സ്വാതന്ത്ര്യസമര പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമാണിന്ന്. സയ്യിദ് ഗുലാം മുഹ് യിദ്ദീൻ അഹ്മദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര് ; ജനനം മക്കയിലും. അതേക്കുറിച്ച് ചുരുക്കിപ്പറയാം.
മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ ചക്രവർത്തിയുടെ കാലത്താണ് ആസാദിന്റെ പൂർവികർ അഫ്ഗാനിൽ നിന്ന് ബംഗാളിൽ വന്ന് താമസമാക്കിയത്. 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം മക്കയിലേക്ക് താമസം മാറിയ അദ്ദേഹത്തിന്റെ പിതാവ് മൗലാന ഖൈറുദ്ദീൻ ഹുസൈനി ധനാഢ്യനായ ഒരു അറബി ശൈഖിന്റെ മകളായ ശൈഖ ആലിയ ബിൻത് മുഹമ്മദിനെ വിവാഹം ചെയ്തു.
1888 നവംബർ 11ന് അവർക്ക് ആസാദ് പിറന്നു. കുഞ്ഞിന് രണ്ട് വയസ്സുള്ളപ്പോൾ ഖൈറുദ്ദീൻ കുടുംബസമേതം കൊൽക്കത്തയിലേക്ക് തിരിച്ചുവന്നു. സാഹിത്യത്തിലും പ്രസംഗകലയിലുമുള്ള പ്രാഗല്ഭ്യം കൊണ്ടാണ് അബുൽ കലാം എന്ന പേര് കൈവന്നത്. മത വിഷയങ്ങളിലെ പാണ്ഡിത്യം മൗലാന എന്ന ടൈറ്റിലും ലഭിച്ചു.
പിതാവ് തന്നെയായിരുന്നു ആദ്യ അധ്യാപകൻ. ഇസ്ലാമിക വിജ്ഞാനവും അറബി, ഉർദു, പേർഷ്യൻ ഭാഷകളും കണക്കും ഇംഗ്ലീഷും ചരിത്രവുമെല്ലാം വീട്ടിലിരുന്ന് പഠിച്ചു. ശേഷം ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അൽ അസ്ഹർ സർവകലാശാലയിൽനിന്ന് ബിരുദം നേടി.
തുർക്കിയ, സിറിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഇന്ത്യയിൽ മടങ്ങിയെത്തി. ഹിന്ദുമത പരിഷ്കർത്താക്കളായ അരവിന്ദ ഘോഷ്, ശ്യാം സുന്ദർ ചക്രവർത്തി എന്നിവരുമായി വലിയ സുഹൃദ്ബന്ധമാണ് അദ്ദേഹം പുലർത്തിപ്പോന്നത്. തുടർന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തനമാരംഭിച്ചു.
1912ൽ അൽ ഹിലാൽ എന്ന പേരിൽ ഒരു വാരിക പ്രസിദ്ധീകരണം ആരംഭിച്ചു. ബ്രിട്ടീഷ് സർക്കാറിന്റെ നിലപാടുകളെ നിശിതമായി വിമർശിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ അക്കമിട്ട് നിരത്തുന്ന ലേഖനങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ചു.
ധീര മാധ്യമ പ്രവർത്തനത്തിന്റെ എക്കാലത്തെയും മാതൃകകളിലൊന്നായ അൽ ഹിലാലിന്റെ 26,000 കോപ്പികൾ വീതമാണ് ഓരോ ലക്കവും വിറ്റഴിക്കപ്പെട്ടത്. ജനമനസ്സുകളിൽ സ്വരാജ്യസ്നേഹവും ദേശീയ ബോധവും മതനിരപേക്ഷ ചിന്തയും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച വാരിക ബ്രിട്ടീഷ് സർക്കാറിനെ അസ്വസ്ഥമാക്കി.
1914ൽ ബ്രിട്ടീഷ് സർക്കാർ വാരികയുടെ പ്രസിദ്ധീകരണം തടഞ്ഞു. പക്ഷേ ആസാദ് അടങ്ങിയിരുന്നില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ബലാഗ് എന്ന പേരിൽ പുതിയൊരു വാരിക പ്രസിദ്ധീകരണം ആരംഭിച്ചു. മൗലാനയെ തടയാനാവുന്നില്ലെന്ന് ബോധ്യപ്പെട്ട സർക്കാർ 1916ൽ കൊൽക്കത്തയിൽനിന്ന് പുറത്താക്കി.
