സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേല്‍ സമ്മാനം രണ്ടു പത്രപ്രവർത്തകർക്ക് ലഭിച്ചത് ഭരണകൂട ഭീഷണികളെ വകവെക്കാതെ തങ്ങളുടെ ധർമം നിർവഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് വലിയ പ്രോത്സാഹനമാണെന്ന് വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിെൻറ നെടുംതൂണുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തനം എത്രമാത്രം ദുഷ്കരമായിരിക്കുന്നുവെന്ന് അവാർഡിനർഹരായ ഫിലിപ്പിനോ- അമേരിക്കൻ ജേണലിസ്റ്റ് മരിയ റെസ്സയും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രിമുറാത്തോഫും നമ്മോട് പറയുന്നുണ്ട്.
നൊബേല്‍ സമ്മാനത്തിെൻറ 121 വർഷത്തെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരു പത്രപ്രവർത്തകന് സമാധാനത്തിനുള്ള അവാർഡ് കിട്ടിയത് 85 വർഷം മുമ്പാണ്. 1936ല്‍ ജർമൻ ന്യൂസ് എഡിറ്ററായ കാള്‍ വോൻ ഒസിയേറ്റ്സ്കിയാണ് ഹിറ്റ്ലറുടെ നാസി പ്രസ്ഥാനത്തെ ധൈര്യസമേതം തുറന്നുകാട്ടിയതിന് അന്ന് അവാർഡിനർഹനായത്. ജർമനിയെ ആയുധവത്കരിക്കുന്നതിന് ഹിറ്റ്ലർ കൈക്കൊണ്ട നിയമവിരുദ്ധ വഴികള്‍ തുറന്നുകാണിച്ചുകൊണ്ടാണ് ഒസിയേറ്റ്സ്കി അതിന് തുടക്കമിട്ടത്. എന്നാല്‍, നൊബേല്‍ സമ്മാനം സ്വീകരിക്കാൻ രാജ്യത്തിന് പുറത്തുപോകാൻ ഹിറ്റ്ലർ അനുവദിച്ചില്ലെന്ന് മാത്രമല്ല, നാസി കോണ്‍സൻട്രേഷൻ ക്യാമ്പില്‍തന്നെ ആ മാധ്യമപ്രവർത്തകെൻറ അന്ത്യവും അയാള്‍ ഉറപ്പാക്കി. 1936ല്‍നിന്ന് 2021ലേക്കുള്ള പ്രയാണത്തില്‍ മാധ്യമലോകം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചെങ്കിലും മാധ്യമസ്വാതന്ത്ര്യമെന്നത് ഈ സത്യാനന്തര യുഗത്തിൽ മിഥ്യയായിക്കൊണ്ടിരിക്കുന്നുവെന്നുവേണം പറയാൻ. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഒരിക്കല്‍ കൂടി ഫാഷിസം ഫണംവിടർത്തി ആടുമ്പോള് അതിനെ ചെറുക്കാൻ സ്വതന്ത്ര മീഡിയക്കും ധീരരായ മാധ്യമപ്രവർത്തകർക്കും സാധിക്കേണ്ടതുണ്ടെന്ന അവബോധം കൂടി ഈ അവാർഡ് പ്രഖ്യാപനം പങ്കുവെക്കുന്നുണ്ട്.
