തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌

തിരുവിതാംകൂറിൽ തമിഴ്നാട്ടിലെയും കർണാടകയിലെയും ബ്രാഹ്മണർക്ക് ഉയർന്ന ഉദ്യോഗങ്ങളിൽ നിയമനം നൽകുന്നത് പതിവായിരുന്നു. തിരുവിതാംകൂറിൽതന്നെ ആവശ്യമായ യോഗ്യതകളുള്ള നാട്ടുകാരുണ്ടായിരുന്നിട്ടും പരദേശികളായ തമിഴ് ബ്രാഹ്മണർക്ക് മുൻഗണന നൽകിപ്പോന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ഈ വിവേചനത്തിനെതിരെ അന്നത്തെ യുവാക്കൾ പത്രങ്ങളിൽ ലേഖനങ്ങളെഴുതി.

ഗവൺമെന്റ് നയത്തെ വിമർശിച്ച കുറ്റത്തിന് തിരുവനന്തപുരം മഹാരാജാസ് കോളജ് വിദ്യാർഥികളായിരുന്ന ബാരിസ്റ്റർ ജി.പി. പിള്ള, എൻ. രാമൻ പിള്ള, ആർ. രങ്ക റാവു എന്നിവരെ 1882ൽ കോളജിൽനിന്ന് പുറത്താക്കി. 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌' എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ബാരിസ്റ്റർ ജി.പി. പിള്ള.

ഗവൺമെന്റ് സർവിസിൽനിന്ന് നാട്ടുകാരെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചും അവർക്ക് അവസരങ്ങൾ നൽകാൻ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടും പതിനായിരത്തിലധികം പേർ ഒപ്പിട്ട മെമ്മോറാണ്ടം 1891 ജനുവരിയിൽ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാർ സമർപ്പിച്ചു.

ബാരിസ്റ്റര്‍ ജി.പി. പിള്ള, കെ.പി. ശങ്കര മേനോന്‍, സി.വി. രാമന്‍പിള്ള എന്നിവരാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. മഹാരാജാവിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ നാനാജാതി മതസ്ഥരായ 10028 പേർ ഒപ്പിട്ടിരുന്നു. ഇത് പിന്നീട് 'മലയാളി മെമ്മോറിയൽ' എന്നറിയപ്പെട്ടു. നിയമനങ്ങളിൽ നാട്ടുകാർക്ക് പരിഗണന നൽകുമെന്ന് ഗവൺമെന്റ് ഉറപ്പുനൽകിയിരുന്നെങ്കിലും പിൽക്കാലത്തും തമിഴ് -കർണാടക ബ്രാഹ്മണർതന്നെ സർക്കാർ സർവിസിൽ നിയമിതരായിരുന്നു.

മലയാളി മെമ്മോറിയലിനെ തകർക്കാൻ വേണ്ടി തമിഴ് ബ്രാഹ്മണർ ഉൾപ്പെടെയുള്ള വിഭാഗത്തിലെ ആളുകൾ ചേർന്ന് 1891 ജൂണിൽ ശ്രീമൂലം തിരുനാളിന് ഒരു മെമ്മോറിയൽ സമർപ്പിച്ചു. എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്ന ഇത് നൽകാൻ നേതൃത്വം നൽകിയത് ഇ. രാമയ്യരായിരുന്നു.

Tags:    
News Summary - Travancore It belongs to the people of Travancore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.