ബിഹാറിൽ എത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി. 1920 ജനുവരി ഒന്നിന് വിമോചിതനായ അദ്ദേഹം വർധിത വീര്യത്തോടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളിയായി.
1920ൽ ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹത്തെ ഇക്കാലത്ത് ഗാന്ധി ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ചു. രാജ്യത്തുടനീളം നടന്ന് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പ്രസംഗിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1923ൽ തന്റെ 35-ാം വയസ്സിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1940-45 കാലത്ത് ഈ നിയോഗം വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
1942 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പേരിൽ ആസാദ് ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തടവിലായി. ഭാര്യ സുലൈഖ ബീഗം അസുഖബാധിതയായി എന്ന വിവരമെത്തുമ്പോൾ ആസാദ് പുണെക്കടുത്ത അഹ്മദ്നഗർ കോട്ടയിലെ ജയിലിൽ തടവിലായിരുന്നു; 1943 ഏപ്രിൽ ഒമ്പതിന് അവർ മരണമടയുകയും ചെയ്തു.
നാലുവർഷം നീണ്ട ജയിൽവാസം കഴിഞ്ഞിറങ്ങിയ ആസാദിന് പാർട്ടിയിലെ സോഷ്യലിസ്റ്റ് ധാരയുടെ ഭാഗമായ ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരോടായിരുന്നു കൂടുതൽ അടുപ്പം. സർദാർ പട്ടേലുമായി പല കാര്യങ്ങളിലും ആസാദ് വിയോജിച്ചു.
ഇന്ത്യാവിഭജനത്തെ അതിശക്തമായി എതിർത്ത നേതാക്കളിൽ പ്രഥമ ഗണനീയനാണ് മൗലാന ആസാദ്. വിഭജനാനന്തരം പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളെ ഇല്ലാതാക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിർഭയം സഞ്ചരിച്ച് ഉദ്ബോധനം നടത്തി അദ്ദേഹം.
ഡൽഹിയിൽ മുസ്ലിംകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് തുറന്നു പറയാനും അദ്ദേഹം മടി കാണിച്ചില്ല. ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന തന്റെ ആത്മകഥയിൽ വിഭജനത്തിന് ജിന്നയേക്കാൾ ഉത്തരവാദി പട്ടേൽ ആണെന്നും അഭിപ്രായപ്പെട്ടു.
1958 ഫെബ്രുവരി 22ന് ഈ ലോകത്തോട് വിടപറഞ്ഞ മൗലാന ആസാദിന്റെ ഖബറിടം ഡൽഹി ജമാ മസ്ജിദിന്റെ ചാരത്താണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ മൗലാനയോട് രാജ്യം എല്ലാ അർഥത്തിലും കടപ്പെട്ടിരിക്കുന്നു.
14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നിർബന്ധിതമാക്കിയതും, ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.ഐ.ടികൾക്ക് തുടക്കമിട്ടതും യു.ജി.സിയെ വിപുലാധികാരങ്ങളോടെ ശക്തിപ്പെടുത്തിയതും സാഹിത്യ അക്കാദമികൾ ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും അദ്ദേഹമാണ്.
പാഠപുസ്തകങ്ങളിൽനിന്നും ചരിത്ര പുസ്തകങ്ങളിൽനിന്നും വെട്ടിയൊഴിവാക്കുക എന്ന നന്ദികേട് ഭരണകൂടം കാണിക്കുന്നുണ്ടാവാം, അദ്ദേഹം നായകത്വം വഹിച്ച പാർട്ടിയുടെ പോസ്റ്ററുകളിൽനിന്നും പത്രങ്ങളുടെ സ്വാതന്ത്ര്യസമര പേജുകളിൽനിന്നും അദ്ദേഹത്തെ തമസ്കരിക്കുന്നുണ്ടാവാം. പക്ഷേ അതുകൊണ്ടൊന്നും ആസാദ് ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ ഇല്ലാതാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.