ആഘോഷം എന്ന ഒരു കാര്യം വിഷുവിന് കാര്യമായി ഇല്ല. മതപരമായ ക്രമീകരണങ്ങളും സാരമായി ഇല്ല. വിഷുക്കണിയിൽ ഒരു വിഗ്രഹം വെക്കുന്നതും ഭൂമിയിൽ ആദ്യമായി ഉഴവുചാൽ എടുക്കുന്നതിനുമുമ്പ് നടത്തുന്ന ഭൂമിപൂജയിലെ ചില ചടങ്ങുകളുമാണ് ഈയിനത്തിൽ വരുന്നത്. ഇതൊക്കെ എന്നാണ് തുടങ്ങിയത് എന്ന കാര്യം ചിന്തനീയമാണ്. മരത്തിന്റെ മുകളിൽ ജീവിച്ച മനുഷ്യൻ മണ്ണിലിറങ്ങി കൃഷി തുടങ്ങിയതുമുതൽ ഉള്ളതായിരിക്കണമല്ലോ വിഷു. എന്നുവെച്ചാൽ ചരിത്രാതീതകാലം തൊട്ട്.
എല്ലാവർക്കുമുള്ള ആഘോഷങ്ങൾ എന്ന അർഥത്തിൽ ഉത്സവങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ഇല്ല. ഒക്കെ ഏതെങ്കിലും ഒരു കൂട്ടർക്ക് മാത്രം. അത്രയുമല്ല, ആരുടെ എന്ത് ഉത്സവമായാലും അത് യഥാർഥത്തിൽ മാർക്കറ്റിങ്ങുകാരുടെ ഉത്സവമാണ്. പടക്കം-പൂത്തിരി-മെത്താപ്പുകാരുടെ വിഷു, ഇവരുടെയും തുണി-കാറ്ററിങ്-സ്വർണം കച്ചവടക്കാരുടെയും ഓണം, പെരുന്നാളുകൾ, ക്രിസ്മസ്, തിരുവാതിര... ചിലതെല്ലാം ബിവറേജസിന് ചാകരയും.
എന്തിനാണ് ഈ ‘ആണ്ടറുതി’കൾ എന്ന കാര്യം പോലും മിക്കവാറും എല്ലാവരും മറന്നിരിക്കുന്നു. ആകട്ടെ ഇന്നത്തെ കാര്യം മാത്രം ഇന്ന് ആലോചിക്കാം, ബാക്കിയൊക്കെ അതത് സംഗതികൾ വരുമ്പോഴാകാം. എന്തിനാണ് ഒരു വിഷു?
വരൾച്ചയുടെ അവസാനം. ഒരു പുതിയ കൃഷിക്കാലത്തിന്റെ ആരംഭം. ദാഹത്തിനും വിശപ്പിനും അറുതി വരാനുള്ള പദ്ധതികളുടെ തുടക്കം. എല്ലാ ജീവനും ഇതിൽ പങ്കുചേരുന്നു. അതിന്റെ തെളിവാണ് കൊന്നമരം ഇലകളൊക്കെ കൊഴിച്ച് അടിമുടി പൂവണിയുന്നത്, വിഷുപ്പക്ഷി വിത്തും കൈക്കോട്ടും എന്ന് നീട്ടിപ്പാടുന്നത്, പുതുമഴയേറ്റ ഭൂമിയിൽനിന്ന് മണ്ണിന്റെ സുഗന്ധം ഉയരുന്നത്, ആരും വിതയ്ക്കാതെ പുല്ലും ചെടികളും എങ്ങും വളർന്നു തുടങ്ങുന്നത്, മനുഷ്യർ സമ്പദ്സമൃദ്ധി കണികണ്ട് ഉണരാൻ തീരുമാനിക്കുന്നത്. ഇത് ഞങ്ങളുടെ ഇടം, ഇവിടേക്കുവന്ന് കുഴപ്പമുണ്ടാക്കരുത് എന്ന് വന്യജീവികൾക്ക് പടക്കം പൊട്ടിച്ച് അറിയിപ്പ് നൽകുന്ന സമയം.