'റാപ്ലർ' എന്ന ഡിജിറ്റല്‍ വാർത്താ ഏജൻസിയിലൂടെ റെസ്സയും 'നെവായഗസിയാറ്റ' എന്ന പത്രത്തിലൂടെ മുറാത്തോഫും നടത്തിയ മാധ്യമപ്രവർത്തനം ഭരണകൂടത്തിെൻറയും പിണിയാളുകളുടെയും പക്ഷത്തുനിന്ന് നിരന്തരം ഭീഷണികളും അടിച്ചമർത്തലുകളും പ്രകോപനങ്ങളും വധഭീഷണികളും ക്ഷണിച്ചുവരുത്തിയെന്നതാണ് വാസ്തവം. അഴിമതി, അധികാര ദുർവിനിയോഗം, ഭരണകൂടം സ്പോണ്സർ ചെയ്ത വ്യാജവാർത്തകളുടെ പ്രളയം ഇതൊക്കെയാണ് ഈ രണ്ടു പത്രപ്രവർത്തകരും നിരന്തരം തുറന്നുകാണിച്ചുകൊണ്ടിരുന്നത്. ജയിലിലടക്കാൻ ദുറ്റ്യേർറ്റ്യയുടെ പിണിയാളുകളും പൊലീസും നടത്തിയ നിരന്തരശ്രമങ്ങളെ അതിജീവിച്ചാണ് മരിയറെസ്സ വാർത്താ പോർട്ടലായ 'റാപ്ലർ' മുന്നോട്ടുകൊണ്ടുപോയത്. നിലവില്‍ 10 അറസ്റ്റ് വാറൻറ് നേരിടുന്ന റെസ്സക്കെതിരെ രാജ്യദ്രോഹമടക്കം ഗുരുതരമായ കുറ്റങ്ങളും നിലവിലുണ്ട്. ഒരു കേസില്‍ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും അപ്പീലില്‍ വിധിവരുന്നതുവരെ ജാമ്യത്തിലാണ്. മുറാത്തോഫിെൻറ പത്രത്തിലെ ആറു റിപ്പോർട്ടർമാരാണ് കഴിഞ്ഞ 10 വർഷക്കാലയളവില്‍ അറുകൊല ചെയ്യപ്പെട്ടത്.
ലോകമെങ്ങും സ്വതന്ത്ര മാധ്യമപ്രവർത്തനം അത്യന്തം ദുഷ്കരമായിക്കൊണ്ടിരിക്കുന്ന ഘട്ടമാണിതെന്നത് ഈ അംഗീകാരത്തിെൻറ മൂല്യം വർധിപ്പിക്കുന്നു. അസ്തിത്വത്തിനുതന്നെ ഭീഷണിയാകുന്ന രൂപത്തില്‍ അന്വേഷണാത്മക മാധ്യമപ്രവർത്തനം അസാധ്യമാകുന്ന സന്ദർഭത്തില്‍ നൊബേല്‍ അവാർഡ് സമിതി ഈ പ്രവർത്തനത്തിെൻറ പ്രാധാന്യം മനസ്സിലാക്കി രണ്ട് ജേണലിസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കിയത് വിലമതിക്കാനാകാത്തതാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനല്‍ ജനറല്‍ സെക്രട്ടറി ആഗ്നസ് കലമർ പറയുന്നു.
ഫിലിപ്പീൻസ് പ്രസിഡൻറ് ദുറ്റ്യേർറ്റ്യ അതി നിശിതമായ രീതിയിലാണ് തെൻറ വിമർശകരായ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുന്നത്. ഒരർഥത്തില്‍ അയാള്‍ തെൻറ രാഷ്ട്രീയശക്തി സംഭരിക്കുന്നതുതന്നെ മാധ്യമങ്ങളെ എതിർത്തിട്ടാണെന്ന് പറയാം. രണ്ടു വർഷം മുമ്പ് നടത്തിയ വാർത്തസമ്മേളനത്തില്‍ പത്രപ്രവർത്തകരെ വേട്ടയാടുന്നതിലെ നൈതികതയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ നടുവിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച് ആക്ഷേപിച്ചയാളാണ് ദുറ്റ്യേർറ്റ്യ. പുടിൻ ആകട്ടെ തെൻറ നീതിന്യായ മന്ത്രാലയത്തെ ഉപയോഗപ്പെടുത്തി പത്രപ്രവർത്തകരെ മുഴുവൻ വിദേശചാരന്മാരായി മുദ്രകുത്തുകയാണ് ചെയ്തത്. വിമർശകരെ ഭീഷണിപ്പെടുത്തിയും കേസുകളില്‍ കുടുക്കിയും മാധ്യമപ്രവർത്തന മേഖലയില്‍നിന്നുതന്നെ പുടിൻ പുറത്താക്കിക്കളഞ്ഞു.
