ചില ശബ്ദങ്ങളെ അനുകരിക്കാൻ കഴിയാത്ത ശബ്ദം എന്നു നമ്മൾ വിശേഷിപ്പിക്കാറുണ്ട്. പാട്ടിന്റെ ലോകത്ത് ഈ വിശേഷണത്തിന് ശരിക്കും അർഹയായിരുന്നു വാണി ജയറാം എന്ന വാണിയമ്മ. വീണ്ടും വീണ്ടും ആ പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് ഒരിക്കൽക്കൂടി അതു ബോധ്യമാവും.
മറ്റാർക്കും അനുകരിക്കാൻ കഴിയാത്തവണ്ണം വേറിട്ടുനിന്ന അഭൗമ ശബ്ദാത്ഭുതമായിരുന്നു വാണിയമ്മയുടേതെന്ന്. മലയാളിയല്ലാതിരുന്നിട്ടും ആ സ്വരം മലയാളിയുടെ സ്വന്തമായിരുന്നു. വാണിയമ്മയുടെ ശബ്ദത്തിലൂടെ എത്രയെത്ര പാട്ടുകളാണ് നമ്മൾ ആസ്വദിച്ചത്.
അതിവേഗത്തിൽ പാട്ടുകൾ പഠിച്ചെടുക്കാനുള്ള മിടുക്കായിരുന്നു വാണിയമ്മയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കൽ ഒന്നുകേട്ടാൽ മതി, അപ്പോൾ തന്നെ ആ ഈണങ്ങളും വരികളും അമ്മയുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരിക്കും. എം.എസ്. വിശ്വനാഥൻ സാറിന്റെ പാട്ടിന്റെയൊക്കെ പ്രത്യേകത പല്ലവിയിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അനുപല്ലവി എന്നതാണ്.
പക്ഷേ, വാണിയമ്മ അത് വളരെ വേഗത്തിൽ അനായാസം പഠിച്ചെടുത്ത് പാടുമായിരുന്നു. പാട്ടിന്റെ വരികളുടെ അർഥം ചോദിച്ചറിഞ്ഞ് പാടുക വാണിയമ്മയുടെ രീതിയായിരുന്നു.
പാട്ടിനോടുള്ള അമ്മയുടെ ഭക്തി നേരിട്ടനുഭവമുള്ളതാണ്. പാടുമ്പോൾ ചെരിപ്പഴിച്ചുവെച്ച് മാത്രമേ അമ്മ പാടാറുള്ളൂ. സ്റ്റുഡിയോയിലായാലും സ്റ്റേജിലായാലും അതിനു മാറ്റമില്ല. സ്റ്റേജിൽ തലങ്ങും വിലങ്ങും കിടക്കുന്ന വയറിൽനിന്ന് ഷോക്കടിച്ചേക്കുമോ എന്ന് ഭയന്ന് ഞങ്ങളൊക്കെ ചെരിപ്പഴിക്കാതെ നിൽക്കുമ്പോൾ വാണിയമ്മ അതഴിച്ചുവെച്ച് മാത്രമെ പാടുമായിരുന്നുള്ളൂ. അത്രയും വിശുദ്ധമായും ഭക്തിയോടെയുമാണ് അവർ പാടിയിരുന്നത്.
ഞാൻ ഏറ്റവും കൂടുതൽ ഫീമെയിൽ ഡ്യുയറ്റ് പാടിയത് വാണിയമ്മക്കൊപ്പമായിരുന്നു. ഞാൻ പാട്ടിലേക്ക് കടന്നുവരുന്ന എൺപതുകളുടെ തുടക്കം മുതൽ ഏതാണ്ട് തൊണ്ണൂറുകളുടെ പകുതിവരെ അമ്മയും മകളുമായും ചേച്ചിയും അനുജത്തിയുമായും ഞങ്ങൾ ചേർന്ന് നിരവധി പാട്ടുകൾ പാടി.
സ്റ്റുഡിയോയുടെ ഒരേ റൂമിൽനിന്ന് പാടുന്ന കാലം ഇല്ലാതായപ്പോൾ ഒന്നിച്ച് പാടുന്നതും ഇല്ലാതായി. മാനത്തെ വെള്ളിത്തേരിലെ ‘മനസ്സിൻ മടിയിലെ മാന്തളിരിൽ, മയങ്ങൂ മണിക്കുരുന്നേ...’ ആണ് ഞങ്ങൾ അവസാനമായി ഒന്നിച്ചു പാടിയത്.