ഓലമേഞ്ഞ പുരകളായിരുന്നു അന്ന് എല്ലാവർക്കും. വിഷുവിനുമുമ്പ് എല്ലാവരും കൂടി എല്ലാവരുടെയും പുരകൾ കെട്ടിമേയുന്നു. അതോടൊപ്പം മണ്ണിൽ വിത്തിറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയുമാണ്.
കൃഷിയായുധങ്ങൾ കേടുതീർത്ത് ഒരുക്കുന്നു. പത്തായത്തിൽ നിന്ന് ഒരുപിടി വിത്തെടുത്ത് അലക്കു തുണിയിൽ പൊതിഞ്ഞുകെട്ടി നനച്ച് ‘മുളവാശി’ പരിശോധിക്കുന്നു. കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഓരോ ഗ്രാമത്തിലും ഓരോ മാറ്റക്കച്ചവട ചന്തകൾ നടക്കുന്നു. വാണിഭം എന്നാണ് അതിന്റെ പേര്. വീട്ടിൽ ആവശ്യത്തിലേറെ ഉള്ളതൊക്കെ അവിടെ കൊണ്ടുപോയി വിൽക്കാം, അത്യാവശ്യമുള്ളത് പകരം വാങ്ങാം. ഉരുവിന് ഉരു ആണ് കച്ചവടം, ഇടയ്ക്ക് നാണയം ഇല്ല. കന്നുകാലികളെ മുതൽ പൂച്ചക്കുട്ടികളെ വരെ കൈമാറ്റം ചെയ്യാം. തേക്ക് കുട്ടയും തുടുപ്പും കൊടുവാളും കറിക്കത്തിയും ഉണക്കമീനും ചെപ്പിത്തോണ്ടിയും വരെ എല്ലാം കിട്ടും. രണ്ടു കാര്യങ്ങൾ പ്രത്യേകം ഓർക്കാനുണ്ട്: ആഘോഷം എന്ന ഒരു കാര്യം വിഷുവിന് കാര്യമായി ഇല്ല. മതപരമായ ക്രമീകരണങ്ങളും സാരമായി ഇല്ല. വിഷുക്കണിയിൽ ഒരു വിഗ്രഹം വെക്കുന്നതും ഭൂമിയിൽ ആദ്യമായി ഉഴവുചാൽ എടുക്കുന്നതിനുമുമ്പ് നടത്തുന്ന ഭൂമിപൂജയിലെ ചില ചടങ്ങുകളുമാണ് ഈയിനത്തിൽ വരുന്നത്. ഇതൊക്കെ എന്നാണ് തുടങ്ങിയത് എന്ന കാര്യം ചിന്തനീയമാണ്. മരത്തിന്റെ മുകളിൽ ജീവിച്ച മനുഷ്യൻ മണ്ണിലിറങ്ങി കൃഷി തുടങ്ങിയതുമുതൽ ഉള്ളതായിരിക്കണമല്ലോ വിഷു. എന്നുവെച്ചാൽ ചരിത്രാതീതകാലം തൊട്ട്.
തൊഴിൽ വിഭജനത്തിന്റെ മഹനീയമായ മാതൃക കൂടിയാണ് വിഷു. മരപ്പണിക്കാരനും ലോഹപ്പണിക്കാരനും നെയ്ത്തുകാരനും കയർ പണിക്കാരനും ആട്ടുന്നവനും എല്ലാം അവരവരുടെ മേഖലകളിൽനിന്ന് കൃഷിക്കാർക്ക് എന്താണോ ആവശ്യം അതൊക്കെ നിറവേറ്റുന്നു. പ്രതിഫലമായി വിളവിന്റെ ഒരുപങ്ക് അവർക്ക് കിട്ടുന്നു. അത് നൽകപ്പെടുന്നത് ‘അവകാശ’മായാണ്, ദാനമോ വിലയോ ആയിട്ടല്ല.
