വി.എം. കുട്ടിയുമായി എനിക്ക് അര നൂറ്റാണ്ടുകാലത്തെ ഗാഢബന്ധമുണ്ട്. ഗൾഫിലടക്കം ഒരുപാട് വേദികളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഓർമകളുടെ ഭാരം പേറിയാണ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. മാപ്പിളപ്പാട്ട് മാപ്പിളമാരുടെ പാട്ടാണെന്ന ധാരണ തിരുത്തിയത് വി.എം. കുട്ടിയാണ്. ബദർ, ഉഹദ്, ബദറുൽ മുനീർ പാട്ടുകളിൽ ഒതുങ്ങിയ മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിലും മതേതരമാക്കുന്നതിലും അതിനെ വാണിജ്യവത്കരിക്കുന്നതിലും കുട്ടിയുടെ പങ്ക് മഹത്തരമാണ് (വാണിജ്യവത്കരണം എന്നത് നെഗറ്റിവായല്ല, പോസിറ്റിവായാണ് പറയുന്നത്). വിളയിൽ ഫസീല (അന്ന് വത്സല) മുതൽ എത്ര പേരെയാണ് വി.എം. കുട്ടി കൈപിടിച്ചുയർത്തിയത്. അവർക്കെല്ലാം അത് ഉപജീവന മാർഗം കൂടിയായിരുന്നു.
പെണ്ണുങ്ങളുടെ ശബ്ദം കേൾക്കുന്നതു പോലും ഔറത്താണ് (നഗ്നതയാണ്) എന്ന് യാഥാസ്ഥിതിക മദ്രസകളിൽ പഠിപ്പിച്ച കാലത്ത് റംല ബീഗത്തെയും അയിഷ ബീഗത്തെയും പോലുള്ള മുസ്ലിം പെൺകുട്ടികൾ മൈക്കിൽ പാട്ടുപാടാനിറങ്ങിയത് വലിയ വിപ്ലവമായിരുന്നു. ഇവർക്കെല്ലാം വഴികാട്ടിയായതും പിന്തുണയേകിയതും ധൈര്യം പകർന്നതും വി.എം. കുട്ടിയായിരുന്നു. പാട്ടുമാത്രമായിരുന്നില്ല, കഥപറഞ്ഞ് പാട്ടുപാടുകയായിരുന്നു അവർ. നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച് പെൺകുട്ടികൾ കൈയടി വാങ്ങി. റംല ബീഗം വി.എം. കുട്ടിയുടെ കൂടെ നിരവധി വേദികൾ പങ്കിട്ടു.
പാടിപ്പറയൽ (കഥാപ്രസംഗത്തിന്റെ നാടൻ രൂപം), കല്യാണപ്പാട്ട് എന്നിവയിലൊതുങ്ങിയ മാപ്പിളപ്പാട്ട് ശാഖയെ സാമുദായിക കെട്ടുപാടുകളിൽനിന്ന് പുറത്തുകടത്തിയത് '54ൽ 'നീലക്കുയിൽ' പുറത്തിറങ്ങിയപ്പോഴാണ്. പി. ഭാസ്കരൻ മാഷ് ചിട്ടപ്പെടുത്തി കെ. രാഘവൻ പാടിയ ''കായലരികത്ത് വലയെറിഞ്ഞപ്പോൾ...വള കിലുക്കിയ സുന്ദരീ'' സാമുദായിക ചിന്ത മാറ്റിമറിച്ച ഗാനമായിരുന്നു. 1920ൽ ഗാന്ധിജിയെ പുകഴ്ത്തി മാപ്പിളപ്പാട്ട് ഇറങ്ങിയിട്ടുണ്ട്. എങ്കിലും, ഭക്തിയിലും ഇസ്ലാമിക ചരിത്രത്തിലും ഒതുങ്ങിയ മാപ്പിളപ്പാട്ടിന്റെ സാമൂഹിക പ്രാധാന്യം തിരിച്ചറിഞ്ഞ് ജനകീയമാക്കുന്നതിൽ വി.എം. കുട്ടി വിജയിച്ചെന്നു പറയാം. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് സംഘാടന പാടവമായിരുന്നു.
സ്റ്റേജും മൈക്കും സംഗീത ഉപകരണങ്ങളുമായുള്ള വി.എം. കുട്ടിയുടെ രംഗപ്രവേശം നിരവധി പേർക്ക് പിന്നീട് വഴിവിളക്കായി. അേദ്ദഹം രൂപപ്പെടുത്തിയ പാട്ടുസംഘത്തിന്റെ ചുവടുപിടിച്ച് നിരവധി സംഘങ്ങളാണ് പിന്നീട് ഉയർന്നുവന്നത്. മാപ്പിളപ്പാട്ടിന് നോട്ടീസടിക്കാം, സ്റ്റേജ് കെട്ടാം, ടിക്കറ്റ് വെക്കാമെന്നെല്ലാം പഠിപ്പിച്ചത് വി.എം. കുട്ടിയെന്ന സംഘാടകന്റെ മികവാണ്. യുവജനോത്സവങ്ങളിൽ പിന്നീട് മാപ്പിളപ്പാട്ടും ഒപ്പനയുമെല്ലാം തരംഗമായി.
നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു വി.എം. കുട്ടി. 'മാപ്പിളപ്പാട്ടിന്റെ ലോകം' എന്ന പുസ്തകത്തിന് അവതാരിക എഴുതാൻ എനിക്ക് അവസരമുണ്ടായി. ചന്ദ്രികയിൽ 'കിടപ്പറകൾ' എന്ന അദ്ദേഹത്തിന്റെ നോവൽ അടിച്ചുവന്നിട്ടുണ്ട്. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.