ഒരു യുഗം പാടിയിറങ്ങുമ്പോൾ

ഗ്രാമഫോണിലും കാസറ്റുകളിലും റെക്കോഡ് ചെയ്ത് ഇനിയും കേട്ട്​ മതിയാകാത്ത 'സംകൃതപമഗിരി'യും 'കാളപൂട്ടിൻറതിശയ'വും 'കൈതപ്പൂമണ'വുമെല്ലാം വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം. കുട്ടിയുടെ ശബ്​ദത്തിലൂടെ സ്മാർട്ട് ഫോണുകളിൽ ഇന്നും മുഴങ്ങുന്നു. തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ യവനിക ഉയരുമ്പോൾ കൈയിൽ മൈക്കുമേന്തി പുഞ്ചിരിച്ച് നിന്ന ഇശലി​െൻറ സുൽത്താൻ പാടാത്ത നാട് കേരളത്തിലും അറബിക്കരയിലും അപൂർവം. ശാരീരിക അവശതകൾ കാരണം വീട്ടിൽ വിശ്രമിക്കുമ്പോഴും കുട്ടി മാഷി​െൻറ ഉള്ളുനിറയെ പാട്ടായിരുന്നു.

ബാല്യം നിറഞ്ഞ് പടപ്പാട്ടും പക്ഷിപ്പാട്ടും കുപ്പിപ്പാട്ടും

പഴയ കാലത്ത് മലബാറിൽ ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന നടുത്തോപ്പിൽ അബ്​ദുല്ല രചിച്ച 'അക്ബർ സദഖ' പക്ഷിപ്പാട്ടും മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടും കേട്ടുവളർന്ന കുട്ടിക്കാലം. പുളിക്കൽ ആലുങ്ങൽ മുട്ടയൂരിലെ വടക്കുങ്ങര ഉണ്ണീൻ മുസ്​ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി ജനിച്ച മുഹമ്മദ് കുട്ടിയുടേത് അല്ലലില്ലാത്ത ബാല്യമായിരുന്നു. കർഷക കുടംബം, വലിയ മുറ്റവും പറമ്പുമുള്ള തറവാട് വീട്. വറുതിയുടെ കാലമായിരുന്നതിനാൽ ദൂരെ ദിക്കിൽനിന്ന്​ ധാരാളം വിരുന്നുകാർ വരും എല്ലാ ദിവസവും. പാട്ടുകാരികളുമുണ്ടാവും കൂട്ടത്തിൽ. മഗ്​രിബ് നമസ്കാരത്തിന് പായ നിരത്തി സ്ത്രീകളും കുട്ടികളും ഇരിക്കും. ചിമ്മിനി വിളക്കിെൻറ വെട്ടത്തിരുന്നാണ് അറബി മലയാളത്തിലുള്ള സബീനപ്പാട്ടുകൾ പെണ്ണുങ്ങൾ പാടുക. പടപ്പാട്ട്, പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് എല്ലാമുണ്ടാവും.

വൈദ്യരുടെ നാട്ടുകാരൻ

മോയിൻകുട്ടി വൈദ്യരുടെ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' കൃതിയിലെ വരികൾ പാടുമ്പോൾ കൊണ്ടോട്ടിയുടെ സമീപപ്രദേശത്തുകാരനെന്ന നിലയിൽ അഭിമാനം തോന്നിയിരുന്നു. കൊണ്ടോട്ടി നേർച്ചയുമായി ബന്ധപ്പെട്ടും ഓർമകളെമ്പാടുമുണ്ട്. 1945 വരെ പുളിക്കലിലാണ് പഠിച്ചത്. ആറാം ക്ലാസ് മുതലുള്ള സ്കൂൾ കൊണ്ടോട്ടിയിലേ ഉള്ളൂ. ആകെ ഒരു ബസ്സും. കൊണ്ടോട്ടി കൊടിമരത്തിനരികെ ബീഡി തെറുപ്പ് കേന്ദ്രമാണ്.

അവിടെ ബീഡി തെറുപ്പുകാർ പണിയെടുത്ത്​ പാടുന്നുണ്ടാവും. ഒഴിവ് സമയത്ത് ചെന്നിരുന്ന് കേൾക്കും. കൊണ്ടോട്ടി യു.പി സ്കൂളിലും ഫറോക്ക് സേവ മന്ദിരം ഹൈസ്കൂളിലും പഠിച്ച ശേഷം രാമനാട്ടുകര സേവ മന്ദിരത്തിൽ ടി.ടി.സിക്ക് ചേർന്നു. ഈ സമയത്താണ് ആകാശവാണിയിൽ പാടാൻ അവസരം ലഭിക്കുന്നത്. 20ാം വയസ്സിൽ കരിപ്പൂരിലെ കുളത്തൂർ എൽ.പി സ്കൂളിൽ ഹെഡ്മാസ്​റ്ററായി ജോലിയിൽ പ്രവേശിച്ചു. വിരമിക്കുന്നത് വരെ ഇവിടെത്തന്നെയായിരുന്നു.

പാട്ട്​ പാടിയും പഠിപ്പിച്ചും

കല്യാണപാർട്ടികളിൽ മാത്രമല്ല സ്വദേശത്തും വിദേശത്തും നടന്ന പരിപാടികളിലും വി.എം. കുട്ടിയെക്കൊണ്ട് ഏറ്റവുമധികം പാടിച്ചത് 'സംകൃത പമഗിരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം' എന്ന് തുടങ്ങി സ്വർഗീയ സുന്ദരിമാരെ വർണിക്കുന്ന വാഴപ്പാടി മുഹമ്മദ് എഴുതിയ പാട്ടാണ്. ഇൗയടുത്തുവരെ ഏതെങ്കിലും വേദിയിൽ പോയാൽ രണ്ട് വരി പാടാൻ പറയുക പതിവ്. പാട്ടുപഠിക്കാൻ ധാരാളം കുട്ടികൾ വീട്ടിൽ വന്നിരുന്നു. മലനാട്, മയിൽ വാഹനം എന്നീ പേരുകളിൽ രണ്ട് ബസ്സുകൾ മാത്രമുണ്ടായിരുന്ന നാളുകളിൽ കാൽനടയായാണ് അവരെത്തിയിരുന്നത്.

ഹാർമോണിയം വായിച്ചാണ് കുട്ടികളെ പാട്ട്​ പഠിപ്പിച്ചിരുന്നത്. പുളിക്കലിലെ മദീനത്തുൽ ഉലൂം അറബിക് കോളജിൽ വൈകുന്നേരം നാലിന്​ ഹോസ്​റ്റലിൽ നിന്ന് കുട്ടികളെ ചായ കുടിക്കാൻ പുറത്തേക്ക് വിടും. അവർ ഇതുവഴി പോവുമ്പോൾ പാട്ട്​ പഠിപ്പിക്കുന്നത് ജനലിലൂടെ നോക്കി കുറേനേരം നിൽക്കും. പി.ടി. അബ്​ദുറഹിമാൻ ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിൽ വരും. ഇവിടെ ഇരുന്നായിരുന്നു പാട്ടെഴുത്ത്.

Tags:    
News Summary - vm kutty death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT