യു​ക്രെ​യ്ൻ യു​ദ്ധ​വും പു​തി​യ ലോ​ക​ക്ര​മ​വും

റഷ്യ - യുക്രെയ്ൻ യുദ്ധം ലോകക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. അമേരിക്ക സങ്കൽപിക്കുന്ന അവർ നയിക്കുന്ന ഏകധ്രുവ ലോകത്തിന് ബദലായി മറ്റൊരു ചേരി ശക്തിപ്പെടുന്നു. റഷ്യ - ചൈന ബന്ധം ശക്തമായി. റഷ്യക്കെതിരെ 37 രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന് ആഗോള അംഗീകാരമില്ല. റഷ്യക്കെതിരെ യു.എൻ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും ലോകത്തെ ജനസംഖ്യ, വിഭവശേഷി, വലുപ്പം, വാണിജ്യശക്തി തുടങ്ങിയവ കണക്കിലെടുത്താൽ വലിയൊരു ഭാഗം ഉപരോധത്തെ അനുകൂലിക്കുന്ന പക്ഷത്തല്ല.

ചൈനയും ഇറാനും റഷ്യൻ പക്ഷത്താണ്. ഇന്ത്യ, ബ്രസീൽ, സൗദി, യു.എ.ഇ, ഇസ്രായേൽ, ബെലറൂസ് തുടങ്ങിയ രാജ്യങ്ങൾ ഉപരോധത്തെ പിന്തുണച്ചിട്ടില്ല. മറ്റു കാര്യങ്ങളിൽ യു.എസിന്റെ സാമന്തരാജ്യമാണെങ്കിലും ഇസ്രായേലിന് റഷ്യയെ പിണക്കാൻ കഴിയില്ല. റഷ്യയിലെ ജൂതസമൂഹത്തിന്റെ താൽപര്യം അവർക്ക് പരിഗണിക്കേണ്ടിവരും. സിറിയയിലെ ജൂലാൻ കുന്ന് ഭാഗങ്ങളിൽ ഇടക്കിടെ ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. റഷ്യൻസേന സിറിയയിലുണ്ട്.

അവരുടെ മൗനസമ്മതമില്ലെങ്കിൽ ഇസ്രായേലിന് സിറിയയിൽ ഇടപെടാൻ കഴിയില്ല. അടുത്തയാഴ്ച പുടിൻ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. പുടിൻ ശക്തമായി ആവശ്യപ്പെട്ടാൽ ബെലറൂസ് പ്രത്യക്ഷമായിത്തന്നെ യുദ്ധത്തിൽ ചേരും. അത് യുക്രെയ്ന് ബുദ്ധിമുട്ടാകും. തുർക്കിയ രണ്ടുപക്ഷത്തുമില്ലാതെ നിൽക്കുന്നു.

അമേരിക്കയും യൂറാപ്പും തമ്മിൽ വിടവ് രൂപപ്പെടുന്നു. അമേരിക്കൻ കമ്പനികൾക്ക് യൂറോപ്പിലേക്ക് കയറ്റുമതിക്ക് അവസരമൊരുക്കുകയാണ് ഉപരോധം. എന്നാൽ, യൂറോപ്പ് ഇതുകൊണ്ട് ബുദ്ധിമുട്ടി. വൈദ്യുതി നിരക്ക് നാലോ അഞ്ചോ ഇരട്ടിയായി. ഇന്ധനച്ചെലവ് ഏറെ വർധിച്ചു. യൂറോപ്പ് അമേരിക്കയുമായി കൂടിയാലോചിക്കാതെ സ്വന്തംനിലക്ക് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നത് കണ്ടാലും അത്ഭുതപ്പെടാനില്ല. അമേരിക്കയുടെ താൽപര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങൾക്ക് അറിയാത്തതല്ല. ബൈഡന്റെ മകന്റെ ബിസിനസ് താൽപര്യങ്ങളിലേക്കുവരെ വിരൽചൂണ്ടപ്പെട്ടുകഴിഞ്ഞു.

യുക്രെയ്നിന്റെ യൂറോപ്യൻ യൂനിയൻ പ്രവേശനം

കഴിഞ്ഞ മാസം യൂറോപ്യൻ യൂനിയൻ നേതാക്കൾ സെലൻസ്കിയുടെ ക്ഷണമനുസരിച്ച് യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ യൂറോപ്യൻ യൂനിയൻ അംഗത്വം ആവശ്യപ്പെടുന്നു. അതൊട്ടും എളുപ്പമല്ല. ഹംഗറിക്ക് യുക്രെയ്നെ ചേർക്കുന്നത് ഇഷ്ടമല്ല. യൂറോപ്യൻ യൂനിയനിൽ ചേർക്കണമെങ്കിൽ ഇ.യു നിയമത്തിനനുസരിച്ച് രാജ്യത്തെ നിയമവ്യവസ്ഥ തിരുത്തണം. ഇ.യു നിഷ്കർഷിക്കുന്ന ജനാധിപത്യ അന്തരീക്ഷം രാജ്യത്തുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം. ഇതിനെല്ലാം സമയമെടുക്കും. യുക്രെയ്ൻ യൂറോപ്യൻ യൂനിയനിൽ അംഗമായാലും റഷ്യൻ അധിനിവേശം അതുകൊണ്ട് മാത്രം അവസാനിക്കാൻ പോകുന്നില്ല. നാറ്റോയും യുക്രെയ്നെ ഉടൻ കൂട്ടത്തിൽ ചേർക്കില്ല.

യുദ്ധത്തിന് കാരണക്കാർ മൂന്നുപേർ

യുക്രെയ്ൻ യുദ്ധത്തിന്റെ കാരണക്കാരായി ഞാൻ വിലയിരുത്തുന്നത് മൂന്ന് വ്യക്തികളെയാണ്. അതിലൊരാൾ പുടിൻ തന്നെയാണ്. രണ്ടാമത്തെയാൾ യു.എസ് പ്രസിഡന്റ് ജോ ബൈഡനും മൂന്നാമൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമാണ്. യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് റഷ്യ നടത്തിയ അധിനിവേശം തെറ്റുതന്നെയാണ്. അതേസമയം, പുടിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല.

ജോ ​ബൈ​ഡ​ൻ

അത് മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂനിയൻ തകർച്ചയുടെയും നാറ്റോ രൂപവത്കരണത്തിന്റെയും പശ്ചാത്തലമറിയണം. 2007ൽ മ്യൂണിക് ഉച്ചകോടിയിൽ നാറ്റോ വിപുലീകരണത്തെ റഷ്യ എതിർത്തതിന് ന്യായമുണ്ട്. കാരണം, നാറ്റോ വിപുലീകരിക്കില്ലെന്ന് നേരത്തേ നാറ്റോ സെക്രട്ടറി ജനറൽ ലോർഡ് ഇസ്മയ് മിഖായേൽ ഗോർബച്ചേവിന് വാഗ്ദാനം നൽകിയതാണ്. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി ഓർക്കുക.

സി.ഐ.എ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോയെ വധിക്കാൻ ശ്രമിച്ച പശ്ചാത്തലത്തിൽ കാസ്ട്രോ അപേക്ഷിച്ചതനുസരിച്ച് ക്രൂഷ്ചേവ് ക്യൂബയിൽ മിസൈൽ വിന്യസിച്ചു. തുടർന്ന് ഈ മിസൈൽ എന്റെ രാജ്യത്തിന്റെ തൊട്ടടുത്താണ്, എടുത്തുമാറ്റണമെന്ന് യു.എസ് പ്രസിഡന്റ് കെന്നഡി ആവശ്യപ്പെട്ടു. വിഷയം സംസാരിച്ചുതീർക്കാനുള്ള നയതന്ത്ര പക്വത അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായിരുന്നു. ഇന്നത്തെ നേതൃത്വത്തിന്, പ്രത്യേകിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന് അതില്ല.

ബൈഡന്റെ പബ്ലിക് ഡിപ്ലോമസി വളരെ മോശമാണ്. മാധ്യമങ്ങളോട് എന്ത് പറയണം, എന്ത് പറയരുത് എന്നത് അദ്ദേഹത്തിന് അറിയില്ല. നവംബർ 2021ൽ അമേരിക്കയും യുക്രെയ്നും തമ്മിൽ പങ്കാളിത്ത ചാർട്ടർ ഉണ്ടാക്കി. യുക്രെയ്നെ സംരക്ഷിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകി. ആയുധങ്ങൾ അയച്ചു, പരിശീലനം നൽകി. സ്വാഭാവികമായും പുടിൻ പ്രകോപിതനായി. 2021 ഡിസംബർ 17ന് യു.എസിലേക്കും ബ്രസൽസിലേക്കും പുടിൻ ഡ്രാഫ്റ്റ് അയച്ചു. വിഷയം സംസാരിക്കാമെന്ന വാഗ്ദാനം ബൈഡൻ പരസ്യമായി നിരാകരിച്ചു. യുദ്ധം കൊണ്ട് അമേരിക്കക്ക് മെച്ചമുണ്ട്. യു.എസ് കമ്പനികൾക്ക് ആയുധം വിൽക്കാം. റഷ്യ ദുർബലപ്പെടുന്നതിന്റെ സാധ്യതകളും യു.എസ് ആലോചിച്ചുകാണും.

