സാമൂഹിക നീതിയെക്കുറിച്ച് വാചാലമാകുമ്പോഴും പ്രായോഗികതലത്തിൽ അതിനെ തുരങ്കംവെക്കുന്ന നിലപാടാണ് രാഷ്ട്രീയ സാംസ്കാരിക പ്രബുദ്ധതയിൽ ഏറെ മുന്നിൽനിൽക്കുന്ന കേരളത്തിൽപ്പോലും മിക്ക കക്ഷികൾക്കുമുള്ളത്. ജാതി സെൻസസ് വിഷയത്തിലെ ഓരോ കക്ഷികളുടെയും നിലപാട് മാത്രംമതി ഇത് മനസ്സിലാക്കാൻ.
ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനർ എന്നാണ് തത്ത്വം; എന്നാൽ എല്ലാ ജനങ്ങളുമല്ല, ചിലർ മാത്രമാണ് യജമാനർ എന്നാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ അനുഭവപാഠം. ജനാധിപത്യത്തിൽ കേവലം നോക്കുകുത്തികളും വോട്ടുകുത്തികളുമായി മാത്രം ഗണിക്കപ്പെടുന്ന ഗണ്യമായ ഒരുവിഭാഗമുണ്ടിവിടെ-മുസ്ലിം- ദലിത് പിന്നാക്ക ബഹുജനങ്ങൾ. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥി നിർണയം വരെയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പുവരെയും വിലയില്ലാച്ചരക്കായി കണക്കാക്കപ്പെടുന്ന അവർക്ക് വോട്ടെടുപ്പുകാലത്തെ ചുരുങ്ങിയ വേളയിലാണ് ജനാധിപത്യ കമ്പോളത്തിൽ അൽപമെങ്കിലും ഡിമാൻഡുള്ളത്. ഈ സന്ദർഭത്തിലെങ്കിലും തങ്ങൾക്ക് പറയാനുള്ളതുപറയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് എപ്പോഴാണ് അതിനു സാധിക്കുക?
ഈ പൊതു തെരഞ്ഞെടുപ്പ് പലതുകൊണ്ടും ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതാണ്. ഇനിയുമൊരിക്കൽക്കൂടി ഇപ്പോഴത്തെ ഭരണക്കാർക്ക് ഭൂരിപക്ഷം കിട്ടിയാൽ ഇതുപോലൊരു പൊതുതെരഞ്ഞെടുപ്പുതന്നെ നടക്കാനിടയുണ്ടോ എന്ന് ആർക്കും ഉറപ്പില്ല. രാജ്യത്തിന്റെ നിലനിൽപുതന്നെ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടിട്ടും, ജനങ്ങളുടെ പ്രതീക്ഷയായി രൂപംകൊണ്ട ‘ഇൻഡ്യ’ മുന്നണിയെ ശരിയായി ശക്തിപ്പെടുത്തണമെന്നതിൽപ്പോലും മിക്കകക്ഷികളുടെയും ഭാഗത്തുനിന്ന് ആത്മാർഥമായ സമീപനമല്ല കാണുന്നത്!
കേരളത്തിൽ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ജനങ്ങൾ സമ്മതിക്കാനിടയില്ല. ബി.ജെ.പി പതിനെട്ടടവു പയറ്റിയാലും വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ഔന്നത്യവും ഇച്ഛാശക്തിയും ജനങ്ങൾ പ്രകടിപ്പിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. എന്നാൽ, എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട് ഡൽഹിക്ക് വണ്ടികയറാൻ മത്സരിച്ചുനിൽക്കുന്ന ഇരുകക്ഷികളിലുംപെട്ട മത്സരാർഥികളോട് ഓർമപ്പെടുത്താനുള്ളത്, നിങ്ങളെ തെരഞ്ഞെടുത്തയക്കുന്നത് കേവലമൊരു ദില്ലി സവാരിക്കല്ലെന്ന് പ്രാഥമികമായ ബോധമെങ്കിലും ഉണ്ടാകണമെന്നതാണ്.
രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച നിർണായക പ്രശ്നങ്ങളിൽ പരമോന്നത നിയമനിർമാണ സഭയിൽ ഒരക്ഷരംപോലും ഉരിയാടാതെ പലപ്പോഴും ‘മൗനിബാബ’കളായി സീറ്റിൽ ഇരിക്കുന്നതോ സഭയിൽനിന്ന് മുങ്ങിനടക്കുന്നതോ ഒക്കെയാണ് ഭൂരിഭാഗംപേരുടെയും മുൻകാല ചരിത്രം. തലസ്ഥാന നഗരിയിൽനിന്ന് വളരെ അകലെയല്ലാതെ ഹരിയാനയിലും യു.പിയിലും ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും ഇരകൾക്കെതിരെ പൊലീസ് രാജും ബുൾഡോസർ രാജുമൊക്കെ നടപ്പാക്കിയപ്പോഴും പലരും ഇതൊന്നും അറിഞ്ഞ ഭാവംപോലും കാട്ടിയില്ല. മണിപ്പൂരിൽ വംശീയ വെറിക്കെതിരെ സ്നേഹക്കട തുറക്കാൻ ഉത്സാഹിച്ചവർ നൂഹിൽ അതിനു മുതിരാത്തതും യാദൃച്ഛികമല്ല. ബാബരിക്കുശേഷം കാശി, വാരാണസി മസ്ജദികളുമൊക്കെ കൈയേറുമ്പോഴും ഓരോരുത്തരും സ്വീകരിച്ച നിലപാടുകൾ എന്തായിരുന്നുവെന്ന് മറക്കാൻ നേരമായിട്ടില്ല.
സാമൂഹിക നീതിയെക്കുറിച്ച് വാചാലമാകുമ്പോഴും പ്രായോഗികതലത്തിൽ അതിനെ തുരങ്കംവെക്കുന്ന നിലപാടാണ് രാഷ്ട്രീയ സാംസ്കാരിക പ്രബുദ്ധതയിൽ ഏറെ മുന്നിൽനിൽക്കുന്ന കേരളത്തിൽപ്പോലും മിക്ക കക്ഷികൾക്കുമുള്ളത്. ജാതി സെൻസസ് വിഷയത്തിലെ ഓരോ കക്ഷികളുടെയും നിലപാട് മാത്രംമതി ഇത് മനസ്സിലാക്കാൻ. ഓരോ വിഭാഗത്തിന്റെയും ജനസംഖ്യാ കണക്കും സാമ്പത്തിക സ്ഥിതിയും ഭരണരംഗങ്ങളിലെ പങ്കാളിത്തവും സംബന്ധിച്ച കണക്ക് ജനങ്ങൾ അറിയുന്നതിൽ എന്താണ് ഇത്രഭയം? ജാതി സെൻസസ് നടന്നാൽ ചില കള്ളത്തരങ്ങൾ വെളിച്ചത്തുവരുകയും ചിലരുടെ കുപ്രചാരണങ്ങളുടെ മുനയൊടിയുകയും ചെയ്യുമെന്നതാണ് വാസ്തവം. ഇക്കാര്യത്തിൽ എല്ലാവരുടെയും നിലപാട് ഒന്നുതന്നെയാണ്. കേന്ദ്ര സർക്കാറാണ് ജാതി സെൻസസ് നടത്തേണ്ടത് എന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. ഇന്ത്യയിൽ ചില സംസ്ഥാനങ്ങൾ ജാതി സെൻസസ് നടപ്പാക്കിയതും മറ്റുചില സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതുമൊന്നും അറിയാതെയല്ല ഇങ്ങനെ പറയുന്നത്. മുന്നാക്ക സംവരണം നടപ്പാക്കാൻ കാട്ടിയ തിടുക്കവും അമിതാവേശവും കേവലം കണക്കെടുപ്പിന്റെ കാര്യത്തിൽപ്പോലും എന്തേ ഇല്ലാതെ പോകുന്നു?ദേശീയതലത്തിൽ കോൺഗ്രസ് ജാതി സെൻസസിനായി വാദിക്കുമ്പോഴും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇക്കാര്യത്തിലെ നിലപാട് അങ്ങേയറ്റം പരിതാപകരമാണ്. ചുരുക്കത്തിൽ ചിലരെല്ലാം എന്നും വിറകുവെട്ടികളും വെള്ളം കോരികളുമായി കഴിയാനാണ് എല്ലാവർക്കും ഇഷ്ടമെന്നർഥം.
അനുഭവ പാഠങ്ങൾ ഇരകളെയും ചിലത് പഠിപ്പിച്ചിരിക്കുന്നു. പോളിങ് ബൂത്തിലേക്ക് നയിക്കപ്പെടുമ്പോൾ തങ്ങൾ ജനാധിപത്യത്തിലെ കേവലം വോട്ടുകുത്തികളും നോക്കുകുത്തികളും മാത്രമല്ലെന്ന തിരിച്ചറിവ് ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളും ആർജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇതൊക്കെ സംബന്ധിച്ച് എന്തൊക്കെയാണ് ഇവർക്ക് പറയാനുള്ളതെന്ന് കൗതുകത്തോടെ ഉറ്റുനോക്കുകയാണ് ഏവരും.
(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും മെക്ക സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.