മുറാത്തോഫിനെ ആദ്യം അഭിനന്ദിച്ച പുടിൻ പിന്നീട് പറഞ്ഞത് മോസ്കോയില്‍ നിർമിച്ച നിയമങ്ങള്‍ക്കാണ് ഓസ്ലോയില്നിന്ന് ലഭിക്കുന്ന അവാർഡുകളേക്കാള്‍ പ്രാബല്യമെന്നാണ്. ദുറ്റ്യേർറ്റ്യയാകട്ടെ, ഫിലിപ്പീൻസിൽ പത്രസ്വാതന്ത്ര്യമുണ്ടെന്നതിെൻറ തെളിവാണ് റെസ്സക്ക് നൊബേല്‍ സമ്മാനം ലഭിച്ചതെന്നാണ് വാദിച്ചത് (അവസരവാദത്തിന് നൊബേല്‍ സമ്മാനമുണ്ടായിരുന്നെങ്കില് ഒന്നാമത്തെ നോമിനി ദുറ്റ്യേർറ്റ്യ ആകുമായിരുന്നുവെന്നാണ്, ഇതിനെ റെസ്സ പരിഹസിച്ചത്!).
തനിക്കെതിരെ ചുമത്തിയിരുന്ന കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ബാക്കിയുള്ള ജീവിതകാലം മുഴുവൻ ജയിലില്‍ കിടക്കാൻ മരിയ റെസ്സ വിധിക്കപ്പെടുമായിരുന്നുവെന്ന് ഇൻറർനാഷനല്‍ സെൻറർ ഫോർ ജേണലിസ്റ്റ്സ് ഡയറക്ടർ ജൂലി പോസേറ്റി പറയുന്നു. വനിതാ പത്രപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്ന എല്ലാ അടവുകളും റെസ്സക്കെതിരെ ഫിലിപ്പീൻസ് ഗവണ്‍മെൻറും അവരുടെ പിണിയാളുകളും ചെയ്തിരുന്നു. വധഭീഷണികള്‍ക്ക് പുറമെ, വീട്ടുമേല്‍വിലാസം പരസ്യപ്പെടുത്തുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് റെസ്സയുടെ പോണോഗ്രഫി വിഡിയോകള്‍ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അഞ്ചു ലക്ഷം പോസ്റ്റുകളിലൂടെ അവരെ അവമതിക്കാനും സ്ത്രീവിരോധം കുത്തിച്ചെലുത്താനും ശത്രുക്കള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. പലപ്പോഴും നുണച്ചിയെന്നും വ്യാജവാർത്തകളുടെ രാജ്ഞി എന്നുമൊക്കെ വിളിച്ചുകൊണ്ടായിരുന്നു സാധാരണ പോസ്റ്റുകളെങ്കില് അതിനപ്പുറം സംഘടിതമായ തെറിയഭിഷേകവും ബലാത്സംഗ-വധഭീഷണികളും പതിവായിരുന്നു. #Presstitute എന്ന് ഹാഷ്ടാഗ് സൃഷ്ടിച്ചുകൊണ്ട് റെസ്സയെ കരിവാരിത്തേക്കാൻ ആവുന്നവിധം അവർ പ്രവർത്തിച്ചു. 'റാപ്ലർ' വ്യാജ വാർത്തകളുടെ കൂമ്പാരമാണെന്നും അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എയാണ് അതിന് ഫണ്ടിറക്കുന്നതെന്നും വാദിച്ചുകൊണ്ട് ദുറ്റ്യേർറ്റ്യ തന്നെ രംഗത്തുവന്നിരുന്നു.
