അയോധ്യയിലെ 300 വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഒരു മുസ്‌ലിം ജമീന്ദർ സംഭാവന ചെയ്ത ഭൂമിയിൽ നിർമ്മിച്ചതാണ്. പുതിയ രാമക്ഷേത്രത്തിന്റെ വിപുലീകരണത്തിനായി 2020 ആഗസ്റ്റിൽ പൊളിച്ചുമാറ്റി

സത്യത്തിനും അസത്യത്തിനും അയോധ്യയിൽ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു...

(സമൂഹ മാധ്യമങ്ങളിൽ വിവേക് കുമാർ ഹിന്ദിയിലെഴുതിയ കുറിപ്പ് നിവേദിത മേനോൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. അതിന്‍റെ സ്വതന്ത്ര വിവർത്തനം)

രാമൻ ജനിച്ചത് അയോധ്യയിലാണെന്ന് അവർ പറയുന്നു. രാമൻ കളിച്ചു നടന്നതും വളർന്നതും പ്രായപൂർത്തിയായതും കാട്ടിലേക്ക് നാടുകടത്തപ്പെട്ടതും തിരിച്ചുവന്ന് ഭരണം നടത്തിയതും എല്ലാം അയോധ്യയിൽ തന്നെ. രാമന്‍റെ ജീവതത്തിലെ എല്ലാ സുപ്രധാന നിമിഷങ്ങളും കടന്നു പോയിടങ്ങളിൽ ക്ഷേത്രങ്ങളുണ്ട്. രാമൻ കളിച്ച് നടന്നിടത്ത് ഗുലേല മന്ദിറുണ്ട്, രാമൻ പഠിക്കാൻ ഇരുന്നിടത്ത് വസിഷ്ട മന്ദിറുണ്ട്, രാമൻ ഇരുന്ന് ഭരിച്ചിടത്തും ഒരമ്പലമുണ്ട്. ഭക്ഷണം കഴിക്കാൻ ഇരിക്കാറുള്ളിടത്ത് സീതാ രസോയുണ്ട്. ഭരതൻ താമസിച്ചിടത്തും അമ്പലമുണ്ട്, ഹനുമാൻ മന്ദിറുണ്ട്, കോപ് ഭവനുണ്ട്, സുമിത്ര മന്ദിറുണ്ട്, ദർശത്ത് ഭവനുണ്ട്. ഇവയെല്ലാം 400 മുതൽ 500 വർഷങ്ങൾ വരെ പഴക്കമുള്ളതുമാണത്രെ. പറഞ്ഞു വരുമ്പോൾ ഈ ക്ഷേത്രങ്ങളെല്ലാം പണിതത് മുഗളന്മാരായ മുസ്‌ലിംകൾ ഇന്ത്യ ഭരിക്കുമ്പോഴാണെന്ന്.

എത്ര വിചിത്രമാണിത്! മുസ്‌ലിംകൾ എങ്ങനെയാണ് ഈ ക്ഷേത്രങ്ങൾ പണിയാൻ അനുമതി നൽകിയത്. അവരാണെങ്കിൽ ക്ഷേത്രങ്ങൾ നശിപ്പിച്ചതിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. അവരുടെ മൂക്കിന് താഴെ ഒരു നഗരം മുവുവൻ ക്ഷേത്രങ്ങളായി രൂപാന്തരം ചെയ്തപ്പോൾ അവർ ഒന്നും ചെയ്യാതെ നോക്കി നിന്നെന്നോ! ക്ഷേത്രങ്ങൾക്കായി സ്ഥലം കൊടുത്തു കൊണ്ടേയിരുന്ന ഇവർ ഏത് തരം കൈയേറ്റക്കാരാണ്. ഗുലേലാ മന്ദിറിന് സ്ഥലം നൽകിയത് മുസ്‌ലിംകളാണെന്ന് തീർച്ചയായും അവർ കള്ളം പറഞ്ഞതായിരിക്കും. ക്ഷേത്രനിർമ്മാണാവശ്യത്തിനായി മുസ്‌ലിം ഭരണാധികാരികൾ 500 ബിഗാസ് ഭൂമി ദാനം ചെയ്തിരിക്കുന്നു എന്നെഴുതിയ ദിഗംബർ അക്കാറയുടെ രേഖകളും വ്യാജമായിരിക്കാം. നവാബ് സിറാജുദ്ദീൻ ദൗള എൽകിയ ഭൂമിയിലാണ് നിർമോഹി അക്കാറ നിൽക്കുന്നതെന്നും സത്യമാകാൻ വഴിയില്ല. അല്ല, ബാബറും അദ്ദേഹത്തിന്‍റെ ബാബരി മസ്ജിദുമല്ലാതെ മറ്റൊന്നും സത്യമല്ല.

