നിർഭയനായ നായകന്​ ഇന്ന്​ 150ാം പിറന്നാൾ

വക്കം മൗലവി: അതുല്യനായ വിപ്ലവകാരി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധവും ഇരുപതാംനൂറ്റാണ്ടിന്റെ പൂർവാർധവും കേരളത്തി​െൻറ നവോത്ഥാന കാലഘട്ടമായിരുന്നു. നാട്ടിൽ നിലനിന്നിരുന്ന കൊടിയ ജാതി വ്യവസ്​ഥക്കും അനീതികൾക്കും അന്ധവിശ്വാസങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ നായകർ പടനയിച്ചു.

കാലോചിത വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും മാധ്യമ പ്രവർത്തനത്തിനും സമുദായ സമുദ്ധാരണത്തിനും ദേശീയ പ്രസ്​ഥാനത്തിനും ഒരുപോലെ ഊന്നൽ നൽകിയ ഒരു നായകനും ഈ മണ്ണിൽ അക്കാലത്ത്​ ജീവിച്ചിരുന്നു- വക്കം മുഹമ്മദ് അബ്ദുൽ ഖാദർ എന്ന വക്കം മൗലവി.

1873 ഡിസംബർ 28ന് ചിറയിൻകീഴ് താലൂക്കിലെ വക്കം ഗ്രാമത്തിൽ ജനിച്ച്​ 1932 ഒക്ടോബർ 31ന് 58 ാം വയസ്സിൽ ഇൗ ലോകത്തോട്​ യാത്ര പറഞ്ഞ മൗലവി താരതമ്യേന ഹ്രസ്വമായ കാലയളവിൽ സാധ്യമാക്കിയ പരിവർത്തനങ്ങൾ വിസ്മയാവഹമാണ്​. വിദൂര ദിക്കുകളിൽനിന്ന് വിദ്വാന്മാരെ ക്ഷണിച്ചുവരുത്തി സ്വഭവനത്തിൽ താമസിപ്പിച്ചാണ്​ അബ്ദുൽഖാദറിന്​ പിതാവ്​ പഠനസൗകര്യമൊരുക്കിയത്​.

25 വയസ്സായപ്പോഴേക്കും അദ്ദേഹം വിവിധ ഭാഷകളിലും വിജ്ഞാന മേഖലകളിലും ആത്മീയ മതവിഷയങ്ങളിലും വ്യുത്പത്തി സമ്പാദിച്ചു. 29ാമത്തെ വയസ്സിൽ പിതാവ് അന്തരിച്ചപ്പോൾ വമ്പിച്ച സ്വത്തിനവകാശിയായി.

പൗരാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും വിലകൽപിക്കാതിരുന്ന രാജവാഴ്ചക്കാലത്തു ജനങ്ങളുടെ സങ്കടങ്ങളും പരാതികളും നിർഭയം പ്രകാശിപ്പിക്കാനും ചാഞ്ചല്യമില്ലാതെ സർക്കാറിനെ വിമർശിക്കുവാനും പ്രതിജ്ഞാബദ്ധമായ മാധ്യമം എന്ന നിലക്കാണ് 1905 ൽ വക്കം മൗലവി അഞ്ചുതെങ്ങിൽനിന്ന്​ ഏറെ മുന്നൊരുക്കങ്ങളോടെ ‘സ്വദേശാഭിമാനി’ പത്രം പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയത്.

അതിനായി ഇംഗ്ലണ്ടിൽനിന്ന്​ ആധുനിക പ്രസും അനുസാരികളും വലിയ വിലയ്ക്ക് വാങ്ങുകയും വിദേശവാർത്തകൾക്കായി റോയിട്ടേഴ്സുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ചിറയിൻകീഴ് സി.പി. ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പത്രാധിപർ. പ്രഥമ ലക്കത്തില്‍ പത്രത്തിന്റെ നയം വെളിപ്പെടുത്തിയത് ഇങ്ങനെ: ‘‘ ‘സ്വദേശാഭിമാനി’യുടെ പ്രവൃത്തികൊണ്ടു ജനങ്ങൾക്ക്​‌ ക്ഷേമമുണ്ടാകണമെന്നാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശ്യം.

ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്കതന്നെ ചെയ്യും. ഞങ്ങൾക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്നു പൊതുജന സങ്കടങ്ങളെ മറച്ചുവെയ്ക്കുന്നതല്ല. നിശ്ചയം.” ഒരു വർഷത്തിനുശേഷം കെ. രാമകൃഷ്ണപിള്ള പത്രാധിപരായി നിയോഗിതനായി.

‘സ്വദേശാഭിമാനി’ ഏറെ പ്രാധാന്യം കൊടുത്തിരുന്നത് രാജ്യഭരണ വിഷയങ്ങൾക്കും രാഷ്ട്രീയകാര്യങ്ങൾക്കും പൗരാവകാശങ്ങൾക്കുമായിരുന്നു. പത്രാധിപർക്ക്​ പരിപൂർണ സ്വാതന്ത്ര്യം നല്കിയ പത്രമുടമയായിരുന്നു മൗലവി.

ഭരണകർത്താക്കളുടെ അഴിമതികളെയും കാര്യക്ഷമതയില്ലായ്മയെയും നിശിതമായി വിമർശിച്ചതിന്റെ ഫലമായി 1910 സെപ്റ്റംബര്‍ 26ന് പത്രം നിരോധിക്കുകയും അച്ചുക്കൂടം കണ്ടുകെട്ടുകയും, പത്രാധിപരായ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. നിർഭയ- പ്രബുദ്ധ പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ‘സ്വദേശാഭിമാനി’.

സമുദായ പരിഷ്കരണമായിരുന്നു വക്കം മൗലവിയുടെ മറ്റൊരു സുപ്രധാന കർമമണ്ഡലം. ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും പിന്തള്ളപ്പെട്ടുകിടന്ന സ്വസമുദായത്തിന്റെ ദയനീയാവസ്ഥ വക്കം മൗലവിയുടെ മനസ്സിനെ ആഴത്തില്‍ സ്പർശിച്ചു. ഭൂതകാല മഹിമയുടെ കഥകൾ അയവിറക്കി യുഗങ്ങളുടെ ഭാരവും നിശ്ചേഷ്ടതയും പേറി ലക്ഷ്യവും മാർഗവും അറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്ന സമുദായത്തെ തട്ടിയുണർത്തുവാൻ അദ്ദേഹം ദൃഢനിശ്ചയംചെയ്തു.

ഇസ്​ ലാമിക നവോത്ഥാന നായകന്മാരായ ജമാലുദീന്‍ അഫ്ഗാനി, ശൈഖ്​ മുഹമ്മദ്‌ അബ്ദു, റഷീദ് രിള, സര്‍ സയ്യിദ് അഹ്മദ്ഖാന്‍, മുഹമ്മദ്‌ ഇക്ബാല്‍ എന്നിവരുടെ ആശയങ്ങളെ ഉൾക്കൊള്ളുക മാത്രമല്ല, ഈ രംഗത്ത് സ്വതന്ത്രമായ വലിയ സംഭാവനകള്‍ അർപ്പിക്കുകയുമുണ്ടായി.

1906ല്‍ തുടങ്ങി പത്തു വർഷം വക്കം മൗലവി നടത്തിയ ‘മുസ് ലിം’ മാസിക സമുദായപരിഷ്കരണത്തിനും വിജ്ഞാനപ്രചാരണത്തിനുമുള്ള ശക്തമായ മാധ്യമമായിരുന്നു. മലയാളലിപി അറിയാത്ത സാമാന്യജനങ്ങളിലേക്ക് കടന്നുചെല്ലാന്‍ അറബി-മലയാള ലിപിയില്‍ ‘അല്‍ ഇസ് ലാം’ എന്ന മാസിക 1918ല്‍ പ്രസിദ്ധീകരിച്ചു. ജീവിതസായാഹ്നത്തില്‍ നടത്തിയ ‘ദീപിക’ (1930) പലതുകൊണ്ടും ശ്രദ്ധേയമായ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു.