റെസ്സയുടെ അവാർഡ് നേട്ടം പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിനെയും കുഴക്കുന്നുണ്ടെന്ന് പോസേറ്റി വാദിക്കുന്നു. ഫിലിപ്പീൻസ് സർക്കാറും അവരുടെ പിണിയാളുകളും ലക്ഷക്കണക്കിന് വ്യാജ പോസ്റ്റുകളിലൂടെ റെസ്സയെ അപമാനിച്ചുകൊണ്ടിരുന്നപ്പോള്‍ അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനോ വ്യാജ പേരുകളില്‍ സൃഷ്ടിക്കപ്പെട്ട പതിനായിരക്കണക്കിന് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുന്നതിനോ ഫേസ്ബുക്ക് ഒന്നും ചെയ്തില്ലെന്നത് മാർക്ക് സുക്കർബർഗിെൻറ കമ്പനിക്ക് അപമാനകരമാണെന്ന് അവർ വിശദീകരിക്കുന്നു. വാസ്തവത്തില്‍, ഇന്ന് ലോകത്ത് ജനാധിപത്യത്തിന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത് ഫേസ്ബുക്കില്‍ നിന്നാണെന്ന് റെസ്സ തന്നെ അവരുടെ പ്രസ്താവനകളില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ സമാനമായ പീഡനം നേരിട്ടുകൊണ്ടിരിക്കുന്ന വനിതാ പത്രപ്രവർത്തകയാണ് റാണ അയ്യൂബ്. താൻ നേരിടുന്നത് ഒരുതരം വെർച്വല്‍ മോബ്ലിഞ്ചിങ് (ആള്‍ക്കൂട്ട ആക്രമണം) ആണെന്ന് അവർ പറയുന്നു. പരസ്യമായ തെറിവിളിയും ഡീപ്ഫേക്ക് പോണോഗ്രഫിയുമൊക്കെ റാണക്കെതിരെയും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുടിനെയും ദുറ്റ്യേർറ്റ്യയേയും പോലെയാണ് നരേന്ദ്ര മോദിയും ജെയ്ബോല് സനാരോയുമൊക്കെ പെരുമാറുന്നതെന്നാണ് റാണയുടെ അഭിപ്രായം. ഇത്തരം സ്വേച്ഛാധിപതികള്‍ക്കുള്ള കടുത്ത മുന്നറിയിപ്പാണ് റെസ്സക്കും മുറാത്തോഫിനും ലഭിച്ചനൊബേല് സമ്മാനം. ഏറ്റവും ചുരുങ്ങിയത്, ലോകം ഈ സ്വേച്ഛാധിപതികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന സന്ദേശമെങ്കിലും ഈ അവാർഡ് പ്രഖ്യാപനം നല്‍കുന്നുണ്ട്.
സത്യസന്ധരായ മാധ്യമപ്രവർത്തകർ ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലും വേട്ടയാടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഭരണകൂടത്തിെൻറ വാലാകാൻ തയാറല്ലാത്തവരെ ആദ്യം പ്രലോഭനങ്ങളിലൂടെയും തുടർന്ന് ഭീഷണികളിലൂടെയും വരുതിക്ക് നിർത്താനാണ് ബന്ധപ്പെട്ടവർ തുനിയുന്നത്. അതുകൊണ്ടുതന്നെ ഈ നൊബേല്‍ സമ്മാനം അത്തരം ജേണലിസ്റ്റുകളോട് പറയുന്നത്, നിങ്ങള്‍ ഒറ്റക്കല്ലെന്നും നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടെന്നുമാണ്. നിയമത്തിനതീതമായ മാർഗങ്ങള്‍ ഉപയോഗിക്കുന്ന ഗവണ്മെൻറുകള്ക്കെതിരെ ധീരതയോടെ പോരാടാൻ മാധ്യമപ്രവർത്തകർക്ക് ഈ അവാർഡ് പ്രചോദനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.