തുളസി ദാസ് പറഞ്ഞത് തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. 1528 വരെയാണ് അദ്ദേഹം ജീവിച്ചത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1511 ലാണ് തുളസി ജനിച്ചത്. 1528 ലാണ് രാമജന്മഭൂമിയിലെ രാമക്ഷേത്രം തകർത്ത് ബാബർ ബാബരി മസ്ജിത് പണിതതെന്ന് ആളുകൾ പറയുന്നു. തീർച്ചയായും ഇതിനെ കുറിച്ച് ആ സമയം തുളസി അറിയാതിരുന്നിട്ടുമുണ്ടാകില്ല. ബാബർ രാമജന്മഭൂമി തകർത്തപ്പോഴും തുളസി എഴുതിയത് "ഞാൻ ഭിക്ഷയാചിച്ച് ഭക്ഷണം കഴിക്കുന്നു, പള്ളിയിൽ കിടന്നുറങ്ങുന്നു" എന്നാണ്. അതിനു ശേഷമാണ് തുളസി രാമചരിതമാനസം എഴുതുന്നത്. എങ്ങനെയാണ് രാമക്ഷേത്രം തകർത്ത് ബാബരി പണിതിട്ടും തുളസിക്ക് വിഷമം തോന്നാതിരുന്നത്. അങ്ങനെയെങ്കിൽ ഉറപ്പായും തുളസി അത് എവിടെയെങ്കിലും എഴുതിയിട്ടുണ്ടായിരുന്നേനെ.

സത്യത്തിനും അസത്യത്തിനും അയോധ്യയിൽ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. അഞ്ച് തലമുറകളായി മുസ്‌ലിംകൾ അവിടെ പൂക്കൾ വളർത്തുന്നു. ഈ പുഷ്പങ്ങളെല്ലാം ക്ഷേത്രങ്ങളിലും ദേവതകളിലും രാമനിലും സമർപ്പിക്കപ്പെടുന്നു. മുസ്‌ലിംകൾ അവിടെ മരത്തിന്‍റെ ചെരുപ്പുകൾ നിർമ്മിച്ചുകൊണ്ടിരുന്നു. എന്ന് മുതലെന്ന് ആർക്കറിയാം! സന്യാസിമാരും, മുനികളും, രാമഭക്തന്മാരുമെല്ലാം ഈ ചെരുപ്പുകളാണ് ധരിച്ചിരുന്നത്.

സുന്ദർ ഭവൻ 40 വർഷങ്ങളായി ഒരു മുസ്‌ലിമാണ് പരിപാലിച്ചു കൊണ്ടിരുന്നത്. 1949 ൽ മുന്നു മിയാൻ അതേറ്റെടുത്തു. 1992 ഡിസംബർ 23 വരെ മുന്നു മിയാൻ തന്നെയായിരുന്നു മാനേജറായി തുടർന്നത്. അന്ന് ഭക്തന്മാരും കുറവായിരുന്നു. പ്രർത്ഥനാ സമയത്ത് മുന്നു മിയാൻ സ്വയം കർത്താൽ വായിക്കുമായിരുന്നു. അയോധ്യയിലെ സത്യമെന്ത് അസത്യമെന്ത് എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകില്ലേ?

അഗർവാൾ നിർമ്മിച്ച എല്ലാ ക്ഷേത്രങ്ങളുടെ ചുമരുകളിലും 786 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രം നിർമ്മിച്ച കല്ലുകളെല്ലാം രാജാ ഹുസൈൻ അലി ഖാൻ നൽകിയതാണെന്ന്. ഇതിലെ സത്യമെന്താണ്? ക്ഷേത്രങ്ങൾ പണിയുമ്പോൾ അഗർവാളിന്‍റെ മനസ്സ് എവിടെയായിരുന്നു? ക്ഷേത്രം നിർമ്മിക്കുവാനുള്ള കല്ലുകൾ ദാനം ചെയ്യുവാൻ ഹുസൈൻ അലി ഖാന് ഭ്രാന്തായിരുന്നോ? ഇവിടെ പ്രാർത്ഥിക്കാൻ ഓരോ കരങ്ങൾക്കും ഹിന്ദുവെന്നോ മുസൽമാനെന്നോ ഇല്ല. 786 എന്നുള്ള ഒറ്റ രൂപം ക്ഷേത്രത്തെ സർവമതസ്ഥരുടേതുമാക്കി. 1992 ഡിസംബർ ആറ് മാത്രമാണോ സത്യം?

1992 ഡിസംബർ ആറിന് ശേഷം അയോധ്യയിലെ ക്ഷേത്രങ്ങളെല്ലാം സർക്കാർ ഏറ്റെടുത്തു. അവയെല്ലാം അടച്ചുപൂട്ടി. ആരതി അവസാനിപ്പിച്ചു. രാമനു മുകളിൽ കൈവക്കണമെന്ന ആഗ്രഹത്തോടെ താഴികക്കുടങ്ങളിൽ കയറിയവരെ അടച്ചിട്ടിരിക്കുന്ന വാതിലിന് പുറകിലുള്ള ദേവതകൾ ശപിച്ചിട്ടുണ്ടാകുമോ?

അയോധ്യ പ്രശ്നത്തിലേക്ക് രൂപാന്തരപ്പെട്ട ഒരു നഗരത്തിന്‍റെ കഥയാണ്. അയോധ്യ മൺമറഞ്ഞുപോയ ഒരു സംസ്കാരത്തിന്‍റെ കഥയാണ്.

Tags:    
News Summary - Truth and falsehood have lost all meaning in Ayodhya.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.