വിഴിഞ്ഞം: ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്

രാജ്യത്തിന്റെ വികസനക്കുതിപ്പിന് അഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള തീരദേശവാസികളെയും വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ലത്തീൻ സഭയെയും വികസന വിരോധികളും രാജ്യദ്രോഹികളുമായി മുദ്രകുത്തുന്ന കാമ്പയിൻ വിഴിഞ്ഞം പദ്ധതിയുടെ മറവിൽ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്.

തിരുവനന്തപുരം ലത്തീൻ അതിരൂപത ഒരിക്കൽപോലും വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല. തുറമുഖ നിർമാണത്തിന്റെ ആഘാതങ്ങളെക്കുറിച്ച് നടത്തുന്ന പഠനം ശാസ്ത്രീയവും സത്യസന്ധവുമായിരിക്കണമെന്നും ആർക്കെങ്കിലും വേണ്ടി പക്ഷം പിടിച്ചുള്ള പഠനം പോരായെന്നുമാണ് അവർ ശഠിക്കുന്നത്.

അതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിൽനിന്നുള്ള, സമുദ്ര ശാസ്ത്രജ്ഞരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഈ രംഗത്തെ ഏറെ ശ്രദ്ധേയരായ ഡോ. കെ.വി.തോമസ്, ഡോ. ജോൺ കുര്യൻ എന്നിവരെ പഠനസമിതിയിൽ ഉൾപ്പെടുത്തണമെന്ന് സമരസമിതി നിർദേശിച്ചിരുന്നു. എന്നാൽ, ഈ നിർദേശം അവഗണിച്ചാണ് പഠനം ആരംഭിച്ചത്.

പദ്ധതിക്കെതിരാണ് പഠന റിപ്പോർട്ടെങ്കിൽ അക്കാലമത്രയും നിക്ഷേപിക്കുന്ന പാറകളും നിർമിച്ച പുലിമുട്ടുകളും തിരിച്ചെടുക്കാനാവുമോ? അതുകൊണ്ടാണ് പഠന റിപ്പോർട്ട് വരുന്നതുവരെ പദ്ധതി നിർത്തിവെക്കണമെന്ന് അതിരൂപത ആവശ്യപ്പെടുന്നത്. പുലിമുട്ട് നിർമാണമാണ് കടൽക്കരയെ വിഴുങ്ങുന്നതിന് കാരണമെന്ന് ഈ രംഗത്തെ പല വിദഗ്ധരും ചൂണ്ടിക്കാണിക്കുമ്പോൾ, പഠനം നടത്തിയിട്ടുപോരേ തുടർന്നുള്ള പുലിമുട്ട് നിർമാണം?

അങ്ങനെ ചെയ്താൽ പദ്ധതി വൈകുമെന്നാണ് ന്യായീകരണക്കാർ പറയുന്നത്. കരാർ പ്രകാരം 2019 ഡിസംബർ മൂന്നിന് കമീഷൻ ചെയ്യേണ്ടതായ തുറമുഖം ആ കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിടുമ്പോഴും പൂർത്തിയായിട്ടില്ല. പഠന കാലാവധി മൂന്നുമാസം നിശ്ചയിച്ച് അത്രനാൾ പണി നിർത്തിവെച്ച് രൂപത നിർദേശിക്കുന്ന ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി പഠനം നടത്താൻ സർക്കാർ എന്തിനു മടിക്കുന്നു?

ഈ ആവശ്യം ഉന്നയിക്കുമ്പോഴെല്ലാം വിഴിഞ്ഞം പദ്ധതിയുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്താനായി 'വിസിൽ' അധികാരികളെക്കൊണ്ട് സെമിനാറുകൾ സംഘടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. തുറമുഖമല്ല തീരശോഷണത്തിന് കാരണമെന്ന് സ്ഥാപിച്ചെടുക്കാൻ സെമിനാർ പ്രാസംഗികർ കിണഞ്ഞു പരിശ്രമിക്കുന്നു.

വല്ലാർപാടത്തിന് സംഭവിച്ചത്

വിഴിഞ്ഞത്തേക്കാൾ വികസന വാദമുഖങ്ങളായിരുന്നു വല്ലാർപാടം ട്രാൻസ്ഷിപ്മെന്റ് പോർട്ട് നിർമാണ കാലത്ത് ഉയർന്നിരുന്നത്. എന്നിട്ട് എന്താണവസ്ഥ? കൊട്ടിഘോഷിച്ചിരുന്ന മട്ടിലുള്ള മദർഷിപ്പുകൾ വല്ലാർപാടത്ത് വരാറില്ല. ഈ രംഗത്തെ ഒന്നാംകിട കമ്പനിയായ ദുബൈ പോർട്സ് വേൾഡിന് കൈമാറിയിട്ടും പ്രതിവർഷം 100 കോടിരൂപ നഷ്ടത്തിലാണ്.

മൂലമ്പള്ളിയിൽ കുടിയൊഴിപ്പിച്ച ഒരുപറ്റം നിസ്വജന്മങ്ങൾക്ക്, വാഗ്ദാനം ചെയ്ത പുനരധിവാസം നൽകിയതുമില്ല. വല്ലാർപാടം പ്രകൃതിദത്ത തുറമുഖമാണ്. പ്രകൃതിദത്ത തുറമുഖത്തിന് പുലിമുട്ട് നിർമിക്കേണ്ട, ബർത്തുമാത്രം മതി. വിഴിഞ്ഞം പോർട്ടിനുവേണ്ടി 1.20 കിലോമീറ്റർ നെടുകയും 3.20 കിലോമീറ്റർ കുറുകെയും പുലിമുട്ട് നിർമിക്കേണ്ടിയിരിക്കുന്നു.

കൂടാതെ കടൽ നികത്തുകയും വേണം. 30 ശതമാനം പണിതീർന്നപ്പോൾത്തന്നെ കടലിന്റെ ആവാസ വ്യവസ്ഥ തകർന്നു. കടലൊഴുക്കിന്റെ സ്വാഭാവികതയെ പുലിമുട്ട് തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വല്ലാർപാടത്തിന്റെ ഗതികേട് തന്നെയാണ് വിഴിഞ്ഞം പോർട്ടിനും ഉണ്ടാകാൻ പോകുന്നത്.

അത് മനസ്സിലാക്കിയാണ് കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാതെ മാറിനിന്നിരുന്നത്. കുമാർ ഗ്രൂപ് വന്നെങ്കിലും അവർ പിൻവലിഞ്ഞു. പിന്നെ അദാനി വന്നത് എന്തു കൊണ്ടാണ്? സർക്കാർ ഏറ്റെടുത്ത 219 ഏക്കറും കടൽ നികത്തിയെടുക്കുന്ന 165 ഏക്കറും ഉൾപ്പെടെ 384 ഏക്കർ അദാനിയുടെ കൈകളിൽ വന്നുചേർന്നിട്ടുണ്ട്.

ഈ ഭൂമി പണയംവെച്ച് ബാങ്കിൽനിന്ന് ലോണെടുക്കാൻ സർക്കാർ അനുവാദവും നൽകിയിരിക്കുന്നു. 7525 കോടി അടങ്കൽ പദ്ധതിയിൽ കേരള സർക്കാർ മുടക്കുന്നത് 4750 കോടി രൂപയാണ്. ഇതുകൂടാതെയാണ് കേന്ദ്ര സർക്കാർ 817 കോടിയും കേരള സർക്കാർ 817 കോടിയും വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നത്.

വയബിലിറ്റി ഗ്യാപ് ഫണ്ടെന്നാൽ ലാഭകരമല്ലാത്ത പദ്ധതി നടപ്പിലാക്കാനായി കരാറുകാരന് സർക്കാർ നൽകുന്ന ഗ്രാന്റാണ്. 128 ഏക്കറിൽ മാളുകളും ടൂറിസ്റ്റ് മണിമാളികൾ പോലുള്ള റിയൽ എസ്റ്റേറ്റ് കച്ചവടത്തിനും അനുവാദം നൽകിയിട്ടുണ്ട്. ഈ ക്രമക്കേടുകളെല്ലാം സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പോർട്ടിനായി പുലിമുട്ട് നിർമിച്ചാൽ തിരുവനന്തപുരം കടൽതീരം തീരശോഷണത്തിന് വിധേയമാകുമെന്ന് 2010ൽ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2009ലെ ഉത്തരവുപ്രകാരം തീരശോഷണത്തിന്റെ തീക്ഷ്ണത മുന്നിൽക്കണ്ടുകൊണ്ട് ഈ ഭാഗത്ത് തുറമുഖ വികസനമോ നിർമാണമോ പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമേയത്തിൽ 'തിരുവനന്തപുരം മനുഷ്യനിർമിത ദുരിതമാണ് അനുഭവിക്കുന്നതെന്ന് നിസ്സംശയം പറയാം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങും പുലിമുട്ട് നിർമാണവും കടലിന്റെ സന്തുലിതാവസ്ഥ തകർക്കുമെന്ന് മനസ്സിലാക്കിയിട്ടാണ് ഹരിത ട്രൈബ്യൂണൽ ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ചത്. 2015ൽ തന്നെ ഇന്ന് സമരക്കാർ പറയുന്ന ആശങ്കകൾ ഉയർന്നുവന്നിരുന്നതാണ്.

തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളാണ്. ഈ മേഖലയിലെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ലത്തീൻ സഭാംഗങ്ങളായതുകൊണ്ടാണ്, ഭാവിതലമുറയുടെ സുരക്ഷിതത്വം മുന്നിൽക്കണ്ട് ലത്തീൻ രൂപത ഈ സമരം ഏറ്റെടുത്തിരിക്കുന്നത്.

അതുകാണാതെ ഈ സമരക്കാരെ ഒതുക്കാനുള്ള എളുപ്പവഴിയായി സി.പി.എമ്മും ബി.ജെ.പിയും തോളിൽ കൈയിട്ട് അദാനിയുടെ പിൻബലത്തോടെ വർഗീയ ധ്രൂവീകരണ തന്ത്രം സ്വീകരിക്കുന്നു. സമരത്തെ നിർവീര്യമാക്കാൻ വിലകുറഞ്ഞ അധിക്ഷേപങ്ങൾ ഉപയോഗിക്കുന്നു.

സ്ത്രീ ശാക്തീകരണത്തിനായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'സഖി' എന്ന സാമൂഹിക സംഘടനയുടെ ഒരു പ്രവർത്തക സമരരംഗത്ത് സജീവമായി ഉള്ളതിനാൽ സഖി വഴി സമരത്തിനായി ഫണ്ട് വരുന്നതായി കള്ളപ്രചാരണം നടത്തുന്നു. പോപുലർ ഫ്രണ്ടുമായി ഈ സമരത്തെ കൂട്ടിക്കെട്ടുന്നു.

കേരളം പ്രളയദുരന്തത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻപോലും തൃണവത്ഗണിച്ച് അരയുംതലയും മുറുക്കി പ്രവർത്തിച്ചവരാണ് ഇന്ന് സമരം ചെയ്യുന്നവർ. തുറമുഖ നിർമാണം തങ്ങളുടെ ജീവിതത്തെ പാടേ തകർക്കുമെന്ന് തീർത്തും മനസ്സിലാക്കിയശേഷമാണ് സമരത്തിനായി ഇവർ ഇറങ്ങിത്തിരിച്ചത്. ഇപ്പോൾതന്നെ 640 ഏക്കറിലധികം കര, കടൽ വിഴുങ്ങിക്കഴിഞ്ഞു. നൂറുകണക്കിന് വീടുകൾ കടലാക്രമണം നിമിത്തം നഷ്ടപ്പെട്ടിരിക്കുന്നു.

അനിഷ്ട സംഭവങ്ങൾക്കുപിന്നിൽ

നവംബർ 27ന് നടന്ന സംഭവത്തിന്റെ പേരിൽ, സ്ഥലത്തില്ലാതിരുന്ന ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരെ കള്ളക്കേസെടുത്തത് തൊഴിലാളികളെ പ്രകോപിതരാക്കി. തീരമേഖലയാകെ പ്രകോപിതരായിരിക്കുമ്പോഴാണ്, പൊലീസ് കസ്റ്റഡിയിലുള്ള ഷെൽട്ടനെ സന്ദർശിക്കാൻ വിഴിഞ്ഞം പള്ളി കമ്മിറ്റിക്കാർ സ്റ്റേഷനിൽ എത്തുന്നത്. അവരിൽ നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

മന്ത്രി, സമരക്കാരെ ദേശദ്രോഹികളെന്ന് വിളിച്ചതും, മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദം ഉണ്ടെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞതും തെറ്റുതന്നെയാണ്. ഒരു പുരോഹിതനിൽനിന്നും ഒരു മന്ത്രിയിൽനിന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.

സമരപ്പന്തൽ പൊളിച്ചുമാറ്റാൻ പറഞ്ഞ കോടതിതന്നെ നടത്തിയ ചില പരാമർശങ്ങൾക്ക് സർക്കാർ ചെവികൊടുക്കണം. ''അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സമരംചെയ്യാനുള്ള അവകാശം അവർക്കുണ്ട്. തീരശോഷണത്താൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കണം''. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിക്കുന്നതിനുപകരം ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് അവരുടെ ആശങ്കകൾക്ക് പരിഹാരം കണ്ടെത്തി ഈ പ്രശ്നം തീർക്കുകയാണ് വേണ്ടത്.

Tags:    
News Summary - Vizhinjam-Concerns need to be addressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT