‘പുരോഗമന കേരളം’ എന്ന വിളിപ്പേര് വൈരുധ്യങ്ങൾ നിറഞ്ഞ ഹിംസകളിലും പുറന്തള്ളൽ യുക്തികളിലും അന്തർലീനമാണെന്ന് വെളിവാക്കുന്നതാണ് ആദിവാസി യുവാവായ വിശ്വനാഥന്റെ മരണം. ‘മരണം’ എന്ന് അടയാളപ്പെടുത്താൻ സാധിക്കാത്തവിധം ഹീനമായ ആൾക്കൂട്ട മർദനത്തിനടിപ്പെട്ടാണ് വിശ്വനാഥന്റെ ജീവൻ വേർപെട്ടുപോയത്.
ആദിവാസികളെയും ദലിതരെയും കുറ്റവാളി ഗോത്രങ്ങളായി കണക്കാക്കുന്ന സാമൂഹിക വ്യവസ്ഥയാണ് ഇന്നും കേരളത്തിലും തുടരുന്നത്. വിനായകനും മധുവും കെവിനും എല്ലാംതന്നെ ഈ ജാതിഹിംസയുടെ ഇരകളായിരുന്നു. വൈക്കത്ത് ഇണ്ടംതുരുത്തി മനയിൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ ‘ഇവർ കൊള്ളക്കാരെക്കാളും കള്ളന്മാരെക്കാളും ഹീനരാണെന്നാണ്’ ഇണ്ടംതുരുത്തി നമ്പ്യാതിരി അയിത്തജനതയെപ്പറ്റി പ്രസ്താവിച്ചത്. ആധുനിക മലയാളി ഇന്നും ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ മനഃസ്ഥിതിയുമായാണ് ജീവിക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയല്ല.
കേരളത്തിലെ പ്രബല സമുദായത്തിലെ ഒരംഗത്തിനും ആദിവാസികൾ നേരിടേണ്ടിവരുന്ന ദുരന്തജീവിതം നയിക്കേണ്ടിവരുന്നില്ല. മധുവും വിനായകനും കെവിനും എല്ലാം ആക്രമിക്കപ്പെട്ടത് അവർ അയിത്തജന സമുദായത്തിൽ പിറന്നുവെന്ന ഒറ്റക്കാരണത്താൽ മാത്രമാണ്. ജനനം തന്നെയാണ് അവർ നേരിടേണ്ടിവന്ന സർവ ഹിംസയുടെയും ആധാരം. സ്വാഭാവികമായിത്തന്നെ ആദിവാസികളും ദലിതരും മോഷ്ടാക്കളാണെന്നു കരുതുന്ന യുക്തിയുടെ ആധാരം ചാതുർവർണ്യ ജാതിവ്യവസ്ഥയാണ്. ക്രൂരമായ ഹിംസക്ക് വിധേയനായി ജീവൻ നഷ്ടപ്പെട്ട മധുവിന് നീതി ഇന്നും ഏറെ അകലെയാണ്. ഒരിക്കലും നീതി നൽകേണ്ടതില്ലാത്ത ഗോത്രമായി ആദിവാസികളെ പൊതുസമൂഹം കണക്കാക്കുന്നു എന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണിത്.
ഭരണഘടന ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് ക്രൂരമായ ആൾക്കൂട്ടാക്രമണം നടക്കുന്നു എന്നത് ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥയുടെയും തകർച്ചയെയാണ് തെളിച്ചുകാട്ടുന്നത്. നിയമം മൂലം സംരക്ഷിക്കപ്പെടേണ്ട ജനവിഭാഗം ഹിംസവ്യവസ്ഥക്ക് വിധേയപ്പെടുന്നത് ജനാധിപത്യപരമായിത്തന്നെ നിലവിൽവന്ന ഭരണഘടന നിയമവ്യവസ്ഥയെയാണ് വെല്ലുവിളിക്കുന്നത്.
‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ എന്നത് നാരായണഗുരു അരുവിപ്പുറത്ത് രേഖപ്പെടുത്തിയ ഒരു ശിലാകാവ്യം മാത്രമല്ല; ആധുനിക കേരളത്തിന് അടിത്തറ പാകിയ ജനാധിപത്യ വചസ്സു കൂടിയാണിത്. ഈ മൂല്യം കേരളീയർക്ക് കൊണ്ടുനടക്കാൻ കഴിയുന്നില്ല എന്നതിന്റെ നിദർശനം കൂടിയാണ് ഇവിടെ തുടർച്ചയായി അരങ്ങേറുന്ന ജാതിക്കൊലകൾ. അവയുടെ അവസാന ഇരയാണ് ആദിവാസി യുവാവായ വിശ്വനാഥനെന്നു കരുതാവുന്ന ഒരു സാധ്യതയും ഇവിടില്ല. തുല്യത എന്നത് ആദിവാസികൾക്ക് ഇന്നും അനുഭവവേദ്യമല്ല. നിയമത്തിലും ഭരണത്തിലും അവർ പുറന്തള്ളപ്പെടുന്നു.
തുല്യത എന്നത് കേവലമായ ഒരാശയമല്ലെന്നും നിയമംമൂലം അത് പരിരക്ഷിക്കപ്പെടണമെന്നും അംബേദ്കർ ആഗ്രഹിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സർവോപരി സാഹോദര്യ-പ്രാതിനിധ്യ ജനായത്ത വ്യവസ്ഥക്ക് മാത്രമേ ആദിവാസി ഹിംസകളുടെ മർദനവീര്യം കുറക്കാനും അവരെ സ്വതന്ത്രമനുഷ്യരായി പരിഗണിക്കാനും കഴിയൂ. അതിന് അടിയന്തരമായി മലയാളി സ്വയംജാതിരോഗം ബാധിച്ച ഒരു സമൂഹമാണെന്ന് തിരിച്ചറിയേണ്ടിവരും. അടിസ്ഥാനപരമായി, ജനാധിപത്യം ഒരു സഹജാവബോധമായി മാറിത്തീരുന്ന സമൂഹത്തിനു മാത്രമേ ആദിവാസികളുടെ ജീവനും സ്വത്തിനും മൂല്യം കൽപിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.