മുസ്​ ലിം സമുദായത്തിലെ പലരും ആധുനിക വിദ്യാഭ്യാസത്തെ എതിർത്തിരുന്ന അക്കാലത്ത്​ മുസ്​ ലിം അധിവാസസ്ഥലങ്ങളില്‍ മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മൗലവി, സർക്കാറിൽ ശക്തമായ സ്വാധീനം ചെലുത്തി. അറബി ഭാഷാഭ്യസനം സർക്കാർ പാഠ്യപദ്ധതിയിലുൾക്കൊള്ളിച്ചതുൾപ്പെടെ ഒട്ടേറെ പരിഷ്കരണങ്ങൾക്ക്​ വഴിയൊരുങ്ങിയത്​ മൗലവി പരിശ്രമഫലമായാണ്​.

അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്ന കേരള മുസ് ലിം സമൂഹത്തിന് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന്​ മുന്നോട്ടു നയിച്ച വക്കം മൗലവി കേരളത്തിലെ ഇസ്‍ലാഹി പ്രസ്ഥാനത്തിന്റെ നായകനായും അറിയപ്പെടുന്നു.

ഭൗതിക പുരോഗതിയും ആത്മീയജ്ഞാനവും ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം സംഘടനകള്‍ സ്ഥാപിക്കാന്‍ വക്കം മൗലവി പ്രചോദനവും നേതൃത്വവും നല്കി. ആ സംഘടനകള്‍ സ്കൂളുകളും വായനശാലകളും ഗ്രന്ഥാലയങ്ങളും തുടങ്ങുകയും പ്രസംഗങ്ങളും ചർച്ചകളും മുഖേന ആധുനിക വിദ്യാഭ്യാസത്തിലേക്കും നൂതനചിന്താസരണികളിലേക്കും മുസ്‌ലിംകളെ നയിക്കുകയും ചെയ്തു.

ഇപ്രകാരം 1915 ല്‍ തുടങ്ങിയ ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യയാണ് തിരുവിതാംകൂറിലെ ആദ്യ മുസ്​ ലിം സംഘടന. 1916 ല്‍ സ്ഥാപിതമായ നിലക്കാമുക്ക് മുസ്​ ലിം സമാജം, 1921 ല്‍ രൂപം കൊണ്ട തിരുവിതാംകൂര്‍ മുസ്​ ലിം മഹാജനസഭ, 1923 ല്‍ രൂപമെടുത്ത ചിറയിൻകീഴ്​ മുസ്​ ലിം സമാജം തുടങ്ങിയവ മൗലവിയുടെ സംഘടനാപാടവം വിളിച്ചോതുന്നു.

1922 ല്‍ രൂപവത്​കരിക്കപ്പെട്ട കേരളമുസ്​ ലിം ഐക്യസംഘത്തിന്റെ ചാലകശക്തിയായ മൗലവിയുടെ അധ്യക്ഷതയിലാണ് 1923ല്‍ സംഘടനയുടെ പ്രഥമവാർഷികയോഗം എറിയാട്(കൊടുങ്ങല്ലൂര്‍) നടന്നത്.

ഒറ്റപ്പാലത്തെ 1921ലെ ചരിത്രപ്രസിദ്ധമായ കോൺ​ഗ്രസ്‌ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു. മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ കെ.എം. സീതീസാഹിബിനോടൊപ്പം ചെന്നു കണ്ട്​ ദേശീയരാഷ്ട്രീയ വിമോചനത്തിനു വേണ്ടിയുള്ള സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇന്ത്യയിൽ ദേശീയബോധം വികാസം പ്രാപിക്കുന്നതിന് ഏറെ മുമ്പാണ് അദ്ദേഹം പത്രത്തിനു സ്വദേശാഭിമാനി എന്ന നാമകരണം ചെയ്തതും വക്കത്ത് ദേശാഭിമാനി വായനശാല സ്ഥാപിച്ചതുമെല്ലാം.