2019ൽ റഷ്യയുമായി സമാധാനത്തിന് ശ്രമിക്കുമെന്ന് പറഞ്ഞാണ് സെലൻസ്കി അധികാരത്തിലെത്തിയത്. എന്നാൽ പ്രശ്നം വഷളാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എടുക്കില്ലെന്ന് അറിയാമായിരുന്നിട്ടും നാറ്റോയിൽ ചേരണമെന്ന് പരസ്യമായി പറഞ്ഞത് അബദ്ധമാണ്. ഇപ്പോൾ പോലും അദ്ദേഹം പറയുന്നത്; പുടിനോട് സംസാരിക്കില്ല എന്നാണ്. അവസാന ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കുമെന്ന സെലൻസ്കിയുടെ അവകാശവാദം നടക്കാൻ പോകുന്നില്ല. യു.എസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെൻറി കിസിഞ്ചർ പറഞ്ഞതുപോലെ, യുക്രെയ്ൻ റഷ്യക്കും നാറ്റോക്കുമിടയിൽ പാലമാകണമായിരുന്നു. അതിനുപകരം സെലൻസ്കി ചെയ്തതിന്റെ കൂടി ഫലമാണ് യുദ്ധം.

ഇനിയെന്താകും ?

യുദ്ധം എല്ലാവർക്കും ക്ഷീണമാണ്. ആർക്കും എളുപ്പത്തിൽ ജയിക്കാനുമാകില്ല. പാശ്ചാത്യൻ രാജ്യങ്ങൾ എത്രയൊക്കെ സഹായിച്ചാലും യുക്രെയ്ന് റഷ്യയെ അതിജയിക്കാൻ കഴിയില്ല. റഷ്യക്ക്‍ യുക്രെയ്നെ പൂർണമായി കീഴടക്കാനും കഴിയില്ല. ‘യുക്രെയ്ൻ മുന്നേറുന്നു, റഷ്യക്ക് തിരിച്ചടി’ എന്നൊക്കെയുള്ള വാർത്തകൾ പാശ്ചാത്യ മാധ്യമങ്ങളുടെ പെരുപ്പിക്കൽ കൂടി ഉള്ളതാണ്. നമ്മളും ക്ഷീണിച്ചു, അവരും ക്ഷീണിച്ചുവെന്ന് ഇരുകൂട്ടർക്കും ബോധ്യപ്പെടുന്ന സമയത്ത് ഔപചാരികമായി യുദ്ധം അവസാനിക്കുന്ന കരാർ ഒപ്പിടാതെ തന്നെ വെടിനിർത്തൽ ഉണ്ടായേക്കാം. യുദ്ധം നീണ്ടുപോയാൽ അമേരിക്കക്കും വിഷമമാണ്.

27 ബില്യൻ ഡോളറിന്റെ ആയുധസഹായമാണ് യു.എസ് യുക്രെയ്ന് നൽകുന്നത്. മറ്റു സഹായം 50 ബില്യൻ ഡോളർ വരും. ഇപ്പോൾ തന്നെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ ബൈഡന്റെ മകന്റെ ബിസിനസ് താൽപര്യം ഉൾപ്പെടെ ആരോപണം ഉന്നയിച്ചുതുടങ്ങി. 2024ലെ തെരഞ്ഞെടുപ്പിനു മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ മുൻകൈയെടുത്താൽ അത്ഭുതപ്പെടാനില്ല. റഷ്യക്കെതിരായ ഉപരോധം അവസാനിപ്പിച്ച് ഇടക്കാല വെടിനിർത്തൽ സാധ്യമാക്കിയാൽ സമാധാനം കൈവരും. കൊറിയൻ യുദ്ധം 1953ൽ ഇടക്കാല വെടിനിർത്തലിലൂടെയാണ് അവസാനിച്ചത്. യുദ്ധം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു.

നയതന്ത്ര വിദഗ്ധനായ ലേഖകൻ മഡഗാസ്കർ, ആസ്ട്രിയ, ഇറാൻ, ശ്രീലങ്ക, കാനഡ, ഫിൻലാൻഡ്, ഖത്തർ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായിരുന്നു

Tags:    
News Summary - Ukraine War and the New World Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.