അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഡോണൾഡ് ട്രംപ് ജയിച്ചതായാണ് നമുക്ക് ലഭിച്ചുവെന്ന് അനുമാനിക്കാം. അദ്ദേഹം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നതും ജയത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തും പ്രത്യേകിച്ച്, ഇന്ത്യയിലും എന്തായിരിക്കുമെന്നതും വളരെ പ്രധാനമാണ്. ട്രംപ് ജയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. പ്രത്യേകിച്ച്, പെട്രോൾ വില വർധന. വേറൊരു പ്രധാന കാരണം ഗസ്സയെ സംബന്ധിച്ച ബൈഡന്റെ...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഡോണൾഡ് ട്രംപ് ജയിച്ചതായാണ് നമുക്ക് ലഭിച്ചുവെന്ന് അനുമാനിക്കാം. അദ്ദേഹം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നതും ജയത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തും പ്രത്യേകിച്ച്, ഇന്ത്യയിലും എന്തായിരിക്കുമെന്നതും വളരെ പ്രധാനമാണ്. ട്രംപ് ജയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്.
പ്രത്യേകിച്ച്, പെട്രോൾ വില വർധന. വേറൊരു പ്രധാന കാരണം ഗസ്സയെ സംബന്ധിച്ച ബൈഡന്റെ നയമാണ്. ഇസ്രായേൽ വംശഹത്യ തുടർന്നുകൊണ്ടിരുന്നപ്പോഴും ബൈഡൻ കണ്ണടക്കുകയായിരുന്നു. മാത്രമല്ല, മാസങ്ങളോളം ഇസ്രായേലിന് ആയുധങ്ങളും നയതന്ത്ര സഹായവും പിന്തുണയും നൽകി. മാസങ്ങൾക്കുശേഷമാണ് ബൈഡൻ കണ്ണ് തുറന്നത്. ഇസ്രായേൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് മനസ്സിലായെങ്കിലും തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെടാനുള്ള ധാർമിക ധൈര്യം ബൈഡന് ഉണ്ടായില്ല.
അദ്ദേഹം ഒന്നും രണ്ടും മൂന്നും തവണ വെടിനിർത്താൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. പക്ഷേ, അതിനെയെല്ലാം നെതന്യാഹു ധിക്കാരപൂർവം തള്ളുകയായിരുന്നു. അതേസമയം നെതന്യാഹു ബൈഡനെ കബളിപ്പിക്കുകയും ചെയ്തു. വെടിനിർത്തൽ അടക്കമുള്ള നിർദേശങ്ങൾ നെതന്യാഹു നിഷ്കരുണം തള്ളി.
അമേരിക്കയിൽ ഒരു സഖ്യ അറബ് വംശജരായ പൗരന്മാരുണ്ട്. അവർ ചില നിയോജക മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചുകഴിയുന്നവരാണ്. അവർ കമല ഹാരിസിന് എതിരായി വോട്ടുചെയ്തു. മറ്റൊരു കാര്യവും നടന്നു. ബൈഡനാണ് ഇസ്രായേലിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഇക്കാര്യം ബൈഡൻ തന്നെ പറയുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്ഥാനാർഥി കമല ഹാരിസിന് ജൂത ലോബിയുടെ വോട്ട് കിട്ടിയില്ല. നെതന്യാഹു പരസ്യമായി ട്രംപിന് വേണ്ടിയാണ് കാമ്പയിൻ ചെയ്തത്. അമേരിക്കൻ സമൂഹത്തിലെ ഫലസ്തീൻ അനുകൂല വോട്ട് മാത്രമല്ല, ജൂത വോട്ടുകളും കമലക്ക് എതിരായി.
യൂറോപ്പിൽ പലരും പറയുന്നു ട്രംപ് നാറ്റോ സഖ്യം വിട്ടുമാറുമെന്ന്. പക്ഷേ, ഇതിൽ ഒരർഥവുമില്ല. കാരണം മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്സിന്റെ ഏറ്റവും ഉത്സാഹമുള്ള സെയിൽസ്മാനാണ് ട്രംപ്. നാറ്റോയിൽ നിന്ന് വിട്ടുമാറിയാൽ യൂറോപ്പ് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങില്ല. അതുകൊണ്ട് ട്രംപ് ഒരിക്കലും നാറ്റോയിൽ നിന്ന് വിട്ടുമാറില്ല. പക്ഷേ, അദ്ദേഹം വിട്ടുമാറുമെന്ന് പേടിപ്പിക്കും.
മാത്രമല്ല, ജി.ഡി.പിയുടെ മൂന്ന് അല്ലെങ്കിൽ നാല് ശതമാനം പ്രതിരോധാവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. അതിനർഥം അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങണമെന്നാണ്. രണ്ടാമത് ഐക്യരാഷ്ട്രസഭ, ഡബ്ല്യു.എച്ച്.ഒ, യുനെസ്കോ എന്നിങ്ങനെയുള്ള സംഘടനകളോടുള്ള അമേരിക്കയുടെ എതിർപ്പ് ശക്തിപ്പെടുമെന്നതാണ്.
ഒരുപക്ഷേ, അമേരിക്ക വാർഷികമായി നൽകിവരുന്ന തുക കൊടുത്തില്ലെന്നും വരും. ചൈനയുമായി ബന്ധപ്പെട്ട് ഒരുപരിധി വരെ ട്രംപ് കൂടുതൽ വാണിജ്യയുദ്ധമുണ്ടാക്കുമെന്ന് പേടിപ്പിക്കാനാണ് സാധ്യത. എന്നാൽ, ചൈനയുമായി തുറന്ന വാണിജ്യയുദ്ധത്തിലേക്ക് തിരിയില്ല. കാരണം ഒരു വലിയ വാണിജ്യയുദ്ധമുണ്ടായാൽ അമേരിക്കയിലെ സാധനങ്ങളുടെ വില കൂടും. അത് ട്രംപിന് രാഷ്ട്രീയമായി നല്ലതാവില്ല. അദ്ദേഹത്തിന്റെ പിന്തുണ കുറയുകയും ചെയ്യും.
വ്ലാദിമർ പുടിനുമായി ട്രംപ് കൂടുതൽ അടുക്കാൻ ശ്രമിക്കും. ആദ്യമായി യുക്രെയ്ൻ യുദ്ധം നിൽക്കുന്ന സാഹചര്യവുമുണ്ടാകും. കാരണം അമേരിക്കയുടെ പിന്തുണയില്ലാതെ യുക്രെയിന് യുദ്ധം ചെയ്യാൻ സാധിക്കില്ല. അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ യൂറോപ്പിൽ നിന്നുള്ള പിന്തുണയും കുറയും.
അതുകൊണ്ട് പ്രസിഡന്റ് സെലൻസ്കിക്ക് വെടിനിർത്തൽ സംഭാഷണങ്ങൾക്ക് സമ്മതിക്കാതെ നിവൃത്തിയുണ്ടാവില്ല. അതേ സമയം ട്രംപ് പുടിനോട് കൂടുതൽ അടുക്കുന്നത് ചൈനയും റഷ്യയും തമ്മിലുള്ള അടുപ്പത്തിന് ചെറിയ തോതിൽ ഹാനികരമായേക്കാം. എന്നാലും ചൈന-റഷ്യ ബന്ധങ്ങൾ നിലനിൽക്കാനാണ് സാധ്യത. കാരണം ചൈനയാണ് അമേരിക്കയുടെ എതിരാളിയെന്ന് അമേരിക്ക ഉഭയകക്ഷി തീർപ്പിലെത്തിയിട്ടുണ്ട്.
അമേരിക്കയോട് തുല്യമായ സൈനികശക്തിയുണ്ടാക്കി അമേരിക്കയെ വെല്ലുവിളിക്കാമെന്നതാണ് ചൈനയുടെ ഉദ്ദേശ്യം. അതിന് കുറച്ച് സമയമെടുത്തേക്കും. റഷ്യക്കും ചൈനക്കും ഒരുകാര്യമറിയാം, തങ്ങളിൽ ഒരാളെ അമേരിക്ക എതിർത്ത് തകർക്കുകയാണെങ്കിൽ മറ്റേയാളെയും ദുർബലമാക്കാൻ അമേരിക്ക ശ്രമിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞ് അമേരിക്കക്കെതിരെ യോജിപ്പിലായിരിക്കണമെന്നത് ഇരുകൂട്ടർക്കും ബോധ്യമുണ്ട്. അതുകൊണ്ട് ട്രംപ് പുടിനോട് വലിയ അടുപ്പം കാണിച്ചാൽ തന്നെയും റഷ്യയും ചൈനയും തമ്മിലെ ബന്ധത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്നില്ല.
ട്രംപും മോദിയും തമ്മിലുള്ള മികച്ച കെമിസ്ട്രി നല്ലതാണ്. ട്രംപും മോദിയും വിദേശ കാര്യ ബന്ധത്തിന്റെ കാര്യത്തിൽ ‘പേഴ്സനൽ കെമിസിട്രി’ക്ക് ധാരാളം പ്രാധാന്യം കൊടുക്കുന്നുമുണ്ട്. ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനും ട്രംപിന് താൽപര്യമുണ്ടാകും. ഈ സന്ദർഭത്തിൽ സാങ്കേതിക വിദ്യകൈമാറാനും അദ്ദേഹം മടികാട്ടില്ല. ഇസ്രായേലിനോട് അനുകൂല സമീപനമാകും ട്രംപും തുടരുക.
ഫലത്തിൽ ഫലസ്തീനോടുള്ള സമീപനം കൂടുതൽ കർശനമായേക്കും. ഈ ഘട്ടത്തിൽ നെതന്യാഹു മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ ഉപാധികളിൽ ഒപ്പിടാൻ നിർബന്ധിതമായേക്കുമെന്നതാണ് ഒന്നാമത്തെ സാധ്യത. അതേ സമയം ആത്മവീര്യം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെ അതിജീവിച്ച് ഫലസ്തീൻ പോരാട്ടം തുടരുമെന്നതാണ് രണ്ടാമത്തെ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.