പൈതൃകമായി ലഭിച്ച സമ്പത്ത് മുഴുവനും പൊതു പ്രവർത്തനങ്ങളിലൂടെ ചോർന്നുപോയിക്കൊണ്ടിരുന്നപ്പോഴും മൗലവി ഖിന്നനായില്ല. പത്രപ്രവർത്തനം നഷ്ടക്കച്ചവടമാണെന്നുപദേശിച്ചവരോട് ‘ഞാൻ കച്ചവടക്കാരനല്ല, രാജ്യസേവനമാണ് എന്റെ ലക്ഷ്യം’ എന്നായിരുന്നു മറുപടി. സ്വദേശാഭിമാനി കണ്ടുകെട്ടിയപ്പോൾ മൗലവി ദുഃഖിച്ചത് സ്വന്തം നഷ്ടത്തിലല്ല, പത്രാധിപരുടെ ദുർവിധിയിൽ ആണ്.

എങ്കിൽ കൂടി, നിലപാടുകളിൽ വിട്ടുവീഴ്ചക്ക് അവർ തയാറായില്ല. തന്റെ പിൻതലമുറക്ക് ഭൗതിക സ്വത്തുക്കൾ ഒന്നും കരുതി വെക്കാതെ, സമ്പത്തും ഊർജ്ജവും വിജ്ഞാനവും എല്ലാം താന്‍ ജീവിച്ച സമൂഹത്തി​െൻറ ബൗദ്ധിക വളർച്ചക്ക്​ പൂർണമായി സമർപ്പിച്ചുകൊണ്ടാണ്​ അദ്ദേഹം വിടവാങ്ങിയത്​.

ലോകം പുരോഗതിയിലേക്ക് കുതിച്ച 1840-1940 കാലഘട്ടത്തില്‍ മുസ്‍ലിം ലോകത്തിലുണ്ടായ ഉണർവിനും പുരോഗതിക്കും ആഗോളതലത്തിൽ കനത്ത സംഭാവനകള്‍ നല്കിയ 52 മഹാത്മാക്കളെ ഉൾക്കൊള്ളിച്ച്​ യു.എസ്​ നോർത്ത് കരോ​ൈലന സർവകലാശാലയിലെ പ്രഫ.ചാൾസ്​ കുർസ്മാന്‍ തയാറാക്കി 2000ല്‍ ഓക്സ്ഫഡ്​ പ്രസ് പ്രസിദ്ധീകരിച്ച - മോഡേണിസ്റ്റ് ഇസ് ലാം (1840-1940) എന്ന ചരിത്ര ഗ്രന്ഥത്തില്‍ ദക്ഷിണേഷ്യയില്‍നിന്നുള്ള കവിയും ദാർശനികനുമായ മുഹമ്മദ് ഇക്ബാലിനോടും പണ്ഡിതനും രാജ്യതന്ത്രജ്ഞനുമായ മൗലാനാ അബുൽകലാം ആസാദിനോടും സർ സയ്യിദ് അഹ്മദ്ഖാനോടുമൊപ്പം വക്കം അബ്ദുൽഖാദര്‍ മൗലവിയെയും എണ്ണിപ്പറയുന്നു.

നിർഭയ-സത്യസന്ധ മാധ്യമ പ്രവർത്തനവും വിദ്യാഭ്യാസ മുന്നേറ്റവും സമുദായ പരിഷ്​കരണവും ഏറെ പ്രാധാന്യമർഹിക്കുന്ന വർത്തമാന കാലത്ത്​ വക്കം മൗലവിയുടെ ഉജ്ജ്വലമായ ഓർമകൾക്ക്​ തിളക്കമേറുന്നു.

Tags:    
News Summary - Vakkam Maulvi-The Unique Revolutionary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT