർഡ് കൗൺസിലർമാർ ചെയർമാന്മാരായ വാർഡ് തല നിരീക്ഷണ സമിതികൾ രൂപവത്കരിക്കാൻ തീരുമാനമായി.
രാഷ്ട്രീയ പാർട്ടികൾ, യുവജന-മഹിള സംഘടനകൾ, റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പൊലീസ്-എക്സൈസ്-റവന്യൂ അധികാരികൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് കോർപറേഷൻ പരിധിയിൽ കാമ്പയിനും ബോധവത്കരണവും സംഘടിപ്പിക്കുക. തളിപ്പറമ്പിൽ മേഖലകളിൽ വിവാഹവീടുകളിലെ ഗാനമേളകൾ നിയന്ത്രിക്കാനാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. രാത്രി വൈകിയുള്ള ഗാനമേളകളും അമിത ഉച്ചഭാഷിണി പ്രയോഗവും കർശനമായി നിയന്ത്രിക്കാനും മലയോര മേഖലയിൽ തീരുമാനമായി.
ഈ മാതൃകയിൽ ജില്ലയിലെ മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും കാമ്പയിനും ബോധവത്കരണത്തിനും തുടക്കമിട്ടിട്ടുണ്ട്. വിനോദത്തിന്റെ പേരിൽ എന്തും കാണിച്ച് ശ്രദ്ധനേടാൻ ശ്രമിക്കുന്ന, ഒന്നിനും വഴങ്ങാൻ തയാറാകാത്ത സംഘമാണ് എതിർപക്ഷത്ത്. നിയന്ത്രണം മുറുകുമ്പോൾ പത്തിമടക്കുകയും അയയുമ്പോൾ മുമ്പത്തേക്കാൾ തീവ്രവായി തലപൊക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ പതിവ്. അതിനാൽ, സമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും ഒരു ഘട്ടത്തിലും കുറഞ്ഞുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനം.
''കല്യാണഹാളിലോ പരിസരത്തോ ആഭാസപ്രവൃത്തികൾകൊണ്ട് ആളാകാൻ ശ്രമിച്ചാൽ അത് ആരാണെങ്കിലും നടന്ന് വീട്ടിൽപോവില്ല. മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും'' എന്ന് വധുവിന്റെ അച്ഛൻ. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുന്ന വിവാഹക്ഷണക്കത്തിനു താഴെയുള്ള കുറിപ്പാണിത്. കത്തിൽ വിലാസവും പേരുമൊക്കെ ചേർത്തിട്ടുണ്ടെങ്കിലും സംഗതി ട്രോളാകാനാണ് സാധ്യത.
എന്തായാലും കത്ത് കണ്ടവരെല്ലാം വധുവിന്റെ അച്ഛനൊപ്പമാണ്. വീട്ടുകാർ വിട്ടുവീഴ്ച ചെയ്യുന്നതാണ് പലപ്പോഴും ആഭാസസംഘങ്ങൾക്ക് തുണയാകുന്നത്. ക്ഷണിക്കപ്പെട്ടവരോട് മുഷിഞ്ഞു പറയാനുള്ള മടി, വരന്റെ/വധുവിന്റെ വീട്ടുകാരോട് അരുതെന്ന് വിലക്കിയാൽ ബന്ധത്തിൽ ഉലച്ചിലുണ്ടാകുമെന്ന പേടി എന്നിവയൊക്കെയാണ് ഉറച്ച നിലപാടിൽനിന്ന് വീട്ടുകാരെ പിന്നാക്കംവലിക്കുന്നത്. തോട്ടട സംഭവത്തോടെ അതിന് മാറ്റംവന്നിട്ടുണ്ട്.
അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.