ഏറ്റവും ഒടുവിൽ വാണിയമ്മയെ കണ്ടത് ജനുവരി 28ന് ചെന്നൈ മ്യൂസിക് അക്കാദമിയിൽവെച്ചായിരുന്നു. പത്മഭൂഷൺ കിട്ടിയതിന് ആദരമായി ഞാനും മധുബാലകൃഷ്ണനുമായി ചേർന്ന് നടത്തിയ പരിപാടിയായിരുന്നു അത്. അൽപം പ്രയാസപ്പെട്ടാണ് വാണിയമ്മ വേദിയിൽ വന്നത്.
ഒന്ന് വീണതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടായിരുന്നു അത്. ഞങ്ങൾ കൈപിടിച്ചാണ് സ്റ്റേജിൽ കയറ്റിയത്. കുറെപേർ അമ്മക്ക് സമ്മാനം നൽകി. ഞാനുമൊരു സമ്മാനം നൽകി. എന്റെ നെറുകയിൽ അമ്മ ചുംബിച്ചു. അത് ഒടുവിലത്തെ നേർക്കാഴ്ചയായി.
മൂന്നുദിവസം കഴിഞ്ഞ് അമ്മ എന്നെ വിളിച്ചു. ‘സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു സാരി കണ്ടു. അത് നീ കൊണ്ടുവന്നതാണോ..?’ അതേയെന്ന് ഞാൻ പറഞ്ഞു. ആ സാരി ഇഷ്ടമായില്ലെങ്കിൽ മാറ്റിവാങ്ങിക്കാമെന്നു പറഞ്ഞപ്പോൾ ഇഷ്ടമായെന്നു പറയാനാണ് വിളിച്ചതെന്നായിരുന്നു അമ്മയുടെ മറുപടി.
ആ സാരി അമ്മ ഉടുത്തിട്ടുപോലുമുണ്ടാവില്ലെന്നോർക്കുമ്പോൾ സങ്കടമാവുന്നു. ഏറ്റവും ഒടുവിൽ മലയാളത്തിൽ പാടിയത് ‘ആക്ഷൻ ഹീറോ ബിജു’വിലെ ‘പൂക്കൾ പനിനീർ പൂക്കൾ..’ എന്ന പാട്ടാണെന്ന് തോന്നുന്നു. മൂന്നു ദേശീയ അവാർഡ് കിട്ടിയപ്പോഴും ഒരിക്കൽപോലും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചില്ലെന്നറിയുമ്പോൾ വലിയ വേദന തോന്നുന്നു.
അതൊരു സ്വകാര്യ ദുഃഖമായി അമ്മ പലരോടും പറഞ്ഞിരുന്നു. എങ്കിലും ഇത്രയും വേഗം അമ്മ നമ്മളെ വിട്ടുപിരിയുമെന്ന് കരുതിയിരുന്നില്ല. ആ സ്നേഹത്തിനു മുന്നിൽ കണ്ണീരോടെ പ്രണാമമർപ്പിക്കുന്നു.
(സംഗീത സംവിധായകരുടെ പേര് ബ്രാക്കറ്റിൽ)
1. സൗരയൂഥത്തിൽ വിടർന്നോരു കല്യാണസൗഗന്ധിക... (സലിൽ ചൗധരി)
2. മാമലയിലെ പൂമരം പൂത്തനാൾ... (സലിൽ ചൗധരി)
3. തിരുവോണപ്പുലരിതൻ... (എം.കെ. അർജുനൻ)
4. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (എം.കെ. അർജുനൻ)
5. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (എം.കെ. അർജുനൻ)
6. ആഷാഢമാസം (ആർ.കെ. ശേഖർ)
7. നാദാപുരം പള്ളിയിലെ (കെ. രാഘവൻ)
8. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ (കെ.ജെ. ജോയ്)
9. നിമിഷങ്ങൾ തോറും വാചാലമായ് (എ.ടി. ഉമ്മർ)
10. ഏതോ ജന്മ കൽപനയിൽ (ജോൺസൺ)
തയാറാക്കിയത്: കെ.എ. സൈഫുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.