മാനവരാശിയുടെ വിമോചനത്തിന് ദൈവദൂതന്മാരിലൂടെ പ്രപഞ്ചനാഥനായ അല്ലാഹു നൽകിയ അനശ്വര സന്ദേശമാണ് മതം. തിന്മകളുടെ ബന്ധനത്തിൽനിന്ന് മനുഷ്യരെ വിമോചിപ്പിക്കാൻ കഴിയുന്ന മതത്തിന് മാത്രമേ നിലനിൽപുള്ളൂ. ജീവിതം പ്രപഞ്ചനാഥന് സമ്പൂർണമായി സമർപ്പിച്ചവനാണ് യഥാർഥ മതവിശ്വാസി. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ദൈവത്തിെൻറ സൃഷ്ടികളെ ആരാധിക്കുന്നത് മഹാപാപമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. മരണശേഷമുള്ള അനശ്വരജീവിതത്തെക്കുറിച്ച് ഇസ്ലാമിക ദർശനം ആർക്കും ഗ്രഹിക്കാനാവുംവിധം അവതരിപ്പിക്കുന്നു. വിശ്വാസം, കർമം, സംസ്കാരം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ദർശനമാണ് ഇസ്ലാം. ജീവിതം ദൈവത്തിന് സമർപ്പിക്കുന്നവനാണ് മുസ്ലിം. വർഗം, വർണം, ഭാഷ, ദേശം എന്നിവയുടെ പിൻബലത്തിൽ നേടിയെടുക്കാവുന്ന ഒരു വിളിപ്പേരല്ല മുസ്ലിം. പ്രവാചകന്മാരാണ് മതം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ. അവർ ജീവിതത്തിലൂടെ മതത്തിെൻറ സാരാംശവും സൗന്ദര്യവും പ്രസരിപ്പിച്ചു. ഇസ്ലാമിക വീക്ഷണത്തിൽ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ ഘടകങ്ങൾക്ക് പരിക്കേൽപിക്കുന്ന ഏതു നീക്കവും പാപമായിട്ടാണ് ഗണിക്കുക.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളിൽ നിലനിൽക്കുന്ന സമാധാനമാണ് മതം ആവശ്യപ്പെടുന്നത്. ലോകത്തിെൻറ സമാധാനം കെടുത്തുന്ന കാര്യങ്ങളെ മതം വെറുക്കുന്നു. ആൾദൈവങ്ങളും അവരുടെ അനുയായികളും വിതക്കുന്ന നാശത്തിെൻറ അപകടം ബോധ്യമാക്കുന്ന കാര്യങ്ങളാണല്ലോ നമ്മുടെ ചുറ്റുപാടും നടക്കുന്നത്. മതത്തിെൻറ അകക്കാമ്പ് എന്തെന്ന് തിരിച്ചറിയാത്ത മതവേഷധാരികൾ മതചിഹ്നങ്ങൾകൊണ്ട് മനുഷ്യരെ പരിഹസിക്കുന്നു. പൗരോഹിത്യം എവിടെയും സ്വാധീനം നേടുന്നു. എല്ലാവിധ പൗരോഹിത്യത്തിനുമെതിരാണ് ദൈവികമതമായ ഇസ്ലാം.
കള്ളദൈവങ്ങളുടെ പേരിലാണ് ഏറ്റവുമധികം വർഗീയത പടരുന്നത്. എല്ലാവരുടേയും സ്രഷ്ടാവായ പ്രപഞ്ചനാഥനായ ഏകദൈവത്തിൽ വിശ്വസിക്കാനും ദിവ്യകൽപനയനുസരിച്ച് ജീവിക്കാനും സന്നദ്ധരായാൽ ദൈവങ്ങളുടെ പേരിലുള്ള വർഗീയതക്ക് അറുതിവരും. ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കുന്ന അന്ത്യവേദമായ ഖുർആൻ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവരെ അധിക്ഷേപിക്കരുതെന്ന് താക്കീത് നൽകുന്നു.
‘‘അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത് കാരണമായേക്കും.’’ (അൻആം 108). പ്രപഞ്ചനാഥനായ അല്ലാഹു വൈവിധ്യങ്ങൾ കൊണ്ടാണ് സൃഷ്ടിപ്പിനെ മനോഹരമാക്കിയത്. വൈവിധ്യങ്ങൾ അംഗീകരിക്കുന്ന മതമാണ് ഇസ്ലാം. ആ അംഗീകാരം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമായ ഏകദൈവ ദർശനം വിസ്മരിച്ചുകൊണ്ടാവില്ലെന്നു മാത്രം.
വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയാണ് മതം പഠിപ്പിക്കുന്നത്. ബുദ്ധിയും വിവേചനശേഷിയും നൽകപ്പെട്ട മനുഷ്യരുടെ ചിന്തക്ക് ഇസ്ലാം വിലങ്ങ് വെക്കുന്നില്ല. സത്യപാതയിൽ സഞ്ചരിച്ച് ദൈവിക സൃഷ്ടിപ്പിെൻറ മഹത്ത്വം അറിഞ്ഞ് കൂടുതൽ വിനയാന്വിതനാകാനാവണം ഈ ചിന്താശേഷി വിനിയോഗിക്കേണ്ടത്. ഖുർആൻ പറയുന്നു: ‘‘നിെൻറ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ’’ (യൂനുസ് 99).
ഏകദൈവ ദർശനത്തിന് വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തിലുണ്ടാകും. വിശ്വാസ-സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട് വിയോജിപ്പുകൾ പ്രകടിപ്പിക്കാനാവും. വൈവിധ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് വിവരക്കേടാണെന്ന് തിരിച്ചറിയാനാവണം. വ്യത്യസ്ത ജാതികൾക്കും ഉപജാതികൾക്കും മതങ്ങൾക്കുമിടയിൽ ജീവിക്കുന്ന മുസ്ലിമിെൻറ മാതൃക അന്ത്യദൂതനായ മുഹമ്മദ് നബിയാണ്. പ്രവാചകെൻറ മദീനാ ജീവിതം സഹിഷ്ണുതയുടെ അനിതരപാഠമാണ് നൽകുന്നത്. ജൂതരും മുസ്ലിംകളും പരസ്പരം കരാറുകളിൽ ഏർപ്പെട്ട് സമാധാന ജീവിതം നയിച്ച ചരിത്രം വലിയ സന്ദേശമാണ് നൽകുന്നത്.
വിയോജിക്കുന്നവരെ ഉൾക്കൊള്ളാനും ഒപ്പമിരിക്കാനും കഴിയാത്ത അസഹിഷ്ണുതയാണ് ഇന്ന് രാജ്യത്തെ വിഴുങ്ങുന്നത്. മതം, ഭക്ഷണം, വസ്ത്രം, ചിന്ത എന്നിവയിലെല്ലാമുള്ള വൈവിധ്യങ്ങളെ വിരോധങ്ങളായി കണ്ട് ആക്രമണം നടത്തുന്ന പ്രാകൃതനയം എത്രമേൽ നിന്ദ്യമാണ്. സഹിഷ്ണുതയോടെ പെരുമാറാൻ മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലെ വ്യത്യസ്ത ധാരകളും തയാറാകുന്നില്ലെങ്കിൽ വർഗീയതയും വംശീയതയും വർധിക്കും. അത് നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. വർഗീയവാദികളും മതോന്മാദികളും തീവ്രവാദികളും നിരപരാധികളെ കൊന്നൊടുക്കുന്ന ആക്രമണങ്ങൾ നടത്തുന്നത് മറ്റുള്ളവരെ സഹിക്കാൻ കഴിയാത്ത വിരോധം കൊണ്ടാണ്.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും മതമനുസരിച്ച് ജീവിക്കാനും നമ്മുടെ രാജ്യത്തിെൻറ ഭരണഘടന അനുമതി നൽകുന്നുണ്ട്. മതവിരുദ്ധവും മൂല്യങ്ങളെ നിരാകരിക്കുന്നതുമായ ആശയ പ്രചാരണത്തിനുപോലും തടസ്സമില്ല. പരമത വിദ്വേഷം പ്രചരിപ്പിക്കാത്തതും രാഷ്ട്രവിരുദ്ധമല്ലാത്തതുമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മൗലികാവകാശത്തിനുനേരെ ആൾക്കൂട്ട ആക്രമണം നടത്തുന്നത് കടുത്ത അസഹിഷ്ണുതയിൽ നിന്നാണ്. ചരിത്രസ്മാരകങ്ങളും ചിഹ്നങ്ങളും തല്ലിയുടക്കുന്ന ഭീകരഗ്രൂപ്പുകളും ആരാധനാലയങ്ങൾ തകർക്കുന്ന തീവ്രവാദികളും വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവർ ഒത്തുകൂടുന്ന ഇടങ്ങളിൽ ചാവേറാക്രമണം നടത്തുന്നവരുമെല്ലാം അസഹിഷ്ണുതയുടെ അടയാളങ്ങളാണ്. സമാധാനപരമായ സഹവർത്തിത്വമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്ലാം ശക്തമായി എതിർക്കുന്നു. ഇതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇസ്ലാമിേൻറത്. വിവിധ മതങ്ങളും മതധാരകളും നിറഞ്ഞുനിൽക്കുന്ന രാജ്യങ്ങളിൽ ജീവിക്കുന്നവർ സൗഹൃദ സഹവർത്തിത്വത്തിെൻറ പാഠങ്ങളാണ് പഠിക്കേണ്ടത്. ക്രിയാത്മകമായ സഹവർത്തിത്വത്തിെൻറ അഭാവത്തിൽ പരസ്പര വിശ്വാസം നഷ്ടപ്പെടും. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ സൗഹാർദ സമീപനം സ്വീകരിക്കാനുള്ള വിശാലമായ മനസ്സാണ് വേണ്ടത്. മതങ്ങളെയും ദർശനങ്ങളെയും അറിയാനുള്ള തുറന്ന അവസരങ്ങളൊരുക്കിയും മതസംവാദ വേദികളൊരുക്കിയും സമാധാനപരമായ സഹവർത്തിത്വത്തിെൻറ ആശയങ്ങൾ പ്രസരിപ്പിക്കാനാവും. അറബ്-ഇസ്ലാമിക ലോകവും പാശ്ചാത്യരാജ്യങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മതസംവാദ വേദികൾ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെയുള്ള ഒത്തിരിപ്പുകളെയാണ് േപ്രാത്സാഹിപ്പിക്കുന്നത്.
പൊതു നന്മകളിൽ ഒന്നിച്ചുനിൽക്കാനുള്ള സന്മനസ്സാണ് വളർത്തിയെടുക്കേണ്ടത്. സ്വന്തം വിശ്വാസത്തിനും സംസ്കാരത്തിനും ചിന്തക്കും അപ്പുറമുള്ളതെല്ലാം സംഹരിക്കണമെന്ന ദുഷ്ടചിന്ത അപകടകരമാണ്. മൂല്യങ്ങൾ ൈകയൊഴിച്ചതാണ് വ്യക്തിയും കുടുംബവും സമൂഹവും നശിക്കാനുള്ള കാരണം. സദാചാര-ധാർമിക മൂല്യങ്ങൾ തിരിച്ചുപിടിച്ച് മുന്നേറുമ്പോഴാണ് സമാധാനവും സ്വസ്ഥതയും ലഭ്യമാവുക. ദൈവസ്മരണകൊണ്ടാണ് സമാധാനം ലഭിക്കുകയെന്ന ഖുർആനിക പാഠം മനുഷ്യർ വിസ്മരിക്കുകയാണ്. മനുഷ്യർ നിർമിച്ച അതിർത്തികളുടെയും വർണത്തിെൻറയും പേരിലുള്ള അഹന്ത ഒഴിവാക്കുകയും നന്മക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോഴാണ് സമാധാന ജീവിതം സാധ്യമാകുക. ഈ കാഴ്ചപ്പാടോടെയാണ് മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള മുജാഹിദ് ചതുർദിന സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
(കെ.എൻ.എം പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.