ആരും ആർക്കും ഒന്നും തന്നെ വിലക്ക് വിൽക്കാത്ത ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. കച്ചവടമിച്ചം (trade surplus) എന്ന സ്വാർഥലാഭവും അതിന്റെ അനർഥഫലമായ മൂലധനവും ഉണ്ടാകുന്നതിനുമുമ്പ്. ഉള്ളവനും ഇല്ലാത്തവനും ഉണ്ടായിരുന്നില്ല. തന്റേതു മാത്രമായി ഒന്നുമില്ല എന്ന് കരുതുന്നവരായിരുന്നു ജനങ്ങൾ. അതിനെയാണ് നാം ഇപ്പോൾ കാടൻ സോഷ്യലിസം (primitive socialism) എന്നു വിളിക്കുന്നത്. അതോ പിന്നീട് ഉണ്ടായതോ ഏത് സോഷ്യലിസമാണ് കാടൻ എന്ന് ആരെങ്കിലും ആലോചിച്ചുപോയാൽ അവരെ പഴിക്കാമോ!
എന്റെ കുട്ടിക്കാലത്ത് ഈ ഗ്രാമത്തിൽ ഭാരതപ്പുഴയുടെ ഇരുകരകളിലുമായി ഇരുപതിനായിരം ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു. ഇപ്പോൾ 20 ഏക്കർ പോലും ഉണ്ടോ എന്ന് സംശയം. നാടൻ വിത്തുകൾ പോയി. പുന്നെല്ലരി അടുക്കളയിൽ വേവുന്ന മണം ഒരു നുള്ള് ഉപ്പുചേർത്ത് അത് ആറ്റിക്കുടിക്കാനുള്ള നിരസിക്കാനാവാത്ത ക്ഷണപത്രമായി മാറുന്ന കാലം പോയി. അതോടെ വിഷുവും പോയി.
വിഷുഫലം പറയാൻ ജ്യോതിശാസ്ത്രജ്ഞൻ വരാറുണ്ടായിരുന്നു. (ഇതും വിഷു എന്ന വലിയ പുറപ്പാടിനോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തത് ആയിരിക്കണം) സംക്രമഫലം വെച്ച് ഗണിച്ചെടുത്ത പ്രവചനങ്ങൾ അദ്ദേഹം പ്രതീകാത്മക ഭാഷയിൽ ഓലയിൽ കുറിച്ച് കൊണ്ടുവന്നു വായിച്ചുകേൾപ്പിക്കും. ‘‘സംക്രമപുരുഷൻ സിംഹപ്പുറത്ത് കിടന്നു വരവ്.(സൗമ്യ വർഷമല്ല, ജീവികൾക്ക് ആരോഗ്യവും കുറവ്) വായു ഭക്ഷണം. (ദാരിദ്ര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.).... ’’
എന്നിങ്ങനെ പോയി അവസാനം മഴയുടെ ഒരു കണക്കുമുണ്ട്: ‘പറ’യാണ് അളവ്. (ഈ പറ ഒന്നു വേറെയാണ്. അനേക ‘യോജന’ വ്യാസവും ഉയരവുമുള്ള ഒരു വലിയ പറ!) ഒന്നുമുതൽ നാലുവരെ പറകളിൽ ഏതെങ്കിലും ഒന്ന് പ്രവചിക്കപ്പെടുന്നു. ഒന്നും മൂന്നും നല്ലത് രണ്ടു നാലും മോശം. ആകപ്പാടെ ആലോചിക്കുമ്പോൾ കണ്ടുകിട്ടുന്ന കാര്യം ഇത്രയുമാണ്: പഴയ കാലങ്ങളിലേക്ക് തിരികെപ്പോകാൻ നമുക്ക് ഒരിക്കലും കഴിയില്ല. പക്ഷേ, പഴയ കാലങ്ങളിലെ നന്മയും മനുഷ്യത്വവും സ്നേഹവും ഒക്കെ നഷ്ടമായത് കഷ്ടമാണ് എന്ന് തോന്നുന്നുവെങ്കിൽ അതിൽ കുറച്ചെങ്കിലും വീണ്ടെടുക്കാൻ ശ്രമിക്കാവുന്നതേ ഉള്ളൂ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.